എല്ലാ മുസ്ലിങ്ങളും തിവ്രവാദികളല്ലെങ്കിലും എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണെന്ന വാദം മാധ്യമങ്ങളിലൂടെ കേള്‍ക്കാറുണ്ട്.
വക്കത്തിരുന്ന് ചരിത്രത്തേയും സംഭവ വികാസത്തെയും ദര്‍ശനങ്ങളേയും നിരീക്ഷിക്കുന്ന മാധ്യമ പ്രവര്‍ത്തകരും സ്വയം ബുദ്ധിജീവികളായി ചമയുന്നവരും മുസ്ലിം വിരുദ്ധമനസ്സ് ഉള്ളില്‍ ഒളിപ്പിച്ച് വെക്കുന്നവരും ഇത് തന്നെ ആവര്‍ത്തിക്കുന്നു. അജ്ഞതകൊണ്ട് പലരും ഇത് കണ്ണടച്ച് വിശ്വസിക്കുന്നു. എന്നാല്‍  ഇതിന്റെ യാഥാര്‍ത്ഥ്യമെന്താണ്.?
    മഹാത്മാഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്‌സെയും ഇന്ദിരാഗാന്ധിയെ വധിച്ച സത്‌വ സിങ്ങും, ബീദ് സിങ്ങും രാജീവ് സിങ്ങും രാജീവ് ഗാന്ധിയെ വധിച്ച തേന്‍മൊഴി രാജരത്‌നവും ശിവരസവും മുസ്ലീങ്ങളായിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റുമാരായഎബ്രഹാം ലിങ്കനെ വധിച്ച ജോണ്‍ വില്‍ക്‌സ് ബൂത്തും ജോണ്‍ ഫിക്‌സ് ജൊറാള്‍ കെന്നടിയെ വധിച്ച ലിഹാഫി ഒക്‌സ്‌ഫേടും മുസ്ലിങ്ങളായിരുന്നില്ല. കറുത്തവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയറെ വധിച്ച ജൈയ്‌സ് ഏറിയയും ഓസ്ടിയന്‍ കിരീടാവകാശിയായിരുന്നആര്‍ച്ച് ട്യൂക്ക്  ഫെര്‍ട്ടിനാന്റിനെയും ഭാര്യ സോഫിയയെയും വധിച്ച ഒന്നാം ലോകമഹായുദ്ധത്തിന് കാരണമായ ഗബ്രീനോ വെക്ക് പ്രാന്‍സിപ്പും മുസ്ലിങ്ങളായിരുന്നില്ല. ലക്ഷക്കണക്കിന് നിരപരാധികളെ ക്രൂരമായിവധിക്കാന്‍ നേതൃത്വം നല്‍കിയ നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്‌ലറും ഇറ്റാലിയന്‍ ഫാസിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് മുസ്സോളിനിയും മുസ്ലിങ്ങളായിരുന്നില്ല
. തങ്ങളെ ആക്രമിക്കാന്‍ ധൈര്യം കാണിച്ച  രാജ്യത്തെ പാഠം പഠിപ്പിക്കാനായ് മാത്രം ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോബുകളിട്ട്  ഒരു ലക്ഷത്തി ആറായിരം നിരപരാധികളെ ക്രൂരമായി കൊന്നൊടുക്കാനും പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നാശം വരുത്താനും ആജ്ഞനല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ട്രൂമനും ആണവ ബോംബിട്ട പൈലറ്റുമാരായ പോള്‍ടിബറ്റും ചാര്‍ലീ സീനിയും മുസ്ലിംകളായിരുന്നില്ല. അമേരിക്കയിലെ ഒക്ലൊഹോമാ സിറ്റിയിലെ ഫെഡറല്‍ ബില്‍ഡിംഗ് സ്‌ഫോടനത്തില്‍ തകര്‍ത്ത് 163 ജീവനുകള്‍ എടുത്ത തിമത്തിജൈംസ് മെക്ക് വീനം, ഒസ്സോവീലെ ഗവണ്‍മെന്റ് മന്ദിരങ്ങള്‍ സ്‌ഫോടത്തില്‍ തകര്‍ത്ത എട്ടുപേരും അതിന് ശേഷം ഉട്ടോയ ദ്വീപിലെ നോവീജിയന്‍ ലേബര്‍ പാര്‍ട്ടിയുടെ യുവജന ക്യാമ്പില്‍ വെച്ച് അറുപത്തി ഒമ്പത് നിരപരാധികളെയും വധിച്ച ആഡ്രൂസ് ബാരി ബ്രൈവിക്കും മുസ്‌ലിംകളായിരുന്നില്ല.  ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഭീകര ആക്രമങ്ങള്‍ക്ക് പിന്നില്‍ മുസ്‌ലിംകളായിരുന്നില്ല. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്ക് തുടക്കം കുറിച്ചതും ലക്ഷകണക്കിന് ജീവന്‍ എടുക്കുന്നതിന് നേതൃത്വം കൊടുത്തതും മുസ് ലിംകളായിരുന്നില്ല.
ഭാരതമുള്‍പ്പെടെ ഒട്ടനവധി രാജ്യങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനായി നൂറ്റാണ്ടുകളോളം ഈ രാജ്യങ്ങളെ അക്രമിച്ച് നൂറ് കണക്കിന്  യുദ്ധങ്ങള്‍ നടത്തി കോടിക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ബ്രിട്ടനും ഫ്രാന്‍സും പോര്‍ച്ചുഗലും സ്‌പെയ്‌നും ഡെന്‍മാര്‍ക്കുമെല്ലാം ഭരിച്ചിരുന്നത് മുസ്‌ലിംകളായിരുന്നില്ല. ഡല്‍ഹി, ഗുജറാത്ത് കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ആറായിരത്തോളം നിരപരാധികളെ കൊന്നൊടുക്കാന്‍ സാഹചര്യം ഒരുക്കിയവരും മുസ്‌ലിംകളായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത പരിവര്‍ത്തനത്തിലൂടെ യഹൂദമതം സ്വീകരിച്ച യഹൂദരെ വിശ്വസിപ്പിക്കാനായി നൂറ്റാണ്ടുകളോളം തലമുറകളായി ജീവിച്ചിരുന്ന ഫലസ്ഥീന്‍ കാരെ ജന്മ നാട്ടില്‍ നിന്നും ആട്ടിയിറക്കി അവരുടെ പൈതങ്ങളെ പോലും കശാപ്പ് ചെയ്ത് കൊണ്ടിരിക്കുന്ന ഇസ്രാഈലി ഭരകൂടത്തിന് നേതൃത്വം നല്‍കുന്നതും മുസ്‌ലിംകളല്ല.
ചുരുക്കത്തില്‍, ജീവന്‍  അള്ളാഹുവില്‍ നിന്നുള്ള ദാനമാണ്. അതിനാല്‍ അത് പവിത്രമാണെന്ന് മാത്രമല്ല ജീവന്‍ സ്വയം നശിപ്പിക്കുവാനോ അന്യന്റെ ജീവന്‍ അകാരണമായി എടുക്കാനോ മനുഷ്യര്‍ക്ക് അധികാരമില്ല എന്നതാണ്  ഇസ്‌ലാമിക നിയമം. അതിനാലാണ് നിങ്ങള്‍ നിങ്ങളെ തന്നെ വധിക്കരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ നാലാം അദ്ധ്യായം 29ാം വചനത്തിലൂടെ ഉണര്‍ത്തുന്നത്
  കൊലപാതകം മൂലമോ ഭൂമിയില്‍ അതിക്രമം ചെയ്തതിനോ അല്ലാതെ ഒരു നിരപരാധിയെ വധിക്കുന്നത് മനുഷ്യസമൂഹത്തെ ആകെ കൊല്ലുന്നതിന് തുല്ല്യമാണെന്നും ഒരു നിരപരാധിയെ രക്ഷിക്കുന്നത് ഒരു  സമൂഹത്തെ ആകെ രക്ഷിക്കുന്നതിന്  തുല്ല്യമാണെന്നും  അഞ്ചാം അധ്യായത്തില്‍ 32ാം വചനത്തിലൂടെ പ്രഖ്യാപിക്കുന്ന വേദഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. ഭക്ഷണത്തിനും സ്വന്തം ജീവന്‍ രക്ഷിക്കാനുമല്ലാതെ മറ്റു ജീവ ജാലങ്ങളെ പോലും കൊല്ലെരുതെന്നാണ് ഇസ്‌ലാമിക സമീപനം.
നിങ്ങളൊന്ന് മനസ്സിലാക്കുക, ഭീകരര്‍ക്ക്  മതമില്ല, വിശ്വാസമില്ല, ആദര്‍ശമില്ല, കാരുണ്യമില്ല. ബാങ്ക് കൊള്ളയടിച്ച മൈക്കിളിനേയും അഹമ്മദിനേയും പ്രകാശനേയും ക്രസ്ത്യന്‍ കൊള്ളക്കാരനെന്നും മുസ്‌ലിംകൊള്ളക്കാരനെന്നും ഹിന്ദു കൊള്ളക്കാരനെന്നും നാം വിളിക്കാറില്ല. അതുപോലെയാണ് ഭീകരവാദവും തീവ്രവാദവും കാണേണ്ടത്. മുസ്‌ലിംപേരുള്ള തീവ്രവാദികള്‍ ഏറ്റവും കൂടുതല്‍ വധിക്കുന്നത് മുസ്‌ലിംകളെ തന്നെയാണ്. അവര്‍ ഏറ്റവുംകൂടുതല്‍ തകര്‍ക്കുന്നത് മുസ്‌ലിം പള്ളികള്‍ തന്നെയാണ്. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് കൂടി ഇരിക്കുന്ന സത്യവിശ്വാസികള്‍ക്ക് നേരെ നിറയൊഴിക്കുന്ന ഭീകരവാദികള്‍ക്ക്  മുസ്‌ലിം ലേബല്‍ നല്‍കുന്ന മാധ്യമങ്ങളുടെ അജണ്ട മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി മുസ്‌ലിംകള്‍ക്കുണ്ട്. ഇത്തരം നുണപ്രചരണങ്ങള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ ഒന്ന് മനസ്സിലാക്കുക തുറന്ന വിശകലനം  ചെയ്താല്‍ വിവിധ രാജ്യങ്ങളിലും  വിവിധ സാഹചര്യങ്ങളിലും ജീവിച്ച് വിവിധ മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ ഇസ്‌ലാമിനെ കുറിച്ച് പഠിച്ച് ഇസ്‌ലാം സ്വീകരിക്കുന്നത് എന്ത് കൊണ്ടാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം. എത്ര നുണ പ്രചരണങ്ങള്‍ നിങ്ങള്‍ നടത്തിയാലും പ്രപഞ്ച നാഥനായ സ്രഷ്ടാവില്‍ നിന്നുള്ള ഈ ദൈവിക ദര്‍ശനത്തെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല. ആര്‍ക്കും സാധിക്കില്ല. ഈ സത്യം മുസ്‌ലിംകള്‍ക്ക് അറിയാവുന്നതിനാലാണ് നിങ്ങളുടെ പ്രചരണങ്ങള്‍ക്ക്  യാതൊരുവിലയും അള്ളാഹുവിന്റെ മതം പഠിച്ചിട്ടുള്ള മുസ്‌ലിംകള്‍ നല്‍കാത്തത്.
ചുരുക്കിപറഞ്ഞാല്‍, മതത്തിന് തീവ്രവാദവുമായി ബന്ധമില്ല. അത് ഇസ്‌ലാം മതമയാലും ഹൈന്ദവ ദര്‍ശനമായാലും ക്രസ്തീയ മതമായാലും അങ്ങിനെതന്നെയാണ്.
'' ഇസ്‌ലാമിനെ തീവ്രവാദവുമായി ബന്ധിപ്പിക്കരുത്''  ഇത് മുസ്‌ലിം നേതാക്കന്മാരുടെയൊ പണ്ഡിതന്മാരുടെയൊ അഭ്യര്‍ത്ഥനയല്ല. ക്രിസ്തീയ മതമേലദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകളാണ്. ഇസ്‌ലാമെന്നാല്‍ സ്‌നേഹത്തിന്റെ മതമാണ്. ആ ഇസ്‌ലാമിനെതിരെ  ആരെങ്കിലും തീവ്രവാദം ഉന്നയിക്കുകയാണെങ്കില്‍ അത് തെറ്റാണ്. ആദര്‍ശ പ്രചരണത്തിലൂടെയാണ് ഇസ്‌ലാം മനസ്സ് കീഴടക്കിയത്. ചരിത്രത്തില്‍ മദീനയില്‍ നബി (സ)ക്ക് ലഭിച്ച സ്വീകരണം ഖുറൈശികളെ കൂടുതല്‍ അസ്വസ്ഥരും പ്രകോപിതരുമാക്കി. ഇസ്‌ലാമിന്റെ വളര്‍ച്ച ഭാവിയില്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് അവര്‍ തെറ്റിധരിച്ചു. അവര്‍ അവരുടെ സമ്മേളനമുറികള്‍ അടിയന്തരയോഗം വിളിച്ച് കൂട്ടി. മദീനയുടെ നേരെ വമ്പിച്ച ആക്രമണം നടത്താന്‍ അവര്‍ തീരുമാനിക്കുകയും ഇസ്‌ലാമിന്റെ കഠിന ശത്രുവായ അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വേണ്ടി വന്നാല്‍ സായുധ സമരത്തിനുള്ള അനുമതി ലഭിച്ചത്.യുദ്ധത്തില്‍ ഇരയായവര്‍ക്ക് അവര്‍ മര്‍ദ്ധിതരായതിനാല്‍ തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയത്. തീര്‍ച്ചയായും അള്ളാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാണ്. വിശുദ്ധ ഖുര്‍ആന്‍ (22.39)
ഖുര്‍ആന്‍ നല്‍കിയ അനുമതി രാഷ്ട്രീയ നേതാക്കന്മാര്‍ നല്‍കുന്നത് പോലെ ശത്രുവിനെ ഉന്മൂലനം ചെയ്യാനുളള ലൈസന്‍സായിരുന്നില്ല. മാത്രമല്ല യുദ്ധവേളയില്‍ പോലും സമാധാനത്തിനുള്ള പഴുത് കണ്ടാല്‍ അത് പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നത്. '' അവര്‍ ശത്രുക്കള്‍ സമാധാനത്തിലേക്ക് ചായുകയാണെങ്കില്‍ നിങ്ങളും സമാധാനത്തിലേക്ക് ചായുക''. (വിശുദ്ധ ഖുര്‍ആന്‍ 8.61)  ഇതാണ് ഇസ്‌ലാമിന്റെ സമീപനമെങ്കില്‍ ഹൈന്ദവ ദര്‍ശനവും കല്‍പ്പിക്കുന്നത് അത് തന്നെയാണ്. ഹൈന്ദവ സഹോദരന്മാര്‍ മാര്‍ഗദര്‍ശനമായി  സ്വീകരിച്ചിട്ടുള്ള പ്രധാന പ്രമാണമാണല്ലോ ഭവഗത്ഗീത. അതിലെ ആറാം അധ്യായം 32ാം ശ്ലോകം ഇങ്ങനെ. ''തനിക്ക് ഇഷ്ടമുള്ളത് അന്യജീവിക്കും ഇഷ്ടമെന്നും തനിക്ക് അനിഷ്ടമായത് അന്യജീവിക്കും അനിഷ്ടമെന്നും അങ്ങിനെ തന്നെപോലെ അന്യ ജീവിയേയും കാണുന്നവനാരൊ അവനാണ് ഉല്‍കൃഷ്ടന്‍''.
ഇനി ക്രൈസ്തവ ആധികാരിക പ്രമാണമായ ബൈബിളിന്റെ അധ്യാപനം ഇങ്ങനെ.''മനുഷ്യര്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യണം എന്ന് നിങ്ങള്‍ ഇച്ഛിക്കുന്നതൊക്കെയും നിങ്ങള്‍ അവര്‍ക്ക് വേണ്ടി ചെയ്യുവിന്‍''. (മത്തായി 7.21)
ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെയും മുദ്രാവാക്ക്യം തന്നെ '' അഹിംസ പരമോ ധര്‍മ്മ''  എന്നാണ്. ഒരു പ്രാണിയെ പോലും ഉപദ്രവിക്കരുതെന്നാണ് ഈ മതങ്ങള്‍ ശാസിക്കുന്നത്.
കണ്‍ഫ്യൂഷ്യസ് മതത്തിന്റെ ആചാര്യനായ കണ്‍ഫ്യൂഷ്യസ് പറയുന്നു. ''ജീവിതത്തില്‍ സത്യ സന്ധതയും മറ്റുള്ളവരോട് സഹിഷ്ണുതയും പാലിക്കാത്തവന് സ്വര്‍ഗത്തില്‍ പ്രവേശനമുണ്ടാകില്ല''.
ചുരുക്കത്തില്‍,ഒരു മതവും ദര്‍ശനവും  തീവ്രവാദത്തെയൊ അക്രമത്തെയൊ പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച് സംഭവിക്കുന്നത് മതത്തിന്റെയും ദര്‍ശനത്തിന്റെയും ലേബലില്‍ ചിലര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതു സമൂഹത്തിനും സമുദായത്തിനും പേര് ദോഷം വരുത്തുകയാണ് ചെയ്യുന്നത്. ഹൈന്ദവ ദര്‍ശനത്തില്‍ മതത്തിന്റെ ചുവട് പിടിച്ച് രാഷ്ട്രീയത്തിലൂടെ ഇത്തരം പ്രവര്‍ത്തനം നടത്തുന്ന ധാരാളം സംഘടനകളുണ്ട്.


രാജ്യത്തിന്റെ ഇതരപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ശാന്തമായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. ഈ ശാന്തത  തകര്‍ക്കാന്‍ പതിറ്റാണ്ടുകളായി  ശ്രമിച്ച് കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് നീക്കം ക്ലച്ച് പിടിക്കാതെ പോയത് കേരളത്തിലെ മുസ്‌ലിം സമുദായം കാത്തു സൂക്ഷിച്ച സഹിഷ്ണുതപരമായ സമീപനം കൊണ്ടാണ്.
എന്ത് പ്രകോപനം ഉണ്ടായാലും അവ ശാന്തതയോടെ നേരിടാന്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളും നേതൃത്വവും ശ്രമിച്ചുവെന്നത് അഭിമാനത്തോടെ പറയാവുന്നതാണ്.
ഫാസിസ്റ്റുകളുടെ ചുവട് പിടിച്ച് കൊണ്ട് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നപ്പോള്‍ തന്നെ  സമുദായത്തിലെ കാര്യബോധമുള്ള സംഘടനകള്‍ ഇതിന്റെ ഗൗരവം സമുദായത്തെ ഉണര്‍ത്തുകയും ആശങ്ക ജനകമായ ഒരവസ്ഥയിലേക്ക് ഈ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമുദായത്തെ എത്തിക്കുമെന്ന് ന്യായമായും സംശയിച്ചിരുന്നു.
തങ്ങളുടെ ഇംഗിതപ്രാകാരം കാര്യങ്ങള്‍ നടക്കണമെങ്കില്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന മത രാഷ്ട്രീയ സംഘടനകളെ നാമാവശേഷമാക്കണമെന്ന് അവര്‍ ചിന്തിച്ചു. മത സംഘടനകളിലും മുസ് ലിം രാഷ്ട്രീയ സംഘടനകളിലും വിശ്വാസം നഷ്ടപെടുത്താനുള്ള കരുനീക്കമായിരുന്നു ആദ്യം.  സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ നിലവിലുള്ള മത സംഘടനകള്‍ക്ക് തീവ്രത പോരന്നെ ആരോപണമായിരുന്നു ഒന്നാം ഘട്ടം. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സമുദായ നേതൃത്വം താരാട്ടുപാടി സമുദായത്തെ മയക്കികിടത്തുകയാണെന്നും ഇനി ഇത് അനുവദിച്ച് കൂടായെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ടായിരുന്നു കേരള രാഷ്ട്രീയത്തിന്റെ തീവ്രവാദ മോഡല്‍ രൂപം പ്രാപിക്കുന്നത്.
നബി നിന്ദയുടെ പേരില്‍ കൈകാലുകള്‍ വെട്ടി കേരളം തീവ്രവാദത്തിന് മോഡലാകാന്‍ ശ്രമിക്കുമ്പോള്‍ അത്തരത്തിലുള്ള മത സംഘടനകളോട് അല്ലെങ്കില്‍ രാഷ്ട്രീയ സംഘടനകളോട് പക്വമായ രീതിയില്‍ പെരുമാറുകയാണ് വേണ്ടത്.
ഫാസിസ്റ്റുകളുടെ ക്രൂരമായ ചെയ്തികള്‍ വരച്ച് കാട്ടി അതിനെതിരെ പ്രതികരിക്കാന്‍ തീവ്രബോധം നല്‍കി വളര്‍ത്തിയെടുത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നിപ്പോള്‍ തങ്ങളുടെ നിലപാടിനെ അംഗീകരിക്കാത്ത സ്വസമുദായത്തിലെ അംഗങ്ങള്‍ക്കെതിരെ തിരിയിയുകയാണ്. ഈ പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും എന്ന കാര്യത്തില്‍ സംശയമില്ല.
അനീതിക്കെതിരെ പൊരുതാന്‍ ഖുര്‍ആന്‍ ആഹ്വാനം നല്‍കുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ  വിശദമായി കര്‍മ്മ ശാസ്ത്രങ്ങള്‍ രേഖപ്പെടുത്തുന്നുമുണ്ട്. വ്യഭിചരിച്ചവനെ എറിഞ്ഞ് കൊല്ലാനും കട്ടവന്റെകൈമുറിക്കാനും മദ്യപിച്ചവനെ അടിക്കാനും മതത്തില്‍ നിന്ന് പുറത്ത് പോയവനെ കൈകാര്യം ചെയ്യാനും മത കല്‍പ്പനയുണ്ട്. ഇതെല്ലാം ഇസ്‌ലാമിന്റെ നിയമങ്ങള്‍ തന്നെയാണ്. പക്ഷേ, ഇത് നടപ്പാക്കേണ്ടത് ആരാണ്? വ്യക്തികളൊ സംഘടനകളൊ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കേണ്ടവരാണോ? അല്ലന്നാണ് ഇസ്‌ലാമിക നിയമം. ഇസ്‌ലാമിക ഭരാണാധികാരിയാണത് നടപ്പിലാക്കേണ്ടതെന്ന് കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മുസ്‌ലിമിനെ വകവരുത്തുക എന്നത് ഏറ്റവും വലിയ തെറ്റാണ്. അത്തരക്കാരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരം.
ആരെങ്കിലുംഒരു സത്യവിശ്വാസിയെ മനപ്പൂര്‍വ്വം കൊലപ്പെടുത്തുന്നപക്ഷം അവന്‍ക്കുള്ള പ്രതിഫലം നരകമാണ്. അവനതില്‍ ശാശ്വതനായിരിക്കും. അവന്റെ നേരെ അള്ളാഹു കോപിക്കുകയും ശപിക്കുകയും ചെയ്തിരിക്കുന്നു.  കനത്ത ശിക്ഷയാണ് അള്ളാഹു അവന് വേണ്ടി ഒരുക്കി വെച്ചിട്ടുള്ളത് (സൂറത്ത് നിസാഅ് .93)
സാഹചര്യ തെളിവുകളാലും മറ്റുഘടകങ്ങളാലും ഒരാള്‍ ഇസ്‌ലാമിന്റെ ശത്രുവെന്ന് തോന്നിയാല്‍ പോലും,സലാം പറയുക, ഷഹാദത്ത് കലിമ ചൊല്ലുക , തുടങ്ങിയ എന്തെങ്കിലും ഇസ്‌ലാമിക അടയാളവുമായി പ്രത്യക്ഷപ്പെട്ടാല്‍ അയാളെ വധിച്ച് പൊകരുതെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ഇസ്‌ലാമിക താത്പര്യമാണ് ഇത്തരം സംഘട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപോല്‍പലകമായി അവര്‍ ചൂണ്ടിക്കാട്ടുന്നത.് അത്തരക്കാര്‍ ഒരുകാര്യം മനസ്സിലാക്കുന്നത് നന്ന്.  ഇസ്‌ലാമിക നിയമങ്ങള്‍ വ്യക്തവും സ്പഷ്ടവുമാണ്. ഖുര്‍ആനിനും നബി വചനങ്ങള്‍ക്കും ദുര്‍വ്യാഖ്യാനം നല്‍കാതെ പൂര്‍വ്വകാല പ്രാമാണിക വ്യാഖ്യാനങ്ങള്‍ മാത്രം ആധാരമാക്കി ഒരു ചര്‍ച്ച സംഘടിപ്പിച്ചാല്‍ സത്യവും അസത്യവും തമ്മില്‍ വേര്‍ത്തിരിക്കാനും തെറ്റദ്ധരിച്ച സാധാരണക്കാരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും കഴിയും. ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന  ഇത്തരം തീവ്രവാദസംഘടനകള്‍ക്ക് പല പ്രസ്ഥാനങ്ങളുടെയും പണ്ഡിതന്മാരുടെയും പിന്തുണയുണ്ടെന്നത് നേരാണ്. എന്നാല്‍ പ്രമാണങ്ങളെ വ്യാഖ്യാനിക്കേണ്ടത് പ്രവാചകനും അനുയായികളുമായ പൂര്‍വ്വസൂരികള്‍ വ്യാഖ്യാനിച്ചത്് പൊലെ തന്നെയാണെന്നതില്‍ യാതൊരുസംശയവുമില്ല.  അത്തരമൊരു വ്യാഖ്യാനം നില നിന്നിരുന്ന കാലമത്രയും ലോകത്ത് തീവ്രവാദ വിധ്വംസക പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് ചരിത്രം സാക്ഷിയാണ്. എന്നിരുന്നാലും കാരണം കൂടാതെ കൊന്ന് തള്ളുന്ന ഒരു തീവ്രവാദസംഘടനക്കും പ്രമാണ പിന്തുണ അവകാശപ്പെടാന്‍ കഴിയില്ല. അതേസമയം തീവ്രവാദത്തിനായാലും അത്തരം ചിന്തകള്‍കള്‍ക്കായാലും ആദര്‍ശ പിന്തുണ ലഭിക്കാന്‍ ഇന്നും പ്രമാണങ്ങളെ ദുര്‍വ്യഖ്യാനം ചെയ്യുന്ന ദുരവസ്ഥയുണ്ട് എന്നത് വസ്തുത തന്നെയാണ്.
ചുരുക്കത്തില്‍, സമാധാന ജീവിതത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നവരാണ്. തീവ്രവാദ സംഘടനകള്‍. അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം തന്നെ ഉന്മൂലനമാണ്. ജനാധിപത്യത്തിന്റെ മഹിതമായ  സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ സംസ്ഥാനത്ത് എല്ലാ രാഷ്ട്രീയ കക്ഷികളും അവരുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തുകയും എതിര്‍പ്പുകളും വിയോജിപ്പുകളും വ്യക്തമായി തന്നെ പാര്‍ട്ടിയില്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ ചില സംഘടനകള്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണ് ചുക്കാന്‍ പിടിക്കുന്നത്.
 വര്‍ഗീയമായും ജാതീയമായും ജനങ്ങളെ ഭിന്നിപ്പിക്കുകയും അവര്‍ക്കിടയില്‍ വിധ്വംസക വിത്തുകള്‍ വിതറുകയും ചെയ്ത് ക്രമസമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തം സംഘടനകള്‍ക്കെതിരെ സര്‍ക്കാരും പോലീസും വിട്ടുവിഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിക്കേണ്ടത്.
ലോകമിപ്പോള്‍ ഭീകരവാദത്തിന്റെയും  തീവ്രവാദത്തിന്റെയും പിടിയിലകപ്പെട്ട സമയമാണ്. അശുഭകരമായ വാര്‍ത്തകളാണ് എല്ലായിടത്തുനിന്നും കേള്‍ക്കുന്നത്. ഐ.എസ് പോലുള്ള ഭീകര സംഘടനകള്‍ ലോകത്തിന്റെ സമാധാനം കെടുത്തുമ്പോള്‍ അതെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ വിത്ത് വിതറാന്‍ ചിലര്‍ ശ്രമിക്കുന്നത് അപക്വമായ ലക്ഷണങ്ങളാണ്. ഇതൊരിക്കലും അനുവദിക്കരുത്. സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍  ആശയ വൈജാത്ത്യങ്ങള്‍ മാറ്റിവെച്ച് ജനങ്ങളുടെ സൈ്വരജീവിതം ഇല്ലായ്മ ചെയ്യുന്ന വര്‍ഗീയ തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായി രംഗത്ത് വരേണ്ടിയിരിക്കുന്നു. രാഷ്ട്രീയ ആവരണമിട്ട തീവ്രവാദ സംഘടനകളുടെ ആയുധ പരിശീലനം നേടിയ കൊട്ടേഷന്‍ സംഘടനകള്‍ക്കെതിരെ വളര്‍ന്ന് വരേണ്ട ജാഗ്രതയില്‍ എല്ലാവരും അണിചേരണം. ഇത് കേരളമാണ്.സമാധാനജീവിതം ആഗ്രഹിക്കുന്ന ഈ നാട്ടില്‍ മതേതര ജനാധിപത്യ  പ്രസ്ഥാനങ്ങള്‍ വിഭാവനം ചെയ്യുന്നത് സമാധാനത്തിലൂന്നിയ സഹവര്‍ത്തിത്വതെയാണ്. ഏത് സങ്കീര്‍ണ സാഹചര്യത്തിലും പ്രകോപനത്തിനും വൈകാരികതക്കും വശപ്പെടാതെ പക്വമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന സംസ്ഥാനത്തിന്റെ മൈത്രിക്കും ശാന്തിക്കും സമാധാനത്തിനും നിലകൊള്ളുന്ന മതേതര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ ആയുധവുമായി വേട്ടയാടാന്‍ ശ്രമിക്കുന്ന തീവ്രവാദ സായുധ സംഘങ്ങളെ തടയാന്‍ ഉത്തരവാദിത്ത്വപ്പെട്ടവര്‍ക്ക് കഴിയണം. അവിടെയാണ് ക്രമസമാധാനം  സാധ്യമാവുക. കേവലമായ അറസ്റ്റിലും ചോദ്യംചെയ്യലിലും മാത്രം ഒതുങ്ങുന്നതാവരുത് കുറ്റക്കാര്‍ക്കെതിരായ നടപടി. വിധ്വംസക വിത്തുകള്‍ പാകുന്നവരുടെ വേരുകള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള ശക്തമായ നടപടിയിലേക്ക് സര്‍ക്കാരും പോലീസും നീങ്ങണം