കെ.ടി ഹാഫിസ് 

നേകായിരം ഗ്രഹങ്ങളും ലക്ഷകണക്കിന് നക്ഷത്രങ്ങളും ഉള്‍കൊള്ളുന്ന എണ്ണിയാലൊതുങ്ങാത്ത ഗ്യാലക്‌സികളുടെ നേരെ കണ്ണ് തുറന്നാല്‍ നമ്മുക്കെന്താണ് കാണാന്‍ കഴിയുക എന്ന ചോദ്യത്തിലൂടെ മനുഷ്യ ചരിത്രത്തിലിന്നോളമുള്ള വൈജ്ഞാനിക അന്വേഷണങ്ങളെ ഉദാഹരിക്കാന്‍ കഴിയും. കറുത്ത പശ്ചാതലത്തില്‍ തിളങ്ങി നില്‍ക്കുന്ന ചെറുപൊട്ടുകളുടെ ഒരൊറ്റ വലിയ ചിത്രമായി അതിനെ കാണാനാവും. കൊളോണിയല്‍ ആധുനികതയും നാവോദ്ധാന വ്യവഹാരങ്ങളും നമ്മുക്ക് പകര്‍ന്ന് തന്നത് അമ്പരിപ്പിക്കുന്ന ആ ഒരൊറ്റ ലോകത്തിന്റെ വലിയ ചിത്രമാണ്. അതിനുമപ്പുറം, ആ വലിയ ലോകത്ത് ഭൂമിയെ പോലെ അനേകായിരം ഗ്രഹങ്ങളും, അതിനകത്തെ ഏണ്ണിയാലൊതുങ്ങാത്ത വൈവിദ്യങ്ങളും നമ്മുടെ ഒക്കെ അലോചനകള്‍ക്ക് അപ്പുറത്തുള്ള അവയുടെ ഉത്ഭവവും അവക്കകത്തെ സമയങ്ങളും നിലനില്‍പ്പും അടക്കം അനേകം കാഴ്ചകളിലേക്കുള്ള അന്വേഷണങ്ങളായി അതിനെ വികസിപ്പികാനും സാധിക്കും. ആധുനികതക്ക് ശേഷമുള്ള അന്വേഷങ്ങള്‍ അത്തരം വികാസങ്ങളിലേക്കുള്ള പരിശ്രമങ്ങളായിരുന്നു. ഇതില്‍ നമ്മുടെ കാഴ്ച്ചകളെ എവിടെയാണ് സംവിധാനിക്കുന്നത് എന്ന ചോദ്യമാണ് ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ആകെ തുക. ഒരു വിശ്വാസി സ്വന്തത്തിനകത്ത് നിന്ന് ഈ കാഴ്ചകളിലേക്ക് നടത്തുന്ന വ്യക്തകമായ ഒരു യാത്രയാണ് നൂറ്റാണ്ടുകളായി ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആധുനികതയുടെ ഒറ്റ കാഴ്ച്ചയെ പല കാഴ്ച്ചകളായി തെറ്റി ധരിക്കുന്ന ആധുനികാനന്തര അന്വേഷണങ്ങളില്‍ കുടുങ്ങിപോയ സെക്കുലര്‍ വിജ്ഞാനീയങ്ങളും അതിനുസമാനമായി മുസ്‌ലിം ലോകത്ത് ഉയര്‍ന്ന് വന്ന 'നവോദ്ധാന വിജ്ഞാനീയങ്ങളും' അതിന്റെ തുടര്‍ച്ചകളും രൂപപ്പെടുത്തുന്ന സാമൂഹികതകളെ ഇസ്‌ലാമിക വിജ്ഞാന പാരമ്പര്യം എങ്ങിനെയാണ് അടയാളപ്പെടുത്തുന്നത് എന്ന ആലോചനക്ക് ശ്രമിക്കുകയാണ് ഈ കുറിപ്പ്.
തന്റെ പ്രഭാഷണങ്ങളിലുടനീളം തീവ്രവാദത്തെയും അതിലേക്ക് നയിക്കുന്ന വഹാബി ആശയധാരയേയും നിരന്തരമായി എതിര്‍ത്തിരുന്ന അദ്ദേഹത്തെ ഈ പ്രസ്താവനയുടെ വെളിച്ചത്തില്‍ അമേരിക്കന്‍ ചാരനും മുസ്‌ലിംങ്ങളെ ഒറ്റുകൊടുക്കുന്നവനും ആക്കി മാറ്റല്‍ എതിരാളികള്‍ക്ക് എളുപ്പമായിരുന്നു
2016-ല്‍ ടൊറന്റോയില്‍ വച്ച് നടന്ന റിവൈവിം ദി ഇസ്‌ലാമിക്ക് സ്പിരിറ്റ് (Reviving the Islamic Spirit)-(RIS) കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ പ്രമുഖ സൂഫീ പണ്ഡിതനും സൈത്തൂന കോളെജിന്റെ സ്ഥാപക മേധാവിയുമായ ശൈഖ് ഹംസ യൂസുഫ് നടത്തിയ ഒരു വിവാദ പരാമര്‍ശവും തുടര്‍ന്നുണ്ടായ വിവാദങ്ങളെയും മുന്‍നിര്‍ത്തി ഇസ്‌ലാമിക ജ്ഞാന വ്യവഹാരങ്ങളുടെ സങ്കീര്‍ണതകളെ മനസിലാക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ. ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ജേര്‍ണലിസ്റ്റായ മെഹ്ദി ഹസ്സനുമായുള്ള സംഭാഷണത്തില്‍ 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയിലാണ് ശൈഖ് ഹംസ യൂസുഫ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. അമേരിക്കയില്‍ പോലീസ് അതിക്രമങ്ങളില്‍ കൊല്ലപ്പെടുന്ന കറുത്ത വര്‍ഗക്കാരുടെ അത്രയോ അതിന്റെ ഇരട്ടിയോ വെള്ളകാരും കൊല്ലപ്പെടുന്നുണ്ടന്നും പലപ്പോഴും കറുത്തവരെ വെടിവച്ച് കൊല്ലുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ പലരും കറുത്തവരില്‍ നിന്ന് തന്നെയുള്ളവരാവാറുണ്ടന്നും കൊല്ലപ്പെടുന്ന കറുത്ത വര്‍ഗകാരില്‍ പകുതിയും കറുത്തവരാല്‍ തന്നെ കൊല്ലപ്പെടുന്നവരാണന്നും  അതിനാല്‍ തന്നെ ഇതിനെ വംശീയതയുടെ പ്രശ്‌നമായി മാത്രം കാണാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചത് 'ഇസ്‌ലാം വംശീയതക്ക് എതിരാണ്. അതിനാല്‍തന്നെ നാം എല്ലാ വിധത്തിലുള്ള വംശീയതകളെയും എതിര്‍ക്കല്‍ ഇസ്‌ലാമിക ബാധ്യതയുമാണ്, എന്നാല്‍ അതോടൊപ്പംതന്നെ നമ്മുക്കകത്തുള്ള വംശീയ വേര്‍ത്തിരിവുകളിലേക്കുംകൂടി നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. മുസ്‌ലിം സമൂഹങ്ങളിലുള്ള ജൂത വിരുദ്ധ വാചാടോപങ്ങള്‍ (rhetoric) പേടിപ്പെടുത്തുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു പാകിസ്ഥാനിയോ, ഇന്ത്യനോ മലയാളിയോ ആയി ജീവിക്കുന്നതിന്റെ ദുരിതങ്ങള്‍ എന്താണന്ന് നിങ്ങള്‍ക്കറിയുമോ? നാം വെള്ളകാരന്റെ പ്രിവിലേജുകളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു, എന്നാല്‍ മിഡിലിസ്റ്റിലെ അനറബികളുടെമേല്‍ അറബികള്‍ കാണിക്കുന്ന വംശീയതകളെ കുറിച്ച് നാം എന്താണ് സംസാരിക്കാത്തത് ? തുടര്‍ന്ന് ഇസ്‌ലാമിനെ കേവലം കൊളോണിയലിസത്തിനും മര്‍ദക ഭരണാധികാരികള്‍ക്കും എതിരെയുള്ള ഒരു റിയാക്ഷനറി പ്രത്യാശാസ്ത്രമായി ചുരുക്കുന്ന മുസ്‌ലിം ബ്രദര്‍ഹൂഡ്, ഹിസ്ബുല്‍ തഹ്‌രീര്‍, അല്‍-ഖാഇദ തുടങ്ങിയവരുടെ പൊളിറ്റിക്കല്‍ ഇസ്‌ലാമിനെയും അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി.

കറുത്തവര്‍ക്കിടയിലുള്ള കുടുംബവ്യവസ്ഥയുടെ തകര്‍ച്ചയും വ്യാപകമായ ലഹരികള്‍ക്ക് അടിമപ്പെടുന്നതിന്റെയും പശ്ചാതലത്തില്‍ അദ്ദേഹം നടത്തിയ പ്രസ്ഥാവന പെട്ടന്ന് തന്നെ വിവാദമാവുകയും വിവിദ മേഖലകളിലുള്ള ബ്ലാക്ക് ആക്റ്റിവിസ്റ്റുകളും മുസ്‌ലിം പണ്ഡിതരും അതിനോട് പ്രതികരിക്കുകയും ചെയ്തു. പ്രമുഖ ബ്ലാക്ക് മുസ്‌ലിം പണ്ഡിതന്‍ ഷെര്‍മനന്‍ അബ്ദുല്‍ ഹഖീം ജാക്‌സണ്‍ പ്രതികരിച്ചത്. സംഘടിത വംശീയതക്കെതിരെ പ്രതികരിക്കാത്ത മുസ്‌ലിം പണ്ഡിതര്‍ കറുത്തവര്‍ക്കിടയിലെ കുടുംബ വ്യവസ്ഥയുടെ തകര്‍ച്ചയേയും ലഹരി അടിമത്തതേയും കുറിച്ചുസംസാരിക്കരുതെന്നും, അവര്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ (സ) പ്രതിനിധീകരിക്കുന്നില്ലന്നും അത്തരകാര്‍ വായടച്ചിരിക്കുന്നതാണ് നല്ലതെന്നുമാണ്. അകാഡമീഷ്യനായ ജൊനാതന്‍ എസി ബ്രൗണ്‍ പ്രതികരിച്ചത് ഹംസ യൂസിഫിനെ പോലുള്ള പണ്ഡിതന്മാര്‍ യു.എ.ഇ/ഈജിപ്ത് ഭരണാധികാരികളില്‍ നിന്ന് ഫണ്ട് കൈപ്പറ്റി അവരുടെ അജണ്ഡ നടപ്പിലാക്കുകയാണ് എന്നാണ്.

തന്റെ പ്രസ്താവന ഉണ്ടാക്കിയ വ്യാപകമായ തെറ്റിധാരണകളെ തിരുത്തി, അത് അരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ മാപ്പ് ചോദിച്ച് തൊട്ടടുത്ത ദിവസം അദ്ദേഹം നടത്തിയ വിശദീകരണത്തിലും ഹംസ യൂസുഫ് ആവര്‍ത്തിച്ച് പറഞ്ഞത് ബ്ലാക്ക് സമൂഹങ്ങളിലെ വ്യാപകമായ കുടുംബ തകര്‍ച്ചയും ലഹരി അടിമത്വവും ചികിത്സിച്ച് ബേദമാക്കല്‍ തന്നെയാണ് നമ്മുടെ പ്രാഥമിക ഉത്തരവാദിത്വം എന്നാണ്. അദ്ദേഹത്തിനെതിരെ വന്ന രൂക്ഷ വിമര്‍ശനങ്ങളെ പ്രതിരോധിച്ചുകൊണ്ട് സൈത്തൂന കോളേജിലെ അധ്യാപകനും ബ്ലാക്ക് പണ്ഡിതനും ബോക്‌സര്‍ മുഹമ്മദലിയുടെ ആത്മീയ ഗുരുവുമായിരുന്ന ഇമാം സൈദ് ശാക്കിര്‍ തന്നെ രംഗത്ത് വരുകയുമുണ്ടായി. 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മൂവ്‌മെന്റിനെ' ഇതിന് മുമ്പും ശൈഖ് ഹംസ യൂസുഫ് വിമര്‍ശിച്ചിട്ടുണ്ട്. സിവില്‍ റൈറ്റ്‌സ് മൂവ്‌മെന്റില്‍ നിന്നും ബ്ലാക്ക് റാഡിക്കല്‍ മൂവ്‌മെന്റില്‍ നിന്നും വിത്യസ്ഥമായി ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മൂവ്‌മെന്റ് ശത്രുവിനോടുള്ള ദേഷ്യത്തെ അടിസ്ഥാനമാക്കിയാണ് നിലനില്‍ക്കുന്നതെന്നും അത് യാതൊരു വിധത്തിലുള്ള പരിഹാരവും കൊണ്ട് വരില്ല എന്നും അദ്ദേഹം മറ്റൊരു പ്രഭാഷണത്തില്‍ വിശദീകരിക്കുന്നുണ്ട്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് നേതൃത്വം നല്‍കിയ സിവില്‍ റൈറ്റ്‌സ് മൂവ്‌മെന്റ് െ്രെകസ്തവ ചര്‍ച്ചുകളുടെ പിന്തുണയിലും മല്‍ക്കം എക്‌സിന്റെ ബ്ലാക് റാഡിക്കല്‍ മൂവ്‌മെന്റ് ഇസ്‌ലാമിക ആത്മീയതയുടെ പിന്‍ബലത്തിലുമുള്ളതായതിനാല്‍ തന്നെ വംശീയതയുണ്ടാക്കിയ വിടവുകളെ അത് വലിയൊരളവില്‍ നികത്തിയിരുന്നു എന്നും എന്നാല്‍, അത്യധികം സെക്കുലര്‍ വല്‍ക്കരിക്കപ്പെട്ട ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മൂവ്‌മെന്റ് ദേഷ്യം, ശത്രുത എന്നതിലൂടെ ഈ വിടവുകള്‍.

പുനരുല്‍പാദിപ്പിക്കുകയാണന്ന വിമര്ശനം ആദ്യമെ നിലനില്‍ക്കുന്നുമുണ്ട്.
ആഘോഷിക്കപ്പെട്ട 'സിറിയന്‍ വിപ്ലവത്തെ' കുറിച്ച് ശൈഖ് ഹംസ യൂസുഫിന്റെ നിലപാടുകളും ഇതിന് സമാനമായിരുന്നു. കലാപങ്ങള്‍ക്കിടയില്‍ ഒരു നിമിഷം ജീവിക്കുന്നതിനേക്കാള്‍ സ്വേച്ഛാധിപത്യ ഭരണത്തിന് കീഴില്‍ അറുപത് കൊല്ലം കഴിയുന്നതാണ് നല്ലത് എന്ന സൂഫീ ഗുരുവിന്റെ വാക്കുകള്‍ കടമെടുത്താണ് സിറിയന്‍ വിപ്ലവത്തോട് ഹംസ യൂസുഫ് പ്രതികരിച്ചത്. 'പിശാചിനും പൈശാചിക സ്വേച്ഛാധിപത്യത്തിനോടും യഥാര്‍ത്ഥത്തില്‍ യുദ്ധം ചെയ്യുന്നവര്‍ അല്ലാഹുവിന്റെ ഔലിയാക്കളാണെന്ന ശൈഖ് നാസിം ഹക്കാനിയുടെ (1922-2014: ഖദ്ദസല്ലാഹു സിറഹു) പ്രസ്താവനയെ നാറ്റോ സൈന്യത്തിന്റെ ഭീകരതക്കെതിരായ യുദ്ധത്തിന്റെ പശ്ചാതലത്തില്‍ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ ഒരു വിവാദത്തിനും പാശ്ചാത്യ ലോകം സാക്ഷ്യം വഹിക്കുകയുണ്ടായി. ജോര്‍ജ് ബുഷും ബ്ലയറും ഔലിയാക്കളാണന്ന്  നക്ഷബന്ദീ ശൈഖായ അദ്ദേഹം പറഞ്ഞു എന്ന അര്‍ത്ഥത്തിലാണ് ആ പ്രസ്താവന ദുര്‍വ്യാഖ്യാനിക്കപ്പെട്ടത്.
തന്റെ പ്രഭാഷണങ്ങളിലുടനീളം തീവ്രവാദത്തെയും അതിലേക്ക് നയിക്കുന്ന വഹാബി ആശയധാരയേയും നിരന്തരമായി എതിര്‍ത്തിരുന്ന അദ്ദേഹത്തെ ഈ പ്രസ്താവനയുടെ വെളിച്ചത്തില്‍ അമേരിക്കന്‍ ചാരനും മുസ്‌ലിംങ്ങളെ ഒറ്റുകൊടുക്കുന്നവനും ആക്കി മാറ്റല്‍ എതിരാളികള്‍ക്ക് എളുപ്പമായിരുന്നു.

എന്നാല്‍ പൈശാചികതക്കെതിരായ യുദ്ധം പിശാചുക്കളാല്‍ തന്നെയാണ് നയിക്കപ്പെടുന്നത് എന്ന പൂര്‍ണ ബോധ്യമുണ്ടായിട്ടും തീവ്രവാദത്തിനും വാഹാബി ധാരയോടുമുള്ള അദ്ദേഹത്തിന്റെ നിലാപടില്‍ യാതൊരു മാറ്റവുമുണ്ടാവാതിരുന്നത് എന്തുകൊണ്ടാണെന്ന അന്വേഷണം പൊതുവില്‍ സൂഫി ഉലമാക്കള്‍ വിഭാവന ചെയ്യുന്ന സാമൂഹികത എന്താണന്നതിലേക്ക് പുതിയ വെളിച്ചങ്ങള്‍ ലഭിക്കും.

ശൈഖ് ഹംസ യൂസുഫിനെ വംശീയവാദിയെന്ന് വിളിച്ച് രൂക്ഷമായി വിമര്‍ശിച്ചവര്‍ക്കും ശൈഖ് നാസിം ഹഖാനിയെ അമേരിക്കന്‍ ചാരനായി മുദ്രകുത്തിയവര്‍ക്കും ഈ വിഷയത്തില്‍ മാത്രമല്ല ഹംസ യൂസുഫുമായി വിയോജിപ്പിള്ളത്. മറിച്ച്, ശൈഖ് ഹംസ യൂസുഫും ഹഖാനി തങ്ങളും പ്രതിനിധാനം ചെയ്യുന്ന സൂഫീ ഇസ്‌ലാമിനോടും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോടും തന്നെ എതിര്‍പ്പുകള്‍ ഉണ്ട്. ആ എതിര്‍പ്പുകളുടെ കൂടി പശ്ചാതലത്തില്‍ മാത്രമെ ഈ പ്രസ്താവനയുടെയും അതിനോടുള്ള പ്രതികരണങ്ങളുടെ സംങ്കീര്‍ണതകളെയും മനസിലാക്കാന്‍ സാധിക്കുകയൊള്ളൂ.
എന്തുകൊണ്ടാണ് ശൈഖ് ഹംസ യൂസുഫ് പോലുള്ള ഒരു വ്യക്തിയില്‍ നിന്ന് ബ്ലാക്ക് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പൊതുവിലുള്ള മനസിലാക്കലുകളോട് ഇടഞ്ഞ് നില്‍ക്കുന്ന ഒരു പ്രസ്താവന വരുന്നത് എന്നതാണ് ഈ സംവാദത്തില്‍ പ്രാധമികമായി ഉയരുന്ന ചോദ്യം. അദ്ദേഹം ബ്ലാക്ക് രാഷ്ട്രീയത്തിന്റെ ഭാഷയെ കുറിച്ച് അജ്ഞനായത് കൊണ്ടായിരിക്കുമോ? പ്രതേകിച്ചും അദ്ദേഹം ഒരിക്കല്‍ പോലും സന്ദര്‍ശിച്ചിട്ടില്ലാത്ത കേരളത്തിലെ ജനങ്ങള്‍ അറബ് നാടുകളില്‍ അനുഭവിക്കുന്ന വിവേചങ്ങളെ കുറിച്ചുപോലും അതേ പ്രസ്താവനയില്‍ തന്നെ പരാമര്‍ശിക്കാന്‍ മാത്രം ജാഗ്രത കാണിച്ച ഒരു പണ്ഡിതനില്‍ നിന്ന് അത്തരം ഒരു അജ്ഞത പ്രതീക്ഷിക്കാന്‍ കഴിയുമോ? അതുപോലെതന്നെ ഭീകരതാവിരുദ്ധ രാഷ്ട്രീയത്തിന്റെ പേരില്‍ ആയിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെടുന്നതിന്റെ പശ്ചാതലത്തില്‍ ഭീകരതക്കെതിരെ ഭരണകൂടത്തിന് സമാനമായ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ ശൈഖ് നാസിം ഹഖാനിയെപോലെ ഒരാളെ പ്രേരിപ്പിക്കുന്നത് എന്താണ് ? പ്രതേകിച്ചും, ഒരു വ്യക്തി, അദ്ദേഹം നിരപരാധിയോ അപരാധിയോ ആരായിരുന്നാലും വേദനിക്കുന്നത് പോലും ഒഴിവാക്കപ്പെടേണ്ടതാണന്ന് വിശ്വസിക്കുന്ന ഒരു ആദര്‍ശത്തിനകത്ത് നിന്നാണ് അവര്‍ സംസാരിക്കുന്നത് എന്ന പശ്ചാതലത്തില്‍; ഈ പ്രാഥമിക വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയം, ഭരണകൂടം തുടങ്ങിയ സമകാലിക സംവിധാനങ്ങളെ അവരെങ്ങിനെയാണ് മനസിലാക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ്.
സൂഫിസം എന്ന് പൊതുവില്‍ വിവക്ഷിക്കപ്പെടുന്ന തസവുഫ് പ്രാപഞ്ചിക രഹസ്യങ്ങളുടെ ഒരു വലിയ സഞ്ചയമായിട്ടാണ് മനസിലാക്കപെടുന്നത്. സുന്നികളും ശിആഃക്കളുമടക്കം ലോകത്തുടനീളമുള്ള മാഹാ ഭൂരിപക്ഷ മുസ്‌ലിംങ്ങളും ഏതങ്കിലും അളവില്‍ ഈ പാരമ്പര്യ സൂഫീ വിശ്വാസങ്ങള്‍ പങ്കുവെക്കുന്നവരാണ്. മുസ്‌ലിംങ്ങളില്‍ 8 ശതമാനം സലഫികളും ഒരു ശതമാനം ഇഖ്‌വാനീജമാഅത്തെ ഇസ്‌ലാമി ധാരകളും, ഒരു ശതമാനം മോഡേണിസ്റ്റ് മുസ്‌ലിംങ്ങളുമൊഴികെ 90 ശതമാനവും ഈ പരമ്പര്യ ധാരകളിലുള്ളവരാണ് എന്നാണ് ജോര്‍ദ്ദാന്‍ കേന്ദ്രമായുള്ള റോയല്‍ ഇസ്‌ലാമിക്ക് സ്ട്രാറ്റജിക്ക് സ്റ്റഡീസ് സെന്റര്‍ ജോര്‍ജ്ജ് ടൗണ്‍ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് പുറത്തിറക്കുന്ന 'The Muslim 500' വാര്‍ഷിക ജേര്‍ണലിന്റെ കണക്കുകള്‍ പറയുന്നത്. ഈ 90 ശതമാനത്തില്‍ കേവലം 9 ശതമാനത്തോളം മാത്രമാണ് ശിആഃ വിശ്വാസികളുള്ളത്. ബക്കിയുള്ളവരെല്ലാം തന്നെ സുന്നി-സൂഫി ധാര പിന്തുടരുന്നവരാണ്.  അതിനാല്‍തന്നെ, സുന്നി-സൂഫീ ധാരയില്‍നിന്നുള്ള ഇത്തരം നിലപാടുകള്‍ കേവലം അധികാര മോഹത്താലും, ഭരണകൂടങ്ങളോടുള്ള അടിമത്വങ്ങളില്‍ നിന്നും രൂപപ്പെടുന്നതുമാണന്നുള്ള ചുരുക്കലുകള്‍ ഈ മഹാഭൂരിപക്ഷം മുസ്‌ലിംങ്ങളുടെ നിലനില്‍പ്പിനെ തന്നെ അപ്രസക്തമാക്കുന്നതാണ്. അതില്‍ തന്നെ, ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ട ശൈഖ് ഹംസ യൂസുഫും, ശൈഖ് നാസിം ഹഖാനിയും 'The Muslim 500' ജേര്‍ണലിന്റെ കണക്കനുസരിച്ച് ലോകത്തെ സ്വാധീനിച്ച 50 മുസ്‌ലിംങ്ങളില്‍ ആദ്യ പേരുകളില്‍ വരുന്നവരുമാണ്. ഇവരുടെതിന് സമാനമായ നിലപാടുകള്‍ മുസ്‌ലിം ലോകത്തുടനീളം സൂഫീ പണ്ഡിതന്മാരില്‍ കാണാനും സാധിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മുസ്‌ലിം ജ്ഞാന ലോകത്തിന്റെ മുഖ്യധാര ഇത്തരം നിലപാടുകളുടേതാണ്.
ഇനി സൂഫീ ലോകം തീര്‍ക്കുന്ന സാമൂഹികതകളുടെ സങ്കീര്‍ണതകള്‍ ആലോചിക്കാം. സങ്കീര്‍ണമായ രഹസ്യങ്ങളാല്‍ ചുറ്റപ്പെട്ട ജ്ഞാന വ്യവസ്ഥയും അത് പകര്‍ന്നുനല്‍കപ്പെടുന്നതിലൂടെ കരസ്ഥമാക്കുന്ന ആദ്യാത്മിക ബോധ്യങ്ങളും അതനുസരിച്ചുള്ള ജീവിത ക്രമവുമായാണ് തസവുഫിനെ പുറത്തുനിന്ന് മനസിലാക്കാനാവുക. മരണപ്പെട്ട് പോയ ഓരോ സൂഫീ ഗുരുക്കന്മാരുടെയും പേര് ഉച്ചരിക്കുമ്പോള്‍ മുസ്‌ലിംങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് 'ഖദ്ദസല്ലാഹു സിറഹുല്‍ അസീസ് ' എന്നാണ്. ആദരവാക്കപ്പെട്ട അവരുടെ രഹസ്യങ്ങള്‍ സംരക്ഷിക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയാണത്. ഈ രഹസ്യജ്ഞാനങ്ങളെ ബാത്വിനിയായ (ആന്തരികമായ) അറിവ് എന്നാണ് പരികല്‍പ്പിക്കപ്പെടുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ പ്രവാചകന് മുഹമ്മദ് നബി(സ) മുതല്‍ ഈ അറിവുകള്‍ കൃത്യമായ ഇണമുറിയാത്ത കണ്ണികളിലൂടെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്ന് കൊടുക്കുന്നതിലൂടെയാണ് സംരക്ഷിക്കപ്പെടുന്നത്. ഒരു ശൈഖിന്റെ ശിഷ്യത്വത്തില്‍ അദ്ദേഹം പകര്‍ന്ന് നല്‍കുന്നതിലൂടെ മാത്രമേ ഈ അറിവുകള്‍ മറ്റൊരാള്‍ക്ക് കരസ്ഥമാക്കാന്‍ കഴിയൂ. ഈ അറിവുകളില്‍ വളരെ കുറച്ച് മാത്രമാണ് എഴുതപ്പെട്ടിട്ടുള്ളത്. അവതന്നെ, പുറത്തുനിന്നുള്ള ഒരാള്‍ വായിച്ചെടുക്കുമ്പോള്‍ കേവലമായ വിജ്ഞാനങ്ങളും ഒരു ഗുരുവിനോടൊപ്പം ഇരുന്ന് വായിക്കപ്പെടുമ്പോള്‍ അനേകം അര്‍ത്ഥങ്ങളിലേക്ക് വികസിക്കുന്ന അക്ഷരങ്ങളുടെ മഹാപ്രപഞ്ചവുമാണന്നാതാണ് മുസ്‌ലിം അനുഭവം. എഴുതപ്പെടാത്ത, അല്ലെങ്കില്‍ എഴുതുന്നത് വിലക്കപ്പെട്ട സൂഫീ അറിവുകള്‍ ഗുരുവില്‍ നിന്ന് ശിഷ്യനിലേക്ക് വാചികമായി പകര്ന്ന് നല്‍ക്കപ്പെടുകയാണ് ചെയ്യുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ തീര്‍ക്കുന്ന കര്‍മ മണ്ഡലങ്ങളാണ് അവരെ കൂടുതല്‍ ബോധ്യങ്ങളിലേക്ക് നയിക്കുന്നത്. ജ്ഞാനത്തിന്റെ ഈ ക്രമവും വ്യവസ്ഥയും ആന്തരികമായ അറിവുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂഫീ അറിവുകളുടെ കാര്യത്തില്‍ മാത്രമല്ല നിലനില്‍ക്കുന്നത്. ബാഹ്യ ജ്ഞാനങ്ങള്‍ (ളാഹിറ്) എന്ന് വിശേഷിപ്പിക്കപ്പെടുന്ന കര്‍മശ്രാസ്ത്രം (ഫിഖ്ഹ്), വിശ്വാസം (അഖീദ), ദൈവശാസ്ത്രം (ഇല്‍മുല്‍ കലാം) തുടങ്ങി മുഴുവന്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളും സമാനമായ ക്രമത്തിലും വ്യവസ്ഥയിലുമാണ് നിലനില്‍ക്കുന്നത്. അതായത്, നമ്മുടെ കാലത്ത് ജീവിക്കുന്ന ഒരു മുസ്‌ലിം പണ്ഡിതന്റെ അറിവുകളുടെ കണ്ണികള്‍ ആരംഭിക്കുന്നത് ആറാം നൂറ്റാണ്ടില്‍ നിന്നും അത് പകര്‍ന്ന് നല്‍കപ്പെടുന്നത് ഒരു ഗുരുവില്‍ നിന്ന് അടുത്ത ഗുരുവിലേക്ക് പഠിക്കാനും പഠിപ്പിക്കാനുമുള്ള അനുമതികളിലൂടെയുമാണ്. ഗുരു ശിഷ്യന് നല്‍കുന്ന ഈ അനുമതിയും (ഇജാസത്ത്) പ്രവാചകനിലേക്ക് എത്തുന്ന ആ അറിവിന്റെ അംഗീകൃതമായ പരമ്പരയും (സനദ്) ഇല്ലാത്ത ഒരാളെ പാരമ്പര്യ മുസ്‌ലിംങ്ങള്‍ പണ്ഡിതനായി (ആലിം) ആയിട്ട് പരിഗണിക്കുന്നില്ല. അവ ഇല്ലാത്ത അറിവുകള്‍ പൈശാചികമായ ദുര്‍ബോധനങ്ങളാണന്നാണ് ഇസ്‌ലാമിക വിശ്വാസ സംഹിതകള്‍ പഠിപ്പിക്കുന്നത്.
അറിവിന്റെ ഈ വ്യവസ്ഥയും ക്രമവുമാണ് ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ ലോകത്തെ മറ്റെലാ ജ്ഞാന വ്യവഹാരങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നത്. ഈ വൈജ്ഞാനിക ഘടനക്കകത്ത് രൂപപ്പെടുന്ന വൈവിദ്യങ്ങളും സാധ്യതകളുമാണ് നൂറ്റാണ്ടുകളായി മുസ്‌ലിം ലോകത്തിന്റെ സാമൂഹികതകളെ നിര്‍ണയിച്ചുകൊണ്ടിരുന്നത്. അതിന് അപ്രാപ്യമായ സമയത്തെല്ലാം മുസ്‌ലിം ലോകത്ത് അതിനായുള്ള കഠിന ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഗ്രീക്ക് ഫിലോസഫിയുമായിട്ടുള്ള ഇസ്‌ലാമിന്റെ ഇടപാടുകളുടെ ചരിത്രം അതാണ് കാണിച്ചുതരുന്നത്. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ പ്രൊട്ടസ്റ്റന്റിസത്തിന് സമാനമായി മുസ്‌ലിം ലോകത്ത് ഉയര്‍ന്ന് വന്ന പ്യൂരിറ്റനിസവും അതിന്റെ തുടര്‍ച്ചകളായ സലഫി-വഹാബി-ഇഖ്‌വാനീജമാഅത്തെ ഇസ്‌ലാമീ ധാരകളാണ് മുസ്‌ലിം ലോകത്തിന് അവര്‍ അതുവരെ ശീലിച്ച സാമൂഹിക ഭാവനകള്‍ക്ക് അപരിചിതമായ പുതിയ സാമൂഹികതകള്‍ പരിചയപ്പെടുത്തുന്നത്. അവ പൂര്‍ണാര്‍ത്ഥത്തില്‍ കൊളോണിയല്‍ ആധുനികതക്ക് അകത്ത് രൂപപ്പെട്ടതും ആധുനികതയുടെ ഭാഷയിലും ഘടനയിലും സംവിദാനിക്കപ്പെട്ടതുമായിരുന്നു. ഈ ധാരകള്‍ക്ക് മുസ്‌ലിം ജനസാമാന്യത്തിന്റെ പിന്തുണ വളരെ കുറവാണങ്കിലും മുസ്‌ലിം ചിന്തകള്‍ക്കകത്ത് 'അധികാരവും രാഷ്ട്രീയവും' (power and politics) കേന്ദ്രീകൃതമായ 'പൊതു ഭാഷയെ' രൂപപ്പെടുത്തുന്നതില്‍ അവര്‍ ചെറിയൊരളവിലെങ്കിലും വിജയിച്ചിട്ടുണ്ട്. ആധുനികതയുടെ സാധ്യതകളില്‍ നിലനില്‍ക്കുന്ന ആ 'പൊതു ഭാഷയിലാണ് ' അവരോട് വിയോജിക്കുന്ന ലോക വീക്ഷണത്തിന്റെ പേരില്‍ ഹംസ യൂസുഫ് വംശീയവാദി ആവുന്നതും ശൈഖ് നാസിം ഹഖാനി സാമ്രാജ്യത്വത്തിന്റെ പാദസേവകനാവുന്നതും.
ഇസ്‌ലാമിസ്റ്റ് സലഫി 'പൊതു ഭാഷയെ' മറികടക്കുന്ന മുസ്‌ലിം സമൂഹങ്ങളുടെ ചരിത്രം പരിശോദ്ധിച്ചാല്‍ അവിടെ ഒരേ സമയം ഭരാണാധികാരികളോട് ഒപ്പം നിന്ന സൂഫികളും ഭരണാധികാരിയെ എതിര്‍ത്ത പോരാളികളും ജീവിച്ചിരുന്നിട്ടുണ്ട്. ഭരണകൂടത്തിന്റെ പങ്ക് പറ്റി പ്രവര്‍ത്തിച്ച ഉലമാക്കളും എല്ലാം ത്യജിച്ച് ഒന്നും വേണ്ടന്നുവച്ച് ജീവിച്ച ഫാഖീറന്മാരും കടന്ന് പോയിട്ടുണ്ട്. സാമ്രാജ്യത്വം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടീഷ് അധികാരികളോട് പോരാടി നിന്ന സൂഫീ വര്യന്മാരും, ആ പോരാട്ടം ആനാവിശ്യമാണന്ന് വിശ്വസിച്ച് അതില്‍ നിന്ന് മാറിനിന്ന ഉലമാക്കളും കടന്നുപോയിട്ടുണ്ട്. അത്യാഡംബരങ്ങളില്‍ ജീവിച്ച മശാഇഖ്മാരും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച സാത്വികരും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിക ചിന്താലോകത്ത് ഇവരാരും പരസ്പരം ശത്രുക്കളായിരുന്നില്ല. ഇവരുടെ വഴികളില്‍ ഒന്ന് മേന്മ കൂടിയതും, മറ്റൊന്ന് തള്ളപെടേണ്ടതുമാണന്ന് അവര്‍കാര്‍ക്കും പ്രചരിപ്പികേണ്ടിയും വന്നിരുന്നില്ല.
സലഫി ഇസ്‌ലാമിസ്റ്റ് ധാരകളില്‍ നിന്ന് വിത്യസ്ഥമായി ഈ അഭിപ്രായവിത്യാസങ്ങളും വൈരുദ്ധ്യങ്ങളും നിലനിന്നിരുന്നത് കേവലം അധികാരം എന്ന വ്യവഹാരത്തെ അടിസ്ഥാനമാക്കിയായിരുന്നില്ല. അധികാരം നിലനിര്‍ത്തലോ അധികാരം അട്ടിമറിക്കലോ അവയുടെ ഒന്നിന്റെയും ലക്ഷ്യമായിരുന്നില്ല. അതിനാല്‍ തന്നെ, പത്തൊമ്പതാം നൂറ്റാണ്ട് വരെയുള്ള ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെയും മുസ്‌ലിം ചിന്തയുടെയും ചരിത്രത്തില്‍ ഭരണാധികാരം നേരിട്ടിടപ്പെട്ടതിന്റെയോ അധികാരത്തിനായി അവ വ്യാഖ്യാനിക്കപ്പെട്ടതിന്റെയോ അധികം ഉദാഹരണങ്ങളൊന്നും കണ്ടത്താന്‍ കഴിയില്ല. മറിച്ച്, ഇസ്‌ലാമിക ചരിത്രത്തില്‍ സൂഫീ ഉലമാക്കളും അവരുടെ വ്യവഹാരങ്ങളും നിലനിന്നത് ഇസ്‌ലാമിക്ക് സെല്‍ഫിന്റെ (Islamic Self)ന്റെ സംരക്ഷണത്തിനും അതിന്റെ പുനര്‍ ഏകീകരണത്തിനും (തജ്ദീദ്) വേണ്ടി മാത്രമായിരുന്നുവെന്ന് മനസിലാക്കാന്‍ സാധിക്കും.
സൂഫീ ഇസ്‌ലാമില്‍ എന്താണ് 'ഇസ്‌ലാമിക്ക് സെല്‍ഫ് ' എന്നത് വിശദമായ മറ്റൊരു അന്വേഷണമാണ്. ശൈത്വാന് എന്ന സങ്കല്‍പ്പത്തിന്റെ സവിശേഷതകളില്‍ നിന്നെല്ലാം മുഴുവന്‍ മനുഷ്യസമൂഹത്തെയും മോചിപ്പിക്കുക എന്നതാണ് ഇസ്‌ലാമിക് സെല്‍ഫിന്റെ സംരക്ഷണം എന്ന് ചുരിക്കി പറയാന്‍ കഴിയും. കാരുണ്യം, സ്‌നേഹം, ഉദാരത, ക്ഷമ, കൃതജ്ഞത തുടങ്ങിയ മൂല്യങ്ങള്‍ ശീലിപ്പിക്കുന്നതിലൂടെ മുഴുവന്‍ മനുഷ്യരുടെ ജീവിതത്തില്‍ ദൈവ സാമിപ്യത്തെ അനുഭവിപ്പിക്കുക എന്നത് കൂടിയാണത്. ഇതിലൂടെ സൂഫീ സാമൂഹികതകള്‍ മറ്റെല്ലാ ഭാവനകളുടെയും സ്ഥലകാല നിര്‍ണയങ്ങളെ അപ്രസക്തമാക്കുകയും കവച്ചുവക്കുകയും ചെയ്യുന്ന എക്കാലത്തേക്കുമുള്ള ഇസ്‌ലാമിന്റെതായ ഒരു ഭാവനയെ സ്ഥാപിക്കുകയാണ്.

അധികാരം, രാഷ്ട്രീയം എന്നീ തീര്‍ത്തും കാലികവും ആധുനികതക്ക് അകത്തുള്ളതുമായ ഉത്കണ്ഠകളെ മുഴുവന്‍ മാറ്റിവച്ച് ഈ ഇസ്‌ലാമിക തന്മയുടെ സംരക്ഷണത്തിനായുള്ള പരിശ്രമങ്ങളുടെ ഭാഗമാവുമ്പോഴാണ് പൊതുസമ്മദിയില്‍ നിന്ന് വിത്യസ്ഥമായ ഒരു ഭാഷ സംസരിക്കാന്‍ ശൈഖ് ഹംസ യൂസുഫിന് സാധിക്കുന്നതും ഭരണാധികാരത്തിന് സമാനമെന്ന് തോന്നുന്ന സന്ദേഹങ്ങള്‍ ശൈഖ് നാസിം ഹഖാനി ഉയര്‍ത്തുന്നതും. പൂര്‍ണാര്‍ത്തതില്‍ തസവുഫിന്റെ ക്രമ ഘടനകള്‍ക്കകത്തലങ്കിലും, പലപ്പോഴും ആധുനികതയുടെ സംഘടനാ രൂപത്തിലേക്ക് മാത്രമായി ചുരുങ്ങിപോവുന്നുണ്ടങ്കിലും പാരമ്പര്യ മുസ്‌ലിം സമുദായത്തിന്റെ സ്ഥലകാല ബോധ്യങ്ങളെ ഇപ്പോഴും നിര്‍ണയിക്കുന്നത് കാലാതിവര്‍ത്തിയായ ഈ സൂഫീ മൂല്യങ്ങളാണ്. അതിനാലാണ് കറുപ്പിനും വെളുപ്പിനും അപ്പുറം  'ള്വാലിമും' (അതിക്രമിയും) 'ഫാജിറുമായ' (തെറ്റ്കാരനുമായ) ഒരു ഭരണാധികാരിക്ക് പുഞ്ചിരിച്ചുകൊണ്ട് കൈകൊടുക്കാന്‍ ഇവിടുത്തെ പാരമ്പര്യ മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധികള്‍ക്ക് ആവുന്നത്. അതിനാല്‍ തന്നെയാണ് ഏതൊരു സൂഫീ ഗാന്‍ഗാഹിന്റെ വാതിലുകളും അവര്‍ക്ക് വേണ്ടി തുറക്കപ്പെടുന്നതും അവിടുത്തെ മഷാഇഖ്മാരും ജാന്‍ശീന്മാരും അത്തരക്കാര്‍ക്കായി കാത്തിരിക്കുന്നതും.


(കടപ്പാട് രിസാല പ്രവാസി)