ശബീബ് കൈപ്പുറം

പുസ്തകത്തില്‍ പറഞ്ഞ് വെച്ച വസ്ത്തുകളെ ക്രോഡീകരിച്ച് നിലപാടുകള്‍ വിശദ്ധീകരിക്കുകയാണിവിടെ. തുടര്‍ പഠനങ്ങള്‍ക്ക് വഴിമരുന്നിടുകയെന്ന ദൗത്യം കൂടി ഈ പുസ്തകം നിറവേറ്റുന്നുവെന്ന് പറയാം

ഭൂമി,വിഭവം,പ്രാതിനിധ്യം,രാഷ്ട്രീയം എന്നിവയില്‍ നിന്നൊക്കെയും ദദ്ദേശ ബഹുജന സമൂഹങ്ങളെ വിദൂരത്തില്‍ നിര്‍ത്തിയിരുന്ന ഇന്ത്യയിലെ ശാസ്ത്രീയ ജാതിയതയുടേയും സൂക്ഷമരൂപങ്ങളേയും ദലിത് പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങളുടെയും ഐക്യവും ജനാധിപത്യ-സോഷ്യലിസ്റ്റ് സാമൂഹിക നീതി വിഭാഗങ്ങളുടെ ഏകീകരണത്തെ കുറിച്ച് വിശാലമായ കാഴ്ചപാട് നല്‍കുന്ന, നവ ജനാധിപത്യ നിര്‍മിതിയുടെ പ്രാധാന്യത്തെ അടിസ്ഥാനമാക്കുന്ന സൂക്ഷ്മവും സമകാല പ്രസക്തവുമായ ലേഖന സമാഹാരമാണ് അതിജീവനം- ആദിവാസി ദലിത് ബഹുജന്‍ സമൂഹപാഠങ്ങള്‍. ഒരു ചെറിയ പുസ്തകത്തിലൂടെ ഒരു ജനതയുടെ ചരിത്രവും വര്‍ത്തമാനവും വെല്ലുവിളികളും തുന്നിചേര്‍ക്കുകയാണ് ചെയ്യുന്നത്. മാനവിക മൂല്യങ്ങളെയും ഭരണഘടനയുടെ നിര്‍ദേശങ്ങളെയും കുഴിമറിച്ച് തേര് പായിക്കുന്ന വര്‍ഗീയ ഭരണകൂടത്തിന്റെയും ഹിന്ദുത്വ ആള്‍കൂട്ട നീതിയുടെയും കാലത്ത് രാജ്യത്തെ പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായ ബോധ്യങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയും സഹകരണത്തിന്റെ വഴികള്‍ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ടെന്ന് പുസ്തകം ബോധ്യപ്പെടുത്തുന്നു.
പേര് സൂചിപ്പിക്കുന്നത് പോലെ ഇന്ത്യയിലെ ജാതി/വര്‍ണ വ്യവസ്ഥിയെ ഉയര്‍ത്തി കൊണ്ട് വരാന്‍ ശ്രമിക്കുന്ന സവര്‍ണതാത്പര്യങ്ങളെ എങ്ങിനെ തടയിട്ട് അതിജീവനം സാധ്യമാക്കാമെന്ന് വിലയിരുത്തുന്നു.
നിരീക്ഷണം,ജാഗ്രത,വിഭവം എന്നിങ്ങനെ മൂന്ന് അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നു പുസ്തകം. ജാതി അനുഭവങ്ങളും തോല്‍വികളും ചിന്തകളും ഉച്ചത്തില്‍ ഓര്‍മ്മപ്പെടുത്തുകയാണ് ഓരോ അധ്യായങ്ങളും. ജാതി ഉണ്ടായതും നില നല്‍ക്കുന്നതും ചൂഷണത്തിനും വിവേചനത്തിനുമാണ്. ഇതുരണ്ടുമല്ലെങ്കില്‍ പിന്നെ ജാതിയെന്തിനെന്ന ആശയം മുന്നോട്ട് വക്കുന്നുണ്ട് പുസ്തകം. ഇന്ത്യയിലെ ജാതി വര്‍ണ വ്യവസ്ഥയെ കുറിച്ചുള്ള സാമാന്യപരിചയമാണ് പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായത്തില്‍. ഇന്ത്യയില്‍ ജാതി ശക്തമായ വേരുകളോടെ ആഴത്തില്‍ പടര്‍ന്ന് കിടക്കുന്ന ഒന്നാണ് ജാതിയത. ഒരു ജനാധ്യപത്യ ബോധത്തിനും ശാസ്ത്രയുക്തിക്കും പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ക്കും അനക്കാന്‍ സാധിക്കാതെ അത് ഇന്ത്യയില്‍ ഗ്രസിച്ചിരിക്കുന്നു. ഈ ജാതി ബോധം ദലിത് മുസ്ലിം സമൂഹത്തില്‍ ഉണ്ടാക്കിയ വിപ്ലവങ്ങളാണ് രണ്ടാമദ്ധ്യായത്തില്‍ പറയുന്നത്.
മനുഷ്യാവകാശം,സാമൂഹിക നീതി, സാഹോദര്യം, ക്ഷേമരാഷ്ട്രസങ്കല്‍പ്പം,ഭരണഘടനാ സംരക്ഷണം, സ്ത്രീവാദ അന്വേഷണങ്ങള്‍,വിഭവാധികാരത്തിന്റെ പ്രശ്‌നങ്ങള്‍,സംവരണാധികാരത്തെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, ശാസ്ത്രീയ ജാതി-വര്‍ണ വ്യവസ്ഥാരൂപങ്ങള്‍,ദലത് പിന്നാക്ക ന്യൂനപക്ഷ ദരിദ്ര ജനാധിപത്യ സൂഹങ്ങളുടെ ഏകീകരണം തുടങ്ങി രാഷ്ട്രത്തിന്റെ ഐക്യവും പുരോഗതിയും ലക്ഷ്യം വെക്കുന്ന നിരീക്ഷണങ്ങള്‍ വിശകലനം ചെയ്യുന്നു.
ഡോ: ബി.ആര്‍ അംബേദ്ക്കറിന്റെ ദര്‍ശനങ്ങള്‍ കൂടുതല്‍ മുന്നോട്ട് വെച്ച് കൊണ്ട് മാത്രമേ സമഗ്രമായ രീതിയില്‍ സാമൂഹി-സാമ്പത്തിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിയുകയൊള്ളൂവെന്നും അതിന് അംബേദ്ക്കറിന്റെ സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം എന്ന മുന്ന് തത്ത്വശാസ്ത്രം കൊണ്ട് ലളിതമായി നടപ്പാക്കാന്‍ കഴിയുമെന്നും പറയുന്നുണ്ട്.
മൂന്നാം അദ്ധ്യായത്തില്‍ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌ക്കരണത്തിന്റെ നാള്‍വഴിയും അതിലൂടെ ദലിത് ആദിവാസി സമൂഹത്തെ നിയമങ്ങളിലൂടെ വഞ്ചന ചെയ്ത ഭരണകൂടങ്ങളെയും വിമര്‍ശിക്കുന്നു. പട്ടിക വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് തടയിടുകയും ആദിവാസി എഴുത്തുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ഉന്നത വിദ്യാഭ്യാസ രംഗത്ത് ദലിതരെ തിരസ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്.
പുറം കാഴ്ചകളുടെ നിര്‍വചനങ്ങളില്‍ നിന്ന് കുതറിമാറി അദൃശ്യമാക്കപ്പെടുന്നവരുടെ അതിജീവനം ആവിഷ്‌ക്കരിക്കുകയാണിവിടെ.
ഡോ:എം.ബി മനോജും ഷരീഫ് ഹുദവിയും എഡിറ്ററായിട്ടുള്ള ഈ പുസ്തകം ജീവിതാനുഭവങ്ങള്‍ എന്നതിലുപരി '' സ്വച്ഛ് ഭാരതത്തില്‍ ആരാണ് മലം വാരുക'' എന്നിങ്ങനെ ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങള്‍ ബാക്കിവെച്ച് കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്. പുസ്തകത്തില്‍ പറഞ്ഞ് വെച്ച വസ്ത്തുകളെ ക്രോഡീകരിച്ച് നിലപാടുകള്‍ വിശദ്ധീകരിക്കുകയാണിവിടെ. തുടര്‍ പഠനങ്ങള്‍ക്ക് വഴിമരുന്നിടുകയെന്ന ദൗത്യം കൂടി ഈ പുസ്തകം നിറവേറ്റുന്നുവെന്ന് പറയാം.