സേതു രാജന്‍
ലയാള സിനിമയില്‍ മുസ്ലിം കഥാപാത്രങ്ങള്‍ക്ക് ചില ലിമിറ്റേഷന്‍സ് ഉണ്ടായിരുന്നു. അവര്‍ പ്രത്യേകതരം വേഷം ധരിക്കും, എപ്പോളും മലപ്പുറം സ്ലാങ്ങില്‍ മാത്രം സംസാരിക്കും, തുടങ്ങി മുസ്ലീം കഥാപാത്രങ്ങളെക്കൊണ്ട് അനുഷ്ഠിപ്പിച്ച് വരുന്ന ആചാരങ്ങള്‍ അനവധിയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ തുടങ്ങി അടുത്തിടയ്ക്ക് ഇറങ്ങിയ 'എന്റുമ്മാന്റെ പേര്' എന്ന ചിത്രത്തില്‍ വരെ വികലവത്കരിക്കപ്പെടുന്ന ഇത്തരം ശീലങ്ങള്‍ തുടര്‍ന്ന് പോരുന്നുണ്ട്. മലപ്പുറത്തെ മുസ്ലീങ്ങള്‍ ഇങ്ങനെയാണ് എന്ന പൊതുബോധം സിനിമകള്‍ സൃഷ്ടിച്ചപ്പോള്‍ അതില്‍ വലിയൊരു പങ്ക് വഹിച്ചത് മാമുക്കോയ കഥാപാത്രങ്ങള്‍ ആയിരുന്നു. ടിപ്പിക്കല്‍ മുസ്ലീം കഥാപാത്രം എന്ന ലേബലില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു, നമ്പൂതിരി ആയി വേഷമിടുമ്പോള്‍ പോലും 'മാണ്ട' എന്ന് പറയുന്ന രാമായണം പോലും മാപ്പിളപ്പാട്ട് ശൈലിയില്‍ പാടുന്ന, വീരനെ ബീരാനെന്നും രാഘവനെ റഹ്മാനെന്നും അഭിസംബോധന ചെയ്യുന്ന മാമുക്കോയ കഥാപാത്രങ്ങള്‍ നമ്മളെ ഒരുപാടു ചിരിപ്പിച്ചിട്ടുണ്ട്. പക്ഷെ ആ ചിരിയുടെ പിന്നില്‍ വികല വത്കരിക്കപ്പെടുന്ന അറിഞ്ഞോ അറിയാതെയോ മലയാള സിനിമ പാര്‍ശ്വ വത്കരിക്കപ്പെടുന്ന ഒരു പ്രദേശത്തിന്റെ വേദനയുണ്ട്. 
മലപ്പുറം എന്ന നാട് തീവ്രവാദി കഥാപാത്രത്തിന്റെ സ്ഥലമായി തിരഞ്ഞെടുക്കാന്‍ ഉണ്ടായ ചേതോവികാരം എന്തായിരുന്നു എന്ന് മനസ്സിലായിട്ടില്ല
അതുകൊണ്ട് തന്നെ ആയിരുന്നിരിക്കണം തന്റെ ആദ്യത്തെ മ്യൂസിക്കല്‍ ആല്‍ബമായ 'നേറ്റീവ് ബാപ്പ'യില്‍ മുഹ്‌സിന്‍ പരാരി മാമുക്കോയയെ തന്നെ കാസ്റ്റ് ചെയ്തത്. നേറ്റീവ് ബാപ്പയിലൂടെയും തുടര്‍ന്ന് വന്ന 'ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍'ലൂടെയും പരാരി പറഞ്ഞത് അതി ശക്തമായ ഒരു രാഷ്ട്രീയമായിരുന്നു. ഇരവാദം എന്നൊക്കെ പറഞ്ഞ് തള്ളിക്കളയാന്‍ ഒരുപാടു പേര് ശ്രമിക്കുന്നുണ്ടെങ്കിലും മാപ്പിള ലഹള അവതരിപ്പിച്ച ആ രണ്ടു ആല്‍ബങ്ങളുടെയും രാഷ്ട്രീയം കാലിക പ്രസക്തമാണ്. ഇന്ക്വിലാബും ആസാദിയും വിളിച്ചാല്‍ ജയിലിലേക്കും കബറിലേക്കും തീവ്രവാദി എന്നും രാജ്യദ്രോഹി എന്നും മുദ്രകുത്തി അയക്കപ്പെടുന്ന മലപ്പുറത്തിനെ 'പാകിസ്ഥാന്‍ ആരാധകരുടെ' മേഖലയാക്കി ചിത്രീകരിക്കുന്ന ഒരു കാലഘട്ടത്തില്‍ ഞങ്ങള്‍ അങ്ങനെയല്ല ഇങ്ങനെയാണ് എന്നുറക്കെ പറയാന്‍ പരാരിയെ പോലുള്ള എഴുത്തുകാര്‍ അനിവാര്യമാണ്. 

'കെ എല്‍ 10' എന്ന തന്റെ ആദ്യ ചിത്രത്തിലേക്ക് വന്നപ്പോഴും പറയാനുദ്ദേശിച്ച രാഷ്ട്രീയത്തില്‍ അദ്ദേഹം ലവലേശം വിട്ട് വീഴ്ച ചെയ്തിരുന്നില്ല. നാലുഭാര്യമാര്‍, കള്ളപ്പണം, ബോംബ്, തീവ്രവാദികള്‍, തുടങ്ങി വാര്‍പ്പു മാതൃകകളായ മലപ്പുറം കഥാപാത്രങ്ങളില്‍ നിന്നും വിമോചനം നേടിയവര്‍ ആയിരുന്നു കെ എല്‍ പത്തിലെ കഥാപാത്രങ്ങള്‍. അറബിക് കോളേജിന്റെ പശ്ചാത്തലത്തില്‍ കഥപറയുമ്പോള്‍ മുസ്ലിയാരുടെ യാഥാസ്ഥിതിക ബോധത്തെ വിശ്വാസത്തിലൂന്നിക്കൊണ്ട് തന്നെ ചോദ്യം ചെയ്യുന്ന അഹമ്മദിന്റെ കഥാപാത്രം ഒക്കെ മാറുന്ന മലപ്പുറത്തിന്റെ മുഖങ്ങള്‍ ആയിരുന്നു. മലപ്പുറത്തിന്റെ ബഹുസ്വരത, ആത്മീയത, രാഷ്ട്രീയം തുടങ്ങിയവയിലും ശ്രദ്ധയൂന്നുന്ന ചിത്രം ഇതുവരെ കണ്ട് വന്ന മലപ്പുറം എന്ന പേരില്‍ മലയാള സിനിമ അടിച്ചേല്‍പ്പിച്ച കാഴ്ചകളെ തിരുത്തുന്ന ഒന്നായിരുന്നു. 

കെ എല്‍ 10 നു പക്ഷെ അത്രയ്ക്ക് പ്രേക്ഷക പ്രീതി ലഭിച്ചിരുന്നില്ല. പക്ഷെ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ അതിനും കൂടി പരാരി കണക്കു തീര്‍ത്തു. സുഡാനിയെ പറ്റി പറയുന്നതിന് മുന്‍പ് മറ്റൊരു സീന്‍ നോക്കാം. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത 'വീട്ടിലേക്കുള്ള വഴി' എന്ന ചിത്രത്തിലെ ഒരു രംഗമാണ്. ഒരു തീവ്രവാദി സംഘടനയുടെ റിക്രൂട്‌മെന്റോ മറ്റോ ആണ് സന്ദര്‍ഭം. ചോദ്യം ചോദിക്കുന്നത് പ്രിത്വിരാജ് ആണ്. 

മലയാളി ആണോ ?  
അതെ 
നാട്ടില്‍ എവിടെയാണ് ?
മലപ്പുറത്താണ് 

ഇതിന് ശേഷം ആ കഥാപാത്രത്തിനോ ആ രംഗത്തിനോ വേറെ പ്രസക്തി ആ ചിത്രത്തില്‍ ഇല്ല. ഒരുപാട് ഫിലിം ഫെസ്റ്റുകളില്‍ മലയാളത്തെ പ്രതിനിധീകരിച്ച ഒരു ചിത്രത്തിലെ രംഗമാണ്. സംവിധാനം മലയാള സിനിമയുടെ അഭിമാനമായ ഡോക്ടര്‍ ബിജുവും. മലപ്പുറം എന്ന നാട് തീവ്രവാദി കഥാപാത്രത്തിന്റെ സ്ഥലമായി തിരഞ്ഞെടുക്കാന്‍ ഉണ്ടായ ചേതോവികാരം എന്തായിരുന്നു എന്ന് മനസ്സിലായിട്ടില്ല. സുഡാനിയിലൂടെ ഒരുപക്ഷെ ഇങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെ ലഭിച്ച ചാപ്പകള്‍ക്കു പരാരി കണക്കു തീര്‍ക്കുകയായിരുന്നിരിക്കാം. അവാര്‍ഡുകളും അംഗീകാരങ്ങളുമായി സുഡാനി ഫ്രം നൈജീരിയ അംഗീകരിക്കപ്പെട്ടപ്പോള്‍, മജീദും ഉമ്മമാരും പ്രേക്ഷക മനസ്സ് കീഴ്‌പ്പെടുത്തിയപ്പോള്‍ നിങ്ങള്‍ ഇതുവരെ കണ്ടതല്ല ഇതായിരുന്നു ഞങ്ങളുടെ മലപ്പുറത്തിന്റെ യഥാര്‍ത്ഥ മുഖമെന്നു പരാരി പറയാതെ പറയുന്നുണ്ട്. സ്‌നേഹം എന്ന മനുഷ്യ വികാരത്തിലൂടെയാണ് പരാരിയും സക്കറിയയും ഒരു ജനതയെ പൊതുബോധത്തില്‍ നിന്ന് മോചിപ്പിച്ചത്. അസഹിഷ്ണുതയും ന്യൂനപക്ഷവിരോധവും ഒക്കെ ഒരു രാജ്യത്തിന്റെയാകമാനം കരിമേഘമാകുമ്പോഴാണ് നമ്മുടെ സിനിമ സ്‌നേഹത്തിലൂന്നിക്കൊണ്ട് ചിത്രങ്ങള്‍ എടുക്കുന്നത്. അതില്‍ കൂടുതല്‍ എങ്ങനെയാണ് മലപ്പുറത്തെ ഒരു സിനിമാക്കാരന് രാഷ്ട്രീയം സംസാരിക്കാന്‍ ആവുക.