ഫസൽ കൊലാക്കൽ
ജീവനുള്ള സൃഷ്ടികൾക്കെല്ലാം മരണം അനിവാര്യമാണ്. ജീവിതവും മരണവും പച്ചയായ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ മനുഷ്യൻ ഇവ യാഥാർത്ഥമാണെന്ന് അംഗീകരിക്കുന്നു. എന്നാൽ ജീവിതാനുഭവത്തിന്റെ കാഴ്ചകളിൽ പതിയാത്ത പുനർജന്മം അഥവാ മരണാനന്തര ജീവതത്തെ സംശയത്തോടെയാണ് മനുഷ്യൻ കാണുന്നത്.ഭാവിയിൽ സംഭവിക്കാവുന്ന അത്തരം കാര്യങ്ങൾ നമ്മെ പഠിപ്പിച്ചു തന്നത് മത ഗ്രന്ഥങ്ങളാണ്.പിന്നീട്  വ്യത്യസ്തമായ മനുഷ്യ വ്യാഖ്യാനങ്ങളോടെ  ധാരാളം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു.

പ്രതീക്ഷകളേക്കാൾ കൂടുതൽ ഭീതികൾ നിറഞ്ഞതാണ് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള എഴുത്തുകളുടെ കാതൽ
   ഇപ്രകാരം തന്നെ, ഇസ്ലാമിക മാനങ്ങളും ചിന്തകളും ഉൾകൊള്ളിച്ച രചനകളും പുറത്തു വന്നിട്ടുണ്ട്. പ്രതീക്ഷകളേക്കാൾ കൂടുതൽ ഭീതികൾ നിറഞ്ഞതാണ് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള എഴുത്തുകളുടെ കാതൽ. മരണം രുചിച്ച ഒരു മനുഷ്യാത്മാവിന്റെ  ജീവിതപ്രയാണത്തെയാണ് "മരണ പര്യാന്തം റൂഹിന്റെ നാൾവഴികൾ " എന്ന ശംസുദ്ധീൻ മബാറക്കിന്റെ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു മുസ്ലിം കുടുംബാംഗമെന്ന നിലയിൽ ചെറുപ്പം മുതലെ കേട്ടുശീലിച്ച കഥകൾ ഒരു നോവലിലൂടെ ആവിഷ്കരിച്ചിരിക്കുകയാണ് അദ്ദേഹം. ഭാഷാപരമായി വലിയ പ്രാധാന്യമില്ലങ്കിലും ആഖ്യാനരീതിയും കാലക്രമവും വളരെയധികം ആകർഷണീയമാണ്. നോവലിലെ നായകനായ ബഷീറിന്റെ ആത്മാവ് വേർപെട്ടതു മുതൽ ലോകാവസാനവും കഴിഞ്ഞ് താൻ ബാക്കിവെച്ച കർമങ്ങളുടെ വിചാരണയിലൂടെ നരക - സ്വർഗ പ്രവേശനവും വിവരിക്കുന്നതാണ് നോവലിലെ ഉള്ളടക്കം . തന്റെ സഞ്ചാരവും അനുഭവവും പറഞ്ഞു തരുന്നതിനു പുറമെ സന്ദർഭാനുസരണം പ്രവാചക കഥകളും കൂട്ടിചേർത്ത്, എല്ലാം വിശദമായി വിവരിക്കുന്ന  ആത്മാവ് ചരിത്രത്തെയും തന്റെ കാലത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതായി തോന്നും.
കല്ലറ ജീവിത സമയത്ത് തന്നെ സന്ദർ ശിക്കാൻ വരുന്ന  സുഹൃത്തുക്കളായ ആത്മാവുമായി  ദുഖങ്ങൾ പങ്കുവക്കുന്നതിൽ ആനന്ദം കണ്ടത്തുന്നു. മലാഖയിൽ നിന്നും അനുമതി ലഭിക്കുമ്പോൾ തന്റെ കാൽപാദങ്ങൾ പതിഞ്ഞിരുന്ന സ്ഥലങ്ങൾ നേരിൽ കാണാനും ഓർമകൾ അയവിറക്കാനും ശ്രമിക്കുന്നു. ലോകം അവസാനത്തോടടുക്കുമ്പോൾ സംഭവിക്കുന്ന ഭീകരാന്തരീക്ഷത്തെ തന്റെ അനുഭവസാക്ഷ്യത്തിലൂടെ വരച്ചു തീർക്കാൻ ശ്രമിക്കുന്നു. അന്ത്യനാളിനു ശേഷം വിചാരണക്കായി ഒരുമിച്ചു കൂടിയതും നരകത്തിലെയും സ്വർഗത്തിലെയും വിവരണങ്ങളും നൽകുന്നതോടെ നോവൽ അവസാനിക്കുന്നു. പുസ്തകത്തിന്റെ അവസാന താൾ മറിഞ്ഞപ്പോഴും ഒരു സംശയം ബാക്കിയായിരിക്കുന്നു...! ബഷീർ എന്ന നാമം ആത്മാവിന്റെതോ ശരീരത്തിന്റെതോ...?