ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമം ഇന്ന് തകര്‍ച്ച നേരിടുകയാണ്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അഭിഭാഷകരുടെ അക്രമം ജനാധിപത്യത്തിന് വിള്ളല്‍ വിഴ്ത്തിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് അറിവും വിദ്യഭ്യാസവും നല്‍കേണ്ട മാധ്യമങ്ങള്‍ അവരുടെ കടമകള്‍ നിറവേറ്റുമ്പോള്‍ രാജ്യത്തെ സംരക്ഷിക്കേണ്ട ചുമതലയുള്ള നിയമജ്ഞരായ അഭിഭാഷകര്‍ അതിന് തടയിടുന്നത് വളരെ ലജ്ജാവഹമാണ്. മാധ്യമങ്ങളും അഭിഭാഷകരും രാജ്യത്തെ സംരക്ഷിക്കേണ്ടവരാണ്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം തടയുന്നത് പരിഷ്‌കൃതവും വിദ്യഭ്യാസവുമുള്ള സമൂഹത്തിന് യോജിച്ചതല്ല. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ മാധ്യമ സംസ്‌ക്കാരത്തിലും നിലവാരത്തിലും തകര്‍ച്ചയുണ്ടായിട്ടുണ്ട് എന്നത് വാസ്തവം തന്നെയാണ്. മാധ്യമ സ്വാതന്ത്രത്തിന് അവസരമുള്ളത് കൊണ്ട് തന്നെ മാധ്യമ പ്രവര്‍ത്തനം മത്സരമായി മാറുകയും അതിന് നിലവാര തകര്‍ച്ച പ്രകടമാകുന്നുണ്ട്. മാധ്യമങ്ങള്‍ മാധ്യമ പ്രവര്‍ത്തനം ചെയ്യുകയാണങ്കില്‍ പോലും പൊതു സ്ഥാപനങ്ങള്‍ മാധ്യമങ്ങളുടെ കീഴിലല്ല നടന്ന് പോകേണ്ടത്.
കോടതിയില്‍ എന്ത് നടക്കുന്നു എന്നറിയാനുള്ള അവകാശം പൊതുജനത്തിനുണ്ട്. കോടതികളില്‍ നിന്ന് മാധ്യമത്തെ അകറ്റി നിര്‍ത്തുന്നത് പൊതുജനങ്ങളെ അകറ്റി നിര്‍ത്തലും ജനങ്ങളുടെ അവകാശത്തെ നിഷേധിക്കലുമാണ്. '' വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ'' എന്ന ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന വാചകം തന്നെ ജനാധ്യപത്യ രാജ്യത്ത് ജനങ്ങള്‍ക്കുള്ള പങ്കിനെ വ്യക്തമാക്കുന്നുണ്ട്. ആ ജനങ്ങള്‍ തന്നെയാണ് ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്തിയത്. കോടതിയും നിയമ നിര്‍മ്മാണ സഭയും എക്‌സിക്യൂട്ടിവുമെല്ലാം നിര്‍മ്മിച്ചത് ജനങ്ങള്‍ തന്നെ. ആ ജനങ്ങളെ പൊതുസ്ഥാപനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനാണ് മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ നിന്നും തടയുന്നതിലൂടെ ബോധ്യപ്പെടുന്നത്. മാധ്യമങ്ങളെ കോടതിയില്‍ നിന്നും തടയുന്നതിന് നിയമം പഠിച്ചവര്‍ തന്നെ മുന്‍കൈയെടുക്കുമ്പോള്‍ അത് ജനാധ്യപത്യത്തിന്റെ വിള്ളലുകള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.
കോടതിയില്‍ ആര് കയറണമെന്നും കയറരുതെന്നും തീരുമാനിക്കേണ്ടത് അഭിഭാഷകരല്ലെന്നും കോടതി അരുടെയും സ്വകാര്യ സ്വത്തല്ലന്നും മുഖ്യമന്ത്രിക്ക് പരസ്യമായി പറയേണ്ടി വന്നത് നമുക്ക് നാണക്കേടാണ്.
ഹൈകോടതി ചീഫ് ജസ്റ്റിസും ഹൈകോടതി രജിസ്ട്രാര്‍ ജനറലും മാധ്യമങ്ങള്‍ക്ക് കോടതിയില്‍ വിലക്കില്ലെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞ് നാവെടുക്കും മുമ്പ് തന്നെ വഞ്ചിയൂര്‍ കോടതിയില്‍ വനിത മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിഭാഷകരുടെ അക്രമത്തിന് ഇരയായത്. ചര്‍ച്ചക്ക് ശേഷം ഇനിമേല്‍ അഭിഭാഷകരില്‍ നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാണ് കരുതിയത്. പക്ഷേ,ഫലം മറിച്ചായിരുന്നു.
ആക്ടിംങ് ചീഫ് ജസ്റ്റിസിന്റെയും മുതിര്‍ന്ന നാല് ജഡ്ജിമാരുടെയും സമിതിയെടുത്ത തീരൂമാനത്തെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് ഹൈകോടതിയിലും ഇതര കോടതിയിലും വിലക്കില്ലെന്ന് രജിസ്റ്റട്രാര്‍ ജനറല്‍ പുറപ്പെടുവിപ്പിച്ച അറിയിപ്പ് കാറ്റില്‍ പറത്താന്‍ മാത്രം ശക്തരാണ് അഭിഭാഷകര്‍ എന്ന് വായിക്കേണ്ടിയിരിക്കുന്നു. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്, നിക്ഷിപ്ത താത്പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നു എന്നാണ്. കാരണം, അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ പദവിയുള്ള വഞ്ചിയൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എ. ബദറുദ്ധീന്റെ കണ്‍മുന്നില്‍ വെച്ച് വനിതകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ അഭിഭാഷകരുടെ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകുമ്പോള്‍ നിസ്സഹായനായി നോക്കിനില്‍ക്കുകയല്ലായിരുന്നു വേണ്ടത്. മറിച്ച്, അദ്ദേഹത്തിന് പോലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാമായിരുന്നു. മേല്‍കോടതിയെ അറിയിക്കാമായിരുന്നു. ഇത് രണ്ടും സംഭവിക്കാത്ത സ്ഥിതിക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. ജഡ്ജിമാര്‍ പണത്തിന്റെ തൂക്കത്തിനനുസരിച്ചാണ് ആടുന്നതെന്ന്.
മാധ്യമ വിലക്കിന് ജഡ്ജിമാര്‍ കൂട്ട് നില്‍ക്കുന്നത് രാജ്യചരിത്രത്തില്‍ ആദ്യമായാണ് സംഭവിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി പത്രപ്രവര്‍ത്തകര്‍ കോടതിയില്‍ കയറി ഇറങ്ങുന്നത് തടയുന്നതിന് കൂട്ട് നില്‍ക്കുന്ന ജഡ്ജിമാര്‍ ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടാണ്. അകത്ത് നടക്കുന്നത് പുറത്തറിയരുത് എന്ന മനോഭാവം എന്തിനാണ്?
സത്യസന്ധമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ വേണ്ടി ചിലരെ ചുമതലപ്പെടുത്തുമ്പോള്‍ അതില്‍ അധികാര ദുരുപയോഗം ചെയ്യുന്നത് അത്തരക്കാര്‍ക്ക് യോജിച്ചതല്ല.
ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ഈ ഒത്തുകളി പൊതുജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം കുറക്കും. പ്രശ്‌നം തുടങ്ങുന്നത് ഒരു അഭിഭാഷകന്‍ ഒരു സ്ത്രീയെ സന്ധ്യാ നേരത്ത് നടുറോഡില്‍ കയറിപ്പിടിച്ച് മാനഭംഗം നടത്താന്‍ ശ്രമിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഈ വാര്‍ത്ത പത്ര പ്രവര്‍ത്തകര്‍ക്ക് നേരെ തിരിയുന്നതിന് വേണ്ടി അഭിഭാഷകരില്‍ ചിലര്‍ ദുരുപയോഗപ്പെടുത്തുകയായിരുന്നു. തെറ്റ് ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്. സമൂഹത്തിലത് പ്രശ്‌നവും തന്നെയാണ്. ആ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് പത്ര മാധ്യമങ്ങള്‍. അതിന് അഭിഭാഷക ദേശിയത കൊണ്ട് പത്ര- മാധ്യമങ്ങള്‍ക്ക് നേരെ തിരിയേണ്ട കാര്യമൊന്നുമില്ല. കോടതികളിലെ ഒത്ത് കളിക്ക് വേണ്ടി ചില ജഡ്ജിമാരും ചില അഭിഭാഷകരും അവസരം കാത്തിരിക്കുകയായിരുന്നു എന്ന് വരികള്‍ക്കിടയിലൂടെ വായിക്കാന്‍ സാധിക്കും.
മാധ്യമ പ്രവര്‍ത്തകരുടെ അസാന്നിദ്യം മനസമാധാനമുണ്ടാക്കുന്നുണ്ടെന്ന് ഒരു യോഗത്തില്‍ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് പറയാന്‍ സാധിക്കണമെങ്കില്‍ കോടതി മുറികളിലെ ചുമരുകള്‍ക്കുള്ളിലെ പത്ര- മാധ്യമ സാന്നിദ്യങ്ങളെ ഇവര്‍ എത്രത്തോളം ഭയക്കുന്നുണ്ടെന്ന് മനസ്സിലാക്കാം.
ജഡ്ജിമാര്‍ക്ക് ആരേയും ഭയപ്പെടേണ്ടതില്ല. ആരോടും നുണ പറയേണ്ടതില്ല. ആരോടും അനീതി കാണിക്കേണ്ടതില്ല. എന്നിരിക്കെ, നിര്‍ഭയമായും സത്യസന്ധമായും നീതി നിര്‍വ്വഹണം നടത്തുന്ന ജഡ്ജിമാരെന്തിന് മാധ്യമ സാന്നിദ്യത്തെ ഭയപ്പെടണം ?
കോടതിക്കുള്ളിലെ മാധ്യമ സ്വാതന്ത്രം ജഡ്ജിമാരെ ആശ്രയിച്ചല്ല നില നില്‍ക്കുന്നത്.
ചുരുക്കത്തില്‍, ജഡ്ജിമാര്‍ അഭിഭാഷകരുടെ അക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കുമ്പോള്‍ അല്ലെങ്കില്‍ വളരെ ലളിതമായി പറഞ്ഞാല്‍ അനീതിക്ക് നേരെ കണ്ണടക്കുമ്പോള്‍ ജനതയുടെ ദുരന്തമായി അത് മാറുകയാണെന്ന് പൊതുസമൂഹം അറിയേണ്ടതുണ്ട്. ഇതിനെതിരെ സമൂഹം ഒന്നിക്കാതിരുന്നാല്‍ അല്ലെങ്കില്‍ പ്രതികരിക്കാതിരുന്നാല്‍ ബീഹാറിലേയും, യൂ.പിയിലേയും കോടതി മുറികള്‍ക്കുള്ളില്‍ അരങ്ങേറുന്ന അസംബന്ധമായ നാടകങ്ങള്‍ പ്രബുദ്ധരെന്നവകാശപ്പെടുന്ന കേരളത്തിലും ആവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണ്. എന്തൊക്കെയായാലും കോടതിയേയും അഭിഭാഷകരേയും ഭയപ്പെട്ട് സത്യസന്ധമായ റിപ്പോര്‍ട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടവരല്ല പത്ര-മാധ്യമങ്ങള്‍. അങ്ങിനെ സംഭവിച്ചാല്‍ അത് ജനാധിപത്യത്തിന്റെ നാല് തൂണുകളില്‍ ഒന്നിനെ ഇളക്കിമാറ്റുന്നതിന് തുല്ല്യമാണ്. ആ വിള്ളലിന് പരിഹാരം കാണേണ്ടത് മാധ്യമ സമൂഹം തന്നെയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും മൂന്നാം തൂണായ ജൂഡീഷറിയും എങ്ങിനെയാണ് എതിര്‍ ദിശയില്‍ സഞ്ചരിക്കുക. ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്നതിന് ജൂഡീഷറിയും മാധ്യമങ്ങളും മുഖ്യപങ്ക് വഹിക്കുന്നുണ്ട്. എക്‌സിക്യൂട്ടിവും ലജിസ്ലേച്ചറും മാത്രം നില നിന്നത് കൊണ്ട് ജനാധിപത്യം പൂര്‍ണ്ണമാകില്ല. മാധ്യമങ്ങളും ജൂഡീഷറിയും അവയോടൊപ്പം പരസ്പര പൂരകമായി വര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യം നിലനില്‍ക്കുകയൊള്ളൂ. ആ ജനാധിപത്യത്തെ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയാവണം നമ്മുടെ പത്ര- മാധ്യമങ്ങളും അഭിഭാഷകരും പ്രവര്‍ത്തിക്കുകയും പെരുമാറേണ്ടതും

0 Comments