അജ്നാസ് വൈത്തിരി
കഴിഞ്ഞ ദിവസങ്ങളിൽ കാതറിൻ ബുള്ളകിനെ വായിക്കുകയായിരുന്നു. കുറച്ചു മുമ്പ് രൂപപ്പെട്ടു വന്ന നിഖാബ് അനുബന്ധ ആരോപണ പ്രത്യാരോപണ സംവാദപരിസരങ്ങളിൽ തദ്വിഷയകമായുള്ള ഒരു അക്കാദമിക് അപഗ്രഥനം ആവശ്യമായിരുന്നെന്ന് തോന്നിയിരുന്നു. അതിലൂന്നിയ അന്വേഷണമാണ് കാതറിൻ ബുള്ളകിൻ്റെ Rethinking Muslim Women and The veil, Challenging Historical and Modern Stereotypes എന്ന പുസ്തകത്തിലെത്തിച്ചത്. വിഷയ സംബന്ധിയായുള്ള പുരുഷപക്ഷ വ്യാഖ്യാനങ്ങളും വർത്തമാനങ്ങളും പുരുഷാധിപത്യത്തിൻ്റെ സമഗ്രാധിപത്യത്തെ കുറിക്കുന്ന സിംബലുകളാണെന്ന (അ)ന്യായം പറച്ചിലിൻ്റെ സാഹചര്യത്തിൽ ആസ്ത്രേലിയ സ്വദേശിനിയും ടൊറണ്ടോ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് ലക്ചറുമായ ബുള്ളകിൻ്റെ രചന അത്തരം ആരോപണങ്ങളെ മറികടക്കാൻ പോന്നതാണ്.
മതത്തിൻ്റെ കർമ്മശാസ്ത്ര വ്യവഹാരങ്ങളിൽ ഹിജാബിൻ്റെ വിവക്ഷയെ കുറിച്ചുള്ള ചിന്തകൾ വൈവിധ്യമായിരിക്കുമ്പോഴും അതിൻ്റെ സർവ്വസാധ്യതകളെയും നിരാകരിക്കുന്ന ഇസ്‌ലാമോഫോബുകളുടേയും മതസങ്കുചിത വാദികളുടേയും സങ്കൽപനങ്ങളുടെ അടിവേരറുക്കുന്ന അക്കാദമിക് വാല്യൂ ഉള്ള കനപ്പെട്ട കൃതിയാണ് ഇതെന്ന് നിസ്സംശയം പറയാം.
ഇവിടെയുണ്ടായ നിഖാബ് നിരോധനവുമായി ബന്ധപ്പെട്ട് പല മുൻനിര ഫെമിനിസ്റ്റുകളും മുന്നോട്ടുവെച്ച വാദഗതികൾ എത്രമാത്രം ബാലിശമാണെന്ന് ഈ കൃതിയിലൂടെ ഒരു തവണ സഞ്ചരിച്ചാൽ സുബോധ്യമാവും. ന്യൂനാൽ ന്യൂനപക്ഷത്തെ ബാധിക്കുന്ന ഇഷ്യൂവെന്ന ലളിതവത്കരണവും പലയിടങ്ങളിലും നിരോധനക്കുറിപ്പുകൾ ഇറങ്ങിയിട്ടുണ്ടെന്ന സാമാന്യവത്കരണവും സമീകരണവും അത്യന്തം അന്ത:ശൂന്യമായ നിലപാടു തന്നെയാണ്.
മതത്തിൻ്റെ കർമ്മശാസ്ത്ര വ്യവഹാരങ്ങളിൽ ഹിജാബിൻ്റെ വിവക്ഷയെ കുറിച്ചുള്ള ചിന്തകൾ വൈവിധ്യമായിരിക്കുമ്പോഴും അതിൻ്റെ സർവ്വസാധ്യതകളെയും നിരാകരിക്കുന്ന ഇസ്‌ലാമോഫോബുകളുടേയും മതസങ്കുചിത വാദികളുടേയും സങ്കൽപനങ്ങളുടെ അടിവേരറുക്കുന്ന അക്കാദമിക് വാല്യൂ ഉള്ള കനപ്പെട്ട കൃതിയാണ് ഇതെന്ന് നിസ്സംശയം പറയാം.
പ്രീകൊളോണിയൽ-കൊളോണിയൽ-പോസ്റ്റ് കൊളോണിയൽ കാലഘട്ടങ്ങളിലെ രാഷ്ട്രീയ-സാമൂഹിക-വൈയക്തിക നൈരന്തര്യങ്ങളും അതിലൂന്നിയ ആവരണ നിരോധനവും പുനരാവരണ പ്രസ്ഥാനവും അവർ വിപുലമായി ചർച്ച ചെയ്യുന്നു. ചാനൽ ചർച്ചകളിൽ കയറിയിരുന്നും സ്റ്റേജിലും പേജിലും നെടുനീളെ വാചകക്കസർത്തു നടത്തിയും നിഖാഖ് ധരിച്ചവർക്ക് അപരിഷ്കൃതിയുടേയും അടിച്ചമർത്തലിൻ്റേയും പട്ടം ചാർത്താൻ വ്യഗ്രതപ്പെടുന്നവർ, കഷ്ടതയല്ല; പ്രത്യുത ഇഷ്ടതയാണ് നിഖാബ് തെരഞ്ഞെടുക്കാൻ കാരണമെന്ന് പറയുന്നവരെ തിരസ്കരിക്കുന്നത് കാണാം. അവിടെയാണ് സ്ത്രീ അനുഭവ യാഥാർത്ഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ജ്ഞാനമീംമാസ ബുള്ളക് പുരസ്കരിക്കുന്നത്.
മൊറോക്കൻ ഫെമിനിസ്റ്റായ ഫാത്തിമ മെർനീസിയെ പോലുള്ളവർ സ്വാനുഭവങ്ങളെ ജനറലൈസ് ചെയ്യുന്നതിനെയും തങ്ങളുടേതത്രയും പ്രാഗ്മാറ്റിക് സൈഡും ബാക്കിയത്രയും പ്രാകൃതവുമെന്ന് സിദ്ധാന്തിക്കുന്നതിനെയും ഗ്രന്ഥകാരി വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നുണ്ട്. വല്ലാത്തൊരു വായനാനുഭൂതി തന്നെയാണത്. എത്ര ഭദ്രവും ബൗദ്ധികവുമായാണ് അവർ കാര്യങ്ങൾ സമർത്ഥിക്കുന്നത്.
ഏകശിലാത്മകമായി ഇത്തരം ഡിസ്കോഴ്സുകളെ ഒതുക്കിയിരുത്താൻ തത്രപ്പെടുന്ന അഭിനവ മീഡിയാ
കാരിക്കേച്ചറിംഗിനേയും ബുള്ളക് അതിശക്തമായി അപലപിക്കുന്നു. സാംസ്കാരികമായ ഏതേതു ചിഹ്നങ്ങളിലും സ്വീകർത്താക്കളുടെ മാനസിക സാജാത്യങ്ങളേയോ വൈജാത്യങ്ങളേയോ മുഖവിലയ്ക്കെടുക്കാതെ ഉപരിപ്ലവമായ വായനയിലൊതുക്കുന്ന ധൈഷണിക ദാരിദ്ര്യത്തിൻ്റെ പരിണിതി പുതിയകാല ചിത്രങ്ങളിലായി ഈ കൃതി നന്നായി അനാവരണം ചെയ്യുന്നുണ്ട്.
എം.ഇ.എസ്.പുറത്തിറക്കിയ ഒരു വാറോലയുടെ വീറും വീര്യവും ഓർമ്മിക്കാനല്ലയീ കുറിപ്പ്.മുസ്ലിം പെണ്ണിൻ്റെ തട്ടത്തിനുമേൽ വട്ടം കെട്ടിയുള്ള അവരുടെ ആട്ടം പലതും തട്ടിക്കൂട്ടാനും വെട്ടിക്കേറ്റാനുമുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നത് സുതരാം വ്യക്തമാണല്ലോ.
എന്നാൽ അയഞ്ഞതും അതാര്യവുമായ ബഹുമുഖ കാരണങ്ങളാൽ ഭാവിയിലും ഹിജാബിന് "ഹിജാബി"ടാനുള്ള ചർച്ചകളുണ്ടാവുമ്പോൾ വിവരക്കേട് വെച്ചുവിളമ്പാതെ വായനയ്ക്ക് പ്രതിവായന ഒരുക്കാൻ പോന്നതാണ് ഉപര്യുക്ത ഗ്രന്ഥമെന്ന് ഓർമ്മിപ്പിച്ചെന്നു മാത്രം.



0 Comments