SAFA ARTS AND SCINCE COLLEGE  POOKATTIRI  , ENGLISH DEPARTMENT (2014-2017)


SALVA.P
6th sem

വസ്ത്രങ്ങളൊക്കെ മുഷിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഒന്നലക്കിയെടുത്ത് തേച്ച് മിനുക്കേണ്ട പണിയേ ഉള്ളു.അവളുണ്ടായിരുന്നെങ്കില്‍ ഈ പണിയൊക്കെ അവള്‍ ഭംഗിയായി ചെയ്തിരുന്നു.  അവള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്കിതൊക്കെ ചെയ്ത് തരാന്‍. എന്റെ വസ്ത്രങ്ങളിലെ അഴുക്ക് മുഴുവന്‍ കഴുകി കളഞ്ഞ്, അതില്‍ ഒരു ചെറുചുളിവ് പോലും അവശേഷിപ്പിക്കാതെ എല്ലാം അവള്‍ മിനുക്കിയെടുത്തിരുന്നു.ഒരോ ചുളിവ് നിവരുമ്പോഴും ഞാനവളിലേക്ക് കൂടുതല്‍ അടുത്ത്‌കൊണ്ടിരുന്നു. എന്റെ എല്ലാ അഴുക്കും ചുളിവും മാഞ്ഞ് തുടങ്ങിയപ്പോ ഞാനുറപ്പിച്ചു ഇനി എനിക്കാ പഴയ മുഷിഞ്ഞ ജീവിതം ഉണ്ടാവില്ലെന്ന്. അവളുള്ളപ്പോ ഞാനെങ്ങനെ മുഷിയാനാ.....
പക്ഷേ, ഞാന്‍ അപ്പൊ ചിന്തിച്ചില്ല. ചുളിവ് നിവരുന്നത് തേപ്പ്‌പെട്ടീടെ ചൂടേറ്റാണെന്ന്. ആ ചുടേറ്റ് അവള്‍ക്ക് പൊള്ളിയപ്പോഴും അതിന്റെ വേദന എന്താണെന്ന് ഞാനറിഞ്ഞില്ല. ഞാനതു മനസ്സിലാക്കിയപ്പോഴും ആ ചൂട് അവളുടെ നെഞ്ചിലേക്ക് പടര്‍ന്നിരുന്നു.
പിന്നീട് എന്റെ വസ്ത്രങ്ങളുടെ ചുളിവ് അവള്‍ നിവര്‍ത്തിയില്ല. ഞാനും അതിനു ശ്രമിച്ചില്ല. എല്ലാം മുഷിഞ്ഞിരിക്കുന്നു. ഒരിക്കലും നിവരാത്ത പോലെ.