Image result for kerala piravi


 ശബീബ് കൈപ്പുറം

കേരളം രൂപപ്പെട്ടിട്ട് അര നൂറ്റാണ്ടിലധികം കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ കേരളത്തിന് 62 വയസ്സ്. ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍  സാമൂഹിക സാമ്പത്തിക മണ്ഡലങ്ങളില്‍ കേരളം വ്യത്യസ്തമായ ഒരു മാതൃകയാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് 100% സാക്ഷരത, പ്രബുദ്ധമായ സാംസ്‌ക്കാരിക പാരമ്പര്യം, മറ്റു വികസനങ്ങള്‍ ഇതെല്ലാം കേരളത്തെ പുരോഗതിയുടെ അടയാളമായി കണക്കാക്കുന്നു.
പ്രബുദ്ധ കേരളത്തില്‍  വര്‍ഗീയതയും സാമുദായിക ചേരിതിരിവുകളും അധികരിച്ചിരിക്കുന്നു.
കേരളം ബഹുമത സമുദായ സമൂഹമാണ്. ഹിന്ദുക്കള്‍, അവരില്‍ തന്നെ നായര്‍, ഈഴവര്‍ എന്നിങ്ങനെ ഉപവിഭാഗങ്ങള്‍. മുസ്‌ലിംകള്‍ ക്രിസ്ത്യാനികള്‍ എന്നിവരെല്ലാം പ്രബലമാം വണ്ണം സംഘടിക്കുകയും സാമൂഹിക മണ്ഡലങ്ങളില്‍ സ്വന്തമായ ഇടം നേടുകയും ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. വിദ്യഭ്യാസപരവും സാമൂഹികപരവുമായ ഉണര്‍വുകള്‍ സാധ്യമായി തീര്‍ന്ന സമൂഹമാകയാല്‍ കേരളത്തിലെ ദലിതുകളും മറ്റും പിന്നോക്കാവസ്ഥയെ വലിയൊരളവോളം മറികടന്ന് കഴിഞ്ഞിട്ടുണ്ട്. ജനസംഖ്യാപരവും സാമൂഹിക പ്രധിനിധാന മണ്ഡലങ്ങളിലും കടുത്ത അസമത്വം നില നില്‍ക്കാത്ത ഇടം എന്ന അവസ്ഥയില്‍ ഏതെങ്കിലുമൊരു സമുദായത്തിന് ഉയര്‍ച്ച താഴ്ച്ചകളുടെ അടിസ്ഥാനത്തില്‍ വളരെയൊന്നും അധികാരം സ്ഥാപിക്കാനാവാത്ത തരത്തില്‍ പ്രബുദ്ധ കേരളം മാറിയിട്ടുണ്ട്. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ജാതി-മത വിവേചനങ്ങള്‍ പോലും നമ്മില്‍ അമ്പരപ്പിക്കും വിധം പ്രബുദ്ധത കൈവരിച്ചിരിക്കുന്നു നമ്മുടെ കേരളം.
കേരളം പ്രബുദ്ധത കൈവരിക്കാന്‍ സോഷ്യലിസ്റ്റ് ചിന്തയും കമ്മ്യൂണിസ്റ്റ് ചിന്തയും കാരണമായിട്ടുണ്ടെന്ന്  പലരും പറയുന്നുണ്ട്. എന്നാല്‍ അതിലുപരി കേരളം സമൂഹം പ്രബുദ്ധമായി തീരാന്‍ വേറെയും ചില കാരണങ്ങളുണ്ട്. ശ്രീ നാരായണ ഗുരുവിനെ പോലുള്ളവര്‍ ഏറ്റെടുത്തുനടത്തിയ നവോത്ഥാന സംരഭങ്ങള്‍, മലബാറില്‍ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള വാഴ്ച, ഈ വാഴ്ചയോടുള്ള മാപ്പിള സമൂഹത്തിനുണ്ടായിരുന്ന പ്രകടമായ എതിര്‍പ്പുകള്‍ സൃഷ്ടിച്ച ഊര്‍ജപ്രവാഹം എന്നിവയെല്ലാം കേരളപ്രബുദ്ധതയുടെ ഉള്‍പ്രേരണയാണ്. കുറച്ച് കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ ജാതിയമായ അസമത്വങ്ങള്‍ ഉച്ചാടനം ചെയ്യുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഇവിടെ പടര്‍ന്ന് പന്തലിച്ച വിദേശ മതങ്ങളാണ്. പ്രത്യേകിച്ച് ഇസ്‌ലാം മതം കേരളത്തില്‍ പ്രചരിക്കുകയും ഇവിടെ നില നില്‍ക്കുന്ന ജാതിയ വിവേചനങ്ങളെ  മറികടക്കാന്‍ താഴ്ന്ന ജാതിക്കാരെ പ്രസ്തുത മതങ്ങളുടെ ജീവീത ശൈലി പിന്തുടരുകയും ചെയ്തു. വിദേശ മതങ്ങള്‍ ചെയ്തത് പ്രത്യേകിച്ച്  ഇസ്‌ലാം ജനങ്ങള്‍ക്ക് മുമ്പാകെ മറ്റൊരു ലോകം തുറന്നിടുകയാണ് ചെയ്തത്.
ഈ മതപരവും സാമ്പത്തികവുമായ ബന്ധങ്ങള്‍ കേരളീയ സമൂഹത്തെ  പ്രബുദ്ധരാക്കി. ചുരുക്കിപറഞ്ഞാല്‍, കേരളത്തില്‍ സാമൂഹികവും സാംസ്‌ക്കാരികവുമായ പ്രബുദ്ധതക്ക് കളമൊരുക്കിയതും സ്വന്തം ഇടം ഉറപ്പിക്കാനും ജാതിയ വിവേചനത്തെ മറികടക്കാനും അധഃസ്ഥിത സമൂഹങ്ങളെ പ്രാപ്ത്തരാക്കിയതും അന്യദേശങ്ങളുമായും ഭാഷകളുമായും മതങ്ങളുമായും സംസ്‌ക്കാരങ്ങളുമായും അവര്‍ സ്ഥാപിച്ചെടുത്ത ബന്ധങ്ങളാണ്. അനുകരണീയ മതസൗഹാര്‍ദം ഇവിടെ നിലനല്‍ക്കുന്നതിനും ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തിന് മേല്‍ ആധിപത്യം അടിച്ചേല്‍പ്പിക്കാത്ത വിധത്തില്‍ സാമൂഹിക സംഘടന സന്തുലിതമായി നില നില്‍ക്കുന്നതിനും അവ വഴിയൊരുക്കി.
അത് പോലെ തന്നെ, കേരളത്തിന്റെ ജീവിത ഗതി നിര്‍ണ്ണിയിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ചത് രണ്ട് കുടിയേറ്റങ്ങളാണ്. ഒന്ന് കേരളത്തിന്റെ തെക്കെ അറ്റത്ത് നിന്നും മാധ്യഭാഗത്ത് നിന്നും വടക്കേ അറ്റമായ മലബാറിലേക്കുണ്ടായ കുടിയേറ്റം. തെക്കന്‍ തിരുവിതാം കൂറില്‍ നിന്നും മധ്യതിരുവിതാം കൂറില്‍ നിന്നുള്ള ഈ കുടിയേറ്റങ്ങള്‍ മലബാര്‍ പ്രദേശത്തെ സാമൂഹി വിദ്യഭ്യാസ,മത മണ്ഡലങ്ങളില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും  വിദ്യഭ്യാസം, കൃഷി, ഭാഷ, സംസ്‌ക്കാരം, മതം തുടങ്ങിയ എല്ലാ ഘടകങ്ങളും ആ കുടിയേറ്റത്തിലൂടെ നേടിയെടുത്തു. ഈ കുടിയേറ്റത്തെയും അതുണ്ടാക്കിയ സാമൂഹിക മാറ്റങ്ങളും സാമാന്യമായി വരവേല്‍ക്കുകയാണ് മലബാര്‍ ചെയ്തത്. കുടിയേറ്റക്കാരുടെ ജീവിത ശൈലിയും ആശയങ്ങളും പുരോഗതിയുടെ ആശയങ്ങളായി നാട്ടുകാര്‍ കരുതുകയും ചെയ്തു.
രണ്ടാമത്തെ കുടിയേറ്റം കേരളത്തില്‍ നിന്ന് പുറം രാജ്യങ്ങളിലേക്കുള്ളതാണ്.  പ്രത്യേകിച്ചും ഗള്‍ഫിലേക്ക്. ആദ്യത്തെ കുടിയേറ്റത്തിന്റെ ഗുണഭോക്താക്കള്‍ കൂടുതലും തിരുവിതാം കൂറില്‍ നിന്നുള്ള ക്രിസ്ത്യാനികളായിരുന്നുവെങ്കില്‍ ഗള്‍ഫ് കുടിയേറ്റം മലബാറിലെ മുസ് ലിംജീവിതത്തെയാണ് അടിമുടി മാറ്റിയത്. കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോയ ഉന്നത സ്ഥാനക്കാരില്‍ മുസ് ലിംകള്‍ കുറവായിരുന്നുവെങ്കിലും അടിതട്ടിലുള്ള വലിയൊരു വിഭാഗം മണലാരിണ്യത്തില്‍ കഠിനധ്വാനം ചെയ്ത ഇവര്‍ മലബാറിലെ പ്രത്യേകിച്ചും മുസ് ലിം പ്രദേശങ്ങളിലെ ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തിരിച്ചറിയാനാവത്ത വിധത്തില്‍ മെച്ചപ്പെടുത്തി കെട്ടിമേയപ്പെട്ട കൂരകളില്‍ താളിച്ച കറികളില്‍ നിന്നും മാപ്പിള ജീവിതം സുഖസൗകര്യങ്ങളിലേക്ക് ഉയര്‍ന്നത് ഗള്‍ഫ് നല്‍കിയ ആനുകൂല്യങ്ങളെ തുടര്‍ന്നാണ്. ഈ സമൂഹത്തിന്റെ വിദ്യഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. ആവാസ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ കൈവന്നു. ഇത് മലബാറിന്റെയൊ മുസ് ലിം സമുദായത്തിന്റെയൊ മാത്രം അവസ്ഥയാണെന്ന് പറഞ്ഞ് കുറച്ച് പറയുകയല്ല ചെയ്യുന്നത്. കേരളത്തിന്റെ സാമൂഹികാവസ്ഥയെ മൊത്തത്തില്‍ ഗള്‍ഫ് കുടിയേറ്റം സ്വാധീനിച്ചുവെന്നും അക്കൂട്ടത്തില്‍ മെച്ചപ്പെട്ടജീവീതാവസ്ഥ  മുസ്‌ലിംകള്‍ക്കു കൈവന്നു എന്നുമാത്രം.