പ്രബോധകന്മാര്‍ പല തരക്കാറാണ്. ചിലര്‍ നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലേക്ക് ക്ഷണിക്കുന്നു. ചിലര്‍ സ്വര്‍ഗത്തില്‍ നിന്ന് നരകത്തിലേക്ക് ക്ഷണിക്കുന്നു. മറ്റു ചിലര്‍ സ്വര്‍ഗത്തില്‍ നിന്ന് തന്നെ സ്വര്‍ഗത്തിലേക്കും നരകത്തില്‍ നിന്ന് തന്നെ നരകത്തിലേക്കും പ്രബോധനം ചെയ്യുന്നു. എന്നാല്‍ ഇത് കൂടാതെ അഞ്ചാമത്തെ ഒരു വിഭാഗം കൂടിയുണ്ട് ചരിത്രത്തില്‍; നരകത്തിന്റെ താഴേ തട്ടില്‍ നിന്ന് സ്വര്‍ഗത്തിന്റെ മേലേ തട്ടിലേക്ക് ആളുകളെ ക്ഷണിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നവര്‍. ആ പ്രബോധന രീതിയായിരുന്നു മഹാനായ ശൈഖ് ജീലാനി (റ)ന്റെത്.
പേര്‍ഷ്യയിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ ജീലാന്‍ പ്രവിശ്യയിലെ നയീഫ് ദേശത്ത് (എ.ഡി 1077ല്‍ ഹിജ്‌റ 470 ) ലെ റമളാന്‍ മാസത്തില്‍ ശൈഖ് മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ (ഖ.സി) ജനിച്ചു.
ശൈഖ് ജീലാനിയുടെ ജന്മം തന്നെ അത്ഭുതവും, അനുഗ്രഹ പൂര്‍ണ്ണവുമായിരുന്നു. പ്രവാചകന്റെ പൗത്രന്‍ ഹസ്‌റത്ത്(റ)വിന്റെ സന്താന പരമ്പരയിലെ തിരു ശ്രേഷ്ഠന്‍ അബൂ സ്വാലിഹിന്റെയും ഇളയ പൗത്രന്‍ ഹസ്‌റത്ത് ഹുസൈന്‍ (റ)ന്റെ ക്രമാനുഗത പരമ്പരയിലെ അബ്ദുള്ള സൗമഇയുടെ പുത്രി ഫാത്തിമ (റ)യുടെയും ദാമ്പത്യ വല്ലരിയില്‍ പിറന്ന ജീലാനി (ഖ.സി) പ്രവാചക പാരമ്പര്യത്തിന്റെ പവിത്രമായ മഹാത്മ്യവും ആവാഹിച്ചെടുത്തു.
മതപരമായ പരിശുദ്ധിയില്‍ നല്ല കീഴ് വഴക്കമുണ്ടായിരുന്ന ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ)യുടെ ഉമ്മ ഉമ്മുല്‍ ഖൈര്‍ അമത്തുല്‍ ജബ്ബാര്‍ ഫാത്തിമ(റ) ഇങ്ങനെ പറയുന്നു. '' ഒരിക്കല്‍ ജനങ്ങള്‍ക്ക് റമളാന്‍ പിറന്നത് അവ്യക്തമാക്കപ്പെട്ടു. അപ്പോള്‍ ജനങ്ങള്‍ എന്റെ അരികിലെത്തി ചോദിച്ചു. ഞാന്‍ പറഞ്ഞു: കുട്ടി ഇന്ന് മുല കുടിച്ചിട്ടില്ല. പിന്നീട് മനസ്സിലായി ആ ദിവസം റമളാനായിരുന്നുവെന്ന്''
പിറവിയിലും വൈവിധ്യ വിസ്മയങ്ങളുടെ കലവറകള്‍ തീര്‍ത്ത് നിയോഗിതനായ അബ്ദില്‍ ഖാദിര്‍ ജീലാനി(റ)അന്നുമുതല്‍ വിശ്വവിഖ്യാതനായി.
പിറവിക്കുടനെ സംഭവിച്ച പിതാവിന്റെ വിയോഗം കുഞ്ഞിന് അനാഥത്വം പകരുകയും രക്ഷാകര്‍തൃത്ത്വം പൂര്‍ണ്ണമായും മാതാവിലും മാതൃപിതാവിലും അധിഷ്ടമാവുകയും ചെയ്‌തെങ്കിലും കുഞ്ഞിന്റെ കളിപ്രായത്തില്‍ പ്രകടമായ വിചിത്ര സംഭവങ്ങള്‍ മാതാവില്‍ തീര്‍ത്ത വിസ്മയം വൈവിധ്യത്തിന്റെ മുഴുവന്‍ പ്രാരാബ്ധങ്ങളേയും ഇല്ലാതാക്കി. തന്റെ കുഞ്ഞില്‍ ശോഭനമായ ഭാവിയുണ്ടെന്നവര്‍ മനസ്സിലാക്കുകയും മകനില്‍ അനുഭവവേദ്യമാകുന്ന അത്ഭുത സംഭവങ്ങളില്‍ അവര്‍ ആശ്ചര്യത്തോടെ ആഹ്ലാദിച്ചു.
അറിവിന്റെ ഉറവിടം തേടാനും സജ്ജനങ്ങളുടെ സാമീപ്യം നേടാനും നിങ്ങളെന്നെ ബാഗ്ദാദിലേക്കയക്കണമെന്ന മകന്റെ മകന്റെ വിസ്മയകരമായ വിവരണം കേട്ട് ആ ഉമ്മ വിതുമ്പി. വാര്‍ദ്ധ്യക്യത്തിന്റെ പരാധീനതകള്‍ കള്‍ക്കിടയില്‍ മകന്റെ വേര്‍പ്പാടിന്റെ വേദന ആ ഉമ്മയുടെ ഹൃദയത്തെ സങ്കടപ്പെടുത്തിയെങ്കിലും അറിവിന്റെ അടങ്ങാത്ത ദാഹമകറ്റാനുള്ള അരുമമകന്റെ അതിയായ അഗ്രഹത്തിന് മുന്നില്‍ തന്റെ ആഗ്രഹങ്ങളെല്ലാം അവര്‍ കെട്ടടക്കേണ്ടി വന്നു.

ശൈഖ് ജീലാനിയുടെ പ്രബോധനം

തീര്‍ത്തും സങ്കീര്‍ണ്ണവും ദുര്‍ഗ്രാഹ്യവുമായ ചുറ്റുപാടിലായിരുന്നു ശൈഖ് ജീലാനി(റ)തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകേണ്ടിയിരുന്നത്. നന്മയുടെ ചെറിയ കിരണമെങ്കിലും ലോകത്ത് അവശേഷിപ്പുണ്ടായിരുന്നു എന്ന് പറയാന്‍ പോലും പറ്റുന്നതായിരുന്നില്ല. അക്കാലത്ത് ബാഗ്ദാദും പരിസ പ്രേദേശങ്ങളും ഇസ്ലാമിന്റെ ജ്ഞാന വ്യവസ്ഥയും ജീവന പദ്ധതിയും തകിടം മറിക്കപ്പെട്ടതിന് പുറമെ ആളുകള്‍ തനി ഭൗതികതയിലും ധാര്‍മ്മിക അധപതനത്തിലുമായിരുന്നു കഴിഞ്ഞ് കൂടിയിരുന്നത്.
ഇസ്ലാമിക ഭൗതിക ചൈതന്യങ്ങളുടെ പ്രഥമ നിമിത്തമായ ഖിലാഫത്ത് പേരിന് നിലനിന്നിരുന്നുവെങ്കിലും അവയുടെ വാക്താക്കള്‍ക്ക് മുന്‍ഗാമികളായ ഖുലഫാഇറാഷിദുകള്‍ കാണിച്ച് തന്ന പാത പിന്തുടരാനോ അവര്‍ പുലര്‍ത്തി പോന്നിരുന്ന നീതി നിഷ്ഠയോട് കൂറുപുലര്‍ത്താനൊ സാധിച്ചിരുന്നില്ല. കൊട്ടാരങ്ങളില്‍ അരങ്ങേറിയിരുന്നത് രാജവെപ്പാട്ടികളുടെ നൃത്ത സംഗീതങ്ങളും നടനനാട്യങ്ങളുമായിരുന്നു.
സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തികൊണ്ടിരുന്നതും മുസ്ലിംകള്‍ അള്ളിപിടിച്ചിരുന്നതും ഇസ്ലാമേതര സംസ്‌ക്കാരങ്ങളില്‍ നിന്ന്  ഇറക്കുമതി ചെയ്യപ്പെട്ട ജ്ഞാന രൂപങ്ങളോടായിരുന്നു. അക്കാലത്ത് ശോഭിച്ച് നിന്നിരുന്ന ഗ്രീക്ക് റോമന്‍ സംസ്‌ക്കാരങ്ങളായിരുന്നു ഇതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. ജ്ഞാന വ്യവസ്ഥക്കു സംഭവിച്ച ഈ ഭ്രംശം സമൂഹത്തെ കൊണ്ടെത്തിച്ചത് ശക്തമായ  ധാര്‍മ്മികാധപതനത്തിലേക്കും ഭൗതിക പ്രേമത്തിലേക്കുമാണ്. ആളുകള്‍ കൂട്ടത്തോടെ ദുന്‍യാവിനെ അന്വേഷിച്ച് യാത്ര പുറപ്പെട്ടതിനാല്‍ സമൂഹത്തിലെ നൂറാം കിട പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കുമൊന്നും പിടിച്ചുകെട്ടാന്‍ പറ്റാത്തതിനപ്പുറത്തായിരുന്നു മുസ്ലിംകളുടെ അവസ്ഥ.
തസ്വവ്വുഫ് പോയിട്ട് കേവല ഇസ്ലാം പോലും വ്യക്തി ജീവിതത്തില്‍ നിന്ന് തൂത്തെറിയപ്പെടാന്‍ മാത്രം കഠോരമായിരുന്നു അന്നതെ ഭൗതിക സാഹചര്യം. ഇത്തരമൊരു പ്രതിസന്ധിയോടുള്ള പോരാട്ടം കേവലം പ്രബോധനം കൊണ്ട് മാത്രം സാധിക്കുന്നതല്ല എന്ന് മനസ്സിലാക്കിയ മഹാനായിരുന്നു ശൈഖ് ജീലാനി (റ). മറിച്ച്, ഇത് പോലുള്ള രോഗത്തിന്റെ പ്രതിവിധി പ്രവാചകന്‍ ചെയ്തത് പോലെ സ്വന്തം വ്യക്തി പ്രഭാവത്തില്‍ നിന്നും ആത്മ സംസ്‌ക്കരണത്തില്‍ നിന്നും പ്രസരിച്ച് കൊണ്ടിരിക്കുന്ന പ്രകാശത്തില്‍ മറ്റുള്ളവരെ ലയിപ്പിക്കുകയും അങ്ങനെ അവരെ അധപതനത്തില്‍ നിന്ന് നന്മയിലേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്യുകയാണ്.
തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഭവമായി മഹാനവര്‍കള്‍ തന്റെ കൂടെ കരുതിയിരുന്ന മൂന്ന് ഒരുക്കങ്ങളായിരുന്നു പാണ്ഡിത്യവും ഭൗതിക നിരാസവും ധാര്‍മികമൂല്യവും. പ്രബോധനത്തിനും സംസ്‌ക്കാരത്തിനും ആവശ്യമായ ഈ മൂന്ന് കാര്യങ്ങളും ഒരു പോലെ സമ്മേളിച്ചപ്പോള്‍ ശൈഖ് ജീലാനി(റ) തന്റെ ലക്ഷ്യം അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കാന്‍ സാധിച്ചു.
രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും അഭിപ്രായങ്ങളെയും അവര്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുന്ന അവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ വാക്യങ്ങളും നബി വചനങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യുന്ന മത വിധികളെ വളച്ചൊടിക്കുന്ന ദുഷ് പ്രവര്‍ത്തികള്‍ ചെയ്യാനും അനീതിയും അഴിമതിയും നിറഞ്ഞ ഭരണം നടപ്പിലാക്കാനും അവര്‍ക്ക് ധൈര്യം പകരുന്ന കൊട്ടാര പണ്ഡിതന്മാരെയും ഔദ്യോഗിക പണ്ഡിതന്മാരെയും ശൈഖ് ജീലാനി (റ) കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
കൊട്ടാര പണ്ഡിന്മാരെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. '' നിങ്ങളും അവരും (പരലോക പണ്ഡിതന്മാര്‍)എവിടെ? വിജ്ഞാനത്തിലും പ്രവര്‍ത്തിയിലും വഞ്ചിക്കുന്നവരെ, അള്ളാഹുവിന്റെയും റസൂലിന്റെയും ശത്രുക്കളെ, അള്ളാഹുവിന്റെ അടിമകളെ കവര്‍ച്ച ചെയ്യുന്നവരെ, നിങ്ങള്‍ വ്യക്തമായ അക്രമത്തിലും കാപട്യത്തിലുമാണ്. ഈ കാപട്യം ഏത് വരെ? പണ്ഡിതന്മാരോടും ത്യാഗികളോടും ഐഹിക സുഖാഢംബരങ്ങള്‍ നേടാന്‍ വേണ്ടി രാജാക്കന്മാരോടും സുല്‍ത്താന്‍മാരോടും എത്ര കപടമായാണ് നിങ്ങള്‍ പെരുമാറുന്നത്. അള്ളാഹുവിന്റെ അടിമകള്‍ക്കുള്ള അവന്റെ സ്വത്തില്‍ നിങ്ങളും ചില രാജാക്കന്മാരും വഞ്ചന നടത്തുന്നവരും അക്രമികളുമാണ്. അല്ലാഹുവെ, ഈ കപട പണ്ഡിതന്മാരുടെ ശക്തി നീ തകര്‍ക്കണമേ....
അല്ലെങ്കില്‍ അവരുടെ പശ്ചാതാപം നീ സ്വീകരിക്കേണമേ.... അക്രമികളെ നീ അടിച്ചമര്‍ത്തുകയൊ അല്ലെങ്കില്‍ അവരെ നീ നന്നാക്കുകയൊ ചെയ്യേണമേ (ഫത്തുഹു റബ്ബാനി)
സുഖാഢംബരങ്ങളില്‍ മുഴുകി മതത്തെയും മത-ധര്‍മ്മങ്ങളെയും കാറ്റില്‍ പറത്തി ഇസ്ലാമിക  അവകാശങ്ങള്‍ ആസ്വാദിക്കാന്‍മാത്രം ഇസ്ലാമിക അനുഭാവികളായി അഭിനയിക്കുന്ന ഇസ്ലാമിക ബാധ്യതകള്‍ നിറവേറ്റുകയൊ അതിന്റെ മഹത്വം മനസ്സിലാക്കുകയൊ ശരീഅത്തിനനുസരിച്ച് ജീവിക്കുകയൊ ചെയ്യാത്ത ഇസ്ലാമിക സമൂഹത്തില്‍ വളര്‍ന്ന്  വന്ന കപട വിശ്വാസങ്ങളെ ശൈഖ് ജീലാനി(റ) ശക്തമായി വിമര്‍ശിച്ചു.
അദ്ദേഹം പറയുന്നു. കപടന്മാരെ ദീന്‍ രാകഥയാണെന്നും വെറുതെയാണെന്നും നിങ്ങള്‍ വിചാരിക്കുന്നുവോ? നിങ്ങള്‍ക്കും  പിശാചുക്കള്‍ക്കും നിങ്ങളുടെ ദുഷിച്ച കൂട്ടുകാര്‍ക്കും മഹത്വം ലഭിക്കാതിരിക്കട്ടെ. അല്ലാഹുവെ  എന്റെയും അവരുടെയും പശ്ചാതാപം സ്വീകരിക്കൂ.... കാപട്യത്തിന്റെ നിന്ദ്യതയില്‍ നിന്നും ശിര്‍ക്കിന്റെ ചങ്ങലയില്‍ നിന്നും അവരെ നീ രക്ഷിക്കൂ. (ഫത്ത്ഹു റബ്ബാനി)
 ചുരുക്കിപ്പറഞ്ഞാല്‍, ഭൗതിക പ്രേമത്തോടും ദുന്‍യാവിനെ കെട്ടിപ്പുണര്‍ന്നവരെയും ശക്തമായി വിമര്‍ശിക്കുന്നവരായിരുന്നു ശൈഖ് ജീലാനി (റ). സ്വന്തം ഗ്രന്ഥങ്ങളും അധ്യാപനങ്ങളും ജീവിതവും തന്നെയായിരുന്നു ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം. ലാളിത്യവും ലഘുത്വവും കൈമുതലാക്കിയ അദ്ദേഹം  ശിഷ്യന്മാരുടെയൊ, രാജാക്കന്മാരുടെയൊ, സമ്പന്നന്മാരുടെയൊ പ്രതിഫലത്തിന് കാത്ത് കഴിഞ്ഞിരുന്നില്ല. വേണ്ടി വന്നാല്‍ അരാജകത്വത്തിനും അധാര്‍മികതക്കുമെതിരെ രാജാക്കന്മാരെ വിമര്‍ശിക്കാനും ശൈഖ് ജീലാനി (റ) മടിച്ചില്ല. “ഞാന്‍ പ്രതിഫലം കാംക്ഷിക്കുന്നില്ല. പ്രതിഫലം അള്ളാഹുവില്‍ നിന്ന് ലഭിക്കുന്നു”
ശൈഖവറുകള്‍ പറയുന്നു. ആഖിറം കാംക്ഷിക്കുന്നവന് ദുന്‍യാവില്‍ പരിത്യാഗം ആത്യാവശ്യമാണ്. അല്ലാഹുവിനെ കാംക്ഷിക്കുന്നവന് ആഖിറത്തിലും പരിത്യാഗം ആവശ്യമാണ്.  അപ്പോള്‍ ദുന്‍യാവിനെ  ആഖിറത്തിനും ആഖിറത്തിനെ അള്ളാഹുവിനും വേണ്ടി വെടിഞ്ഞ് നില്‍ക്കണം. അത് കൊണ്ട് ഭൗതികേച്ഛകളില്‍ നിന്ന് തന്റെ ഹൃദയത്തില്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വാഹനം, നേതൃത്വം തുടങ്ങിയ ഏതൊരു വിഷയങ്ങളുമായി കെട്ടുപിണയുന്നവന്‍ ജീവിത പരിത്യാഗിയല്ല.
ശൈഖ് ജീലാനിയുടെ ജീവിത വിജയത്തിന്റെ ഏറ്റവും വലിയ കാരണം പ്രഭാഷണത്തേക്കാളും ആദ്ധ്യാത്മിക വിപ്ലവത്തേക്കാളുപരി തന്റെ ജീവിത വിശുദ്ധിയും സ്വകാര്യ ജീവിതത്തില്‍ മഹാനവര്‍കള്‍ പുലര്‍ത്തിപ്പോന്നിരുന്ന സൂക്ഷമതയായിരുന്നു.
'' സത്യസന്ധതയാണ് എന്റെ സര്‍വ്വകാര്യങ്ങളുടേയും മൂല ശില''  എന്ന് പ്രഖ്യാപിച്ച അദ്ദേഹം തീര്‍ത്തും സത്യ സന്ധനായി ജീവിക്കുകയും അങ്ങിനെ തന്നെ തന്റെ മാര്‍ഗം രൂപവത്കരിക്കുകയും ചെയ്തു. സംശയമുള്ളവയുമായി സംശയമില്ലാത്തവ കൂടി കലര്‍ന്നാല്‍ സംശയം തോന്നാത്തവ നിങ്ങള്‍ മുറുകെ പിടിക്കുക എന്നദ്ദേഹം ഉപദേശിച്ചു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടപൊരുതുകയും ദൈവവഴിയിലൂടെ സഞ്ചരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പത്ത് കാര്യങ്ങള്‍ നിര്‍ബന്ധമാണെന്ന് ശൈഖ് ജീലാനി(റ) പറയുന്നു. മറന്നൊ ബോധപൂര്‍വ്വമൊ സത്യ സന്ധമായൊ അല്ലാതെയൊ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യാതിരിക്കുക, കാര്യത്തിനൊ തമാശക്കൊ കളവ് പറയാതിരിക്കുക, കരാറുകള്‍ ലംഘിക്കാതിരിക്കുക, സൃഷ്ടികളെ ശപിക്കുകയൊ അവരെ ദ്രോഹിക്കുകയൊ ചെയ്യാതിരിക്കുക, അവര്‍ക്കെതിരെ അക്രമിച്ചാല്‍ പോലും പ്രാര്‍ത്ഥിക്കുകയൊ പ്രതികാരത്തിന് മുതിരുകയൊ ചെയ്യാതിരിക്കുക, ഒരാളെ കുറിച്ചും കുഫ്‌റും ശിര്‍ക്കും നിഫാക്കും ആരോപിക്കാതിരിക്കുക, തെറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക, അവയിലേക്ക് നോക്കാതിരിക്കുക, സമ്പൂര്‍ണ്ണ വിനയം കാണിക്കുക, താന്‍ അഭിസംബോധന ചെയ്യുന്നവര്‍ തന്നെക്കാള്‍ ശ്രേഷ്ഠനും ഉത്തമനുമാണെന്ന് കരുതുക,
വിശാലമനസ്‌കത, വിനയം, ലാളിത്യം, പരോപകാരം, ആതിഥ്യമര്യാദ,സഹനം, തുടങ്ങിയവയെല്ലാം ശൈഖ് ജീലാനി(റ)സവിശേഷതകളായിരുന്നു.

ശൈഖ് ജീലാനി (റ)വിന്റെ കറാമത്തുകളില്‍ ഒന്ന് വിവരിക്കുന്നു
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ)വിന്റെ സേവകനാണ് ശൈഖ് അബ്ദുല്‍ ഹസന്‍ ബഗ്ദാദി (റ).സേവനത്തിലൂടെ മഹത്തായ പദവി നേടിയ മഹാനാണദ്ദേഹം. രാത്രി വളരെ നേരം ഉറക്കമൊഴിച്ചിരിക്കും.
വല്ല ആവശ്യത്തിനും ശൈഖ് ഉണര്‍ന്നാലൊ എന്ന് കരുതി ? അതോര്‍ത്ത് കാത്തിരിക്കും. ഉറക്കം വരില്ല.
ഹിജ്‌റ അഞ്ഞൂറ്റി അമ്പത്തിമൂന്ന് കാലം. സഫര്‍ മാസത്തിലെ ഒരു രാത്രി. പാതിരാത്രിയില്‍ ശൈഖ് ജീലാനി അവര്‍കള്‍ ഉണര്‍ന്നു. വാതില്‍ തുറന്ന് പുറത്ത് വന്നു. അബ്ദുല്‍ ഹസന്‍ ബഗ്ദാദി വെള്ളപാത്രവുമായി അടുത്തേക്ക് ചെന്നു. പാത്രം വാങ്ങിയില്ല. ഒന്നും പറഞ്ഞുമില്ല. നേരെ നടന്നു.അബ്ദുല്‍ ഹസന്‍ പിന്നാലെ നടന്നു. മദ്‌റസയുടെ കവാടത്തിനടുത്തേക്ക് നടന്നു. അടച്ചിട്ട കവാടം തനിയെ തുറന്നു. ശൈഖ് പുറത്തേക്കിറങ്ങി. അബ്ദുല്‍ ഹസന്‍ പിന്നാലെ ഇറങ്ങി. പട്ടണത്തിലൂടെ നടന്നു. കവാടം കടന്ന് വീണ്ടും യാത്ര. കവാടം തനിയെ അടഞ്ഞു.
അപരിചിതമായ ഒരു നാട്ടില്‍ എത്തിയിരിക്കുന്നു. ഒരു പഴയ കെട്ടിടം. ശൈഖ് ജീലാനി (റ) അതിനകത്തേക്ക് കയറി. അവിടെ ആറ് ആളുകള്‍ ഉണ്ടായിരുന്നു. സലാം ചൊല്ലലും മടക്കലും നടന്നു. രംഗം നിരീക്ഷിച്ച് കൊണ്ട് അബ്ദുല്‍ ഹസന്‍ അവിടെ തന്നെ നിന്നു. അകത്ത് നിന്ന് ഒരു കരച്ചില്‍ കേട്ടു. പിന്നെയത് കേള്‍ക്കാതെയായി. ഒരാള്‍ അകത്തേക്ക് പോയി. അധികം വൈകാതെ മടങ്ങി. അദ്ദേഹം പരിപാടിയില്‍ ഒരാളെ ചുമന്ന് കൊണ്ട് പുറത്ത് പോയി. അല്‍പ്പം കഴിഞ്ഞ് മറ്റൊരാള്‍ വന്നു. മീശയുള്ള ഒരാള്‍. തല തുറന്നിട്ടിരിക്കുന്നു. അതൊരു കൃസ്ത്യാനിയാണ്. തലമുടിയും മീശയും നീക്കി. ശൈഖ് അവറുകളുടെ മുമ്പിലിരുന്നു. ശൈഖ് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു. അയാള്‍ മുസ്ലിമായി. മുഹമ്മദ് എന്ന പേര് വെച്ചു. അദ്ദേഹത്തിന്റെ ശിരസ്സ് മറച്ചു. തൊപ്പി പോലൊത്ത ഒന്ന് ധരിപ്പിച്ചു. ശൈഖ് പറഞ്ഞു. മരിച്ച് പോയ ആളുടെ സ്ഥാനത്ത് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു. ആറ് പേരും സമ്മതിച്ചു. 'ഞങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചു' പിന്നെ താമസിച്ചില്ല. ശൈഖ് മടക്കയാത്ര ആരംഭിച്ചു. അബ്ദുല്‍ ഹസന്‍ പിന്നാലെ നടന്നു. ബഗ്ദാദ് നഗര കവാടമെത്തി. കവാടം സ്വയം തുറന്നു. മദ്‌റസയിലെത്തി. മദ്‌റസയുടെ വാതില്‍ സ്വയം തുറന്നു. ശൈഖ് ജീലാറി (റ) താമസ സ്ഥലതെത്തി.
കറുത്ത രാത്രിയില്‍ കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെയൊ സംഭവിച്ചിരിക്കുന്നു. അബ്ദുല്‍ ഹസന്‍ എല്ലാം കണ്ടു. ഒന്നും മനസ്സിലായില്ല. തിരിച്ചെത്തിയിട്ടും അമ്പരപ്പ് മാറിയില്ല.
പിറ്റെ ദിവസം ദര്‍സിലെത്തി. അബ്ദുല്‍ ഹസന്‍ നന്നായി ധൈര്യം സംഭരിച്ച് ഒരു ചോദ്യം. ഇന്നലെ രാത്രി എന്താണ് നടന്നത്. ശൈഖ് ഒരു വിവരണം നല്‍കി. ആ രാജ്യം നഹാവന്ദ് ആയിരുന്നു. അവിടെ കണ്ട ആറ് പേര്‍ അബ്ദാലന്മാരാണ്. അബ്ദാലന്മാര്‍ ഏഴ് പേരാണ്. ഏഴാമന്‍ രോഗിയായിരുന്നു. അദ്ദേഹമാണ് കരഞ്ഞത്. അദ്ദേഹം മരണാസന്നനായപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയതാണ്. അപ്പോള്‍ അവിടെ വന്ന ആള്‍ ഖിളിര്‍(അ)ആണ്. രോഗത്തില്‍ കിടന്ന ആള്‍ മരിച്ചു. മരിച്ച ആളെ എടുത്തു കൊണ്ട് പോയി. പിന്നീടവിടെ വന്നത് ഒരു കൃസ്ത്യാനിയാണ്. അയാളുടെ സ്വദേശം ഖസ്തന്‍തീനിയ (കോണ്‍സ്റ്റാന്റ് നോപ്പിള്‍) ആണ്. അയാള്‍ക്ക് ഞാന്‍ ശഹാദത്ത് കലിമ ചൊല്ലികൊടുത്തു. മരിച്ച ആള്‍ക്ക് പകരമായി ഞാന്‍ ആയാളെ നിയോഗിച്ചു. അപ്പോള്‍ ശഹാദത്ത് കലിമ ചൊല്ലി മുസ്ലിമായ ആയാളെ അബ്ദാലന്മാരായ ഔലിയാകന്മാരുടെ കൂട്ടത്തില്‍ ചേര്‍ത്തു. ഇത്രയും പറഞ്ഞ് ശൈഖ് ജീലാനി (റ) അവര്‍കള്‍ സംസാരം നിര്‍ത്തി. ചുരുക്കത്തില്‍ അത്രയും വലിയ അധികാരമുള്ള അളായിരുന്നു. ശൈഖ് ജീലാനി (റ). പദവികള്‍ നല്‍കാനും എടുത്ത് കളയാനും അധികാരം ലഭിച്ച മഹാനാണ് ശൈഖ് ജീലാനി (റ) വെന്ന് നാം മനസ്സിലാക്കുക.


ഖാദരിയ്യ ത്വരീഖത്ത
അക്കാലത്ത് തസ്വവ്വുഫില്‍ ചില സ്വതന്ത്ര പ്രവണതകള്‍ രൂപാന്തരപ്പെടുകയും ശരീഅത്തിനൊട് വേര്‍പ്പിരിയുന്ന തരത്തില്‍ ശരീഅത്തിനോട് ബാഹ്യ ബന്ധം മാത്രമുള്ള പാഠശാലയായി തസ്വവ്വുഫ് രൂപാന്തരപ്പെട്ടു. ശര്‍ഈ കല്‍പ്പനകളും നിര്‍ബന്ധ കര്‍മ്മങ്ങളും ഒഴിവാക്കാവുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന വാദവും പ്രചരിച്ചു. അദൈ്വത്ത വാദം പ്രത്യക്ഷപ്പെട്ട ചിലകപട സൂഫി പഠന ശാലകളില്‍ അരാജകത്വം തല പൊക്കാന്‍ തുടങ്ങി.
പ്രകോപനപരമായ ഈ പ്രവണതക്കെതിരെ പോരാടിയ പോരാളിയായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ). ത്വരീഖത്ത് ശരീഅത്തിനനുസൃതമായിരിക്കണമെന്നും എല്ലാ അവസ്ഥകളിലും പ്രവര്‍ത്തനങ്ങളിലും വാക്കുകളിലും വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുറുകെ പിടിക്കണമെന്നും ആഹ്വാനം ചെയ്ത ദീനി പ്രബോധകനായിരുന്നു ശൈഖ് ജീലാനി (റ). തന്റെ വ്യക്തിത്വസ്വാധീനത്തിലൂടെയും അപകടകരമായ ഈ പ്രവണതയെ പ്രതിരോധിക്കാനും തസ്വവ്വുഫിനെ പൂര്‍വ്വാവസ്ഥയിലേക്ക് തിരിച്ച് കൊണ്ട് പോകാനും ശൈഖ് ജീലാനി (റ) വിന് കഴിഞ്ഞു.
വാഫാത്തായെങ്കിലും മഹാനവറുകളില്‍ നിന്ന് പില്‍കാല സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ സമ്മാനവും പുണ്യവുമായിരുന്നു ത്വരീഖത്ത്. ജീവിത സംസ്‌ക്കാരത്തിന്റെയും പാരത്രിക വിജയത്തിന്റെയും ലളിതവും സുന്ദരവുമായ മാര്‍ഗങ്ങള്‍ കൂടി ഘടിപ്പിച്ച് ഉന്നത ശീര്‍ഷരായ ഔലിയാക്കളും മാഹാരഥന്മാരും ഉണ്ടാക്കിയെടുത്ത വഴികളാണ് ത്വരീഖത്ത് എന്ന പേരില്‍ അറിയപ്പെടുന്നത്. അവയില്‍ ഏറ്റവും ഉത്തമവും ശിഷ്യന്മാര്‍ക്ക് ശൈഖ് ജീലാനിയുടെ  നേരിട്ടുള്ള സംരക്ഷണം പ്രതീക്ഷിക്കപ്പെടാവുന്നതുമായ ത്വരീഖത്താണ് മഹാനവറുകള്‍ രൂപം കൊടുത്ത ഖാദരിയ്യ ത്വരീഖത്ത്. ഇതിന് പുറമെ വേറെയും ധാരാളം ത്വരീഖത്തുകളുണ്ട്.
ഏത് ഹഖീഖത്തിലേക്ക് ചെന്ന് പെട്ടാലും ശരീഅത്ത് പരിപൂര്‍ണ്ണമായി അനുഷ്ടിക്കലാണ് ശൈഖ് ജീലാനിയുടെ പ്രഥമ നിര്‍ദ്ദേശം. ശൈഖ് ജീലാനി പറയുന്നു.നിങ്ങള്‍ ഖുര്‍ആനും സുന്നത്തും പിന്‍പറ്റുക,ബിദ്അത്തുകല്‍ നിര്‍മ്മിക്കരുത്. നിങ്ങള്‍ ഖുര്‍ആനെയും സുന്നത്തിനെയും അനുസരിക്കുന്നവരാകുക,അവക്ക് എതിര് പ്രവര്‍ത്തിക്കാതിരിക്കുക, ഫര്‍ളുകള്‍ അനുഷ്ടിക്കാതെ സുന്നത്തുകളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നവരെ രാജാവിന്റെ കല്‍പ്പനയായ രാജസേവ ഉപേക്ഷിച്ച് രാജാവിന്റെ മറ്റു ഉദ്യോഗ പ്രമുഖരെ സേവിക്കുന്നതിനൊടാണ്
ഉപമിച്ചത്. കര്‍മ്മങ്ങള്‍ ഒഴിവാക്കുന്നത് ദൈവ നിഷേധവും പാപകൃത്യങ്ങള്‍ ചെയ്യല്‍ കുറ്റകരവുമാണെന്ന് ശൈഖ് ജീലാനി (റ)ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.
സൂക്ഷമതയുടെയും ജീവിത ലാളിത്യത്തിന്റെയും മാര്‍ഗങ്ങളാണ് മഹാനവര്‍കള്‍ ഖാദരിയ്യ ത്വരീഖത്തിലൂടെ ഉപദേശിക്കുന്നത്.