ഏത് ഇരുട്ടിനും പരിഹാരമായി വെളിച്ചമുണ്ട്. എന്നാല്‍ വെളിച്ചത്തിനും വേണ്ടേ ഒരു വെളിച്ചം; ആ വെളിച്ചത്തിന്റെ പേരാണ് മുഹമ്മദ്. ഹൃദയങ്ങള്‍ക്ക് ആശ്വാസത്തിനും സന്തോഷത്തിനും വസന്തമുണ്ട് ലോകത്ത്; എന്നാല്‍ വസന്തത്തിനും വേണ്ടേ ഒരു വസന്തം. ആ വസന്തത്തിന്റെ പേരാണ് മുഹമ്മദ്. ഏത് സമുദായത്തിനും പടച്ച തമ്പുരാന്‍ പ്രവാചകരെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാചകര്‍ക്കും വേണ്ടേ ഒരു പ്രവാചകന്‍; ആ പ്രവാചകനാണ് മുഹമ്മദ് മുസ്തഫാ (സ).
ആധുനിക ലോകത്ത് അനവധി മതങ്ങളും നിരവധി പ്രത്യാശാസ്ത്രങ്ങളും നിലവിലുണ്ട്. ലോകത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മുഖ്യധാരകള്‍ യഥാക്രമം ജനാധിപത്യവും മതേതരത്വവുമാണ്. വിമര്‍ശകരുടേയും സന്ദേഹികളുടേയും സജീവമായ ചര്‍ച്ച പ്രവാചകന്‍(സ)യെ കുറിച്ച് നിലവിലുണ്ട്. ആദിമ മനുഷ്യന്‍ ആദ്യ പ്രവാചകനായിരുന്നു. പക്ഷേ, പ്രവാചകത്വം മുഹമ്മദ് നബിയോട് കൂടി അന്ത്യം കുറിച്ചിരിക്കുന്നു. അതിനാല്‍ തന്റെ വിയോഗം മുതലുള്ള മുഴുവന്‍ ജനതക്കും നബി (സ) നേതാവും മാര്‍ഗ്ഗദര്‍ശിയുമാണ്.
മനുഷ്യ ജീവിതതത്തിന്റെ നിഖില മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി (സ)സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക മേഖലയില്‍ നല്‍കിയ സന്ദേശങ്ങള്‍ മാതൃകാപരമാണ്. ലോകമാദരിക്കുന്ന നേതക്കാളെ പോലും സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത നബി(സ) മുസ്‌ലിമിന്റെ വിശ്വാസപരമായ പ്രതിബദ്ധതയും അമുസ്ലിമിന്റെ ബുദ്ധിപരമായ സത്യസന്ധതയും അര്‍ഹിക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും നല്ല ന്യായാധിപനെ കാണണമെങ്കില്‍ എന്റെ മകള്‍ ഫാത്തി മ കട്ടാലും അവളുടെ കൈ ഞാന്‍ മുറിക്കുമെന്ന് പ്രഖ്യാപിച്ച പ്രവാചകന്‍ മുഹമ്മദ് നബി(സ)ലേക്ക് നോക്കുക. ലോകത്തിലെ ഏറ്റവും നല്ല ആത്മീയ ചാര്യനെ കാണണമെങ്കില്‍ ആള്‍ക്കൂട്ടതില്‍ നിന്നകതന്ന് ഹിറാ ഗുഹയില്‍ ചെന്ന് ഏകാന്ത നിരതനായി നില്‍ക്കുന്ന അള്ളാഹുവന്റെ ഇഷ്ടദൂതനിലേക്ക് നോക്കുക. ലോകത്തിലെ ഏറ്റവും നല്ല പരിഷ്‌കര്‍ത്താവിനെ കാണണമെങ്കില്‍ ലോകത്തെ ഏറ്റവും മോഷപ്പെട്ട ഒരു ജനതയെ ലോകത്തെ ഏറ്റവും നല്ല സമുദായമാക്കി പരിവര്‍ത്തിപ്പിച്ച മുഹമ്മദ് നബി (സ)യിലേക്ക് നോക്കുക.
ഇസ്ലാമിക തത്വങ്ങള്‍ മുന്നോട്ട് വെച്ചിട്ടുള്ള സ്വഭാവ മഹിമ തന്നെ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു മാതൃക പ്രബോധകന്റെ ജീവിതം നയിക്കാന്‍ പര്യാപ്ത്തമാണ്. ആ രീതിയിലുള്ള മാതൃകാജീവിതമാണ് നമുക്ക് പ്രവാചക ജീവിതത്തില്‍ ദര്‍ശിക്കാന്‍ സാധിക്കുന്നത്. ക്ഷമയും സഹനവും ജീവിതത്തില്‍ മുഴുവന്‍ കാത്ത് സൂക്ഷിച്ചു. സ്‌നേഹവും വാത്സല്ല്യവും നിലനിര്‍ത്തി ബഹുമാനവും ആദരവും പതിവാക്കി, തുടങ്ങിയ സ്വഭാവ മഹിമകള്‍ കൊണ്ടനുഗ്രഹീതമായിരുന്നു അറുപത്തിമൂന്ന് വര്‍ഷത്തെ പ്രവാചക ജീവിതം.
മഹിതമായ സ്വഭാവവും സമ്പൂര്‍ണ വ്യക്തിത്വവും
ശുദ്ധമായ ഭാഷയില്‍ സ്പഷ്ടമായ ശൈലിയില്‍ ഒഴുക്കോടെ ആകര്‍ഷകമായി സംസാരിക്കുന്നവരായിരുന്നു നബി തിരുമേനി (സ). കൃത്രിമത്വമോ ജാഡയോ ഇല്ലാത്ത ആശയ ഗാംഭീര്യമുള്ള വചനങ്ങളായിരുന്നു അവുടുത്തെ സംസാരം. ഒരോ ഗോത്രവിഭാഗങ്ങളോടും അവരുടെ ഭാഷയില്‍ സംസാരിക്കുകയും സംവദിക്കുകയും ചെയ്യാന്‍ നബി (സ)ക്ക് കഴിയുമായിരുന്നു.
വിവേകവും സഹനവും പുലര്‍ത്താനും ശക്തിയുള്ളപ്പോള്‍ വിട്ടുവിഴ്ച ചെയ്യാനും പടച്ചവന്‍ അദ്ദേഹത്തെ പഠിപ്പിച്ചിരുന്നു.
ആഇശാ (റ)പറയുന്നു: രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പുസ്വാതന്ത്രം നല്‍കപ്പെട്ടാല്‍ അതില്‍ ഏറ്റവും എളുപ്പമുള്ളതായിരുന്നു പ്രവാചകന്‍ (സ) തെരഞ്ഞെടുത്തിരുന്നത്. അതൊരു പാപമാകാത്തെ കാലത്തോളം. പാപമാണെങ്കില്‍ അവിടുന്നായിരിക്കും അതിനോട് ഏറ്റവും അകന്നയാള്‍.
അല്ലാഹുവിന്റെ പവിത്രത ലംഘിക്കുമ്പോഴല്ലാതെ തന്റെ വ്യക്തിപരമായ കാര്യത്തില്‍ പ്രവാചകന്‍ ആരോടും പ്രതികാരം ചെയ്തിട്ടില്ല.
ദാരിദ്രം ഭയക്കാതെ ദാനം ചെയ്യുന്ന മനസ്സായിരുന്നു പ്രവാചകന്‍. ഇബ്‌നു അബാസ് (റ) പറയുന്നു:പ്രവാചകന്‍ ഏറ്റവും വലിയ ഉദാരനായിരുന്നു. റമാളാനില്‍ ജീബ്‌രീല്‍ അവിടുത്തെ സന്ദര്‍ശിക്കാന്‍ വരുമ്പോഴായിരുന്നു ഏറ്റവും കൂടുതല്‍ ഔദാര്യവാനായിരുന്നത്.
ധീരനായിരുന്നു പ്രവാചകന്‍. പ്രതിസന്ധിയില്‍ പതറാതെ പിടിച്ച് നില്‍ക്കുന്ന ധീരന്‍. ശത്രുമുഖത്തോട് ഭയമില്ലാതെ കുതിക്കുന്ന ധീരന്‍. പലധീരന്മാരും ചരിത്രത്തില്‍ പതറിയും പിന്‍വലിഞ്ഞതും നാം കാണുന്നുവെങ്കില്‍ അങ്ങിനെയൊണ് പ്രവാചക ചരിത്രത്തില്‍ നാം കാണുന്നില്ല.
അലി (റ) പറയുന്നു: യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ഞങ്ങള്‍ പ്രവാചകനെയാണ് അഭയം പ്രാപിക്കാറുള്ളത്. അപ്പോഴദ്ദേഹം ശത്രുവിന്റെ ഏറ്റവും അടുത്തായിരിക്കും.
അനസ് (റ) പറയുന്നു: ഒരിക്കല്‍ മദീനയില്‍ ഒരു ശബ്ദം കേട്ട സ്ഥാനത്തേക്ക് ആളുകളെല്ലാം വിഭ്രാന്തരായി രാത്രിയില്‍ ചെന്നപ്പോള്‍ തിരുമേനിയുണ്ട് കഴുത്തില്‍ ഒരു വാളും തൂക്കി അബൂത്വല്‍ഹയുടെ ജീനില്ലാത്ത കുതിരപ്പുറത്ത് അവിടെ നിന്ന് തിരിച്ച് വരുന്നു. '' ഒന്നും ഭയപ്പെടാനില്ല ഒന്നും ഭയപ്പെടാനില്ല '' എന്ന് പറഞ്ഞ് കൊണ്ട്.
ഏറെ ലജ്ജാലുവായിരുന്നു പ്രവാചകന്‍. മുറിക്കകത്ത് ഒളിഞ്ഞിരിക്കുന്ന കന്യകയേക്കാള്‍ ലജ്ജാലുവായിരുന്നു പ്രവാചകന്‍. എന്തെങ്കിലും അനിഷ്ടകരമായത് കണ്ടാല്‍ അവിടുത്തെ മുഖത്ത് പ്രകടമാകുമായിരുന്നു. ആരുടെയും മുഖത്തേക്ക് തുറിച്ച് നോക്കാതെ വിനയപൂര്‍വ്വം താഴോട്ടായിരുന്നു പ്രവാചന്‍ നോക്കിയിരുന്നത്.
നീതിമാനും വിശുദ്ധനും അവക്രമമായി സംസാരിക്കുന്നവനും ഏറെവിശ്വസ്ഥനായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി(സ). ശത്രു-മിത്ര ഭേതമന്യ ഏല്ലാവരും ഇതംഗീകരിക്കുന്നു. അല്‍ അമീന്‍(വിശ്വസ്ഥന്‍) ആയിരുന്നല്ലോ? പ്രവാചകത്വത്തിന് മുമ്പ് അദ്ദേഹം. ഇസ്‌ലാമിന് മുമ്പ് തന്നെ ജനങ്ങള്‍ ന്യായമായ വിധി തേടി അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. അബൂജഹ്‌ലിന്റെ വാക്ക് അലി(റ)നിന്നും തിര്‍മുദി രേഖപ്പെടുത്തുന്നു. ''നിന്നെയല്ല ഞങ്ങള്‍ കളവാക്കുന്നത്. നീ കൊണ്ട് വന്നതിനെയാണ്'' ഇതിന്റെ അടിസ്ഥാനത്തിലാണ് വിശുദ്ധ ഖുര്‍ആനിലെ 6:33 അവതരിച്ചത്. ഹിര്‍ഖലും അബൂസുഫ്‌യാനും തമ്മില്‍ നടന്ന സംഭാഷണത്തില്‍ ഹിര്‍ഖല്‍ അബൂസുഫ് ാനോട് ചോദിച്ചു: പ്രവാചകത്വം വാദിക്കുന്നതിന് മുമ്പ് അദ്ദേഹം കളവ് പറഞ്ഞിട്ടുണ്ടോ? അന്ന് ഇസ്‌ലം സ്വീകരിക്കാത്ത അബൂ സുഫ്‌യാന്‍ പറഞ്ഞത് ഇല്ല എന്നായിരുന്നു.
ദരിദ്രരെ സന്ദര്‍ശിക്കുക,പാവങ്ങളുടെ കൂടെ ഇരിക്കുക, അടിമകളുടെ ക്ഷണം സ്വീകരിക്കുക, അനുയായികളൊടൊപ്പം അവരെപ്പോലെ ഒരാളായിപെരുമാറുക എന്നിവയെല്ലാം പ്രവാചകന്റെ സ്വഭാവമായിരുന്നു.
ആഇശാ(റ)പറയുന്നു: പ്രവാചകന്‍ അവിടുത്തെ ചെരുപ്പ് കഷ്ണം വെച്ച് പിടിപ്പിക്കുകയും വസ്ത്രം കീറിയത് തുന്നുകയും ചെയ്യുമായിരുന്നു. വീട്ടില്‍ എല്ലാവരേയും പോലെ ജോലിയെടുക്കും, വസ്ത്രം വൃത്തിയാക്കും, ആടിനെ കറക്കും, സ്വന്തം കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്തിരിന്നു.
ഏറ്റവും നന്നായി കരാര്‍പൂര്‍ത്തീകരിക്കുകയും കുടുംബബന്ധം ചേര്‍ക്കുകയും ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറുകയും ചെയ്യുമായിരുന്നു പ്രവാചകന്‍ (സ). സല്‍ സ്വഭാവങ്ങളുടെ വിളനിലമായിരുന്ന പ്രവാചകന്‍ ദുസ്സ്വഭാവങ്ങള്‍ തീണ്ടുകപോലും ചെയ്തിരുന്നില്ല. തിന്മക്ക് തിന്മകൊണ്ട് പ്രതികാരം ചെയ്യാതെ വിട്ട് വിഴ്ചയായിരുന്നു അവിടുത്തെപതിവ്.
ഒരിക്കല്‍ ഒരു യാത്രയില്‍ ഒരാടിനെ അറുത്ത് പാകം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ കൂട്ടത്തില്‍ ഒരുത്തന്‍ പറഞ്ഞു: അറവ് എന്റെ ജോലി. പൊൡുന്നത് ഞാനേറ്റു. മറ്റൊരാള്‍ പറഞ്ഞു: എന്നാല്‍ ഞാന്‍ പാചകം ചെയ്യാം. മൂന്നമാതൊരാള്‍ പറഞ്ഞപ്പൊള്‍ നബി തിരുമേനി പറഞ്ഞു: വിറക് ശേഖരിക്കുന്നത് ഞാനാണ്. അപ്പോള്‍ അവരെല്ലാവരും പറഞ്ഞു: അങ്ങേക്ക് പകരമായി ഞങ്ങളുണ്ടല്ലോ! അവിടുന്ന് പ്രതികരിച്ചു. എനിക്കറിയാം നിങ്ങള്‍ മതിയെന്ന്. പക്ഷേ, നിങ്ങളില്‍ നിന്ന് ഭിന്നത പുലര്‍ത്താന്‍ ഞാനിഷ്ടപ്പെടുന്നില്ല. അല്ലാഹുവിന്റെ അടിമ തന്റെ സഹചരരില്‍ നിന്ന് ഭിന്നത പുലര്‍ത്തുന്നത് അല്ലാഹുവിന് ഇഷ്ടമല്ല. എന്ന് പറഞ്ഞ് കൊണ്ട് അവിടുന്നെഴുന്നേറ്റ് വിറക് ശേഖരിച്ച് വന്നു.
ഏറെ മൗനിയാകാറുള്ള അവിടുന്ന് അത്യാവശ്യത്തിനല്ലാതെ സംസാരിക്കാറില്ല, മോശമായി സംസാരിക്കുന്നവരുടെ അടുക്കല്‍ നിന്ന് പിരിഞ്ഞ് പോകും. ഏറെ ചുരുക്കിയൊ, കൂട്ടിയൊ സംസാരിക്കാത്ത അവിടുന്ന് സ്പഷ്ടമായിട്ടായിരുന്നു സംസാരിച്ചിരുന്നത്. പുഞ്ചിരിക്കുകയായിരുന്നു അവിടുത്തെ പതിവ്. അദ്ദേഹത്തെ ആദരിച്ച് കൊണ്ട് അനുയായികള്‍ പ്രവാചകന്റെ മുമ്പില്‍ പുഞ്ചിരിക്കുക മാത്രമേ ചെയ്യാറുള്ളൂ...
ചുരുക്കത്തില്‍, നബി തിരുമേനി അതുല്ല്യമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അവിടുത്തെ നാഥന്‍ അദ്ദേഹത്തെ ഏറ്റവും നല്ല ശിക്ഷണ ശീലങ്ങളാണ് വളര്‍ത്തികൊണ്ട് വന്നത്. ആ വിശിഷ്ട് വ്യക്തിത്വത്തെ ആദരിച്ച് കൊണ്ട് അല്ലാഹു പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു.(68.4)
ഈ വിശിഷ്ടസ്വഭാവമാണ് ജനസഞ്ചയത്തെ പ്രവാചക തിരുനബിയിലേക്ക് ആകര്‍ഷിച്ചത്.
ഒരിക്കല്‍ പ്രവാചകന്‍ നബി(സ)കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ അദ്ദേഹത്തെ പരിഹസിച്ച ഖുറൈശികളോട് പറഞ്ഞു: ഖുറൈശികളെ നിങ്ങള്‍ അറുത്ത് മുറിക്കപ്പെടുന്നത് പ്രതീക്ഷിച്ചിരിക്കുക. ഇത് കേട്ടപ്പോള്‍ സ്തബ്ധരായ അവരിലെ ഏറ്റവും വലിയ ക്രൂരന്‍ പോലും കാരുണ്യത്തിന് വേണ്ടി അദ്ദേഹത്തോട് യാചിക്കുകയുണ്ടായി.
തന്റെ ശിരസ്സില്‍ ഒട്ടകത്തിന്റെ കുടില്‍ മാലകള്‍ ചാര്‍ത്തിയവര്‍ക്കെതിരെ അവിടുന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ അവരുടെ എല്ലാ പരിഹാസ ചിരിയും അവസാനിക്കുകയും അവരുടെ നാശം അവര്‍ ഉറപ്പിക്കുകയും ചെയ്തു.
അബൂലഹബിന്റെ പുത്രന്‍ ഉത്ത്ബക്കെതിരെ പ്രാര്‍ത്ഥിച്ചപ്പോള്‍ ആ പ്രാര്‍ത്ഥന തന്നെ ബാധിക്കുമെന്നവന്‍ ഉറപ്പിച്ചു. അവസാനം സിംഹം അവനെ വേട്ടയാടിയപ്പോള്‍ അവന്‍ പറഞ്ഞു: മക്കയിലിരുന്നുകൊണ്ട് മുഹമ്മദ് എന്നെ കൊന്ന്കളഞ്ഞല്ലോ?
ഉബയ്യ് ബ്‌നുഖലഫ് നബി(സ) യെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. റസൂല്‍(സ)പറഞ്ഞു:നിന്നെ ഞാന്‍ വധിക്കുന്നതാണ്. ഇന്‍ഷാ അള്ളാഹ്. അവന്‍ പറഞ്ഞു: മുഹമ്മദ് എന്നെ വധിക്കുമെന്ന് മക്കയില്‍ വെച്ച് പ്രഖ്യാപിച്ചിരിക്കുന്നു. അല്ലാഹുവാണേ, അവന്‍ എന്റെ മേല്‍ ഒന്നുതുപ്പിയാല്‍ തന്നെ ഞാന്‍ മരിച്ചുപോകുമായിരുന്നു.
എല്ലാ വിഷയത്തിലെന്നപോലെ നേതൃത്വത്തിലും പൂര്‍ണ മാതൃകയാണ് നബി (സ) ഏത് പ്രതിസന്ധിഘട്ടത്തിലും സമൂഹത്തെ ധീരതയോടെ നയിക്കാനുള്ള കഴിവ് പ്രവാചകനുണ്ടായിരുന്നു. അന്ത്യപ്രവാചകന്‍(സ)യുടെ ജീവിതത്തിലുടനീളം സ്വീകരിച്ച് പോന്ന, തന്റെ സമുദായത്തിന് നല്‍കിപോന്ന അദ്ധ്യാപനങ്ങള്‍ തീര്‍ച്ചയായും ഇനിവരാനുള്ള സമൂഹത്തിനും സ്വീകരിക്കേണ്ടതാണെന്ന് അള്ളാഹു ഖുര്‍ആനിലൂടെ പ്രവാചകന്‍(സ)യോട് വ്യക്തമാക്കുന്നുണ്ട്. തീര്‍ച്ചയായും താങ്ങള്‍ മഹത്തായ സ്വാഭാവത്തിലാകുന്നു. (സൂറത്തുല്‍ ഖലം 4)
നബി(സ)യുടെ ശുദ്ധസഹവര്‍ത്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഹദീസ് അലി (റ)പറയുന്നു: നബി(സ) ഇപ്രകാരം പറഞ്ഞു: '' നിന്നോട് ബന്ധം വിഛേദിച്ചവരോട് നീ ബന്ധം പുലര്‍ത്തുക. നിന്നോട് മോശമായി പെരുമാറിയവരോട് നീ നല്ല രീതിയില്‍ വര്‍ത്തിക്കുക. സ്വന്തത്തിനെതിരായാല്‍ പോലും നീ സത്യം പറയുക''
പ്രവാചക ജീവിതത്തെ അടുത്തറിയുമ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നത് അവിടുത്തെ പെരുമാറ്റ മര്യാദകളാണ്. നമ്മോട് പെരുമാറുന്നവരോട് തിരിച്ചും നന്നായി പെരുമാറാന്‍ പ്രയാസമില്ല. അപമര്യാദയായി പെരുമാറിയവരോട് തിരിച്ച് പ്രതികരിക്കാനും ഏറെക്കുറെ എല്ലാവര്‍ക്കും സാധിക്കുന്നതാണ്. എന്നാല്‍ അതിനേക്കാള്‍ ഉല്‍കൃഷ്ടവും ശ്രമകരവുമാണ് തന്നെ ഉപദ്രവിച്ചവരോടും തന്റെ ശത്രുക്കളോടും വിട്ട് വീഴ്ച ചെയ്യാന്‍ സാധിക്കുക എന്നത് പ്രവാചകന്‍ (സ)യുടെ ഉത്തമ മാതൃകയും ഉല്‍കൃഷ്ട സ്വഭാവ ഗുണങ്ങളുമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.
കുട്ടികളെ സ്‌നേഹിക്കുകയും അവരോടൊത്ത് സമയം ചിലവഴിക്കുകയും ചെയ്ത പ്രവാചകന്‍ (സ) അവരിലെ സ്വകാര്യ വൈകൃതങ്ങളേയും പെരുമാറ്റ ദൂഷ്യങ്ങളേയും കണ്ടില്ലെന്ന് നടിക്കുകയോ ക്രൂരനടപടികളിലൂടെ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നില്ല. മറിച്ച്, മാന്യമായ രീതിയില്‍ കുട്ടികളുടേതായ ഭാഷയിലും സ്വാഭാവത്തിലും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി തിരുത്തുകയായിരുന്നു.
അബൂഹുറൈറ(റ)പറയുന്നതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ പറയുന്നു: നബി(സ)യുടെ പേരക്കുട്ടിയായിരുന്ന ഹസന്‍ (റ) ഒരിക്കല്‍ സക്കാത്തിന്റെതായി ശേഖരിക്കപ്പെട്ട കാരക്കയില്‍ നിന്ന് ഒന്നെടുത്ത് വായിലുട്ടു. ഇതുകണ്ട നബി (സ)പേര്‍ഷ്യന്‍ ഭാഷയില്‍ ച്ചെ,ച്ചെ എന്ന് പറയുകയും നമ്മള്‍ സക്കാത്തിന്റെ മുതല്‍ ഭക്ഷിക്കാറില്ലെന്ന് മോനെ നിനക്കറിയില്ലേ? അതെറിഞ്ഞ് കളയൂ എന്നുപദേശിക്കുകയും ചെയ്തു. അപ്രകാരം ഭക്ഷണതളികയുടെ മുമ്പിലിരുന്ന് തീന്‍മേശയില്‍ മര്യാദകള്‍ക്ക് ഭംഗം വരുത്തിയ സമയത്ത് പ്രവാചകന്‍ (സ) തന്നോട് പ്രതികരിച്ചതിന്റെ അനുഭവം അംറുബ്‌നു അബീ സലമ (റ)വിവരിക്കുന്ന ഹദീസ് ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്.
അംറുബ്‌നു അബീ സലമ (റ)പറയുന്നു: ഞാന്‍ നബി (സ)യുടെ സംരക്ഷണത്തില്‍ കഴിഞ്ഞ ഒരു കുട്ടിയായിരുന്നു. (ഭക്ഷണം കഴിക്കാതിരുന്നപ്പോള്‍) എന്റെ കൈ ഭക്ഷണത്തളികയിലൂടെ ഓടിനടന്നു. അപ്പോള്‍ നബി (സ)എന്നോട് ഇപ്രകാരം പറഞ്ഞു: മോനെ, ഭക്ഷണം കഴക്കുമ്പോള്‍ നീ ബിസ്മി ചൊല്ലുകയും നിന്റെ വലത് കൈകൊണ്ട് ഭക്ഷിക്കുകയും ചെയ്യുക. നിന്റെ അടുത്ത് നിന്ന് നീ തിന്നുക.
നിഷ്‌കളങ്കമായി സൃഷ്ടിക്കപ്പെട്ട മനുഷ്യജീവിതത്തിന്റെ ആരംഭ ദശയില്‍ മുളപെട്ടുന്ന കുസൃതിത്തരങ്ങളും വികൃതികളും ദുഃസ്വഭാവങ്ങളും ഇസ്ലാം കൃത്യമായി നിഷ്‌ക്കര്‍ഷിക്കുന്ന വഴികളിലൂടെ മാറ്റിയെടുക്കാമെന്നും പെരുമാറ്റ വൈകൃതത്തോടെയുള്ള ശിക്ഷാരീതികളും ഇടപെടലുകളും അവരെ കൂടുതല്‍ ദുഃസ്വാഭാവികളാക്കും എന്നതുമാണ് ഉന്നതമായ പ്രവാചക കര്‍മ്മങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നത്.
ബുഖാരി, മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഒരു അഅ്‌റാബി നബി(സ)ചെയ്ത ഒരു അതിക്രമത്തെ കുറച്ച് പറയുന്നു: അനസ് (റ)പറയുന്നു: ഞാന്‍പ്രവാചകന്‍ (സ) കൂടെ നടക്കുകയായിരുന്നു. ആ സമയത്ത് പ്രവാചകന്റെ ദേഹത്ത് നജ്‌റാനി നിര്‍മ്മിത വക്കുള്ള പരുപരുത്ത ഒരു തട്ടമുണ്ടായിരുന്നു. അപ്പോള്‍ ഒരു ഗ്രാമീണര്‍ പ്രവാചകന്‍ നബി(സ) കണ്ട്മുട്ടി. അയാള്‍ നബി(സ)യുടെ ദേഹത്തുണ്ടായിരുന്ന തട്ടം ശക്തമായി വലിച്ചു. അപ്പോള്‍ ഞാന്‍ പ്രവാചകന്‍ നബി(സ)യുടെ കവിളിലേക്ക് നോക്കി. വലിയുടെ ആഘാതത്തില്‍ തട്ടത്തിന്റെ വക്ക് അവിടെ മുറവേല്‍പ്പിച്ചിരുന്നു. പിന്നീട് ആ ഗ്രാമീണന്‍ പറഞ്ഞു: മുഹമ്മദ് നിന്റെ അടുത്തുള്ള അള്ളാഹുവിന്റെ ധനത്തില്‍ നിന്ന് എനിക്ക് വല്ലതും തരാന്‍ കല്‍പ്പിക്കുക. അപ്പോള്‍ പ്രവാചകന്‍ അയാളിലേക്ക് തിരിഞ്ഞ് നോക്കി പുഞ്ചിരിച്ചു. ശേഷം അയാള്‍ക്ക് വല്ലതും കൊടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.
ചുരുക്കത്തില്‍, പ്രവാചകനെ കുറിച്ച് എത്ര എഴുതിയാലും പറഞ്ഞാലും തീരാത്ത മഹത്വങ്ങളുടെ ഉടമയാണ്. പ്രവാചകന്റെ സ്വാഭാവം ഖുര്‍ആനാണെന്ന് പത്‌നി ആഇശാ (റ) വിലയിരുത്തുന്നത് ഇതോട് ചേര്‍ത്ത് വായിക്കാം.
പ്രവാചകനെ വിമര്‍ശിക്കാന്‍ തപസ്സിരുന്നവരാണ് ഓറിയന്റലിസ്റ്റുകള്‍. ഇതിന് ചരിത്രവും ഖുര്‍ആനും, ഹദീസ് പ്രമാണങ്ങളും പഠിച്ച് ന്യൂനത കണ്ടെത്താന്‍ ഓത്ത് പള്ളി മുതല്‍ യൂണിവേഴ്‌സിറ്റി വരെ സ്ഥാപിച്ചവരാണവര്‍. പക്ഷേ, അവസാനം അനിഷേധ്യവും അത്ഭുകരവുമായ ആ വ്യക്തി പ്രഭാവത്തിന് മുമ്പില്‍ അവര്‍ അടിയറ പറയേണ്ടിവന്നു. ചരിത്രകാരനും പണ്ഡിതനും ക്രിസ്തുമത പുരോഹിതനുമായ തോമസ് കാര്‍ലൈന്‍ തന്റെ പുസ്തകത്തില്‍ പറയുന്നത് ഇപ്രകാരം: 'സത്യസന്ധനും ഭക്തനുമായിരുന്നു മുഹമ്മദ്. അദ്ദേഹം വാക്കിലും പ്രവര്‍ത്തിയിലും ചിന്തയിലും സത്യാവാനായിരുന്നു. സംസാരത്തില്‍ മിത ഭാഷിയായിരുന്നു. അഭിപ്രായമില്ലാത്തപ്പോള്‍ നിശബ്ദത പാലിക്കും. സംസാരിക്കുമ്പോള്‍ നിശ്ചയദാര്‍ഢ്യമുള്ളവനും മാന്യനും ആത്മാര്‍ത്ഥതയുള്ളവനുമായിരുന്നു'. (ഹിറോസ് ആന്റ് ഹീറോവര്‍ഷിപ്പ്)
ഫ്രഞ്ച് കവിയും പണ്ഡിതനുമായ ലാമര്‍ട്ടിന്‍ പറയുന്നത് ഇങ്ങനെയാണ്. 'തത്വചിന്തകന്‍, പ്രസംഗകന്‍, ഭരണാധികാരി, പട്ടാളമേധാവി, ആശയജേതാവ്, വിവേകശീലന്‍, ആത്മീയ സാമ്രാജ്യസ്ഥാപകന്‍, ഇതെല്ലാമാണ് മുഹമ്മദ്'. (എ ടൂര്‍ ടു ഈസ്റ്റ്)
മറക്കുള്ളിലിരിക്കുന്ന കന്യകയേക്കാളും പരിശുദ്ധനാണ് മുഹമ്മദ്. മൃദുലവും സഹൃദയനുമായിരുന്നു, ആരെ സംരക്ഷിച്ചിരുന്നുവോ അവരുടെ വിശ്വസ്ഥ സംരക്ഷകനായിരുന്നു അദ്ദേഹം. തന്നെ കാണുന്നവര്‍ സ്വയം വിനയാന്വിതരാകും, സമീപിക്കുന്നവര്‍ സ്‌നേഹനിര്‍ഭരരാവും, താനുമായി സംസാരിക്കുന്നവര്‍ പറയും, ഇങ്ങനെയൊരു മനുഷ്യനെ ഞാന്‍ കണ്ടിട്ടേയില്ല. ഇത് പറഞ്ഞത് സ്റ്റാല്‍ലി ലെയിന്‍ പുള്‍. തന്റെ 'ദെ സ്പീചസ് ആന്റ് ടേബ്ള്‍ ടാക്ക് ഓഫ് പ്രൊഫറ്റ് മുഹമ്മദ്' എന്ന ഗ്രന്ഥത്തില്‍.
പ്രവാചകജീവിതം മറച്ച് വെക്കാനാകില്ല, അതില്‍ ദുരൂഹതിയില്ല, അവിടുത്തെ ഉറക്കം, ഉണര്‍വ്വ്, രഹസ്യം, പരസ്യം, യുദ്ധം, സമാധാനം എല്ലാം തുറന്ന പുസ്തകമാണ്. ലോകനേതാക്കളുടെ ചരിത്രത്തില്‍ ഞാന്‍ പറയുന്നത് പോലെ നിങ്ങള്‍ ചെയ്യണം എന്നും ഞാന്‍ ചെയ്യുന്നത് പോലെ നിങ്ങള്‍ ചെയ്യണമെന്നും അനുയായികളോട് പറയാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. കാരണം അവര്‍ നല്ലത് പറയുകയും തെറ്റ് പ്രവര്‍ത്തിക്കുകയും ചെയ്തു. എങ്കില്‍ മുഹമ്മദ് പറഞ്ഞതും ചെയ്തതും വിചാരിച്ചതും സത്യമായിരുന്നു എന്ന് സ്റ്റാലിന്‍ ലയിന്‍ പൂള്‍ പറഞ്ഞത് ശ്രദ്ധേയമല്ലേ
ലോകത്തിന് അനുഗ്രമായ പ്രവാചകന്‍ ലോകവാസികള്‍ക്കെല്ലാം കാരുണ്യം ചൊരിഞ്ഞിട്ടുണ്ട്. കുട്ടികള്‍,യുവാക്കള്‍, സ്ത്രീകള്‍, തൊഴിലാളികള്‍, വൃദ്ധര്‍, മൃഗങ്ങള്‍ എന്നിവര്‍ക്കെല്ലാം വേണ്ടി അവിടുന്ന് സംസാരിച്ചു. പൂച്ചയെ ദ്രോഹിച്ചവര്‍ നരകത്തിലാണെന്നും നായക്ക് വെള്ളം കൊടുത്ത വേശ്യ സ്വര്‍ഗ്ഗത്തിലാണെന്നും പറഞ്ഞു.
ശാശ്വതസമാധാനത്തിനുവേണ്ടിയുള്ള താത്ക്കാലിക പ്രതിരോധത്തിനല്ലാതെ രാജ്യം വെട്ടിപ്പിടിക്കാനൊ മറ്റൊ പ്രവാചകന്‍ (സ)യുദ്ധം ചെയ്തിട്ടില്ല. 'അഭയം ചോദിക്കുന്ന ബഹുദൈവ വിശ്വാസികള്‍ക്ക് പൂര്‍ണ്ണസംരക്ഷണം നല്‍കണം''( തൗബ 6) എന്ന ഖുര്‍ആനിക നിര്‍ദ്ദേശം പ്രവാചകന്‍ ഏത് സാഹചര്യത്തിലും നടപ്പിലാക്കുകയും അതിന് അനുയായികളെ പ്രത്യേകം പ്രേരിപ്പിക്കുകയും ചെയ്തു.


0 Comments