അബൂബക്കര്‍ എടയൂര്‍
വിശുദ്ധ ഖുര്‍ആന്‍ ചിന്തിക്കാനും കൂലങ്കശമായി നിരീക്ഷിക്കാനും ഉദ്ഘോഷിക്കുന്നു. പിന്നെ എവിടെയാണ് യുക്തി ശാസ്ത്ര ദ്വന്ദങ്ങളില്‍ ഉഴലുന്ന യുക്തിവാദം വഴിപിഴച്ച് വ്യതിചലിക്കുന്നത്? യുക്തിവാദത്തിന്റെ അല്പയുക്തിയുടെയും അര്‍ദ്ധ സത്യങ്ങളുടെയും അപ്രിയ സത്യങ്ങള്‍ ചുരുള്‍ നിവരുകയാണ്
നിത്യവും പുസ്തക ഭാണ്ഡവും പേറീട്ടു
കൃത്യമായി ക്ലാസിലെത്തുന്ന ശിഷ്യന്
ഗുരുവിനോട് ഇങ്ങനെ ചോദിച്ചു സാദരം
ഗുരുതരമാകുമെന്നോര്ത്തിടാതെ
ഭൂമിക്കൊരച്ചുതണ്ടുണ്ടെന്നു പറയുന്ന
ഭൂശാസ്ത്ര പ്രസ്താവം സത്യമാണോ?.........
സങ്കല്പം അല്ലയോ ദൈവവും ആത്മാവും
സങ്കല്പം വിശ്വസിക്കല്ലേ നിങ്ങള്‍
സത്യമേ വിശ്വസിച്ചീടാവൂ സത്യത്തെ
ശാസ്ത്രമേ കാട്ടിത്തരുന്നതുള്ളൂ
(ശാസ്ത്ര കുരുട്)
എന്താണ് യുക്തിവാദം
തലച്ചോറിനെ ഒരു പ്രവര്‍ത്തനമാണ് യുക്തി എന്ന് പറയുന്നത്. സ്വതന്ത്രമായി ചിന്തിക്കുകയും കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ യുക്തിക്കും ശാസ്ത്രത്തിനും യോജിക്കുന്ന ചിന്താപദ്ധതിയാണ് യുക്തിവാദം.മതം ഉദ്ഘോഷിക്കുന്ന അഭൗതികമായ ദൈവിക നിയമങ്ങള്‍ ഒന്നും തന്നെയില്ലെന്ന് യുക്തിവാദികള്‍ നാഴികക്ക് നാല്പതുവട്ടം വിളിച്ചുപറയുന്നു .നമ്മുടെ ബുദ്ധിക്കും യുക്തിക്കും യോജിക്കാത്തവയെ ശക്തിയുക്തം എതിര്‍ത്തു ശാസ്ത്രം എന്ന പരമസത്യത്തെ പുല്‍കണമെന്ന് പുലമ്പികൊണ്ടിരിക്കുന്ന ശാസ്ത്ര തോലണിഞവരാണിവര്. അതുകൊണ്ട് നമ്മുടെ ഉത്കര്ഷേഛകള്ക്ക് വേണ്ടി സ്വയം ഇച്ഛിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുകയെന്ന് ഇത്തരക്കാര്‍ ഗീര്‍വാണം മുഴക്കുന്നു.
ഗ്രീക്ക് ഫിലോസഫിയുടെ ഫോസിലുകളില്‍ നിന്നാണ് യുക്തിവാദം ഖനനം ചെയ്തു നിര്ദ്ധരിച്ചെടുത്തിട്ടുള്ളത്. മനുഷ്യ കേന്ദ്രീകൃതവും ,ദൈവിക സങ്കല്‍പ്പങ്ങളോട് അസ്പൃശ്യത പ്രകടിപ്പിച്ചുമാണ് ഗ്രീക്ക് ഫിലോസഫി ഉയര്‍ന്നുവന്നിട്ടുള്ളത്. യൂറോപ്പില്‍ പടര്‍ന്നുപന്തലിച്ച നവോത്ഥാനത്തിന്റെ ബോധിവൃക്ഷം ഗ്രീക്ക് ഫിലോസഫിയുടെ മണ്ണിലാണ് രൂഢമൂലമായിട്ടുള്ളത്. ക്രിസ്തുമതം ഇന്ക്വിസിഷന് കോടതികള്‍ സ്ഥാപിച്ചു അധികാരത്തിന്റെ ളോഹയണിഞ്ഞ് ശാസ്ത്രത്തെ കുരിശിലേറ്റിയത് കാരണമായാണ് നവോത്ഥാനം മതങ്ങളുടെ അന്ത്യകൂദാശ നിര്‍വ്വഹിക്കാന്‍ മുന്നോട്ടുവന്നത് .പതിനാലാം നൂറ്റാണ്ടില്‍ രൂപപ്പെട്ടുവന്ന ഈ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നാണ് മതം വേഴ്സസ് യുക്തിവാദം ,കമ്മ്യൂണിസം, ഹ്യുമാനിസം തുടങ്ങിയ പരികല്പനകള് രൂപാന്തരം പ്രാപിച്ചത് .നവോത്ഥാനാനന്തരം യുക്തിവാദത്തിന് സൈദ്ധാന്തിക അടിത്തറ രൂപപ്പെട്ടുവന്നു. യുക്തിവാദം ആരംഭഘട്ടത്തില്‍ ക്രിസ്തുമതത്തിലെ ആശയങ്ങളോടാണ് സംഘട്ടനം നടത്തിയിരുന്നതെന്ന് ചരിത്രം സാക്ഷ്യമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ കമ്മ്യൂണിസം അവതരിപ്പിച്ച ആശയങ്ങള്‍ ലോകത്ത് പ്രചാരം നേടി. മതങ്ങള്‍ മനുഷ്യനിര്‍മിതമാണ്, മനുഷ്യന് ചൂഷണം ചെയ്യപ്പെട്ടപ്പോള്‍ ആശ്വാസത്തിനു വേണ്ടി പുരോഹിതവര്‍ഗ്ഗം നിര്‍മ്മിച്ച കെട്ടുകഥകളാണ് മതം എന്ന് കമ്മ്യൂണിസം സിദ്ധാന്തിച്ചു. സോഷ്യലിസം ഒരുബദല്‍ സംവിധാനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ചുരുക്കത്തില്‍ കമ്മ്യൂണിസവും, ഹ്യൂമനിസവും യുക്തിവാദത്തിന് വെള്ളവും വളവും നല്കി വളര്‍ത്തി.ഈ കാലഘട്ടത്തില്‍തന്നെ ഡാര്വിന് പരിണാമസിദ്ധാന്തം അവതരിപ്പിച്ചു. സൃഷ്ടിവാദത്തെ എതിര്‍ക്കാനുള്ള ആയുധമാക്കി നാളിതുവരെ യുക്തിവാദികള്‍ ഇതിനെ സ്വീകരിക്കുകയും ചെയ്തു.ബെര്‍ട്രാന്‍ റസ്സല്‍, ഡസ്മോണ് മോറിസ് തുടങ്ങിയ യുക്തിവാദികളുടെ അപ്പോസ്തലന്മാരും ആധുനിക യുക്തിവാദിയായി അറിയപ്പെടുന്ന റിച്ചാര്‍ഡ് ഡോക്കിംങ്ങ്സും ഇതിനെ പിന്താങ്ങി. നടേ സൂചിപ്പിച്ച യുക്തിവാദികള്‍ക്കിടയില്‍ ആശയങ്ങളുടെ വ്യതിരിക്തത നിലനില്‍ക്കുന്നുണ്ടെങ്കിലും തത്വത്തില്‍ ഭൗതികവാദത്തിനെറ പ്രചാരകരാണ് ഇവരെന്ന് ഗ്രഹിക്കാം.
ഭാരതീയ ദര്‍ശനങ്ങളിലും യുക്തിവാദത്തിന്റെ ചില നാമ്പുകള്‍ നമുക്ക് കണ്ടെടുക്കാന്‍ സാധിക്കും. ബ്രഹസ്പതി രൂപംകൊടുത്ത ചാര്‍വാക ദര്‍ശനം ഇതിനുദാഹരണമാണ് .ചാര്‍വാകര്‍ മുന്നോട്ടുവച്ച പരിപ്രേക്ഷ്യം യുക്തിവാദത്തിന്റെ കാഴ്ചപ്പാടുകളില്‍ നിന്നും വിഭിന്നമല്ല.' ഇന്ദ്രിയാര്‍ത്ഥ സന്നികര്‍ഷ ജ്ഞാനം പ്രത്യക്ഷം ' ( ഇന്ദ്രിയങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന ജ്ഞാനമാണ് പ്രത്യക്ഷം) .ആ പ്രത്യക്ഷമായ ജ്ഞാനം മാത്രം സ്വീകരിച്ചിരുന്ന യുക്തിവാദികളാണ് ചാര്വാകന്മാര്. ബ്രഹസ്പദി പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ച് മുന്നോട്ട് വെക്കുന്ന ദര്‍ശനം ഇപ്രകാരമാണ്. ഈ പ്രപഞ്ചം രൂപപ്പെട്ടത് പ്രഥ്യു, തേജസ്സ്,വായു, അപ് എന്നീ വസ്തുക്കളില്‍ നിന്ന മാത്രമാണ്. ആകാശം എന്ന അഞ്ചാമത്തെ ഘടകത്തെ അംഗീകരിക്കുന്നില്ല. കാരണം ആകാശമെന്നത് അതീന്ദ്രീയമായ ഘടകമായതിനാല്‍ അവയെ സ്വീകരിക്കല്‍ അപ്രാപ്യമാണ്. ഇപ്രകാരം ഇന്ദ്രിയഗോചരമല്ലാത്ത മുഴുവന്‍ ഘടകങ്ങളേയും തിരസ്കരിച്ച് നാസ്തികത അരക്കിട്ടുറപ്പിക്കാന്‍ അക്ഷീണം പ്രയത്നം ചെയ്തവരാണ് ചാര്വാകന്മാര്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെ ഇത്തരം വാദഗതികള്‍ പുനരവതരിപ്പിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളും യുക്തിവാദികളും ചെയ്തിട്ടുള്ളത്. ചുംബനസമരം പോലെയുള്ള ലൈംഗികചുവയുള്ള സമരരീതികള്‍ അവരുടെ ആശയങ്ങളുടെ സംവേദനം കൂടിയാണ് അനാവരണം ചെയ്തത്. സമ്മതവും ഇഛയുമാണ് ലൈംഗിക വേഴ്ചക്കുള്ള മാനദണ്ഡമെന്ന് ധാര്‍മികതയെ ചോദ്യം ചെയ്ത് കേരളത്തിന്റെ സമൂഹമനസ്സില്‍ ഇവര്‍ വിഷം കുത്തി നിറച്ചു.
യുക്തിവാദത്തിന്റെ മൗലിക പ്രശ്നങ്ങള്‍
കാര്യകാരണ ബന്ധങ്ങളില്‍ ആവിഷ്കരിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ മാത്രമാണ് സത്യം എന്ന് യുക്തിവാദം ആണയിട്ട് വാദിക്കുന്നു .ശാസ്ത്രീയമായ സത്യങ്ങളും ഗവേഷണങ്ങളും സത്യം തന്നെയാണെന്നത് നിസ്തര്‍ക്കമാണ്. പക്ഷേ, ശാസ്ത്രത്തിന് പരിമിതികള്‍ അനേകമുണ്ട്. അതിന് പദാര്‍ത്ഥത്തെ കുറിച്ച് മാത്രമെ വിശദീകരിക്കാന്‍ കഴിയൂ. ശാസ്ത്രത്തിന് പ്രപഞ്ചത്തെ കുറിച്ച് അതിന്റെ ഉത്ഭവത്തെ സംബന്ധിച്ച് വിസ്തരിക്കാന്‍ കഴിയില്ലെന്ന് ഐന്സ്റ്റീ നെ പോലെയുള്ള ആധുനിക ശാസ്ത്രജ്ഞന്മാര് സിദ്ധാന്തിച്ചിട്ടുണ്ട്.ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ മലവെള്ളപാച്ചിലില്‍ പ്രപഞ്ച രഹസ്യം സംഗ്രഹിച്ചു എന്ന് ബാലിശമായ വാദം അവതരിപ്പിച്ചപ്പോള്‍ ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ യുക്തിവാദികള്‍ക്ക് ഇത് കൂടുതല്‍ പ്രചോദനം നല്‍കുകയാണ് ചെയ്തത്. പിന്നീട് ഐന്സ്റ്റീന് റിലേറ്റിവിറ്റി സിദ്ധാന്തം അവതരിപ്പിച്ച് ഈ പ്രപഞ്ചത്തെ മുഴുവന്‍ മനസിലാക്കല്‍ അസാധ്യമാണന്ന് സിദ്ധാന്തിച്ചു.അനന്തരം ന്യൂട്ടോണിയല്‍ ഫിസിക്സിന്റെ മറ്റൊരു വേര്‍ഷന്‍ ഹൈസന്‍ബെര്‍ഗ് അനിശ്ചിതത്വ സിദ്ധാന്തമായി അവതരിപ്പിച്ചു.ഒരു വസ്തുവിന്റെ പിണ്ഡം മെഷര്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രവേഗം തെറ്റുന്നു പ്രവേഗം മെഷര്‍ ചെയ്യുമ്പോള്‍ പിണ്ഡം തെറ്റുന്നു ഇത്തരുണത്തില്‍ പ്രപഞ്ചത്തിന്റെ അനിശ്ചിതത്വത്തെ തുറന്ന് കാണിച്ച് ശാസ്ത്രലോകത്തില്‍ ന്യൂട്ടോണിയന്‍ മെക്കാനിസവും ക്വാണ്ടം മെക്കാനിസവും എന്ന ഇരു ധാരകള്വരെ രൂപപ്പെട്ടു വന്നു. അഥവാ കേവല പദാര്‍ത്ഥത്തിന്റെ സ്വഭാവ ഘടനയെ സംബന്ധിച്ച് പോലും പൂര്‍ണ്ണമായി ഗ്രഹിക്കാര്‍ കഴിയാത്ത ശാസ്ത്രം പ്രപഞ്ച സ്രഷ്ടാവായ അള്ളാഹുവിനെ യുക്തിയുടെ അളവുകോല്‍ വെച്ച് അളക്കുന്നതിലാണ് ആശ്ചര്യം. നമ്മുടെ ബുദ്ധി ചതുര്‍മാന സ്ഥലകാല നൈരന്തര്യത്താല്‍ ബന്ധിതമാണെന്നും അവക്ക് പരിമിതികളും ബലഹീനതകളും ഉണ്ടെന്നും മനസ്സിലാക്കാതെ പ്രപഞ്ചത്തെയും പ്രപഞ്ച സ്രഷ്ടാവായ ദൈവത്തേയും വ്യാഖ്യാനിക്കുകയും ആഖ്യാനിക്കുകയും ചെയ്യുന്നത് എത്ര ശുദ്ധഭോഷ്കാണ് കവി പറഞ്ഞ പോലെ
അനന്തമജ്ഞാതമവര്‍ണനീയം
ഈ ലോക ഗോളം തിരിയുന്നതെ
ണ്ടൊരിടെത്തു നിന്നും നോക്കും
മര്ത്യന് കഥയിതെന്തറിഞ്ഞു.
ബിഗ്ബാങ്ക് തിയറിയെയോ ബിഗ്ബാങ്ക് സിങ്കുലാരിറ്റിയുടെ സങ്കീര്‍ണ്ണതകളെയോ വിശദീകരിക്കുന്നതിനുപകരം ശാസ്ത്രജ്ഞരുടെ എളിയ അഭിപ്രായങ്ങള്‍ മാനിച്ചാല്‍ തന്നെ യുക്തിവാദികള്‍ ശാസ്ത്രത്തെ സ്വീകരിക്കുന്നില്ലെന്നും ശാസ്ത്രം പ്രത്യേയശാസ്ത്ര പ്രചരണത്തിനുള്ള കേവല സിദ്ദാന്തമായി പരിഗണിക്കുകയാണെന്നും ബോധ്യപ്പെടും. ഞങ്ങളുടെ മൂലസ്രോതസ്സ് ശാസ്ത്രമാണെന്നും ശാസ്ത്രീയ സത്യങ്ങളെ സ്വീകരിക്കാത്ത മത സങ്കല്‍പ്പങ്ങള്‍ മൗഢ്യമാണെന്നും പരിഹസിക്കുന്ന ശാസ്ത്ര തോലണിഞ്ഞ യുക്തിവാദികള്‍ക്ക് ഐന്‍സ്റ്റീനെ പോലെയുള്ള ശാസ്ത്രപ്രതിഭകളുടെ പ്രഖ്യാപനങ്ങള്‍ വെറും അശാസ്ത്രീയമാകും. Science is a potery of realtiy എന്ന പറഞ്ഞ ഡോക്കിംങ്സിന് ശാസ്ത്രം പഠിപ്പിച്ച പ്രപഞ്ച രഹസ്യങ്ങള്‍ ുീലേൃ്യ ീള എമഹലെ ആയിരിക്കും.
മനുഷ്യന് എന്ന ജീവിവര്‍ഗ്ഗം ആരാണ് എന്ന് ചോദ്യശരം ഉന്നയിച്ചാല്‍ യുക്തിവാദി ഡാര്‍വിന്റെ സിദ്ധാന്തം വെച്ചുവിളമ്പും. ചരിത്രാതീമായ പ്രപഞ്ചത്തില്‍ ഏകകോശജീവി ഝടുതിയില്‍ ഉണ്ടായി. തുടര്‍ന്ന് പ്രകൃതി നിര്‍ദ്ധാരണം വഴി അതിജീവിക്കാന്‍ കഴിയുന്ന കോശ ജീവികള്‍ പരിണമിച്ച് വര്‍ഗ പരിണാമ പ്രക്രിയയിലേക്ക് പ്രവേശിച്ചു.അനന്തരം ഭൂമഖത്ത് കാണുന്ന മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ യാദൃശ്ചിക പരിണാമ പ്രക്രിയയുടെ ഭാഗമായി രൂപപ്പെട്ടു വന്നു. ഫോസിലുകളെ തലനാരിഴ കീറി ഗവേഷണം ചെയ്ത നിര്ഝരിച്ചെടുത്ത നിര്‍മലമായ സത്യമെന്ന് പറഞ്ഞ് സൈദ്ധാതിക വല്‍ക്കരിക്കാനാണ് യുക്തിവാദികള്‍ യത്നം ചെയ്യുക. എങ്ങനെ ഒരു ഏകകോശ ജീവി പ്രപഞ്ചത്തില്‍ രൂപപ്പെട്ടു വന്നു എന്നതിന് കൃത്യവും വ്യക്തവുമായ മറുപടി നല്കാന് യുക്തിവാദിക്കല്ല പരിണാമ ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാര്ക്കപോലും സാധിച്ചിട്ടില്ല. ഇന്ന് ഒരു കോശത്തിന്റെ അതിസങ്കീര്ണ്ണതയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.ഒരുകോശത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഘടനാ സംവിധാനം കേവല യാദൃശ്ചികതയുടെ അനന്തര ഫലമാണെന്ന് നിസ്സങ്കോചം പറയാന്‍ ഏതു യുക്തിബോധമാണ് സമ്മതിക്കുക?. യഥാര്‍ത്ഥത്തില്‍ ഡാര്‍വിനിസത്തെ വിലയിരുത്താതെ ഉപരിപ്ലവമായ യുക്ത്യാദിഷ്ഠിത ചിന്തയിലൂടെ നാസ്തികതയുടെ പ്രചാരവേലക്ക് ഉപയോഗിക്കുക മാത്രമാണ്.ശാസ്ത്രം എന്ന ലേബലില്‍ ബ്രാന്റ് ചെയ്താല്‍ മിതവാദികളും ലിബറല്‍ സമീപനക്കാരും അണ്ണാക്കു തൊടാതെ വിഴുങ്ങുകയും നാസ്തികതയുടെ പുസ്തകങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുകയും ചെയ്യുമെന്ന കച്ചവട കണ്ണും ഇതിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ട്.
ഇസ്ലാമതം യുക്തിവാദത്തിന് പരിഹാരം
യുക്തിയില്‍ അധിഷ്ഠിതമായ മാത്രം കാര്യങ്ങളെ വിലയിരുത്തുക ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ സാധ്യമല്ല . പ്രമാണങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ യുക്തിഭദ്രമായി ഇസ്ലാമിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചവരാണ് മുഅതസിലക്കാര്‍. ആകയാല്‍ തന്നെ അവരുടെ വിശ്വാസം വ്യതിചലിച്ചു പോയിട്ടുണ്ട്.മാത്രമല്ല ശാസ്ത്രീയ വിഷയങ്ങളിലും പൂര്‍ണ്ണമായും യുക്തിഭദ്രത അസാധുവാകുന്നില്ല. കാരണം ശാസ്ത്രീയ സത്യങ്ങള്‍ മുഴുവനും യുക്തിയില്‍ അധിഷ്ഠിതമല്ല.ആകയാല്‍ അല്ലാഹുവിന്റെ അസ്തിത്വം അര്‍ത്ഥശൂന്യമാണെന്ന് വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കാടടച്ചുവെടിവെക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അള്ളാഹു എന്ന അര്‍ത്ഥത്തില്‍ ആണെങ്കിലും ബ്രഹ്മമെന്നും അദൃശ്യശക്തി എന്നും തുടങ്ങിയ പലവിധ നാമങ്ങള്‍ നല്കി ദൈവത്തെ വ്യാഖ്യാനിക്കുന്നു എന്നുമാത്രം. അവന്റെ ഉണ്മയില് ആര്‍ക്കും അഭിപ്രായാന്തരങ്ങള്‍ ഇല്ല തന്നെ. മത്തിയാസ് ക്ലൗഡിയസ് ഈ അദൃശ്യശക്തിയെ സുന്ദരമായി ഇപ്രകാരം വര്‍ണ്ണിച്ചു.
He only is the Maker
Of all things near and far;
He paints the wayside flower,
He lights the evening star;
The winds and waves obey him,
By him the birds are fed;
Much more to us, his children,
He gives our daily bread.
ശാസ്ത്രമെന്നും യുക്തിയെന്നും പറഞ്ഞു പൊലിപ്പിക്കുകയല്ലാതെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍കൊള്ളാന്‍ യുക്തിവാദിക്ക് വൈമനസ്യമാണ്. അന്ധമായ പ്രത്യയശാസ്ത്ര പ്രേമത്താല്‍ സര്‍വ്വ സത്യങ്ങളെയും നിരാകരിക്കലാണ് ഇവരുടെ കുലത്തൊഴില്‍. യുക്തിവാദം ഇവിടെ നിലനിന്നുപോകുന്നത് തന്നെ ഇസ്ലാമോഫോബിയ പോലെയുള്ള പാശ്ചാത്യ നിര്‍മ്മിത ആശയങ്ങള്‍ സജീവമായത് കൊണ്ടുമാത്രമാണ്. ഇസ്ലാംമതം ഭീകരമാണെന്ന് ബ്രാന്‍ഡ് ചെയ്യുന്നതോടുകൂടി യുക്തിവാദം സുന്ദരമാണ് പറയാതെ പറയുന്ന ഗൂഢലക്ഷ്യങ്ങള്‍ ഇതിനുപിന്നില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, മനുഷ്യന്റെ മൗലിക ചോദനയായ മതം അവന്റെ ജീവിരക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. കമ്മ്യൂണിസം ഒരുപാടുകാലം മതം നിരോധിച്ചു സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു. പക്ഷേ, അവയെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞതിന് ചരിത്രം സാക്ഷിയാണ്. കമ്മ്യൂണിസ്റ്റ് തകര്‍ച്ചക്ക് ശേഷം വീണ്ടും മതം അനുഷ്ഠിക്കുന്ന മനുഷ്യരെയാണ് അവിടങ്ങളിലൊക്കെ കണ്ടത്. ഇന്നും ലോകത്ത് മത വിശ്വാസികള്‍ തന്നെയാണ് അധികവും. യുക്തിവാദികള്‍ ഇസ്ലാമതം യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രാകൃത ദര്‍ശനമാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. ഭൗതികവാദത്തില്‍ അധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങള്‍ വരുത്തിവെച്ച വിനാശങ്ങള്‍ ഇവിടെ ബോധപൂര്‍വ്വം വിസ്മരിക്കപ്പെടുകയാണ്. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ എന്തുമാകാമെന്ന മനുഷ്യത്വരഹിതമായ ആശയങ്ങളാണ് ഇത്തരക്കാര്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത് .ധര്‍മ്മവും അധര്‍മ്മവും വ്യക്തിയുടെ താല്പര്യങ്ങള്ക്കനുസരിച്ച് മുന്നോട്ട് നയിക്കാം എന്ന് ഇവര്‍ ഉറക്കെ വിളിച്ചുപറയുന്നു. ചാര്വാകന്മാരുടെ വാക്കുകളും ഇതുതന്നെയാണ് അനാവരണം ചെയ്യുന്നത്.
യാവജ്ജീവം സുഖം ജീവേത്
ഋണം കൃത്വാ ഘൃതം പിബേത്
ഭസ്മീ ഭൂതസ്യ ദേഹസ്യ
പുനരാഗമനം കുത:'
(ജീവിക്കുന്ന കാലത്തോളം സുഖമായി ജീവിക്കണം. കടം വാങ്ങിയും നെയ്യ് കുടിക്കണം. ശരീരം ഭസ്മമായിക്കഴിഞ്ഞാല്പ്പിന്നെ പുനരുജ്ജീവനമെങ്ങനെയാണ്?) കാര്യങ്ങള്‍ വ്യക്തിതല്പരതക്ക് അധിഷ്ഠിതമാകുമ്പോള്‍ ജീവിതത്തിന്റെ താളം നഷ്ടപ്പെടുന്നു എന്നതാണ് ഗോര്‍ബച്ചേവ് പെരിസ്ടോയിക്കയില് വിലപിച്ചത്. നന്മയുടെയും തിന്മയുടെയും അടിസ്ഥാനം അല്ലാഹുവിനെ നിയമങ്ങളാണ് വിശ്വസിക്കുകയല്ലാതെ ഏതു മാനദണ്ഡത്തില്‍ നന്മയും തിന്മയും വിവരിക്കാന്‍ കഴിയും?. എല്ലാം അള്ളാഹു അറിയുന്നുണ്ടെന്ന് അചഞ്ചലമായ വിശ്വാസത്തില്‍ നിന്നല്ലാതെ എവിടെയാണ് സമാധാനവും സഹിഷ്ണുതയും സംസ്ഥാപിക്കാന്‍ കഴിയുക. നന്മ ചെയ്താല്‍ സ്വര്‍ഗവും തിന്മ ചെയ്താല്‍ നരകവും വാഗ്ദാനം ചെയ്ത് ഇസ്ലാമിക വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നവര്കല്ലാതെ ആര്‍ക്കാണ് ഭൂമിയില്‍ ജീവിത മൂല്ല്യങ്ങളെ ഉയര്‍ത്തി പിടിക്കാന്‍ സാധിക്കുക. എല്ലാം സ്വതന്ത്രമായ യുക്തിക്കും ചിന്തക്കും വിട്ടുകൊടുക്കുന്നത് ജീവിതത്തിന്റെ നിയതമായ താളം നഷ്ടപ്പെടുത്തുന്നുവെന്ന ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നിട്ടും യുക്തിവാദം ബാലിശമായ വാദങ്ങളില്‍ ഉഴലുകയാണ്. യുക്തിക്കതീതമായ പലതും നിലനില്‍ക്കുന്നുണ്ടെന്ന് ചിന്തിക്കാന്‍ കഴിയാത്തവര്‍ക്ക് എവിടെയാണ് യുക്തിയും ചിന്തയും എന്നത് ചിന്തോദ്ദീപകമാണ്.യുക്തിക്കും ചിന്തക്കും അതീതമായി ചലിക്കുമ്പോഴേ ചിലതെല്ലാം അനുഭവിക്കാന്‍ സാധിക്കൂ. ഇതാണ് അല്ലാമ ഇഖ്ബാല്‍ തന്റെ കവിതയിലൂടെ സൂചിപ്പിച്ചത്.

3 Comments