സിനാന്‍ അഹ്മദ്‌
തേജസ് ദിനപത്രം പ്രതിസന്ധി കാരണം പ്രസിദ്ധീകരണം നിറുത്തേണ്ടി വന്നപ്പോൾ ഏറ്റവും കൂടുതൽ ആഹ്ലാദിച്ച വിഭാഗം ജമാഅത്തെ ഇസ്ലാമിക്കാറായിരുന്നു. അവരത് സാമൂഹിക മാധ്യമങ്ങളിൽ കൊട്ടിപ്പാടി. എന്നാൽ , മാധ്യമം ദിനപത്രം പ്രതിവർഷം പതിനേഴു കോടി നഷ്ടത്തിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. മാസങ്ങളായി ജീവനക്കാർക്ക് സമയത്തിനു ശമ്പളം നൽകാൻ പറ്റുന്നില്ല. ഇതിനു മുഖ്യകാരണം അത് നിയന്ത്രിക്കുന്ന ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിന്റെ പിടിപ്പുകേടാണ് എന്ന് പുറത്തുവന്ന ഈ റിപ്പോർട്ട് പറയുന്നു. സ്വജനപക്ഷപാതവും അഴിമതിയും മാധ്യമത്തിൽ രൂക്ഷമായിരിക്കുന്നു എന്നും പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്ന പലരും ഒരു യോഗ്യതയും ഇല്ലാത്തവർ ആണെന്നും വസ്തുതകളുടെ ബലത്തിൽ ഈ റിപ്പോർട്ട് വിശദമാക്കുന്നു. മുൻ അമീറും ഇപ്പോൾ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ നേതാവുമായ കെ ആരിഫലിയുടെ ഭാര്യാ സഹോദരന്, ഒരു യോഗ്യതയും ഇല്ലാതിരുന്നിട്ടും വലിയ പദവി നൽകിയത് നഷ്ടത്തിന് ആക്കം കൂട്ടിയെന്നു റിപ്പോര്ട്ടില് വിശദമാക്കുന്നു. എല്ലാവരും വായിക്കേണ്ട മാധ്യമത്തിലെ അഴിമതികളെ കുറിച്ചുള്ള വിവരണം. ഈ റിപ്പോർട്ട് പുറത്തുവിട്ടതിനു ആണ് ഖാലിദ് മൂസ നദ്‌വിയെ ജമാഅത്തെ ഇസ്‌ലാമി സസ്‌പെൻഡ് ചെയ്തത്.

                                               ഖാലിദ് മൂസ നദ്‌വി

മാധ്യമം വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ 

മലയാള ദിനപത്രങ്ങള്‍ക്കിടയില്‍ കിടയറ്റതും ജനഹൃദയങ്ങളില്‍ സ്വീകാര്യതയുമുള്ള പത്രങ്ങളില്‍ ഒന്നാണ് മാധ്യമം. ഗൗരവമര്‍ഹിക്കുന്നതും സത്യസന്ധവുമായ വായനയാഗ്രഹിക്കുന്ന മലയാളികളുടെ ഇഷ്ട പത്രവും മാധ്യമം തന്നെ. കഴിഞ്ഞ മുപ്പത് വര്‍ഷക്കാലത്തെ മാധ്യമത്തിന്റെ സാനിധ്യം കേരളത്തിന്റെ സാമൂഹ്യ രാഷ്ടീയ മണ്ഡലങ്ങളിലുണ്ടാക്കിയ സ്വാധീനം വിമര്‍ശകര്‍ പോലും അംഗീകരിക്കുന്നതാണ്. മാന്യ വായനക്കാരുടെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും അതിന്റെ നിലനില്‍പ്പില്‍ എക്കാലത്തും നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. മാധ്യമത്തിന്റെ നിലനില്‍പ്പ് പലകാരണങ്ങളാല്‍ അനിവാര്യമാണെന്ന് മനസ്സിലാക്കുന്ന അതിന്റെ ഗുണകാഷികളുടെ പ്രാര്‍ഥനയും ആശീര്‍വാദവും പ്രായത്തിന്റെ വളര്‍ച്ചയില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രതിസന്ധികളും വെല്ലുവിളികളും എക്കാലത്തും മാധ്യമത്തൊടൊപ്പമുണ്ടായിരുന്നു. ഭൗതികമായ കണക്കുകൂട്ടലില്‍ ഒരിക്കലും വിജയിക്കാന്‍ സാധ്യതയുള്ള പത്രമായിരുന്നില്ല മാധ്യമം. എന്നാല്‍ പ്രതിസന്ധികള്‍ മറികടന്നു. വെല്ലുവിളികള്‍ അതിജയിച്ചു. മലയാള മനസ്സിനെ സ്വാധീനിക്കുന്ന മഹാ സംരംഭാമായി അതു മാറി. പ്രതിസന്ധി ഘട്ടങ്ങളില്‍ മാധ്യമ വിഴാതെ താങ്ങി നിര്‍ത്തിയത് അതിന്റെ അണിയറപ്രവര്‍ത്തകരാണ്. പത്രശില്‍പികളുടെ ഇഛാശക്തിയും ത്യാഗ സന്നദ്ധതയും സമര്‍പ്പണവും മാധ്യമത്തെ വളര്‍ത്തി വലുതാക്കുന്നതില്‍ വഹിച്ച പങ്ക് വിശേഷണങ്ങള്‍ക്കതീതമാണ്. പ്രസ്ഥാന പ്രവര്‍ത്തകരുടെ ത്യാഗസന്നദ്ധതയും ജീവനക്കാരുടെ കഠിനാദ്ധ്വാനവും സര്‍വോപരി അല്ലാഹുവിന്റെ സഹായവുമാണ് മാധ്യമത്തിന്റെ എക്കാലത്തേയും ചാലകശക്തി. പത്രത്തിന്റെ വിജയത്തിന് പ്രവര്‍ത്തിച്ച മുഴുവനാളുകള്‍ക്കും പ്രബഞ്ച നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കി ഇരു ലോകത്തും അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.

മാധ്യമം ഇന്ന് അതിന്റെ ഏറ്റവും വലിയ പരിധികളിലൂടെയാണ് കടന്നുപോകുന്നത്. പ്രിന്റ് മീഡിയ പൊതുവെ നേരിടുന്ന പ്രതിസന്ധികളും മുഴുവന്‍ സംരഭങ്ങളെയും ഗുരുതരമായി ബാധിച്ച നോട്ട് നിരോധനം, ജി.എസ്.ടി, പ്രളയം, നിപ തുടങ്ങി സാമ്പത്തിക മേഖലയെ തകിടം മറിച്ച പൊതു കാരണങ്ങളും മാധ്യമത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അതിലുപരി ഗള്‍ഫ് മാധ്യമം പ്രതിസന്ധിയിലായതും മാധ്യമത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചിരിക്കുന്നു. ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം കൊടുക്കാന്‍ സാധിക്കുന്നില്ല. അവരുടെ അസംതൃപ്തി നാളുകള്‍ കഴിയും തോറും വര്‍ദ്ധിച്ചുവരികയാണ്. പ്രതിസന്ധി പൊടിപ്പും തൊങ്കലും ചേര്‍ത്ത് സോഷ്യല്‍ മീഡിയ ഉള്‍പ്പടെ ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു.

പ്രതിസന്ധിയുടെ കാരണം
അച്ചടി മാധ്യമങ്ങളെല്ലാം പൊതുവെ പ്രതിസന്ധിയിലാണ്. തേജസ് അടച്ചുപൂട്ടി. മറ്റു പ്രതങ്ങളില്‍ പലതും എഡിഷനുകള്‍ വെട്ടിക്കുറച്ചു. പേജുകളുടെ എണ്ണം കുറച്ചു. ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി.

പ്രിന്റ് മീഡിയകള്‍ പൊതുവായി അനുഭവിക്കുന്ന പ്രതിസന്ധികളുടെ കാരണം ഇവയാണ് 

1.വിഷ്വല്‍ മീഡിയയും സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മീഡിയയും  സമൂഹത്തിലുണ്ടാക്കിയ സ്വാധീനം 2.ന്യൂസ് പ്രന്റിന് ഉണ്ടായ അമിത വില വര്‍ദ്ധനവ്
3.നോട്ട് നിരോധനം, ജി.എസ്.ടി, നിപ, പ്രളയം
4. ഗള്‍ഫ് പ്രതിസന്ധി

മാധ്യമം ദിനപ്രതം സവിശേഷമായി അനുഭവിക്കുന്ന പ്രതിസന്ധികളുടെ കാരണം മറ്റു ചിലതുകൂടിയാണ്

1. ഗള്‍ഫ് പ്രതിസന്ധി ഗള്‍ഫ് മാധ്യമത്തെ സാരമായി ബാധിച്ചത്. യാതൊരുവിധ നിയപരിരക്ഷയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മാധ്യമം എക്കാലത്തും വരുമാന മാര്‍ഗ്ഗമായിരിക്കില്ലെന്നും അതുവഴി ലഭിക്കുന്ന വരുമാനം ഏതുനിമിഷവും നിലക്കാനിടയുണ്ടെന്നും കണക്ക് കൂട്ടി ബജറ്റ് തയ്യാറാക്കുന്നതിലും അതനുസരിച്ച് സ്ഥാപനത്തിന്റെ നടത്തിപ്പ് ക്രമീകരിക്കുന്നതിലും വേണ്ടത്ര ജാഗ്രത പാലിക്കാന്‍ സാധിക്കാതെ പോയി. അതോടൊപ്പം ഗള്‍ഫ് പ്രതിസന്ധി മുന്‍കൂട്ടി കാണുന്നതിലും അതനുസരിച്ച് സാമ്പത്തിക ക്രമീകരണം വരുത്തുന്നതിലും വരുമാനം സൂക്ഷമതയോടെ വിനിയോഗിക്കുന്നതിലും മാധ്യമത്തിന് വിജയിക്കാനുമായില്ല.

2. മാധ്യമ സമ്യദ്ധമായിരുന്ന കാലത്ത് കൈകൊണ്ട ചില നടപടികള്‍ മാധ്യമത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നതില്‍ മുഖ്യ ഘടകമായി വര്‍ത്തിച്ചിട്ടുണ്ട്. ഉദാ: മജീദിയ വേജ് ബോര്‍ഡ് ക്ലാസ് 4 പ്രകാരം ശമ്പള സ്‌കേല്‍ നടപ്പിലാക്കിയത്. വന്‍ സാത്തിക ശേഷിയുള്ള കേരളത്തിലെ പ്രബല പത്രങ്ങള്‍ മജീദിയ വേജ് ബോര്‍ഡ് നടപ്പിലാകുന്നതിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാം ഇത് നടപ്പിലാക്കി. ആദ്യമായി മജീദിയ വേജ് ബോഡ് നടപ്പിലാക്കിയ മലയാള പതം എന്ന ഖ്യാതി മാധ്യമത്തിന്റെ ഇമേജ് ബില്‍ഡ് ചെയ്യുന്നതില്‍ പ്രധാന ഘടകമായിട്ടുണ്ട്. തൊഴിലാളി സൗഹ്യദ പത്ര സ്ഥാപനം എന്ന വിശേഷണത്തിനും അതുവഴി മാധ്യമം അര്‍ഹമായി. എന്നാല്‍ ഇന്ന് നാമനുഭവിക്കുന്ന നാനിത്തിക പ്രതിസനിയുടെ മുഖ്യകാരണങ്ങളിലൊന്ന് ഇതാണ് എന്ന് പറയാതിരിക്കാനാകില്ല. നമ്മേക്കാള്‍ ആസ്ഥിയും വരുമാനവുമുള്ള മനോരമയും മാതൃഭൂമിയുമുള്‍പ്പടെ മലയാള പത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മജീദിയ വേജ് ബോര്‍ഡ് നടപ്പിലാക്കിയത്. മാത്രവുമല്ല ദേശാഭിമാനി ഇപ്പോഴും ക്ലാസ് 6 പ്രകാരം മാത്രമാണ്  ശമ്പളം നല്‍കിവരുന്നത്. നാമാകട്ടെ ക്ലാസ് 4 പ്രകാരം വര്‍ഷങ്ങളായി ശമ്പളം നല്‍കിക്കൊണ്ടിരിക്കുന്നു.


3. ആവശ്യമായ സാധ്യതാ പഠനം നടത്താത്ത പുതിയ യൂനിറ്റുകള്‍ ആരംഭിച്ചതും അതിന്റെ ഭാഗമായി സ്ഥലം കണ്ടെത്തല്‍, കെട്ടിട നിര്‍മ്മാണം, മെഷിനറികള്‍ സ്ഥാപിക്കല്‍ എന്നീ കാര്യങ്ങളിലുണ്ടായ അമിതവേഗതയും അവധാനതയില്ലായ്മയും, ദീര്‍ഘവീക്ഷണക്കുറവും മാധമ്യത്തിന്റെ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുംബൈ സുനിറ്റ് അടച്ചുപൂട്ടി. ബംഗളുരു, കോട്ടയം യൂനിറ്റുകള്‍ നഷ്ടത്തിലാണ്. തിരുവനന്തപുരത്ത് പുതിയ പ്രസ് സ്ഥാപിക്കുന്നതിന് പകരം മറ്റു ചില ഒപ്ഷനുകളുണ്ടായിരുന്നത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിച്ചില്ല. കൊച്ചിയില്‍ പ്രസ് സ്ഥാപിച്ച് രണ്ട് വര്‍ഷത്തിന് ശേഷവും പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചിട്ടില്ല. മലപ്പുറം യൂനിറ്റില്‍ 10 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച പാക്കിംങ്ങ് & കൗണ്ടിംഗ് മെഷീന്‍ 4 വര്‍ഷമായി തുടരുന്ന തകരാര്‍ പരിഹരിക്കാന്‍ സാധിക്കാതെ കൗണ്ടിംഗ് പാര്‍ട്ട് നിര്‍ത്തിവെക്കേണ്ടി വന്നു. പ്രസ്സിന്റെ കൂടെ സ്ഥാപിച്ച 10 ലക്ഷം രൂപ വിലയുള്ള ക്വാര്‍ട്ടര്‍ ഫോള്‍ഡര്‍ ഒരു ദിവസം പോലും പ്രവര്‍ത്തിപ്പിച്ചിട്ടില്ല. കണ്ണൂരില്‍ പുതിയ പ്രസ് തുടങ്ങാനുള്ള തീരുമാനം അനുചിതനായിരുന്നു.

4. അശാസ്ത്രീയവും അനാവശ്യവുമായ നവീകരണ പ്രവൃത്തികളും മാധ്യമത്തിന് സാമ്പത്തികമായി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഉദാ: കണ്ണൂരില്‍ പുതിയ സ്ഥലമെടുത്ത് പ്രസ്സും യൂനിറ്റും മാറ്റി സ്ഥാപിക്കുവാന്‍ തീരുമാനിച്ചതിന് ശേഷമാണ് നിലവിലെ വാടകക്കെട്ടിടത്തില്‍ 30 ലക്ഷത്തോളം മൂപ ചെലവഴിച്ച് നവീകരണ പ്രവൃത്തികള്‍ നടത്തിയത്. പിന്നീട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോളാണ് പുതിയ പദ്ധതി ഉപേക്ഷിച്ചത്. പുതിയ യൂനിറ്റ് നിര്‍മ്മാണത്തിനായി ദേശീയ പാത ബൈപ്പാസിലെ കിഴുത്തള്ളിയില്‍ വാങ്ങിയ സ്ഥലമാകട്ടെ റോഡ് വികസനത്തിനായി ദേശീയ പാതാ അതോറിറ്റി ഏറ്റെടുക്കാന്‍ സാധ്യതയുള്ളതാണ്. റോഡ് വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കുകയും കോണ്‍ക്രീറ്റ് പാലം പണിയുകയും ചെന്നത് വഴി വന്‍ സാമ്പത്തിക ബാധ്യതയാണ് സമാപനത്തിന് ഉണ്ടാക്കിയത്.

5. കോഴിക്കോട് സിറ്റി യൂനിറ്റിലും 50 ലക്ഷം രൂപയോളം ചെലവഴിച്ച് നവികരണ പ്രവൃത്തികള്‍ നടത്തിയെങ്കിലും പഴയ കെട്ടിടത്തിന്റെ ചോര്‍ച്ചയുള്‍പ്പെടെ ഇപ്പോഴും നിലനില്‍ക്കുന്നു. വര്‍ഷക്കാലമായാല്‍ വെള്ളം കയറുന്ന പ്രശ്‌നത്തിനും പരിഹാരമായില്ല. ആവശ്യത്തിലധികം സ്റ്റാഫുകളുടെ നിയമനവും സ്റ്റാഫുകളുടെ അശാസ്ത്രീയമായ വിന്യാസവും. 2017 നവമ്പറില്‍ 942 ജീവനക്കാരാണ് മാധ്യമത്തിലുണ്ടായിരുന്നത്. HR coast കുറക്കുന്നതിന്റെ ഭാഗമായി നിയമന നിരോധനം ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 850 ജീവനക്കാരാണുള്ളത്. മാധ്യമം നടന്നുപോകണമെങ്കില്‍ ഇപ്പോള്‍ ഉള്ളതിന്റെ മൂന്നില്‍ രണ്ട് ജീവനക്കാര്‍ മതിയാകും എന്നാണ് പ്രാഥമിക പഠനത്തില്‍ നിന്നും ബോധ്യപ്പെടുന്നത്. അല്‍പം ഞെരുങ്ങിയാല്‍ പകുതി സ്റ്റാഫുകളെ കൊണ്ടും മാധ്യമം വേണമെങ്കില്‍ നടത്തുവാന്‍ സാധിക്കും.

6. ജീവനക്കാര്‍ അവരെ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വ്വഹിക്കാതിരിക്കുമ്പോഴും ഉത്തരവാദിത്ത നിര്‍വ്വഹണത്തിന് യോഗ്യതയില്ലാതെ വരുമ്പോഴും ജീവനക്കാരോട് മേധാവികള്‍ക്ക് അതൃപ്തി ഉണ്ടാകുമ്പോഴും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ അവരുടെ ക്രയ ശേഷി പോസിറ്റീവായി ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നതിന് പകരം ആവശ്യമില്ലാത്ത തസ്തികകള്‍ ഉണ്ടാക്കി സ്ഥാപനത്തിന് സാമ്പത്തിക ഭാരമുണ്ടാകും വിധം അത്തരക്കാരെ കുടിയിരുത്തുന്ന മിപനം സ്ഥാപനത്തിന് നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. അബ്ദുല്ല കാരന്തൂര്‍, വി.ടി ജലീല്‍, സഈദ് തിരുവനന്തപുരം, ഹസ്സന്‍ കൊയ സാഹിബ്, ഉസാമത്ത്, കെ.ടി സ്വദറുദ്ദീന്‍, ടി.കെ.റഷീദ്, എ.ഇ നസീര്‍ എന്നിവര്‍ ഇങ്ങനെ പലകാരണങ്ങളാല്‍  ഒതുക്കപ്പെട്ടവരില്‍ ചിലരാണ്.

7. ഇന്‍സെന്റീവുകള്‍, സ്‌കീം കോപ്പികള്‍, ഇവന്റുകള്‍ എന്നീ പ്രമോഷന്‍ പരിപാടികള്‍ നടപ്പിലാക്കുന്നതിലെ സൂക്ഷമതക്കുറവ്.
ഇങ്ങനെ നീളുന്നു 20 പേജുള്ള മാധ്യമത്തിന്റെ അവലോകന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത് വായിക്കാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://bit.ly/2VYEIE5