യൂനുസ് ഖാൻ
മുഹമ്മദ് റീഹത് അലി. 71 വയസ്സ്. ആസ്സാം. താൻ ഇന്ത്യൻ പൗരനാണു എന്ന സുപ്രീംകോടതിയുടെ സാക്ഷ്യപത്രവുമായി നിൽക്കുന്ന ചിത്രം ജൂലൈ 1 നാണു എ എഫ് പിയുടെ ബിജു ബോറോ പകർത്തിയത്. ഈ സാക്ഷ്യപത്രം ലഭിയ്ക്കുന്നതുവരെ ഡിറ്റൻഷൻ സെന്റർ എന്ന് വിളിയ്ക്കുന്ന ഓപൺ ജയിലിലായിരുന്നു മുഹമ്മദും ഭാര്യ ജൊയ്‌ഫുൽ ബീഗവും കുറേ കാലം.
ഏറ്റവും പുതിയ കണക്കനുസരിച്ച് 19 ലക്ഷം പേരെയാണു ഇന്ത്യ എൻ ആർ സി ലിസ്റ്റിൽ നിന്ന് പുറത്താക്കിയിരിയ്ക്കുന്നത്. അതിൽ ഭൂരിഭാഗവും മുസ്‌ലിംകളാണു. ലിസ്റ്റിൽ ഇല്ലാത്ത ഹിന്ദുക്കൾക്ക് പുതിയ പൗരത്വനിയമം അനുസരിച്ച് ഉടൻ പൗരത്വം നൽകുമെന്നും ആശങ്ക വേണ്ടെന്നും അമിത് ഷാ പറഞ്ഞിട്ടുണ്ട്. ആശങ്കപ്പെടേണ്ടത് മുസ്‌ലിം വിഭാഗത്തിൽ പെട്ടവർ മാത്രമാണെന്ന് മുതിർന്ന ബി ജെ പി നേതാക്കളും പറയുന്നുണ്ട്.
1971നു മുൻപ് ഇന്ത്യയിൽ തങ്ങളോ പൂർവ്വികരോ ഉണ്ടായിരുന്നു എന്ന് തെളിയിക്കാനാണു 1971നു ശേഷം ജനിച്ച ഇന്ന് ജീവിച്ചിരിയ്ക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരോടു ഭരണകൂടം ആവശ്യപ്പെടുന്നത്. പ്രശ്നം സാങ്കേതികമല്ലെന്ന് വ്യക്തമാണു. നാസി തടങ്കൽ പാളയങ്ങൾ പോലുള്ള കോൺസണ്ട്രേഷൻ ക്യാമ്പുകൾ പണിയുന്നതിൽ നിന്നും വിഷയം പെട്ടെന്നൊന്നും പരിഹരിക്കൽ ഉദ്ദെശമല്ലെന്നും ഉറപ്പ്. മ്യാന്മറിൽ റോഹിങ്ക്യകളെ സൃഷ്ടിച്ചതുപോലൊരു കൂട്ടം മനുഷ്യരെ അടിമകളാക്കി നിലനിർത്തലാണു ലക്ഷ്യം. അവരെ പീഢിപ്പിച്ചാലോ കൊന്നുകളഞ്ഞാലോ ആരും ചോദിയ്ക്കാൻ വരില്ലെന്ന ധൈര്യം സർക്കാരിനുണ്ട്. അവരുടെ മതം ഇന്ത്യയിലെ ഭൂരിപക്ഷത്തെയും മൗനത്തിലാക്കുന്നു എന്നതാണു ഭരണകൂടത്തിന്റെ ഏറ്റവും വലിയ സൗകര്യം.
