മൗലാനാ നജീബ് ഉസ്താദ്
സക്കാത്തു വിതരണത്തിന്റെ ക്രമത്തിലും ഇപ്പോള്‍ വിവാദമുണ്ട്. ഇസ്ലാമിക ഖിലാഫത്തും ഭരണവും നിലനിന്ന കാലത്ത് ഭരണകര്‍ത്താവു സക്കാത്തിന്റെ വസ്തുക്കള്‍ ശേഖരിച്ചു ഫണ്ടുണ്ടാക്കി അതില്‍ നിന്നവകാശികള്‍ക്കു വിതരണം ചെയ്യുന്ന ക്രമമായിരുന്നു പൊതുവെ നിലനിന്നിരുന്നത്. ഖിലാഫത്തിന്റെ തകര്‍ച്ചയോടെ സക്കാത്തു ബാദ്ധ്യതപ്പെട്ട ധനത്തിന്റെ ഉടമകള്‍ അവരുടെ വിഹിതം നേരിട്ടു വിതരണം ചെയ്യുന്ന വഴക്കവും തുടര്‍ന്നുവന്നു. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ഈ സമ്പ്രദായത്തിനു പകരം സക്കാത്തിനായി നാടുനാടാന്തം കമ്മറ്റിയുണ്ടാക്കി ഫണ്ടു ശേഖരിച്ച് അതു വിതരണം ചെയ്യണമെന്നും അതാണു നബി(സ) തങ്ങളുടെയും ഖലീഫമാരുടെയും നടപടികള്‍ക്കിണങ്ങുന്ന മാര്‍ഗ്ഗമെന്നും ചിലര്‍ വാദിച്ചു തുടങ്ങി. മുസ്ലിം നാടുകളില്‍ ഭരണാധികാരികളാല്‍ നിയമിക്കപ്പെടുന്ന വിഭാഗം സക്കാത്തു ഫണ്ടു കൈകാര്യം ചെയ്യുന്ന രീതി ഇവര്‍ക്കു പ്രചോദകമായിരിക്കാം. എന്നാല്‍, അതിലേറെ സക്കാത്തു കമ്മറ്റി വാദത്തിനു കേരളത്തിലെ പുത്തന്‍ വാദികളെ പ്രേരിപ്പിച്ച ഘടകം സാമ്പത്തികമായ ചില ദുഷ്ട ലക്ഷ്യങ്ങളാണെന്നു തുറന്നെഴുതുന്നതില്‍ വിഷമമുണ്ട്. ഇതുവഴിയെ കുറിക്കാം.
നജീബ് ഉസ്താദ്
ശാഫിഈ മദ്ഹബുകാര്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തില്‍ ഈ കമ്മറ്റി വിതരണവാദത്തെ പണ്ഡിതന്മാര്‍ നഖശിഖാന്തം എതിര്‍ത്തു പോന്നു. ഇസ്ലാമിക നിയമപ്രകാരം സക്കാത്തിന്റെ ബാധ്യത വീടാന്‍ ആ മാര്‍ഗ്ഗം പറ്റില്ലെന്നതു കൊണ്ടുതന്നെ. ഇതാദ്യം വിവരിക്കാം.
ഇസ്ലാമിക ഭരണാധികാരി(ഇമാം)യെ ഏല്‍പ്പിച്ചു മുതലുടമ ബാദ്ധ്യതയൊഴിയുന്നതാണ് ഏതു പരിതസ്ഥിതിയിലും ഏറ്റവും പുണ്യവും ശ്രേഷ്ഠവും. ഭരണാധികാരി നീതിമാനാണോ ദുര്‍ന്നടപ്പുകാരനാണോ എന്നിവിടെ പ്രശ്‌നമാക്കേണ്ടതില്ല.സക്കാത്തിന്റെ ധനങ്ങളും അതിലെ സക്കാത്തിന്റെ തോതും അതിനവകാശപ്പെട്ടവരും നിശ്ചിതമായി വിവരിക്കപ്പെട്ടതുപോലെ വിതരണത്തിനും ഇസ്ലാമിക ശരീഅത്തില്‍ നിശ്ചിതക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ധനത്തിന്റെ ഉടമയോ താനേല്‍പ്പിച്ച വക്കീലോ നേരിട്ട് അവകാശികള്‍ക്കു വിതരണം ചെയ്യുക; അതല്ലെങ്കില്‍ ഇമാമിനെ മുസ്ലിം ഭരണാധികാരിയെ അഥവാ ഭരണാധികാരി നിയമിച്ചയാളെ സക്കാത്തിന്റെ ധനം ഏല്‍പ്പിക്കുക. ഈ രണ്ടിലൊരു രീതിയാണു സക്കാത്ത് വിതരണത്തിനു നിശ്ചയിക്കപ്പെട്ടത്. ഇതിനിടയ്ക്ക്, ഒരു സംഘം ആളുകള്‍ സ്വയം സംഘടിച്ചു സക്കാത്തു പിരിക്കാനിറങ്ങിയാല്‍, ധനത്തിന്റെ ഉടമ തന്റെ സക്കാത്ത് ആ സംഘത്തെ ഏല്‍പ്പിച്ച് ഉത്തരവാദിത്തമൊഴിയുന്ന ഒരു വകുപ്പു വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ല. ഇസ്ലാമിക ലോകത്ത് ഇതിന് അംഗീകൃത മാതൃകയില്ല.
ഇമാം സക്കാത്തു പിരിച്ചെടുക്കുകയും ആ ഇമാമിനെ ഏല്‍പ്പിച്ചു മുതലുടമകള്‍ ബാദ്ധ്യതയൊഴിയുകയും ചെയ്യുന്ന നിയമാനുസൃതവും ഉദാത്തവുമായ മാതൃകയുമായി ഈ കമ്മറ്റികള്‍ക്കു യാതൊരു ബന്ധവുമില്ല. രാജ്യം ഭരിക്കുന്ന ഭരണകര്‍ത്താവിന്റെ അധികാരങ്ങളും അവകാശങ്ങളും ഒരു രാജ്യത്തെ പൗരന്മാരില്‍ ചിലര്‍ സംഘടിച്ചു മുന്നോട്ടുവന്നാല്‍ ഈ സംഘത്തിനു ലഭിക്കുമെന്നു തലക്കു വെളിവുള്ള ആരും പറയുകയില്ലല്ലോ. ഇസ്ലാമിക ഭരണവും ഭരണാധികാരികളും നിലവിലില്ലാത്ത ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇമാമിന്റെ അവകാശങ്ങള്‍ ഭാഗികമായെങ്കിലും ഒരാള്‍ക്കു നല്‍കി അദ്ദേഹത്തിനു കീഴില്‍ സമൂഹത്തെ സംഘടിപ്പിക്കുവാനും ഏകീകരിക്കുവാനും മാര്‍ഗ്ഗമുണ്ടോ എന്നതു വേറെ കാര്യം. സ്വയംകൃതമായ ഒരു കമ്മറ്റിക്ക് ഇങ്ങനെ അവകാശമില്ലെന്നു തീര്‍ച്ച.
സക്കാത്തിന്റെ ധനം രണ്ടു വിധമുണ്ട്. വ്യക്തികള്‍ മറ്റുള്ളവരെ തൊട്ടു മറച്ചു വച്ചു സൂക്ഷിക്കാവുന്ന രഹസ്യസ്വത്ത് (ബാത്വിന്‍), മറ്റാരും അറിയാതെ സൂക്ഷിക്കാന്‍ പറ്റാത്ത പ്രകടസ്വത്ത് (ളാഹിര്‍). സ്വര്‍ണ്ണം, വെള്ളി, കച്ചവടച്ചരക്ക്, നിധി, ഫിത്വ്ര്‍ സക്കാത്ത് എന്നിവയാണ് രഹസ്യ സ്വത്ത്. കാലികള്‍, ഉല്‍പ്പന്നങ്ങള്‍, ഖനിയില്‍ നിന്നു കുഴിച്ചെടുക്കുന്നത് എന്നിവ പരസ്യ സ്വത്തും. ഇതില്‍ പരസ്യ സ്വത്തുക്കള്‍, ഇസ്ലാമിക ഭരണാധികാരി(ഇമാം)യെ ഏല്‍പ്പിച്ചു മുതലുടമ ബാദ്ധ്യതയൊഴിയുന്നതാണ് ഏതു പരിതസ്ഥിതിയിലും ഏറ്റവും പുണ്യവും ശ്രേഷ്ഠവും. ഭരണാധികാരി നീതിമാനാണോ ദുര്‍ന്നടപ്പുകാരനാണോ എന്നിവിടെ പ്രശ്‌നമാക്കേണ്ടതില്ല.
അതേസമയം, ഭരണകൂടത്തിന്റെയോ സമൂഹത്തിന്റെയോ ശ്രദ്ധയില്‍ പെടാതെ ഉടമയ്ക്കു രഹസ്യമായി സൂക്ഷിക്കാവുന്ന സ്വത്തുക്കള്‍ ദുര്‍ന്നടപ്പുകാരനായ ഭരണാധികാരിയെ ഏല്‍പ്പിക്കുന്നതിലേറെ പുണ്യം ഉടമ നേരിട്ട് അവകാശികള്‍ക്കു വിതരണം ചെയ്യുകയാണ്. ഇമാം നീതിമാനും വിശ്വസ്തനുമെങ്കില്‍ അത്തരം സ്വത്തുക്കളുടെ സക്കാത്തും ഇമാമിനെ ഏല്‍പ്പിക്കുക തന്നെയാണ് ഏറെ നല്ലത്. കാരണം, തന്റെ രാജ്യത്തെ സക്കാത്തിന്റെ അവകാശികളെക്കുറിച്ചു കൂടുതല്‍ അറിവും ബോധവും, വിതരണം ചെയ്യാന്‍ ഏറെ സൗകര്യവും, അവകാശികള്‍ക്കു മുഴുവന്‍ അവരുടെ വിഹിതമെത്തിക്കാന്‍ കടമയും സൗകര്യവുമെല്ലാം ഭരണാധികാരിക്കാണ്; പൗരന്മാര്‍ക്കല്ലല്ലോ. ഉടമക്കാണെങ്കില്‍ ഇമാമിനെ ഏല്‍പ്പിക്കുന്നതോടെ സക്കാത്തിന്റെ ബാദ്ധ്യതയൊഴിയുകയും ചെയ്യാം.
ഇസ്ലാമിക ഭരണവ്യവസ്ഥിതിയില്‍ ഭരണാധികാരിക്കു പ്രത്യക്ഷ മുതലുകളുടെ സക്കാത്തു ബലമായി പിടിച്ചെടുക്കുകയും ചെയ്യാം. പൗരന്മാരുടെ ഇഷ്ടാനിഷ്ടം പരിഗണിക്കാതെ തന്നെ. ഫിത്വ്ര്‍ സക്കാത്തു പോലുള്ള രഹസ്യ സ്വത്തുക്കള്‍ പക്ഷേ, ബലമായി ആവശ്യപ്പെടാന്‍ അധികാരമില്ല. വിതരണം ചെയ്യാന്‍ നിര്‍ബന്ധിക്കാമെങ്കിലും. (തുഹ്ഫ: 3344,45).ഭരണാധികാരി വിതരണം ചെയ്യുമ്പോള്‍ വേറെയും സൗകര്യമുണ്ട്: സക്കാത്തിന്റെ ധനം ഏതിനമാണോ അങ്ങനെത്തന്നെ അവകാശികളെ ഏല്‍പ്പിക്കണമെന്നില്ല. അവകാശികളുടെ ഹിതവും ഗുണവും നോക്കി തൊഴിലുപകരണങ്ങളോ മറ്റു വസ്തുക്കളോ സക്കാത്തുഫണ്ടിലെ സ്വത്തു കൊണ്ടു വാങ്ങി വിതരണം ചെയ്യാന്‍ ഇമാമിനവകാശമുണ്ട്. മറ്റാര്‍ക്കും ഈ അവകാശമില്ല. അതായത് ഉടമകള്‍ നേരിട്ടോ വക്കീല്‍ മുഖേനയോ വിതരണം ചെയ്യുമ്പോള്‍ ഉല്‍പ്പന്നങ്ങളുടെ സക്കാത്ത് അതത് ഉല്‍പ്പന്നങ്ങളായിത്തന്നെ വിതരണം ചെയ്യണം. മറ്റു സ്വത്തുക്കളുടെ വിഹിതം അങ്ങനെത്തന്നെയും.
ഈ സൗകര്യവും ശ്രേഷ്ഠമായ മാര്‍ഗ്ഗവും പക്ഷേ, ഇസ്ലാമിക ഭരണാധികാരിയും ഇമാമത്തും നിലവിലില്ലാത്ത സാഹചര്യത്തില്‍ വിനഷ്ടമാകും. ഏതെങ്കിലും കമ്മറ്റികള്‍ക്കോ സ്വയം മുന്നോട്ടുവരുന്ന വ്യക്തികള്‍ക്കോ ഇതു ലഭിക്കുന്നതല്ല. അവിടെ മുതലുകള്‍ നേരിട്ടോ വക്കീല്‍ മുഖേനയോ വിതരണം ചെയ്യുകയാണു നിയമപരമായ മാര്‍ഗ്ഗം. വക്കീല്‍ പക്ഷേ, നിര്‍ണ്ണിത വ്യക്തിയോ വ്യക്തികളോ ആകണം. കമ്മറ്റി എന്ന സംഘമോ ആശയമോ ആയിക്കൂടാ. നിര്‍ണ്ണിത വ്യക്തിയാകുമ്പോള്‍ തന്നെ ക്രയവിക്രയാധികാരമുള്ള തന്റേടികളെ മാത്രമേ സ്വതന്ത്രമായേല്‍പ്പിക്കാവൂ. ഇതില്ലാത്ത കുട്ടി, അമുസ്ലിം പോലുള്ളവരെ ഇന്നവര്‍ക്കു നല്‍കണം എന്നു നിജപ്പെടുത്തിവേണം ഏല്‍പ്പിക്കാന്‍.
ചുരുക്കത്തില്‍, സ്വയംകൃതമായ കമ്മറ്റികള്‍ക്ക് ഇമാമിന്റെ സ്ഥാനമോ വക്കീലിന്റെ സ്ഥാനമോ ലഭിക്കുന്നില്ല. അതിനാല്‍ ഉടമകളില്‍ നിന്നു സക്കാത്തു പിരിച്ചെടുക്കുവാനോ വിതരണം ചെയ്യുവാനോ കമ്മറ്റി ഭാരവാഹികള്‍ക്കോ സംഘം ഏല്‍പ്പിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്കോ യാതൊരു അവകാശവുമില്ല തന്നെ.
എന്നാല്‍ സംഘടിതമായി സക്കാത്തു വിതരണം നടത്തുവാന്‍ അംഗീകൃതമായ ചില രീതികളുണ്ട്. ഒരു പ്രദേശത്തെ നിയമപ്രകാരമുള്ള ഖാളി, സക്കാത്തിന്റെ കാര്യത്തില്‍കൂടി പ്രത്യേകം അധികാരം നല്‍കിയോ അഥവാ അതുകൂടി ഉള്‍ക്കൊള്ളുന്ന പൊതു അധികാരം നല്‍കിയോ നിയമിക്കപ്പെട്ടാല്‍ ആ ഖാളിക്ക് ഇമാമിനെപ്പോലെ സക്കാത്തുമുതല്‍ ഏല്‍പ്പിച്ച് ഉടമകള്‍ക്ക് ഉത്തരവാദിത്തമൊഴിയാം. ഖാളി ആ പ്രദേശത്തെ അവകാശികള്‍ക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെ വച്ചോ വിതരണം നടത്തുകയുമാവാം. അതുപോലെ ബാദ്ധ്യതപ്പെട്ട മുതലുടമകള്‍ ഒന്നിച്ചു സംഘടിച്ചു സക്കാത്തു മുതലുകള്‍ സംഭരിച്ച് അവരവരുടേതു പ്രത്യേകം കരുതി വിതരണം ചെയ്താലും സാധുവാകും.
ഇതൊന്നുമില്ലാതെ സക്കാത്തുകമ്മറ്റിയെന്ന പേരില്‍ കിട്ടുന്നിടത്തു നിന്നൊക്കെ കിട്ടുന്നതെല്ലാം പിരിച്ച് ഒരു ഫണ്ടുണ്ടാക്കി 'സക്കാത്തു വിതരണ'മെന്ന പ്രഹസനം നടത്തുന്നതിന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല. സദുദ്ദേശമല്ല ഇതിനു പിന്നിലുള്ളതും. അവകാശികള്‍ തെണ്ടുന്നതു തടയുക, നിര്‍ദ്ധനര്‍ക്കു കരേറാനുള്ള വക നല്‍കുക എന്നിങ്ങനെ പുറത്തു പറയുന്ന മധുവൂറുന്ന ലക്ഷ്യങ്ങളാണ് ഇതിനു പ്രേരകമെങ്കില്‍, നിയമപ്രകാരം തന്നെ അതിനു വഴിയുണ്ടല്ലോ; ഓരോ പ്രദേശത്തെയും ഖാളിമാരെ അധികാരപ്പെടുത്തി അവര്‍ക്കു സക്കാത്തിന്റെ കാര്യത്തില്‍ ഇമാമിന്റെ സ്ഥാനം നല്‍കി അവരുടെ നേതൃത്വത്തില്‍ സംഘടിതമായി ഓരോ പ്രദേശവും മുന്നോട്ടു നീങ്ങുക. ഉദ്ദേശശുദ്ധിയുള്ളവര്‍ ഇതിനാണു ശ്രമിക്കേണ്ടത്. എങ്കില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ ഏറെക്കുറെ കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്യും. സങ്കുചിത മനസ്ഥിതിയും നയവും മാറണമെന്നു മാത്രം.
പുത്തന്‍ വാദികളുടെ നേതൃത്വത്തില്‍ രൂപീകൃതമാകുന്ന സക്കാത്തു കമ്മിറ്റികള്‍ക്കു പിന്നില്‍ യഥാര്‍ത്ഥത്തില്‍ പുറത്തു പറയുന്നതൊന്നുമല്ല; സാമ്പത്തികമായ ദുഷ്ടലാക്കുകളാണുള്ളത്. സക്കാത്തിന്റെ അവകാശികളായി ഖുര്‍ആന്‍ എണ്ണിയ എട്ടു വിഭാഗത്തില്‍ ചിലതു ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടു തങ്ങളുടെ സംഘടനാഫണ്ടിലേക്കും സ്ഥാപനങ്ങളിലേക്കും പാവങ്ങളുടെ സക്കാത്തിന്റെ വിഹിതം, അതു നല്‍കുന്നവരറിയാതെ പിടിച്ചെടുക്കാനുള്ള ഒരു കുറുക്കു വഴിയാണ് അവര്‍ക്കു സക്കാത്തു കമ്മറ്റികള്‍. ഇതു ദുരാരോപണമോ കെട്ടിച്ചമക്കലോ അല്ല. സക്കാത്തിന്റെ അവകാശികളില്‍ 'ഫീസബീലില്ലാഹ്' എന്ന് ഒരു വിഭാഗത്തെ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുഫണ്ടില്‍ നിന്നു (ബൈത്തുല്‍ മാല്‍) പ്രതിഫലം പറ്റാത്ത ഇസ്‌ലാമിക സൈനികരാണ് ഇതുകൊണ്ടുദ്ദേശ്യം.
ഇസ്‌ലാമിനു വേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്യുകയെന്ന ജിഹാദിന് ഉപയോഗിക്കപ്പെടുന്ന ഒരു പര്യായപദമായി മാറിക്കഴിഞ്ഞിട്ടുണ്ട് 'ഫീസബീലില്ലാ' എന്നത്. ആ അര്‍ത്ഥത്തിലാണു ഖുര്‍ആന്‍ സക്കാത്തിന്റെ അവകാശികളെ ഇതേപദം കൊണ്ടു വ്യക്തമാക്കിയതും. നാലു മദ്ഹബുകളും ഇതംഗീകരിക്കും.അവരില്‍ ഇമാം അഹ്മദു(റ) മാത്രം ഹജ്ജിനുദ്ദേശിക്കുന്നവര്‍ കൂടി ഇതില്‍ പെടുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉമ്മുമഅ്ഖലി(റ)ന്റെ ഹദീസില്‍ ഹജ്ജിനു 'ഫീസബീലില്ലാ' എന്നുപയോഗിച്ചതാണ് അതിനു തെളിവ്. ഈ പ്രയോഗത്തെ സംബന്ധിച്ചു മറ്റു ഇമാമുകള്‍ സവിശദം മറുപടിയും നല്‍കിയിട്ടുണ്ട്.
ഇതിലുപരി മറ്റേതെങ്കിലും ഒരിസ്‌ലാമിക പ്രവര്‍ത്തനമോ പുണ്യകര്‍മ്മങ്ങളോ സ്ഥാപനങ്ങളോ സക്കാത്തിന്റെ 'ഫീസബീലില്ലാഹി'യില്‍ നാലു മദ്ഹബിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനു വിരുദ്ധമായി കേരളത്തിലെ പുത്തന്‍ വാദികള്‍ അവരുടെ സംഘടനാ ഫണ്ടും സക്കാത്തിന്റെ വിഹിതം പറ്റാന്‍ അവകാശമുള്ള 'ഫീസബീലില്ലാ'യില്‍ പെട്ടതാണെന്നു തുടക്കം മുതലേ വാദിച്ചു പോരുന്നുണ്ട്. അപ്പേരില്‍ സക്കാത്തും ധനവും പറ്റുവാനാണ് 'മുജാഹിദീന്‍' എന്ന് അവര്‍ തങ്ങളെ വിളിച്ചുവരുന്നതു തന്നെ!മുജാഹിദീന്‍ ഇസ്‌ലാമിനു വേണ്ടി വീരരക്തസാക്ഷിത്വം വരിക്കാന്‍ തയ്യാറായ യോദ്ധാക്കള്‍ എന്നു നമ്മുടെ ഫിഖ്ഹിന്റെ കിതാബുകളിലും തഫ്‌സീറുകളിലും മറ്റും 'ഫീസബീലില്ലാഹി'യെ വ്യാഖ്യാനിച്ചിട്ടുണ്ടല്ലോ. അതു തങ്ങളാണെന്നു പാമരന്മാരെ തെറ്റിദ്ധരിപ്പിക്കാനാണ് അതേ പേരില്‍ അവരുടെ സംഘടന രംഗത്തുവരാന്‍ കാരണം. നദ്'വത്തുല്‍ മുജാഹിദീന്‍ മുഖപത്രമായ അല്മനാറില്‍ അവരുടെ ആഗമനക്കാലത്തു തന്നെ സംഘത്തിന്റെ അനിഷേദ്ധ്യ നേതാവു കെ.എം.മൗലവി പരസ്യമായി നടത്തിയ ഈ അപേക്ഷ വായിക്കുക.
'ഇസ്‌ലാമിന്റെ ഉള്ളിലും പുറത്തുമുള്ള കടുംശത്രുക്കളോട് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടായുധങ്ങളായ നാക്കും തൂലികയും ഉപയോഗിച്ചും മറ്റു വിധേനയും അടരാടിക്കൊണ്ടിരിക്കുന്ന അഖിലകേരളാടിസ്ഥാനത്തിലുള്ള ഏക സംഘടനയാണിതെന്നും അനുസ്മരിച്ചു കൊള്ളുന്നു. അതിനാല്‍ നിങ്ങളുടെ സക്കാത്തില്‍ നിന്നു മുജാഹിദുകള്‍ക്കുള്ള വിഹിതവും മറ്റു സംഭാവനകളും നല്‍കി സംഘത്തെ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. എന്ന് വിധേയന്‍ കെ.എം.മൗലവി' (അല്‍മനാര്‍ പു:4, ല:3)
മുജാഹിദാദര്‍ശം പ്രസംഗിച്ചും എഴുതിയും ജിഹാദ്(?) നടത്തുന്ന ഏകസംഘടന ഇതാണെന്നും സകാത്തില്‍ നിന്നും 'മുജാഹിദുകള്‍' (യോദ്ധാക്കള്‍)ക്കു നല്‍കാന്‍ ഫിഖ്ഹിന്റെ കിതാബിലും മറ്റും പറഞ്ഞ വിഹിതം തങ്ങളുടെ സംഘടനാ പ്രവര്‍ത്തനത്തിനുമാത്രം അര്‍ഹതപ്പെട്ടതാണെന്നും അതു നല്കണമെന്നുമാണല്ലോ അല്‍മനാര്‍ എഴുതിയത്. അപ്പോള്‍ തങ്ങളുടെ സംഘടനാഫണ്ടു സകാത്തിന്റെ വിഹിതം പറ്റാന്‍ അവകാശപ്പെട്ടതാണെന്നാണ് ഇവരുടെ വാദം.
അതുപോലെ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഇതേ 'ഫീസബീലില്ലാഹി'യില്‍ പെടുമെന്നാണ് ഇവര്‍ കുട്ടികളെപ്പോലും പഠിപ്പിക്കുന്നത്. ഇവരുടെ മദ്രസകളില്‍ നാലാം തരത്തിലേക്കു തയ്യാറാക്കിയ 'ഇസ്‌ലാമിക കര്‍മശാസ്ത്രം' രണ്ടാം ഭാഗത്തില്‍ 'സക്കാത്തു ചെലവഴിക്കേണ്ട ഇനങ്ങള്‍' എന്ന അദ്ധ്യായത്തില്‍ കുറിക്കുന്നു. 'ഏഴ്, സബീലുള്ള: ദൈവമാര്‍ഗ്ഗം; ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും നിലനില്‍പ്പിന്നാവശ്യമായ പൊതുസംരംഭങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇസ്‌ലാമിന്റെ വിജയത്തിനു വേണ്ടിയുള്ള യുദ്ധം, ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും' (Ibid പേ: 26) അപ്പോള്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ക്കും പിടിച്ചെടുക്കുന്ന സക്കാത്തു ഫണ്ടില്‍ നിന്നു വിഹിതം പറ്റാം!.
'ആമിലീങ്ങള്‍' (സക്കാത്തിന്റെ ഉദ്യോഗസ്ഥന്മാര്‍) എന്ന പേരില്‍ കമ്മറ്റി ഭാരവാഹികള്‍ക്കു വേറെയും ഒരു വിഹിതം പറ്റാം! സക്കാത്തു ഫണ്ടിലേക്കു തങ്ങള്‍ തന്നെ അടച്ചാലും 'ആമില്‍' എന്ന പേരില്‍ ഒരു വിഹിതം കിട്ടുന്നത് എന്തിനൊഴിവാക്കണം?!ശറഇന്റെ വീക്ഷണത്തില്‍ സക്കാത്തു പിരിക്കാനും വിതരണം ചെയ്യാനും ഇസ്‌ലാമിക ഭരണാധികാരി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനാണ് ആമില്‍. എന്നാല്‍ ഇവര്‍ മദ്രസ്സാപാഠപുസ്തകത്തില്‍ കുറിക്കുന്നു. 'സക്കാത്തു ശേഖരിക്കുക, വിതരണം ചെയ്യുക തുടങ്ങി അതുമായി ബന്ധപ്പെട്ട ജോലിക്കാര്‍ക്കു കൂലി സക്കാത്തിന്റെ ധനത്തില്‍ നിന്നു നല്‍കാം. അവര്‍ പണക്കാരാണെങ്കിലും അതു വാങ്ങുകയും ചെയ്യാം.' (കയശറ പേ: 25) ഖുശാല്‍! കച്ചവടക്കാരും വ്യവസായികളുമായ തങ്ങളുടെ സക്കാത്തു കമ്മറ്റി ഭാരവാഹികള്‍ക്കും 'ആമില്‍' എന്ന പേരില്‍ സക്കാത്തു ഫണ്ടില്‍ നിന്നു വിഹിതം പറ്റാം!
ഇതിനൊക്കെ മുതലുടമയില്‍ നിന്നു നേരിട്ടു സക്കാത്തു കിട്ടുമോ? ഒരിക്കലുമില്ല. അതിന് ഉടമകളറിയാതെ വിഹിതം പറ്റാന്‍, സംഘടനയും സ്ഥാപനങ്ങളും പാവങ്ങള്‍ക്കു ശറഉ് നിശ്ചയിച്ച സക്കാത്തിന്റെ വിഹിതത്തില്‍ നിന്ന് അവിഹിതമായി പറ്റിക്കൊണ്ടു നടത്താന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണു സക്കാത്തു കമ്മറ്റികളും സംഘടനാടിസ്ഥാനത്തില്‍ ഇവര്‍ രൂപം നല്‍കുന്ന 'സക്കാത്തു സെല്ലു'കളും. ഇതിനു പക്ഷേ, ശരീഅത്തും പണ്ഡിതന്മാരും കൂട്ടുനല്‍കണമെന്നു പറഞ്ഞാല്‍ അതുമാത്രം നടപ്പില്ല. പഴയകാല വഴക്കം സക്കാത്തു വിതരണത്തിലും സുന്ദരവും പ്രായോഗികവുമാണ്. പുതിയവാദങ്ങള്‍ ദുഷ്ടലാക്കുകള്‍ നിറഞ്ഞതും! സൂക്ഷിക്കുക!.
(മൗലാനാ നജീബ് ഉസ്താദ് നുസ്രത്തുല്‍ അനാമില്‍ എഴുതിയ തുടര്‍ ലേഖനത്തിന്റെ സമാഹാരമായി 1997 ഇല്‍ പ്രസിദ്ധീകരിച്ച 'സക്കാത്തു പദ്ധതി' എന്ന പുസ്തകത്തില്‍ നിന്നും)


0 Comments