SAFA ARTS AND SCINCE COLLEGE  POOKATTIRI  , ENGLISH DEPARTMENT (2014-2017)

Salmanul farus M
6th sem BA English

കാലങ്ങള്‍ക്കപ്പുറം മറക്കാന്‍ കഴിയാത്ത എന്റെ കാമ്പസ്. കലാലയ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് ചുവട് വെച്ചത് മുതല്‍ ഇന്ന് വരേയും നല്ല നിമിഷങ്ങളും സന്ദര്‍ഭങ്ങളും സമ്മാനിച്ച എന്റെ കലാലയം. സഫാ കോളേജ്.... എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഈ കലാലയജീവിതം അവസാനിക്കാറായിരിക്കുന്നു.  മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കലാലയത്തിലേക്ക് വരുമ്പോള്‍ അന്യനായിരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍.... അവര്‍ സമ്മാനിച്ച ഒരുപാട് സ്വപ്‌നങ്ങളും ഓര്‍മ്മകളും കൈപിടിയിലൊതുക്കി ഈ കലാലയത്തില്‍ നിന്ന് പുറത്തിറങ്ങുകയാണ്. വേദനയോടെ.... 2014-2017 വര്‍ഷത്തിലെ ബി.എ ഇംഗ്ലീഷ് ബാച്ച് എന്റെ പ്രിയപ്പെട്ട ക്ലാസ് .... ഇവിടുത്തെ മൂന്ന് വര്‍ഷം 30 ഓളം വിദ്യാര്‍ത്ഥികളുടേയും പിന്നെ അധ്യാപകരുടേയും സ്വപ്‌നങ്ങളിലൂടെയാണ് കടന്ന് പോയത്.
കളങ്കമില്ലാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെ പങ്ക് വെക്കലുകളുടേയും ഇണക്കങ്ങളുടേയും പിണക്കങ്ങളുടേയും അത്യപൂര്‍വ്വ  സ്മരണകള്‍... ഒരു പൂന്തോട്ടം പോലെയായിരുന്നു ഞങ്ങളുടെ ക്ലാസ് റൂം. പല നിറത്തിലും വലിപ്പത്തിലും സുഗന്ധത്തിലുമുള്ള പൂക്കള്‍.നിരവധി കലാകാരന്മാരും എപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുടേയുമെല്ലാം അടങ്ങിയ ഒരു പൂന്തോട്ടം തന്നെയായിരുന്നു ഞങ്ങളുടെ ബി.എ ഇംഗ്ലീഷ്  ക്ലാസ് റൂം.
തുടക്കത്തില്‍ പരിചയമില്ലാത്ത മുഖങ്ങളും പേടിയാലും ഭീഷണിയാലും മാത്രം ആദരിക്കേണ്ടി വന്ന സീനിയേഴ്‌സും മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. അതോടപ്പം ക്ലാസില്‍ ആണ്‍കുട്ടികള്‍ കുറവാണെന്ന നിരാശയും. എന്നാല്‍ രണ്ടാം വര്‍ഷം തുടങ്ങിയപ്പോഴേക്കും സൗഹൃദ ബന്ധങ്ങള്‍ കൂടിവരികയും ഞങ്ങള്‍ പിരിയാന്‍ കഴിയാത്ത ഒരു കുടുംബം പോലെയാവുകയും ചെയ്തു.
നിരവധി സമയങ്ങളില്‍ ക്ലാസ് കട്ട് ചെയ്ത് കാന്റീനിലും ചീന മരച്ചോട്ടിലും പോയി സമയം തള്ളി നീക്കിയിരുന്നു. വരാന്തയായിരുന്നു ഞങ്ങളുടെ. ടേര്‍ണിംഗ് പോയിന്റ്. തീരുമാനങ്ങള്‍ എടുക്കപ്പെടുന്ന സ്ഥലം. ഒരുപാട് പ്രണയങ്ങളുടേയും സൗഹൃദങ്ങളുടേയും കഥ പറയാനുണ്ടാകും ചീനി മരത്തിന്റെ ചില്ലകള്‍ക്കും വരാന്തയിലെ തൂണുകള്‍ക്കും. കോളേജ് ഇലക്ഷന്‍ സമയത്ത് ഞാന്‍ ജീവിതത്തില്‍ ആദ്യമായി മത്സരിക്കുകയും ഏറ്റവും നിറഞ്ഞ മനസ്സോടെ എന്നെ പ്രതിനിധിയായി സെലക്ട് ചെയ്യപ്പെടുകയും ഉണ്ടായി. ആ നല്ല നിമിഷങ്ങള്‍ മറക്കാന്‍ കഴിയാത്തവരായിരുന്നു. തോറ്റവരും ജയിച്ചവരും ഒരു പോലെ ജാഥ വിളിച്ചപ്പോഴും അവിടെയെല്ലാം കലാലയത്തിന്റെ സൗഹൃദങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
2-ാം വര്‍ഷത്തിന്റെ അവസാനം ഞങ്ങള്‍ ..... എന്നും പറഞ്ഞ് ടൂര്‍ പോയി.കേരളത്തിലെ പ്രകൃതി കൊണ്ട് ജനമനസ്സുകളില്‍ ഇടം പിടിച്ച മലബാറിനോട് അടുത്ത് കഴിയുന്ന വായനാട്ടിലേക്ക്.നിരവധി നല്ല ഓര്‍മ്മകളും നിമിഷങ്ങളും സമ്മാനിച്ച ഒരു ട്രിപ്പ് ആയിരുന്നു അത്. എന്റെ കലാലയ ജീവിതത്തിലെ ആദ്യ ടൂര്‍.
3-ാം വര്‍ഷമായപ്പോഴേക്കും ദിനരാത്രങ്ങള്‍ കൊഴിഞ്ഞ് പോകുന്നത് പോലെ നിരവധി അധ്യാപകരും ഞങ്ങളില്‍ നിന്ന് അകന്ന് പോയി. എല്ലാവരും ഒരുപാട് സന്തോഷത്തോടെ വരികയും പടിയിറങ്ങുമ്പോള്‍ സങ്കടങ്ങള്‍ ഒരു ചിരിയിലൊതുക്കി യാത്ര പറയുമായിരുന്നു. ഞങ്ങള്‍ക്ക് നല്ല ഒരു അധ്യാപിക- വിദ്യാര്‍ത്ഥി സുഹൃദ് ബന്ധം ഉണ്ടായിരുന്നു.
ആ കുന്നിന്‍ പുറത്തെ കോളേജ് എന്ന് പറഞ്ഞ് പലരും ഞങ്ങളെ പുച്ഛിച്ചിരുന്നു. പക്ഷേ, അവര്‍ക്കറിയില്ലായിരുന്നു, ആ കുന്നിന്‍ പുറത്ത് ഞങ്ങളേയും കാത്ത് നിന്ന് കൊണ്ട് വിദൂരതയിലേക്ക് പ്രകാശം ചൊരിയുന്ന ഒരു കലാലയം ഉണ്ടെന്ന്. മനോഹരമായ ഒരു കാല്‍വെപ്പിന്റെ ഉറവിടമായിരുന്നു എന്റെ സഫ കോളേജ്. പുസ്തകത്തെ സ്‌നേഹിച്ചും ഫ്രണ്ട്‌സിനെ തിരഞ്ഞും നഷ്ട പ്രണയത്തെ ഓര്‍ത്ത് വിലപിച്ചും കളഞ്ഞ സമയങ്ങള്‍..  ഈ കലാലയത്തില്‍ ഇനി ഇതോടൊപ്പം എന്റെ കൂട്ടുകാരുടെ ഗര്‍ജ്ജനവും എനിക്ക് നഷ്ടപ്പെടാന്‍ പോവുകയാണ്. ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ഈ വാട്ട്‌സപ്പിലും ഫെയ്‌സ് ബുക്കിലും ഒതുങ്ങി തീരുമോ?. അതോ ഇതുപോലൊരു നല്ല നിമിഷം ഇനി ജീവിതത്തില്‍ പകര്‍ത്തിയെടുക്കാന്‍ കഴിയുമോ?  അറിയില്ല, ഇനി ഈ കലാലയത്തില്‍ നിന്നും പിരിഞ്ഞ് പോവുകയാണ്. അതോടൊപ്പം പലരുടേയും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഇവിടെ ബാക്കി നില്‍പ്പുണ്ട്. പലരുടേയും വിദ്യാര്‍ത്ഥി ജീവിതം ഇവിടെ അവസാനിക്കുമ്പോള്‍ ചിലര്‍ ഉന്നത പഠനം ലക്ഷ്യം വെച്ചാണ് പടിയിറങ്ങുന്നത്.  എവിടെ എത്തി ചേര്‍ന്നാലും ഈ കലാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ എല്ലാവരുടേയും ഹൃദയങ്ങളില്‍ സുരക്ഷിതമായിരിക്കും. ഇനിയും ഒരുപാട് നല്ല കൂട്ടുകാരെ എല്ലാവര്‍ക്കും നല്‍കട്ടേയെന്ന് മനസ്സില്‍ ഉറപ്പിച്ച് കൊണ്ട് കുന്നിന്‍ പുറത്ത് നിന്നും ഞങ്ങള്‍ പടിയിറങ്ങുകയാണ്.ഒരുപാട് ഓര്‍മ്മകളും സന്തോഷങ്ങളും ബാക്കിയാക്കി പടിയിറങ്ങുമ്പോള്‍ ആരുടെ ഹൃദയവും ഒന്നു കൊതിച്ച് പോകും,
കഴിഞ്ഞ് പോയ ആ വസന്തകാലം ഒന്ന് തിരികെ കിട്ടിയിരുന്നുവെങ്കില്‍...