രുപേഷ് കുമാര്‍

രു പുഴയുടെ അപ്പുറവും ഇപ്പുറവും ജീവിച്ച മനുഷ്യരായിരുന്നു എന്റെ
ഇളയമ്മയും ഇളയച്ഛനും. ഇളയമ്മ പുലയ സ്ത്രീയും ഇളയച്ഛന്‍ തീയ സമുദായത്തില്‍ പെട്ട ആളും. അവര്‍ പ്രണയിച്ച് കല്യാണം കഴിച്ചു. ഏകദേശം ഇരുപത്തി അഞ്ചോളം വര്‍ഷമാണ് ആ കല്യാണത്തിന്റെ പേരില്‍ ഇളയച്ഛനെ അയാളുടെ വീട്ടില്‍ നിന്നും 'അഭിമാന' പ്രശ്‌നം എന്നും പറഞ്ഞു പുറത്താക്കിയത്. അദ്ദേഹം ഇപ്പോഴും പത്തു നാല്പത് വര്‍ഷമായി ഇളയമ്മയുടെ കൂടെ,  അവരുടെ കൂടെ മനോഹരമായി ജീവിക്കുന്നു. തീയ സമുദായത്തില്‍ പെട്ടവരുടെ ജാതി വെറി ആണു ആ റിലേഷനെ അംഗീകരിക്കാത്തത്. ഏറ്റവും വലിയ രസം ഇതിനെ കേരളം റീഡ് ചെയ്യുന്നത് അഭിമാന പ്രശ്‌നമായാണ്.  ഒരാളെ ഇത്രയും വര്‍ഷം ജാതിയുടെ പേരില്‍ പുറത്തക്കുക എന്നു പറഞ്ഞാല്‍ അതിനെ 'ജാതി വെറി' എന്നു തന്നെ പറയണം.അല്ലാതെ അതിനെ 'അഭിമാന' പ്രശ്‌നം ആയി അല്ല കാണേണ്ടത്.

അമ്പൂരിയില്‍ രാഖി എന്ന പെണ്‍കുട്ടിയെ ആര്‍ എസ് എസ്സുകാരായ രണ്ടു നായന്മാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതിനെയും കേരളം വായിച്ചെടുക്കാന്‍ ശ്രമിക്കുന്നത് 'ദുരഭിമാന കൊല' എന്ന രീതിയിലാണ്. കേരളത്തില്‍ വിവാഹ ബന്ധങ്ങളില്‍, സംവരണത്തില്‍, ഭൂമിശാസ്ത്രപരമായ ജീവിതത്തില്‍, വിദ്യാഭ്യാസത്തില്‍, തൊഴിലില്‍ അധികാരത്തില്‍,  മാധ്യമങ്ങളില്‍,  സിനിമയില്‍  തുടങ്ങി സകല ഇടങ്ങളിലും വംശീയ  വെറി ഉത്പാദിപ്പിക്കുന്ന ഒരു കമ്മ്യൂണിറ്റിയില്‍ പെട്ടവര്‍ നടത്തിയ ക്രൂരമായ വംശീയ കൊലപാതകത്തെ അഭിമാനത്തിന്റെ പേരിലുള്ള കൊല എന്നു മാധ്യമങ്ങള്‍ എഴുതുമ്പോള്‍,  അതിനെ ദുരഭിമാന കൊല ആയി കാണണം എന്നു കേരളം വായിക്കുമ്പോള്‍ ആക്ഷന്‍ ഹീറോ ബിജുവിലെ അരിസ്‌റ്റോ സുരേഷിനെ പോലെ മനുഷ്യത്വത്തിന് നേരെ ഉള്ള തുണി പൊക്കി കാണിക്കല്‍ അല്ലാതെ മറ്റെന്താണ്? ദുരഭിമാന കൊല അല്ല മിസ്റ്റര്‍ കേരളം,  അത് പുരോഗമിച്ചു ആകാശം മുട്ടി എന്നു മലര്‍ന്നു കിടന്നു തുപ്പുന്ന,  കേരളത്തിലെ രണ്ടു നായന്മാര്‍ നടത്തിയ വംശീയ കൊലപാതകമാണ്. രണ്ടു പേരിലുള്ള റിലേഷനില്‍ വിവാഹത്തില്‍ എന്ത് തേങ്ങയുടെ റോളാണ് അഭിമാനത്തിന്?  ഇത്തിരി ഉളുപ്പ് കേരളത്തിനുണ്ടെങ്കില്‍ കേരളം 'ജാതി വംശീയ കൊലപാതകം' അങ്ങനെ തന്നെ പറയണം. അത് കേരളത്തിനില്ല. ഉണ്ടായിരുന്നെങ്കില്‍ ഒരു ആദിവാസി പോലീസുകാരനെ പോലീസ് ക്യാമ്പില്‍ കൊല്ലുമായിരുന്നില്ലല്ലോ.

ഇനി ആ പ്രതിസ്ഥാനത്ത് മുസ്ലീങ്ങള്‍ വല്ലതുമായിരുന്നുവെങ്കില്‍ എം ടി മുതല്‍ ശ്യാം പുഷ്‌കരനെക്കാള്‍ വലിയ തിരക്കഥാകൃത്തുക്കള്‍ മാധ്യമങ്ങളില്‍  സട കുടഞ്ഞെഴുന്നേറ്റ് 'എവിടെ എവിടെ തീവ്രവാദികള്‍?  എവിടെ വര്‍ഗീയ വാദികള്‍? '  എന്നു സീന്‍ ഓര്‍ഡറുകള്‍ ഉണ്ടാക്കിയേനെ.

ഈ ഓഞ്ഞ കേരളത്തിലെ വംശീയ വാദികളായ നായര്‍ കൊലപാതികള്‍ക്ക് അഭിമാനം എന്നൊക്കെ പറയുന്നവരോട് 'നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഊവേ? ' എന്നൊരു ചോദ്യത്തിന് പോലും പ്രസക്തിയില്ല.

അത്ര വലിയ 'നായര്‍' കളവാണ് കേരളം