ബംഗാളിലും ത്രിപുരയ്ക്കും പിന്നാലെ കേരളത്തിലും ചരിത്രപരമായ വന്‍തകര്‍ച്ചയുടെ രുചി പാര്‍ട്ടി അറിഞ്ഞിരിക്കുന്നു. ചരിത്രപരമായ തകര്‍ച്ച എന്നുപറയാന്‍ കാരണമുണ്ട്.. കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയമായി പരാജയങ്ങള്‍ നേരിടുന്നത് ആദ്യമായല്ല, പലതും താത്കാലികവും ആയിരുന്നു.. എന്നാല്‍ ഈ തെരഞ്ഞെടുപ്പിലും ആ ന്യായംപറച്ചില്‍ തുടരുകയും പാര്‍ട്ടിയും പാര്‍ട്ടിനേതൃത്വവും നിലപാടുകളും തന്നെയാണ് ഇതുവരെയും ശരിയെന്ന് വിശ്വസിച്ച് ആശ്വസിക്കുന്ന സഖാക്കള്‍ ശ്രദ്ധിക്കുക.. ഇനിയും മറ്റുള്ളവരെ പഴിപറഞ്ഞും സ്വയം വിശുദ്ധവത്കരിച്ചും വിഷാദപോസ്റ്റുകള്‍ ഇട്ടും സ്വയം ഉരുകിത്തീരരുത്.. ആരെയും കുറ്റം പറയേണ്ടതില്ല..

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യം കുറിച്ച് തെരഞ്ഞെടുപ്പല്ല ഇത്.. കാരണം അധികാരസ്ഥാനങ്ങളുടെ എണ്ണമല്ല പാര്‍ട്ടിയുടെ പ്രസക്തി നിശ്ചയിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇടതുപക്ഷത്തിന് രാജ്യത്തെ മഹാനഗരങ്ങള്‍ വിറപ്പിച്ച കര്‍ഷകസമരങ്ങള്‍ നടത്താന്‍ കഴിഞ്ഞതും പാര്‍ലമെന്റ് അംഗസംഖ്യ കൂടിയിട്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യാമഹാരാജ്യത്തില്‍ ആദ്യമായി ഒരു പ്രതിപക്ഷനേതാവിനെ സമ്മാനിച്ച ഇടതുപക്ഷം ഇന്ന് ഒരക്കസംഖ്യയില്‍ ഒതുങ്ങിയതിനു പിന്നിലെ അനിഷേധ്യമായ കാരണങ്ങള്‍ പലതാണ്..

1) ബിജെപിയുടെ ദേശീയബദല്‍ കോണ്‍ഗ്രസ് ആണെന്നുള്ള പൊതുബോധം
തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലുള്‍പെടെ ഇടതുപക്ഷം പലയിടത്തും കോണ്‍ഗ്രസുമായി കൈകോര്‍ത്തു മത്സരിച്ചു. ആവശ്യമെങ്കില്‍ 2004നു സമാനമായി യുപിഎയ്ക്ക് പിന്തുണ നല്‍കി സര്‍ക്കാരുണ്ടാക്കാന്‍ സന്നദ്ധമാവുകയും ചെയ്ത ഇടതുപക്ഷം കേരളത്തില്‍ അപ്രസക്തമായി. ഇടതിന് വോട്ടുചെയ്ത് യുപിഎ മുഖ്യസ്ഥാനത്തുള്ള പ്രതിപക്ഷത്തിന് വോട്ടുനല്‍കുന്നതിനേക്കാള്‍ നല്ലത് യുപിഎയ്ക്ക് നേരിട്ട് വോട്ടുചെയ്യുന്നതാണെന്ന സാമാന്യയുക്തി ഇടത് അനുഭാവികളില്‍ പോലും വ്യാപകമായി. ദേശീയരാഷ്ട്രീയത്തില്‍ ദുര്‍ബലമായ ഇടതുപക്ഷത്തിന് വോട്ടുചെയ്തിട്ട് കാര്യമില്ലെന്ന എതിര്‍പ്രചാരണം ശരിക്കും ഫലിച്ചു. കൂടാതെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വയനാട്ടില്‍ മത്സരിച്ചതോടെ ബിജെപിവിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിന്റെ പെട്ടിയില്‍ വന്നുവീണു. ഇതിന് തടയിടാന്‍ ഇടതുപക്ഷത്തിന് സാധിച്ചിരുന്നില്ല.                 

ഇടതുപ്രചാരണമുദ്രാവാക്യം 'വര്‍ഗീയത വീഴും വികസനം വാഴും' എന്നതായിരുന്നു. വര്‍ഗീയതയെ എതിര്‍ത്തുകൊണ്ടുള്ള പ്രചാരണങ്ങള്‍ ബിജെപിവിരുദ്ധ വോട്ടുകള്‍ക്ക് ഊര്‍ജ്ജം നല്‍കി. എന്നാല്‍ ഇതേതോതിലുള്ള പ്രചാരണം കോണ്‍ഗ്രസിനെതിരെ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കോണ്‍ഗ്രസും ഇടതും നേരിട്ട് ഏറ്റുമുട്ടുന്ന സ്‌റ്റേറ്റില്‍ ഇത് അനിവാര്യമായിരുന്നു. വര്‍ഗീയതയ്‌ക്കെതിരെ മൃദുഹിന്ദുത്വം പ്രയോഗിക്കുന്ന, ജനദ്രോഹ സാമ്പത്തിക നവഉദാരീകരണ കോര്‍പറേറ്റ് സൗഹൃദനയങ്ങളില്‍ ബിജെപിയ്ക്കു സമാനരായ, ബിജെപി വളര്‍ച്ചയ്ക്ക് ദേശീയതലത്തില്‍ കാരണക്കാരായി മാറിയ കോണ്‍ഗ്രസിനെ പൊതുജനങ്ങള്‍ക്കു മുന്നില്‍ പൂര്‍ണ്ണമായും പ്രദര്‍ശിപ്പിക്കാനോ ആ രീതിയില്‍ പ്രചാരണദിശ തിരിച്ചുവിടാനോ ഇടതുപക്ഷം ശ്രദ്ധിച്ചില്ല. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്കിനെപ്പറ്റി മാത്രം പ്രസംഗിച്ചതുകൊണ്ട് കാര്യമുണ്ടായില്ല..

2) ശബരിമലപ്രശ്‌നം
വലിയൊരുവിഭാഗം ജനങ്ങളിന്‍മേല്‍ ആഴത്തില്‍ വേരുറപ്പിച്ച അനാചാരത്തിനെതിരെ രാഷ്ട്രീയനിലപാട് എടുക്കുക എന്നുള്ളത് തീര്‍ച്ചയായും വോട്ടിനെ ബാധിക്കും എന്ന ബോധ്യമുണ്ടായിട്ടും ഈ സര്‍ക്കാര്‍ സുധീരമായ നിലപാട് എടുത്തത് നവോത്ഥാനത്തിന്റെയും ലിംഗനീതിയുടെയും ഭരണഘടനയുടെയും പക്ഷം ചേര്‍ന്നാണ്. നവോത്ഥാനം കഴിഞ്ഞ നൂറ്റാണ്ടില്‍ അവസാനിച്ച പ്രതിഭാസമല്ലെന്നും അതിന് ഇന്നും തുടര്‍ച്ചവേണമെന്നും ഇടതുപക്ഷം വ്യക്തമാക്കി. എന്നാല്‍ അത് സ്വന്തം അനുഭാവികളെ പോലും ബോധ്യപ്പെടുത്തുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. വിശ്വാസത്തില്‍ ഇടപെട്ടു എന്ന ഒറ്റക്കാരണത്താല്‍ വോട്ടുമാറ്റിക്കുത്തിയവരില്‍ അനേകം ഇടത് അണികളും അനുഭാവികളും ഉള്‍പെടും.

വനിതാമതിലും മറ്റും തൊലിപ്പുറത്തെ ചികിത്സപോലെ കേവലം ശക്തിപ്രകടനം മാത്രമായിരുന്നു. വനിതാമതിലില്‍ കൈകോര്‍ത്തുപിടിച്ച് നവോത്ഥാനമുദ്രാവാക്യം ചൊല്ലിയവര്‍ പക്ഷേ ഉള്ളിന്റെയുള്ളില്‍ സ്ത്രീവിരുദ്ധതയെയും കാലഹരണപ്പെട്ട ആചാരനിര്‍ബന്ധങ്ങളെയും യഥേഷ്ടം പൂജിക്കുന്ന സാധാരണക്കാര്‍ തന്നെയാണ്. ഇത് ഗൗരവതരമായ ഒരു പ്രശ്‌നമാണ്. ഇത്രത്തോളം നവോത്ഥാനപാരമ്പര്യം ആവശ്യപ്പെടുന്ന ഒരു സംസ്ഥാനത്ത് ദശാബ്ദങ്ങളോളം ഇടതുപക്ഷരാഷ്ട്രീയം ജനങ്ങളില്‍ സ്വാധീനം ചെലുത്തിയ ഒരു സംസ്ഥാനത്ത് ഇന്നും അന്ധമായ മതബോധവും സ്ത്രീവിരുദ്ധ പ്രാകൃതവിശ്വാസങ്ങളും ആഴത്തില്‍ വേരുറപ്പിക്കുകയും ബിജെപിക്ക് സ്വീകാര്യത ലഭിക്കുംവിധം വര്‍ഗീയതാമനോഭാവം കുറച്ചുപേരിലെങ്കിലും നിലനില്‍ക്കുകയും ചെയ്‌തെങ്കില്‍ അത് കമ്മ്യൂണിസ്റ്റുകാരുടെ 'ചരിത്രപരമായ' പരാജയമാണ്.

ദശാബ്ദങ്ങളോളം നാമിവിടെ രാഷ്ട്രീയത്തില്‍ ഇടപെട്ടു, ജാഥകള്‍ നടത്തി, പ്രസംഗിച്ചു, പോസ്റ്ററൊട്ടിച്ചു, തെരഞ്ഞെടുപ്പുകളെ നേരിട്ടു.. എന്നാല്‍ കേവലം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും മുന്നണിബന്ധങ്ങളിലും കൊടിപിടുത്തതിലും ഉപരിയായി ജനങ്ങളില്‍ സുവ്യക്തമായ ഒരു നവോത്ഥാനദര്‍ശനം വളര്‍ത്തിയെടുക്കുന്നതില്‍ നാം പരാജയപ്പെട്ടു. മതവിമര്‍ശനങ്ങളെ വോട്ടുനഷ്ടം ഭയന്ന് മാറ്റിനിര്‍ത്തി. ഇത് ഇടതുപാര്‍ട്ടികളുടെ ഇന്നത്തെ മാത്രം പരാജയമല്ല, നാളിതുവരെയുള്ള പരാജയം കൂടിയാണ്. ലിംഗസമത്വം, പുരോഗമനയുക്തിചിന്ത, മതനിരപേക്ഷത, ഭരണഘടനാമൂല്യങ്ങള്‍ തുടങ്ങിയ മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും ജനങ്ങളെ ബൗദ്ധികമായി ഉദ്‌ബോധിപ്പിക്കുകയും ഒക്കെ ചെയ്യേണ്ട ചരിത്രപരമായ ബാധ്യത കഴിഞ്ഞ ദശാബ്ദങ്ങളിലും ഇന്നുവരെയും നാം എത്രത്തോളം നിറവേറ്റിയിട്ടുണ്ട്?

തെരഞ്ഞെടുപ്പിലെ വോട്ടുചര്‍ച്ചയിലും സമ്മേളനങ്ങളിലും പിക്കറ്റിങ്ങിലും ഒക്കെ മലയാളി പാര്‍ട്ടിയോടൊപ്പം ഇറങ്ങിയെങ്കിലും കമ്മ്യൂണിസ്റ്റ് പുരോഗമനരാഷ്ട്രീയത്തിലേക്കുകൂടി അവരെ മെല്ലെ നയിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കോടതിവിധിയെ ഇരുകൈയും നീട്ടി സ്വീകരിക്കാനുള്ള വിശാലമനോഭാവം വിശ്വാസികള്‍ തന്നെ ഇന്ന് പ്രകടിപ്പിക്കുമായിരുന്നു. ബിജെപിക്ക് കലാപം നടത്താനുള്ള സാധ്യതകളും കൊട്ടിയടക്കപ്പെടുമായിരുന്നു. കോടതിവിധിയും തുടര്‍സംഭവങ്ങളും ഉണ്ടാവുമ്പോള്‍ മാത്രം തിടുക്കം കൂട്ടി വനിതാമതിലും ഭരണഘടനാപ്രസംഗവും നവോത്ഥാനസദസും ഒക്കെ സംഘടിപ്പിച്ചിട്ട് എന്ത് കാര്യം..? വിശ്വാസപ്രശ്‌നത്തില്‍ മാര്‍ക്‌സിസ്റ്റ് വിരോധവും മുതലെടുപ്പ് കലാപങ്ങളിലൂടെ ബിജെപി നാടിനെ നശിപ്പിക്കുമെന്ന തിരിച്ചറിവും കൂടിയായപ്പോള്‍ കൊടിമാറ്റിവെച്ച് കലാപത്തിനിറങ്ങിയ അഭിനവകോണ്‍ഗ്രസിന് വോട്ടുവീണു. അത്രമാത്രം..

3) രാഷ്ട്രീയഅക്രമങ്ങള്‍, ആഭ്യന്തരപ്രശ്‌നങ്ങള്‍, മറ്റ് വിവാദങ്ങള്‍
ജനാധിപത്യബോധമില്ലാതെ എങ്ങനെയാണ് ഒരാള്‍ക്ക് ഒരു ഇടതുപക്ഷക്കാരന്‍ ആവാന്‍ കഴിയുക എന്നചോദ്യമുണ്ട്.. കാസര്‍കോട് ഉള്‍പെടെ നടന്ന രാഷ്ട്രീയകൊലപാതകങ്ങളും കമ്മ്യൂണിസ്റ്റുകാര്‍ പ്രതിസ്ഥാനത്തായ അനേകം അക്രമസംഭവങ്ങളും ഇന്നോവയും വടിവാളും ചിഹ്നമാക്കിയ ഗുണ്ടാപാര്‍ട്ടിയെന്ന പ്രതിച്ഛായ പാര്‍ട്ടിക്ക് നല്‍കി. സ്വന്തം അണികളില്‍ ജനാധിപത്യബോധവും പരസ്പരസഹകരണത്തിന്റെ ആരോഗ്യകരമായ രാഷ്ട്രീയവും പൂര്‍ണമായും പകരാന്‍ നേതൃത്വം ശ്രമിച്ചില്ല, മറിച്ച് അങ്ങനെയുള്ളവരുടെ പക്ഷം ചേരാനും ന്യായീകരണപ്രഭാഷണം നടത്താനും മുതിര്‍ന്നു.

രാഷ്ട്രീയഅക്രമങ്ങള്‍ നടത്തുന്നവരെ തള്ളിപ്പറയാനും സമാധാനചര്‍ച്ചകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും നാളിതുവരെ ചെങ്കൊടിക്കുമേല്‍ പതിഞ്ഞ അക്രമരാഷ്ട്രീയ ആരോപണങ്ങളുടെ കറ ഇല്ലാതാക്കാനും ജനങ്ങള്‍ക്ക് പുതിയ മാതൃക ആകുവാനും കഴിഞ്ഞില്ല. പ്രതികാരകൊലപാതകങ്ങളാണ് എന്നുപറഞ്ഞ് ന്യായീകരിക്കാനും ഗുണ്ടകള്‍ക്ക് വീരപരിവേഷം നല്‍കാനും ഒക്കെ തയ്യാറായ ഒരുപറ്റം അണികള്‍ ഇന്നുമുണ്ട്. അക്രമരാഷ്ട്രീയം സിപിഎമ്മിന്റെ മാത്രം ശൈലിയല്ലെങ്കിലും സിപിഎം സ്‌പോണ്‍സേഡ് കൊലപാതകങ്ങള്‍ക്ക് ന്യൂസ് വാല്യു വര്‍ധിക്കുന്ന പ്രവണത ഇവിടെയുണ്ട്. ഇതറിയാമെങ്കിലും ഇന്നും ഈ അരാഷ്ട്രീയസംസ്‌കാരത്തിന് അറുതിവരുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ജനക്ഷേമപരിപാടികളിലൂടെയും നവീകരണത്തിലൂടെയും മികച്ച ഭരണം കാഴ്ച വെച്ചെങ്കിലും വിവാദങ്ങള്‍ തിരിച്ചടിയായി. ഈ വിവാദങ്ങളെല്ലാം വേണമെന്നുവെച്ചാല്‍ ഒഴിവാക്കാവുന്നതുമായിരുന്നു.

സ്ത്രീമുന്നേറ്റത്തെക്കുറിച്ച്  വാചാലനാവുന്ന നമുക്ക് പി.കെ ശശിയെക്കുറിച്ചുള്ള പ്രതിപക്ഷആരോപണത്തിന് ഉത്തരം മുട്ടുകയോ ന്യായീകരണങ്ങളില്‍ അഭയം തേടുകയോ ചെയ്യേണ്ടിവരുന്നു. ശബരിമലയില്‍ നാം നവോത്ഥാനം പറയുമ്പോള്‍ കൈയേറ്റഭൂമിയിലെ കുരിശിനെ മുഖ്യമന്ത്രി ന്യായീകരിച്ചത് എന്തിനെന്ന ചോദ്യം ഉയരുന്നു. അഴിമതിവിരുദ്ധരെന്ന് അവകാശപ്പെടുമ്പോള്‍ തോമസ് ചാണ്ടിയെ സംരക്ഷിച്ചതെന്തിനെന്ന മറുചോദ്യം വരുന്നു.  തെറ്റുകളെ ആവര്‍ത്തിച്ചുപിന്‍പറ്റുമ്പോള്‍ നേതാവിന് നേട്ടമുണ്ടാകാം. എന്നാല്‍ പ്രസ്ഥാനത്തിന് അത് മുറിവ് തന്നെയാണ്. കാലമേറെ കഴിഞ്ഞാലും ടിപി വധം പോലെ അത്തരം പേരുദോഷങ്ങള്‍ മായ്ക്കാന്‍ കഴിഞ്ഞില്ലെന്നും വരാം. സ്വന്തം പാര്‍ട്ടിയുടെ തെറ്റുകളെ ന്യായീകരിക്കാന്‍ തോന്നുമ്പോള്‍ ഇത്രമാത്രം ആലോചിച്ചാല്‍ മതി,  ഈ തെറ്റ് എതിര്‍പാര്‍ട്ടിയുടെ ഭാഗത്തുനിന്നാണ് ഉണ്ടായിരുന്നതെങ്കില്‍ നാം എന്ത് നിലപാട് എടുക്കുമായിരുന്നു.. രാഷ്ട്രീയപരമായി പ്രസ്ഥാധത്തോട് പ്രതിബദ്ധത ആവാം, എന്നാല്‍ ധാര്‍മികമായി നാം നിഷ്പക്ഷരാവുക തന്നെവേണം. ശരിയുള്ളിടത്താവണം പാര്‍ട്ടി എന്നതിന് പകരം പാര്‍ട്ടിയുള്ളിടത്താണ് ശരിയെന്ന അധമചിന്ത പാര്‍ട്ടിയെ നശിപ്പിക്കും..

മുതലാളിത്തജനാധിപത്യത്തിന്റെ ഭരണാധികാരസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവേശിക്കുമ്പോള്‍ മുതലാളിത്തത്തിന്റേതായ എല്ലാ മാലിന്യങ്ങളും പാര്‍ട്ടിയിലും വന്നുചേരും. അഴിമതിയും അക്രമവുമൊക്കെ പിന്‍പറ്റിയാലും ബിജെപി ഉള്‍പെടെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് പേടിക്കാനില്ല, കാരണം വര്‍ഗീയതയും ജാതിരാഷ്ട്രീയവും സ്വന്തം നെറികേടുകളെ മറയ്ക്കാന്‍ അവര്‍ക്ക് സഹായകരമാകും. ജാതിവര്‍ഗീയ കാര്‍ഡുകള്‍ കൈവശമില്ലാത്ത ഇടതുപക്ഷം കനലൊരു തരിയായി ചുരുങ്ങുകയും ചെയ്യും. എങ്കിലും ജാതിമതാതീതമായി ദരിദ്രജനകോടികള്‍ വാഴുന്ന രാജ്യത്ത്  നാളെയുടെ പുതുവെളിച്ചമായി പുതിയൊരു ഇടതുപക്ഷം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷിക്കാം..

(കടപ്പാട്‌:  മാര്‍ക്‌സിസ്റ്റ് പഠനം)