മൃദുല ഭവാനി
എന്ത് സംഭവിച്ചാലും തങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരാണ് എന്ന അധികാര ബോധത്തിലാണ് ഹിന്ദുക്കള്‍ കഴിയുന്നത്, പക്ഷേ ഇവിടെ സംഘപരിവാര്‍ നടത്തുന്ന ഓരോ വിദ്വേഷ ആക്രമണത്തിലും ഓരോ ഹിന്ദുവിന്റെയും മൗനസമ്മതം ഉണ്ട്. ഓരോ ഹിന്ദുവും അതില്‍ പങ്കാളിയാണ്. ജുനൈദ് കൊല്ലപ്പെട്ടപ്പോള്‍ നോട്ട് ഇന്‍ മൈ നെയിം എന്ന മുദ്രാവാക്യമുയര്‍ത്തി ലിബറല്‍ ഹിന്ദുക്കള്‍ പ്രതിഷേധിച്ചപ്പോള്‍ സംഘപരിവാറിനെ പ്രാദേശികമായി പ്രതിരോധിക്കാനുള്ള രാഷ്ട്രീയമായി ഉയരാന്‍ അതിന് നേതൃത്വം നല്‍കിയവര്‍ പരാജയപ്പെട്ടു. അത് ജനകീയമാകുന്ന രീതിയിലുള്ള പ്രവര്‍ത്തന സ്വഭാവമോ രാഷ്ട്രീയ പരിസരമോ അതിനുണ്ടായിരുന്നില്ല. എന്നാല്‍ രാമനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു രാഷ്ട്രീയ മിത്തായി അത് രൂപപ്പെട്ടുകഴിഞ്ഞു. എല്ലാവരുടെയും കണ്‍മുന്നിലൂടെയാണ് ഇത്രയും കാലവും ഇത്രയും അതിക്രമങ്ങളും കടന്നുപോയത്. സംഘപരിവാര്‍ അനുകൂലമായ വംശീയ പരിസരം ഇവിടെ നിലനിര്ത്തുന്നതില്‍ സവര്‍ണ എഡിറ്റോറിയല്‍ മേല്‍ക്കോയ്മയുള്ള എല്ലാ പത്രമാധ്യമങ്ങള്‍ക്കും വലിയ പങ്കുമുണ്ട്. അതുകൊണ്ടാണ് അവയിലൂടെ പുറത്ത് വിടുന്ന ഒരു കാര്‍ട്ടൂണ്‍ പോലും എതിര്‍ക്കപ്പെടേണ്ടതും.
സംഘപരിവാറിന്റെ മുസ്ലിം വംശഹത്യയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ ഹിന്ദുക്കളെ തടയുന്നത് എന്താണ്? മുസ്ലിങ്ങള്‍ സഹജീവികള്‍ ആണെന്ന് തോന്നാത്തത് കൊണ്ട്, മുസ്ലിങ്ങള്‍ ആക്രമിക്കപ്പെട്ടാലും തങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകില്ല എന്ന സുരക്ഷിതത്വം തോന്നുന്നത് കൊണ്ട്, ഹിന്ദുക്കള്‍ ജാതീയതയുടെയോ വിവേചനങ്ങളുടെയോ ഭാരം അനുഭവിക്കുന്നില്ല, പാര്‍ലമെന്റില്‍ ഈ അടുത്തായി കേന്ദ്രം പാസാക്കിയെടുത്ത ബില്ലുകളെല്ലാം, സാമ്പത്തിക സംവരണം അടക്കം ഹിന്ദുവിന്റെ താല്‍പര്യങ്ങളെ സേവിക്കുന്നതാണ്, ഭരണഘടന ഇല്ലെങ്കിലും ഹിന്ദു ജീവിക്കും, ഇത്രയും കാലം ഹിന്ദു ജീവിച്ചത് ഭരണഘടനയെ തള്ളിപ്പറഞ്ഞുകൊണ്ട് തന്നെയാണ്.
ഇത്രയും ആണെങ്കില്‍ പോലും ഒരു ചെറു പ്രതീക്ഷ പോലും ഹിന്ദുവിന്റെ ജനാധിപത്യ, നീതി ബോധങ്ങളില്‍ ഒരിക്കലും ബാക്കി നില്‍ക്കുന്നില്ല. പക്ഷേ എന്നാലും പറയാതിരിക്കാന്‍ കഴിയില്ല, സ്വയം ഉള്‍പ്പെടുന്ന വര്‍?ഗീയമതം മറ്റൊരു മതത്തിന്മേല്‍ ഏല്‍പിക്കുന്ന പരിക്കുകള്‍ അതിന്റെ വിശ്വാസികളും അതില്‍ ഉള്‍പ്പെട്ടവരും ഒരിക്കലും അനുവദിച്ച് നല്‍കരുത്.
