മൃദുല ഭവാനി

രണകൂടത്തിന് അനുകൂലമായ വാര്‍ത്തകള്‍ സര്‍ക്കാര്‍ അംഗീകൃത ന്യൂസ് ഏജന്‍സി വെബ്‌സൈറ്റുകളില്‍ നിന്നും കോപി പേസ്റ്റ് ചെയ്യാത്ത എല്ലാ മാധ്യമങ്ങളും വരും വര്‍ഷങ്ങളില്‍ പല തരത്തില്‍ ഇല്ലാതാക്കപ്പെടാന്‍ പോകുകയാണ്, അതിശക്തമായ പ്രതിരോധം ഉണ്ടായിട്ടില്ലെങ്കില്‍. വാര്‍ത്താ വിനിമയത്തിനുള്ള സാധ്യത തന്നെ ഈ രാജ്യത്ത് ഇനി എത്രകാലം നിലനില്‍ക്കും എന്നൊന്നും സങ്കല്‍പിക്കാന്‍ തന്നെ കഴിയില്ല. ന്യൂസ് റൂമുകളില്‍ കാലങ്ങളായുള്ള ബ്രാഹ്മണ്യ ശീലങ്ങള്‍ക്കും എഡിറ്റോറിയല്‍ ആധിപത്യത്തിനും അവരുടെ താല്‍പര്യങ്ങള്‍ക്ക് ശക്തി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെ ദേശീയ മാധ്യമങ്ങളും വ്യത്യസ്ത ഭാഷാമാധ്യമങ്ങളും പിന്തുടര്‍ന്നു പോരുന്ന പല രീതികളും ശീലങ്ങളും എഴുതപ്പെട്ടതും എഴുതപ്പെടാത്തതും ആയ പല നിയമങ്ങളും ജാതീയവും വര്‍ഗീയവുമായത് അങ്ങനെയാണ്. ഇന്ന് നിലനില്‍ക്കുന്ന ശ്വാസം വിട്ടുകൊണ്ട് ജോലി ചെയ്യാന്‍ പറ്റുന്ന സ്വതന്ത്രമായ അവസാന ഇടങ്ങളും ഇല്ലാതാക്കപ്പെടാനുള്ള പ്രകടമായ വലിയ നീക്കങ്ങളെ സ്‌റ്റേറ്റിന്റെ ഭാഗത്തുനിന്നും കരുതിയിരിക്കണം.
ന്യൂസ് റൂമുകളില്‍ കാലങ്ങളായുള്ള ബ്രാഹ്മണ്യ ശീലങ്ങള്‍ക്കും എഡിറ്റോറിയല്‍ ആധിപത്യത്തിനും അവരുടെ താല്‍പര്യങ്ങള്‍ക്ക് ശക്തി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരുടെതായ ഒരു ശക്തമായ മുന്നണിയില്ല, മാധ്യമ സാഹോദര്യം എന്നത് പോലും ഇവിടെ വെറും സങ്കല്‍പം ആണ്. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകരുടെ അതിജീവന അസ്ഥിരതയെ കുറിച്ചു പറയുകയെ വേണ്ട. എന്നാല്‍ കശ്മീരില്‍ അതുണ്ട്, അവിടെ മാധ്യമപ്രവര്‍ത്തകരായി അതിജീവിക്കുക ഇന്ത്യയിലെത് പോലെ എളുപ്പമല്ലാത്തത് കൊണ്ട്. ഒരു രാജ്യത്തെ ഏകാധിപത്യ ഭരണകൂടം ആ രാജ്യത്തെ ഭരണകൂട വിരുദ്ധരായ ജനങ്ങളോടുള്ള വിദ്വേഷം പ്രകടിപ്പിക്കുന്ന ആദ്യ നടപടികള്‍ കൈക്കൊള്ളുന്നത് അവരെ തുറന്നുകാട്ടുന്ന പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും ഇല്ലാതാക്കികൊണ്ടായിരിക്കും.