മുഹ്‌സിന്‍ മാരായമംഗലം


നവഭാരതം നാളിതുവരെ പരിചിതമല്ലാത്ത ചില സംഭവവികാസങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഭാരതീയ സ്വത്വം ഫാഷിസത്തിന്റെ കറുത്ത കരങ്ങളില്‍ പെട്ട് ഞെരിഞ്ഞമരുന്നത് പോലെ. രാഷ്ട്രത്തിന് പരിചിതമായ ബഹുസ്വര മൂല്യങ്ങളും സ്വാതന്ത്ര്യ ബോധവും ചില താല്‍പര്യങ്ങള്‍ക്ക് അടിയറവെക്കാന്‍ പൗരസമൂഹം നിര്‍ബന്ധിതമാവുന്ന അവസ്ഥ. അതിന്റെ പ്രതിഫലനങ്ങളാണ് രാഷ്ട്രത്തിലെ തന്നെ മുഖ്യധാരായൂണിവേഴ്‌സിറ്റിയായ ജെ. എന്‍. യു വിലും നാം കണ്ടത് എന്ന് പറയുന്നതില്‍ തെറ്റുണ്ടാവാന്‍ തരമില്ല. ജനാധിപത്യം വിഭാവനം ചെയ്യുന്ന മുല്യസങ്കല്‍പത്തിലധിഷ്ടിതമായി സാമൂഹിക സാഹചര്യങ്ങളെ വിമര്‍ഷിക്കുന്ന സര്‍ഗാത്മകചുറ്റുപാടാണ് രാഷ്ട്രത്തിലെ ക്രിയാത്മക ചലനങ്ങള്‍ കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥി സമൂഹങ്ങളില്‍ നിലനില്‍ക്കുന്നത്. വിധേയത്വങ്ങള്‍ക്കതീതമായി വിവേകപരമായ, ക്രിയാത്മക ചര്‍ച്ചകള്‍ കേവലസംവാദങ്ങള്‍ക്കപ്പുറം പുതിയ ആശയങ്ങളുടെ ഉദയത്തിന് ഇടനല്‍കുന്നതാണ് എന്നത് മേല്‍സൂചിപ്പിച്ച വിമര്‍ശനാത്മക സമീപനത്തിന് പ്രാസംഗികത നല്‍കുന്നു. ഇത്തരം ഒരു അന്തരീക്ഷമാണ് ഹൈദരാബാദിലും ജെ. എന്‍. യു വിലും നിലവിലെ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന വാര്‍ത്തക്കാധാരമായ സംഭവങ്ങള്‍ക്ക് നിദാനമാവുന്നത്. ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധികളില്‍ ഒരു തരി പോലും അതിര്‍ ലംഘിക്കപ്പെടാതെ സംഘടിക്കപ്പെട്ട വിദ്യാര്‍ത്ഥി കൂട്ടായ്മകളെ ഫാഷിസ്റ്റ് താല്‍പര്യങ്ങളുടെ കാവല്‍ ഭടന്‍മാര്‍ നിഷ്‌കാസനം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണ് ഇരു സംഭവങ്ങളിലും നാം കാണുന്നത്. അത് ഹൈദരാബാദില്‍ രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹുതിയില്‍ കലാശിച്ചുവെങ്കില്‍ ഡല്‍ഹിയില്‍ കനയ്യ കുമാര്‍ എന്ന 'രാജ്യദ്രോഹി' യുടെ ജനനത്തിലാണ് എത്തിനിന്നത്. ചുരുക്കത്തില്‍ , രാഷ്ട്രത്തിലെ വിദ്യാപീഠങ്ങളിലെ വിദ്യാര്‍ത്ഥി കൂട്ടായ്മകളില്‍ ഉടലെടുക്കുന്ന ചിന്തകളിലും ചര്‍ച്ചകളിലുമെല്ലാം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായവയെ ഭരണതലത്തിലുള്ള സ്വാധീനമുപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഫാഷിസത്തിന്റെ നേര്‍കാഴ്ചകളാണ് ഇവ.
യഥാര്‍ത്ഥത്തില്‍ ഇവര്‍ എന്താണ് ലക്ഷ്യമിടുന്നത്? രാഷ്ട്രനിര്‍മ്മിതിയുടെ അടിസ്ഥാനശിലകള്‍ കെട്ടിപ്പടുക്കുന്ന വിദ്യാപീഠങ്ങളില്‍ ഇവര്‍ സൃഷ്ടിക്കുന്ന ഈ ഇടപെടലുകള്‍ എന്തിന്റെ അടയാളപ്പെടുത്തലുകളാണ്? നിലവിലെ മോദി ഭരണകൂടം അധികാരമേറിയതിന്റെ ശേഷം വിദ്യാഭ്യാസ ധൈഷണിക മേഖലകളില്‍ അവര്‍ നട്ത്തിയ ഇടപെടലുകള്‍ ചിലതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ആസൂത്രിതമായ ഫാഷിസ്റ്റ് അജണ്ടകളുടെ പ്രായോഗികവല്‍കരണമാണ് ഈ മേഖലകളില്‍ നടന്ന് കൊണ്ടിരിക്കുന്നത്. എന്ന് ഇതിനെ ചുരുക്കാം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആര്‍. എസ്. എസ് പിന്തുടര്‍ന്നു വരുന്ന ആസൂത്രിതമായ പദ്ധതി രാഷ്ട്രനിര്‍മ്മിതിയുടെ ആണിക്കല്ലുകള്‍ ആയ വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങള്‍ വരുതയിലാക്കുക എന്നതാണ് ഇതിന്റെ പിന്നാമ്പുറം. സാമൂഹ്യരാഷ്ട്രീയ ക്രിയാത്മകത നിലനിര്‍ത്തുന്ന ആശയസംഹിതകള്‍ സൃഷ്ടിക്കപ്പെടുന്ന ഇത്തരം കേന്ദ്രങ്ങള്‍ക്കുമേല്‍ അധീശത്വം സൃഷ്ടി്ക്കുക വഴി  നൂതനമായ ചിന്തകളെയും ആശയങ്ങളെയും കടിഞ്ഞാണിട്ട് നിര്‍ത്തി രാഷ്ട്രത്തിന്റെ അടിസ്ഥാന സ്വഭാവം പരിവര്‍ത്തനവിധേയമാക്കലാണ് ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി സ്ഥാപനങ്ങള്‍ കയ്യടക്കുന്നതിനും നുഴഞ്ഞു കയറുന്നതിനും പ്രസിദ്ധീകരണങ്ങളില്‍ ഇടപെടുന്നതിനും അവര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉദൃത സംഭവങ്ങളെ ആധാരമാക്കി മാത്രമല്ല ഇത്തരം ഒരു നിഗമനം രൂപീകരിക്കേണ്ടി വരുന്നത്. കഴിഞ്ഞ എന്‍. ഡി. എ ഭരണകാലം മുഴുവനും ഈ നിഗമനത്തിന് അടുവരയിടുന്നു.
1972 ല്‍ നിലവില്‍ വന്നതാണ് മാനവവിഭവ വികസന വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക് റിസര്‍ച്ച് (ഐ. സി. എച്ച് . ആര്‍). സജീവവും ക്രിയാത്മകവുമായ നിരീക്ഷണങ്ങളിലൂടെയും ചര്‍ച്ചകളുലൂടെയും സന്തുലിതമായ ചരിത്രപഠനമാണ് ഈ സംവിധാനം വിഭാവനം ചെയ്യുന്നത് എന്നാല്‍ നിലവിലെ ഭരണകൂടം അധികാരമേറിയ മാസങ്ങള്‍ കഴിയും മുമ്പേ ഐ സി എച്ച് ആറിന്റെ തലവനായി നിയമിതനായ ആളാണ് യെല്ലാ പ്രഗദ സുദര്‍ശനറാവു. ഇദ്ദേഹത്തിന്റെ നിയമനം തന്നെകാള്‍ യോഗ്യതയുള്ളവര്‍ നോമിനേറ്റഡ് ലിസ്റ്റില്‍ ഉണ്ടായിരിക്കെതന്നെയായിരുന്നു. ആര്യന്‍ ചിന്താഗതികളെയും ജാതിവ്യവസ്ഥയുടെ വിവിധ മാനങ്ങളെയും അതിപ്രാധാന്യമുള്ളതായും വിശിഷ്ടമായതായും അഭിപ്രായ പ്രകടനം നടത്തിയ ഇയാള്‍ ആര്‍ എസ് എസ് നോമിനിയായിരുന്നു.എന്ന് പിന്നീട് ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തി. തുടക്കത്തിലേ ആരോപണങ്ങള്‍ നേരിട്ട ഇയാള്‍ പിന്നീട് രാജി സമര്‍പ്പിക്കുകയുണ്ടായി. ഭാരതീയ ചരിത്രത്തെ തന്നെ ഹിന്ദുത്വ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി തിരുത്തിയെഴുതാനുള്ള ഫാഷിസ്റ്റ് അജണ്ടയുടെ ബാക്കിപത്രമായേ പ്രസ്തുത നിയമനത്തെ കാണാനാവൂ.
ഇതിനു ചേര്‍ത്തു വായിക്കേണ്ട മറ്റൊരു സംഭവമാണ് ഗുജറാത്ത് ഗവണ്‍മെന്റിന്റെ സിലബസ് പരിഷ്‌കരണം. ഔദ്യോഗിക സിലബസിന്റെ അനുബന്ധവായനകള്‍ക്കായി ഗവണ്‍മെന്റ് വിതരണം ചെയ്ത പുസ്തകങ്ങളിലായിരുന്നു ആര്‍ എസ് എസിന്റെ ഇടപെടല്‍ വ്യക്തമായി അനുഭവപ്പെട്ട് ആര്‍ എസ് എസിന്റെ വിദ്യാര്‍ത്ഥി വിംഗായ വിദ്യാഭാരതിയുടെ എക്‌സിക്യൂട്ടീവ് മെമ്പര്‍ ദീനനാഥ് ബത്രയുടെ 7 പുസ്തകങ്ങളാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ വിതരണം ചെയ്തത്. പുസ്തകത്തിലെ പലഭാഗങ്ങളും മുന്നോട്ട് വെക്കുന്ന ചില ആശയങ്ങള്‍ ആണ് സാമൂഹ്യ പ്രതിബദ്ധതയുള്ള രാഷ്ട്രത്തോട് കൂറുപുലര്‍ത്തുന്ന പൗരനാകണമെങ്കില്‍ ദിനേന ആര്‍ എസ് എസ് ശാഖകള്‍ സന്ദര്‍ശിക്കണമമെന്നും അത് വഴി നല്ല ബന്ധങ്ങള്‍ കെട്ടിപ്പടുക്കണമെന്നും തുടങ്ങിയവ. ഇത് വ്യക്തമാക്കുന്നുണ്ട്. , എത്രമാത്രം ആസൂത്രിതമായാണ് വരുംതലമുറയുടെ ധൈഷണികതയെ ഹിന്ദുത്വവത്കരിക്കുന്നതിന് സംഘികള്‍ പരിശ്രമിക്കുന്നതെന്ന്.
ഈ ഇടപെടലുകളുടെ മറ്റൊരു മുഖമായി സ്‌ക്കൂളുകളെിലെ യോഗദിനാചരണത്തെ വിലയിരു്ത്താനാണ് ഇപ്പോള്‍ തോന്നുന്നത്. യോഗ പ്രദാനം ചെയ്യുന്ന ഗുണഫലങ്ങളെ നിരസിക്കുകയല്ല. മറിച്ച് പൊതുസമൂഹത്തെ തന്നെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു വിഭാഗമാണ് ഇത്തരം കാര്യങ്ങള്‍ മുന്നോട്ട് വെക്കുന്നത് എന്നതാണ് ആശങ്കകള്‍ക്ക് നിദാനം. പ്രത്യേകിച്ചും സൂര്യനമസ്‌കാരമടക്കമുള്ള കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍ പേഴ്‌സണ്‍ നിയമനവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു. ഗജേന്ദ്രചൗഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലപ്പത്ത് വരുന്നത് മികവിന്റെ പേരിലല്ല. മറിച്ച് പാര്‍ട്ടിയോടുള്ള വിധേയത്വത്തിന്റെ പേരിലായിരുന്നു. പുതിയ ചിന്തകളും കാഴ്ചപ്പാടുകളു ം നയങ്ങളും ഉടലെടുക്കുന്ന വിദ്യാസംവിധാനങ്ങളില്‍ ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന കൈകടത്തലുകളുടെ ഈ പരമ്പര യിലെ അവസാനചിത്രങ്ങളാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയും ജെ.എന്‍. യുവും. പലപ്പോഴും സംഘികളുടെ ഈ നടപടികള്‍ക്ക് കാമ്പസുകളില്‍ വിഘാതം സൃഷ്ടിക്കാറുള്ളത് അംബേദ്കര്‍ സൊസൈറ്റി പോലുള്ള ദളിത് സംവിധാനങ്ങളും ഇടത് ലിബറല്‍ ആശയത്തിന്റെ പിന്‍മുറക്കാരുമാണ്. അവര്‍ക്കെതിരെയുള്ള രാഷ്ട്രീയ പടപ്പുറപ്പാടിന്റെ ഫാഷിസ്റ്റ്  മുഖമാണ് രോഹിത് വെമുലയെന്ന ദലിത് രക്തസാക്ഷിയെയും കനയ്യകുമാര്‍ എന്ന രാജ്യദ്രോഹിയെയും സൃഷ്ടിച്ചത്.
ഇവിടെയെല്ലാം നാം മനസ്സിലാക്കേണ്ട മറ്റൊരു പ്രധാന വസ്തുത, നിലവില്‍ ആര്‍ എസ് എസ് പിന്തുടരുന്ന ഈ അജണ്ട തന്നെയായിരുന്നു ജര്‍മനിയിലെ ഫാഷിസവും കൈകൊണ്ടിരുന്നത്. തങ്ങളുടെ ആദര്‍ശവ്യാപനത്തിനായി സമൂഹത്തിലെ ബുദ്ധിജീവികളെയും സാംസ്‌കാരിക സ്ഥാപനങ്ങളെയും വരുതിയിലാക്കുകയായിരുന്നു അവര്‍ ആദ്യം ചെയ്തത്. തുടര്‍ന്നാണ് അവര്‍ സാധാരണ ജനങ്ങളിലേക്ക് കടന്നത്. ഹിറ്റലറുടെ ചരിത്രം അവസാനിച്ചുവെന്ന് വിശ്വസിക്കുന്ന നമുക്ക് അതവസാനിച്ചില്ലെന്നും അതിനിയുമാവര്‍ത്തിക്കാന്‍ ആവത്ശ്രമിക്കുമെന്നുമുള്ള സന്ദേശമാണ് ആര്‍. എസ്. എസ് സമൂഹത്തിന് നല്‍കുന്നത്. ഭാരതീയ സംസ്‌കാരത്തിന്റെ മൂല്യവും പൈതൃകവും ശ്രദ്ധേയമാകുന്നത് അതിന്റെ ബഹുസ്വര മാനങ്ങളിലാണ്. അവയെ പരിരക്ഷിക്കുന്നവരാണ് ഭാരതീയതയുടെ സംരക്ഷകര്‍. അതന്റെ കാവല്‍ഭടന്‍മാര്‍ സാംസ്‌കാരികസ്വത്വത്തിന്റെ പ്രതലത്തില്‍ വിള്ളലുകള്‍ തീര്‍ക്കുന്ന സംഘി ശക്തികളെ കരുതിയിരിക്കുക. കാരണം, പിച്ചിച്ചീന്തപ്പെടുന്നത് നമ്മുടെ സ്വത്വമാണ്.