മരണം മഹത്തുക്കള്‍ക്ക് ജീവിതം വിശുദ്ധമായിരുന്നുവെന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണ്. അങ്ങിനെയാവുമ്പോള്‍ മരിച്ചാലും മരിക്കാതെ ബാക്കിയാവും മരണം. അല്ലാഹുവും അവന്റെ അടിമകളും നല്‍കുന്ന വലിയ ബഹുമതിയാകും. അങ്ങിനെ ജീവിതത്തിലുള്ളതിലേറെ മരണത്തോടെ അവര്‍ കൂടുതല്‍ അംഗീകരിക്കപ്പെടും. മഹാനായ ഗുരു കോട്ടുമല ബാപ്പു ഉസ്താദിനെ ഓര്‍ക്കുമ്പോഴും ഇങ്ങനെയൊക്കെയാണ്. തങ്ങള്‍ക്ക് ഏറ്റവും ആവശ്യമായത് സമയമാണെന്ന് സമുദായം തിരിച്ചറിയുന്ന നേരത്താണ് ഉസ്താദിനെ അല്ലാഹു തിരിച്ച് വിളിച്ചത്. പിന്നെ അത് ഞെട്ടലും സങ്കടവുമായി പരന്നൊഴുകി. അണയാനായി മിന്നി കത്തുന്നതിനിടയില്‍ കെട്ടുപോയതല്ല ഈ വിളക്ക്. ഇവിടെ ജ്വലിച്ച് കത്തുന്നതിനിടയില്‍ അണഞ്ഞ് പോവുകയായിരുന്നു. സമൂഹത്തില്‍ പലരിലായി ഒരു മിച്ച് കൂടുന്ന ഗുണങ്ങള്‍ ഒരാളില്‍ സമ്മേളിക്കുക എന്നത് അല്ലാഹു നല്‍കുന്ന വലിയ സൗഭാഗ്യമാണ്.
അല്ലാഹുവിന്റെ അടിമകളില്‍ ഒരു വിഭാഗത്തെ തന്റെ അടിമകളെ സേവിക്കാനായി അല്ലാഹു പ്രത്യേകം തെരഞ്ഞെടുക്കുമെന്നുണ്ട്. പാരത്രിക ലോകത്ത് അവര്‍ക്കുള്ള നേട്ടങ്ങള്‍ ഒരുപാടുണ്ടെന്നും മുത്ത് നബി(സ)പറയുന്നുണ്ട്. ആരെയും കാത്ത് നില്‍ക്കാതെ ഉമ്മത്തിന്റെ നന്മകള്‍ക്ക് വേണ്ടി ഓടി നടക്കുകയായിരുന്നു ബാപ്പു ഉസ്താദ്. ഹിക്മത്ത്, നിയ്യത്തിന്റെ നന്മ, ഉറച്ച നിലപാട്, ആദര്‍ശനിഷ്ഠ, പ്രശ്‌നപരിഹാര ശേഷി ഇങ്ങനെ ഇനിയും പറഞ്ഞ് തീരാത്ത ഒരുപാടുണ്ട്....വേഷത്തിലും ഭാവത്തിലും മാത്രമല്ല എല്ലാത്തിലും ആ സൗന്ദര്യം ഉറപ്പാക്കി. കാണുന്നവര്‍ക്ക് നല്‍കിയ പുഞ്ചിരിയുടെ വെളിച്ചത്തില്‍ തന്റെ രോഗങ്ങളും വിഷമങ്ങളുമെല്ലാം മറക്കുകയായിരുന്നു.
ഉമ്മത്തിന് നേതൃത്വം നല്‍കി മുമ്പേ നടന്ന മഹത്തുകളുടെ പ്രാര്‍ത്ഥനയുടെ ഉത്തരമായിരുന്നു താനെന്ന് കര്‍മ്മങ്ങളുടെ നന്മയിലൂടെ തെളിയിച്ചു. ചരിത്രപരമായ ദൗത്യനിര്‍വ്വഹണങ്ങളിലൂടെ ആധുനിക സമസ്തയുടെ ശില്‍പിയായി. എല്ലാം നന്മ നിറഞ്ഞ നിയ്യത്തിന്റെ തണലിലായി ചെയ്ത് തീര്‍ത്തു. ഓടി നടന്നും ഉറക്കൊഴിച്ചും ഉമ്മത്തിനെ സേവിച്ചതൊക്കെ നിയ്യത്തിന്റെ സൗന്ദര്യം പ്രകടമാക്കുന്നതായിരുന്നുവെന്ന് മരണം കൊണ്ട് തെളിയിക്കുകയായിരുന്നു. ഉത്തമ ജീവിതവും ഉന്നതമായ യാത്രയയപ്പും;എല്ലാം അല്ലാഹു സ്വീകരിക്കട്ടെ...
കോട്ടുമല ഉസ്താദിന്റെ ജീവിതം നമുക്ക് പാഠമാണ്, സന്ദേശമാണ്. ഉസ്താദിന് സധൈര്യം ചെയ്യാന്‍ പ്രത്യേക സാമര്‍ത്ഥ്യം ഉണ്ടായിരുന്നു. അദ്ദേഹം ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം വളരെ കൃത്യമായി നിര്‍വഹിച്ചിരുന്നു. ഒരു കാര്യത്തിന് സമയം നിശ്ചയിച്ച് കഴിഞ്ഞാല്‍ അത് പൂര്‍ണമായും ആ കാര്യത്തിന് വേണ്ടി തന്നെ ചെലവഴിക്കും. എത്ര തിരക്കിലാണെങ്കിലും ആ ഉത്തരവാദിത്വം പൂര്‍ണമായി നിറവേറ്റുക എന്ന നിര്‍ബന്ധ ബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. സംഘടന പ്രവര്‍ത്തകരേയും കൂടെയുള്ളവരേയും സഹപ്രവര്‍ത്തകരെയും മറ്റും സന്തോഷിപ്പിക്കും വിധം പെരുമാറാനുള്ള പ്രത്യേക കഴിവും സാമര്‍ത്ഥ്യവും ഉസ്താദിനുണ്ടായിരുന്നു. കാര്യങ്ങളോക്കെ പറയേണ്ടിടത്ത് തന്ത്രപൂര്‍വ്വം പറഞ്ഞ് മനസ്സിലാക്കി കൊടുത്ത് വിഷയങ്ങളൊക്കെ ഒരു തീര്‍പ്പിലെത്തിക്കുവാനും നല്ല കഴിവുണ്ടായിരുന്നു.
കിത്താബുകള്‍ എല്ലാ ഫന്നിലും വേണ്ട പോലെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന ആളായിരുന്നു ഉസ്താദ്. കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ പ്രത്യേകം മിടുക്കായിരുന്നു.
സമസ്തയുടെ മഹാന്മാരായ ഉസ്താദുമാരൊക്കെ നമുക്ക് കാണിച്ച് തന്ന ആ സുന്നത്ത് ജമാഅത്തിന്റെ ആശയവും ആദര്‍ശവും എല്ലാ രംഗത്തും ഉറപ്പിച്ച് നിര്‍ത്തിയിരുന്നു. അതിലൊന്നും ചെറിയ വിട്ട് വിഴ്ച്ചകള്‍ക്ക് പോലും അദ്ദേഹം ഒരുക്കമായിരുന്നില്ല.സമസ്തയുമായി ബന്ധപ്പെട്ട് തന്നെ പല രംഗത്ത് പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു. എതെങ്കിലും കടപ്പാടുകൊണ്ടോ മറ്റോ ആദര്‍ശത്തില്‍ അദ്ദേഹത്തിന് വിട്ട് വിഴ്ച്ച വരുത്തേണ്ടി വന്നിട്ടില്ല. അതിനൊന്നും ഒരിക്കലും തയ്യാറുമായിരുന്നില്ല. എവിടെയും ആദര്‍ശം തന്നെയായിരുന്നു വലുത്. ഉസ്താദിന്റെ ജീവിത കാലത്ത് നടന്ന രണ്ട് സമ്മേളനങ്ങളാണ് 85ാം വാര്‍ഷികവും 90 ാം വാര്‍ഷികവും. ഇത് രണ്ടും വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നത് ഉസ്താദായിരുന്നു.
എതിര്‍ കക്ഷിക്ക് പോലും വെറുപ്പ് തോന്നാത്ത വിധം ഏത് പ്രശ്‌നവും പരിഹരിക്കാന്‍ ശ്രദ്ധിക്കുമായിരുന്നു. ഒപ്പമുള്ളവരെയൊക്കെ പ്രത്യേകം പരിഗണിക്കുന്ന അദ്ദേഹത്തിന്റെ മികച്ച സ്വഭാവം കാരണം എല്ലാവരുടേയും സ്‌നേഹം പിടിച്ച് പറ്റാന്‍ ഉസ്താദിനായി. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡില്‍ അംഗമായും പിന്നീട് സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയുമായുള്ള കാലയളവില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമാക്കുന്ന ആശയങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. കാലോചിതമായി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിലും വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിലും അദ്ദേഹം പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.
മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസ മേഖലയിലും സമസ്ത കൂടുതല്‍ ശ്രദ്ധയൂന്നണമെന്നുള്ള ചിന്തയില്‍ നിന്നുണ്ടായ പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുക്കുന്നത് ബാപ്പുമുസ്ലിയാരെയായിരുന്നു. ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ആരിലും മതിപ്പുളവാക്കുന്ന സേവനമായിരുന്നു അദ്ദേഹത്തിന്റേത്. ഹാജിമാരുടെ ക്ഷേമത്തിനും ഹജ്ജ് ക്യാമ്പിന്റെ സംഘാടനത്തിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. ഒരു ഹജ്ജ് ക്യാമ്പ് സമാപിച്ചതിന് ശേഷം അടുത്ത ഹജ്ജ് കാലം വരുന്നതിന് മുമ്പ് ഹജ്ജ് ഹൗസിന്റെയും ക്യാമ്പിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ ആശയവുമായി അദ്ദേഹം സര്‍ക്കാറിനെ സമീപിക്കുമായിരുന്നു. സമുദായ ഐക്യവും സൗഹാര്‍ദ്ദവും നില നില്‍ക്കുന്നതിന് വേണ്ടി പൊതു വിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള വിശാല മനസ്‌കതയാണ് ഉസ്താദിന് പൊതു സമ്മിതി നേടികൊടുത്തത്. സമസ്തയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാതെ ആദര്‍ശബന്ധിതമായി ജീവിക്കുകയും അതൊടൊപ്പം മറ്റുള്ളവരുമായുള്ള സഹവര്‍ത്തിത്വത്തിന് പ്രാധാന്യം കാണുകയും ചെയ്തിരുന്നു.
സമസ്തയുടെ ക്യാമ്പുകളും സമ്മേളനങ്ങളും വിജയിപ്പിക്കുന്നതില്‍ മികച്ച സംഘടന പാടവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ആശ്വാസകരമാം വിധം എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നിര്‍വ്വഹിക്കുകയും അവയെല്ലാംവിജയകരമായി പൂര്‍ത്തികരിക്കുകയും ചെയ്യുന്നതായിരുന്നു അദേഹത്തിന്റെ പതിവ്.
സമന്വയ വിദ്യാഭ്യാസ രംഗത്ത് അദേഹത്തിന്റെ ഏക്കാലത്തേയും ശോഭയാര്‍ന്ന പ്രവര്‍ത്തനത്തിന്റെ ഉത്തമോദാഹരണമാണ് കടമേരി റഹ്മാനിയ്യ അറബി കോളേജ്. സമസ്തയുടെ മാസ്റ്റര്‍ ബ്രൈന്‍ ആയിരുന്ന എം.എം ബശീര്‍ മുസ്ലിയാര്‍ തുടങ്ങി വെച്ച ചരിത്രദൗത്യം പൂര്‍ത്തികരിക്കാന്‍ ഭാഗ്യം ലഭിച്ചത് ബാപ്പു ഉസ്താദിനായിരുന്നു. ജാമിഅ നൂരിയ്യയുമായി ബന്ധപ്പെട്ടും ജാമിഅ എഞ്ചിനീയറിംങ്ങ് കോളേജുമായി ബന്ധപ്പെട്ടും സജീവമായി ഇടപെട്ടിരുന്ന അദേഹം വിദ്യാഭ്യാസ രംഗത്ത് നല്ല കാഴ്ചപാടുകളോടെയാണ് നില കൊണ്ടത്. നേതൃപദവിയിലേക്ക് എത്തിചേര്‍ന്നത് മുതല്‍ സമസ്ത രചിച്ച ചരിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ടായിരുന്നു. കാര്യനിര്‍വ്വഹണത്തില്‍ യുവ നേതാക്കന്മാരുടെ ചിന്തകള്‍ക്കപ്പുറത്ത് ഒരു പടി മുന്നിലായിരുന്നു അദ്ദേഹത്തിന്റെ ഒരോ തീരുമാനങ്ങളും. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ കണിശതയോടെ നിര്‍വ്വഹിക്കുന്നതില്‍ അദ്ദേഹം സര്‍വ്വരെയും വിസ്മയപ്പെടുത്തിയിരുന്നു.
പിന്നീട് എന്ന ഒന്നില്ല
ചോരാത്ത പ്രവര്‍ത്തന വീര്യം ഉപയോഗിച്ച് മൂര്‍ച്ചകുറഞ്ഞ് പോയ ഒരു പ്രയോഗമാണ് ഈ പ്രയോഗത്തിന്റെ യഥാര്‍ത്ഥഅര്‍ത്ഥമെന്താണെന്ന ചോദ്യത്തിന് കോട്ടുമല ടി.എം ബാപ്പു ഉസ്താദിന്റെ ജീവിതം എന്ന് മറുപിടി പറയാം. ചെയ്യാനുദ്ദേശിച്ച കാര്യം പിന്നീടാകട്ടെ... എന്ന് പറഞ്ഞ് മാറ്റി വെക്കാന്‍ എന്തുണ്ട് പഴുത് എന്നന്വേഷിക്കുന്നവരാണ് പലരും. എന്നാല്‍ ഉസ്താദിന്റെ സമീപനം ഇതിനെതിരായിരുന്നു. നടക്കില്ല എന്ന് എല്ലാവരും പറയുന്നകാര്യവും നടത്തിയെടുക്കാന്‍ എന്തുണ്ട് പഴുത് എന്നായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണം.
പണ്ഡിതന്റെ പക്വതയും വിനയവും മുഖമുദ്രയാകുമ്പോള്‍ തന്നെ ഒരു മാനേജറുടെ കൂര്‍മബുദ്ധിയും അപഗ്രഥന ശേഷിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസാധാരണ വിജയം പകര്‍ന്നു. ഉസ്താദിന്റെ ജീവിതത്തില്‍ വലിയ സ്മാരകമായി വാഴ്ത്തപ്പെടുക 'സുപ്രഭാതം' തന്നെയായിരിക്കും. ഒരു ദിനപത്രം എന്ന ആശയം ഉടലെടുത്തത് മുതല്‍ പലരുമായും അദ്ദേഹം കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. പത്രപ്രവര്‍ത്തന മേഖലയെ കുറിച്ച് അറിയുന്നവരെല്ലാം അദ്ദേഹത്തോട് പറഞ്ഞത് പരാജയത്തിന്റെ കഥകളാണ്.
ഒട്ടെറെ നിറ സാന്നിദ്ധ്യമുള്ള കൊച്ചു കേരളത്തില്‍ ഇനിയുമൊരു പത്രം വിജയിക്കുമോ എന്ന ആശങ്ക. കേരളത്തിലെ ജനസംഖ്യ, പത്രവായനക്കാരുടെ എണ്ണം, വീടുകളുടെ എണ്ണം, ജനങ്ങളുടെ സാമ്പത്തിക ശേഷി, ടെലിവിഷന്‍ ചാനലുകളും വാര്‍ത്ത വെബ്ബ്‌സൈറ്റുകളും ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളുടെ സാന്നിധ്യം, മൊബൈല്‍ വിപ്ലവം തുടങ്ങിയ പലഘടകങ്ങളും ശാസ്ത്രീയമായി പരിഗണിച്ചു നടത്തുന്ന മാര്‍ക്കറ്റ് സ്റ്റഡികള്‍ വായിച്ചാല്‍ പുതിയൊരു പത്രം തുടങ്ങാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല. ഇതിനെയെല്ലാം മറി കടന്ന് സമസ്തക്കൊരു പത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വഴിയൊരുക്കിയത് ഉസ്താദിന്റെ നിര്‍ബന്ധബുദ്ധിയും നിശ്ചയ ദാര്‍ഢ്യവുമാണ് എന്നു പറഞ്ഞാല്‍ കുറഞ്ഞ് പോകും; അദ്ദേഹത്തിന്റെ വാശിയും ശാഠ്യവുമാണ് എന്ന് കൂടി പറയണം. 'സുപ്രഭാതം' പ്രസിദ്ധീകരിച്ച് തുടങ്ങിയ ശേഷം പത്രത്തെകുറിച്ചുള്ള അഭിപ്രായം ചോദിച്ചറിയുമ്പോള്‍ നല്ലമറുപടി പറഞ്ഞാല്‍ ഉസ്താദ് തിരിച്ച് പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു:'' നല്ല കാര്യങ്ങളല്ല പറയേണ്ടത് എന്താണ് പോരായ്മ എന്ന് പറയണം''
വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിന്റെ ഉടമയായിരുന്നു അപ്രതീക്ഷിതമായി നമ്മോട് വിട്ട് പിരിഞ്ഞ ബാപ്പുഉസ്താദ്. ഉത്തമമായ പിതാവില്‍ നിന്നും പകര്‍ത്തിയെടുത്ത ഉത്തമഗുണങ്ങളുടെ നിദര്‍ശനം ആ പ്രിയ പുത്രനിലൂടെ നമുക്ക് കാണാനും മനസ്സിലാക്കാനും കഴിഞ്ഞു. തന്നെ ബാധിച്ച രോഗങ്ങളെ കുറിച്ച് ബോധവാനായിരുന്നുവെങ്കിലും അവയൊന്നും വകവെക്കാതെ ചുറുചുറുക്കൊടെ അദ്ദേഹം സേവന രംഗത്ത് കര്‍മ്മ നിരതനായി നിലകൊണ്ടു.
സമസ്തയുടെ ഖാദിമാവുക എന്നാല്‍ ജനസേവകനായി തീരുക എന്ന ദൗത്യമാണ് യഥാര്‍ത്ഥത്തില്‍ സംഭവമാകുന്നത്. മനുഷ്യര്‍ തന്നിലേക്ക് ആവശ്യമുള്ളവരായിതീരുന്നത് അല്ലാഹു ചെയ്ത് തന്ന അനുഗ്രഹമായി (നബി) പരിചയപെടുത്തിയിട്ടുണ്ട്.പ്രതിസന്ധിഘട്ടങ്ങളില്‍ മുസ്ലിം സമുദായത്തിന് ആശ്വാസത്തിന്റെ കുളിര്‍ തെന്നലായി തീരാന്‍ ഉസ്താദിന് കഴിഞ്ഞിരുന്നു. വേണ്ടത് വേണ്ട സമയങ്ങളില്‍ വേണ്ടതുപോലെ ചെയ്യാന്‍ കരുത്താര്‍ജ്ജിച്ചപ്രതിഭാധനനായിരുന്നു അദ്ദേഹം. സ്‌കൂള്‍ സമയമാറ്റം, മതമില്ലാത്ത ജീവന്‍ തുടങ്ങി സമുദായം ആശങ്കപ്പെട്ട സന്ദര്‍ഭത്തില്‍ ഉസ്താദിന്റെ നയവും പ്രവര്‍ത്തനവുമാണ് സമുദായത്തിന് ആശ്വാസമാക്കിതീര്‍ന്നത്. സ്‌കൂള്‍ സമയമാറ്റം മദ്‌റസ പ്രസ്ഥാനത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന രീതിയിലാണ് പത്തി വിടര്‍ത്തിയിരുന്നത്. അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ള ഭരണാധികാരികളെ കാണാനും പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കാനും ആ മഹാനുഭാവന്‍ ചെയ്ത ത്യാഗം നമുക്കൊരിക്കലും വിസ്മരിക്കാന്‍ കഴിയുന്നതല്ല.
കാലത്തിനൊപ്പം അല്ലെങ്കില്‍ കാലത്തിന് മുമ്പേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കുശാഗ്രബുദ്ധിയുടെ ഉടമയായിരുന്നു ബാപ്പുഉസ്താദ്. സമസ്ത എന്ന ബഹുജന പ്രസ്ഥാനത്തെ കൂടുതല്‍ ജനകീയവത്കരിക്കാനും ഇതര മതസ്ഥര്‍ക്ക് കൂടി പരിചയപ്പെടുത്താനും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനം നിമിത്തമായി. ഒരോ മനുഷ്യനും പ്രത്യേക പ്രകൃതിയുണ്ടെന്ന പോലെ ഒരോ നേതാക്കള്‍ക്കും ഒരോ സവിഷേശതകളുണ്ടെന്ന് അനുഭവമാണ്. ശംസുല്‍ ഉലമയുടെ വേര്‍പ്പാടിന് ശേഷം സമസ്തയുടേയും പോഷകഘടകങ്ങളുടേയും നേതൃസ്ഥാനത്ത് പലനേതാക്കളും മാറി മാറി വന്നു. നേതൃസ്ഥാനങ്ങളില്‍ സമുന്നതരായ പണ്ഡിതരും സാദാത്തുകളും പൗരപ്രമുഖരും എല്ലാം ഉണ്ടെങ്കിലും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും തീരുമാനമെടുക്കുന്നതിലും ബാപ്പു ഉസ്താദിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
പല പ്രസ്ഥാനകാര്യങ്ങളിലും കൂടിയാലോചന നടത്തുമ്പോള്‍ നിങ്ങള്‍ ബാപ്പു മുസ് ലിയാരെ കണ്ടോ ? എന്നായിരുന്നുവെത്രെ സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ് പലപ്പോഴും പ്രവര്‍ത്തകരോട് ചേദിച്ചിരുന്നത്. യോഗത്തിലും ഉന്നത ബോഡികളിലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുചിന്തിതവും വിവേകപൂര്‍ണവുമായ തീരുമാനമെടുക്കാനുള്ള ബാപ്പുമുസ്ലിയാരുടെ കഴിവ് 1996 ല്‍ ശംസുല്‍ ഉലമ വഫാത്തിന് ശേഷം ഇക്കാലമത്രയും പ്രകടിപ്പിച്ചു. ഒരു പ്രാവശ്യം ശംസുല്‍ ഉലമയുടെ മുന്നില്‍ അവതരിപ്പിച്ചാല്‍ കൃത്യമായ ഒരു അഭിപ്രായവും തീരുമാനവും മഹാനവര്‍കള്‍ പറഞ്ഞ് തരുമായിരുന്നു. അതെ പ്രകൃതമായിരുന്നു ബാപ്പു ഉസ്താദിന്റെയും. കാര്യം ബോധ്യപെട്ടാല്‍ അംഗീകരിക്കാന്‍ ഒരു വൈമനസ്യവും കാണിച്ചിരുന്നില്ല.
പിന്നെ ആ സദസ്സും കരഞ്ഞു
2017 ഫെബ്രുവരി 8 ന് ബുധന്‍ കാലത്ത് സമസ്ത ഓഡിറ്റോറിയത്തില്‍ ബാലനീതി നിയമം സംബന്ധിച്ച് സമസ്ത വിളിച്ച് ചേര്‍ത്ത സ്ഥാപന മേധാവികളുടെ യോഗം നടക്കുന്നു. ബാലനീതിക്ക് വേണ്ടി 1960 മുതല്‍ രാജ്യത്ത് നടപ്പിലായ നിരവധി ആക്ടുകളും കേന്ദ്ര സംസ്ഥാന റൂളുകളും ഉത്തരവുകളും സംബന്ധിച്ച ഗഹനമായ ചര്‍ച്ച നടന്ന് കൊണ്ടിരിക്കുന്നു. അതിനിടയില്‍ സദസ്സില്‍ നിന്ന് ഒരു സ്ഥാപന മേധാവി എഴുനേറ്റ് നില്‍ക്കുകയും ഈ വിഷയത്തില്‍ സമസ്ത നേതൃത്വത്തിന്റെ ഇടപെടലുകള്‍ അറിയിച്ചു തന്നാല്‍ നന്നായിരുന്നു എന്ന് പറയുകയും ചെയ്യുകയുണ്ടായി. വിഷയം അവതരിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് ത്വയ്യിബ് ഹുദവി മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ബാലനീതി ആക്ടും റുളുകളും ഉത്തരവുകളുംമെല്ലാം നമ്മുടെ ദീനി സ്ഥാപനങ്ങളുടെ നടത്തിപ്പിന് എതിരായി ബാധിക്കുന്നത് 2016 മാര്‍ച്ച് മാസം 15ാം തിയ്യതിയോടെയാണ് അത് മുതല്‍ നമ്മുടെ ബാപ്പു ഉസ്താദിന്റെ തീരുമാനങ്ങള്‍ പ്രകാരം ഇത് സംബന്ധിച്ച് നിരവധി കാര്യങ്ങള്‍ ചെയ്യാനും അനുകൂല സാഹചര്യങ്ങള്‍ നേടിയെടുക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സമസ്ത സമര്‍പ്പിച്ചിട്ടുള്ള മോഡല്‍ റൂളുകളും നിവേദനങ്ങളുടേയും നിര്‍ദേശങ്ങളുടേയും പുസ്തക കെട്ടുകള്‍ മുമ്പാകെ ഹുദവി ബോധിപ്പിക്കുന്നു. ശേഷം ഇംഗ്ലീഷ് ഭാഷയിലുള്ളതും കൂടുതല്‍ പേജുകള്‍ ഉള്ളതുമായ ഒരു നിവേദനം പ്രത്യേകം ഉയര്‍ത്തികാണിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു '' ഇത് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് തൊട്ട് മുമ്പ് ബാപ്പു ഉസ്താദ് തയ്യാറാക്കി വെച്ചതാണ് പക്ഷേ, ഇത് സമര്‍പ്പിക്കും മുമ്പ് ഉസ്ത്താദ്.....'' സന്നിഹിതരായവരെല്ലാം നയനങ്ങള്‍ ജലാര്‍ദ്രമായ സന്ദര്‍ഭം. സമുദായത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടി ജാഗ്രത കാണിച്ച ആ മഹാനുഭാവനുവേണ്ടി എല്ലാവരും വേദനയോടെയും കണ്ണീരോടെയും പ്രാര്‍ത്ഥിക്കുകയായിരുന്നു അപ്പോള്‍.......
സമസ്തയുടെ പണ്ഡിതര്‍ക്ക് മുമ്പിലോ മുഖ്യമന്ത്രിക്ക് മുമ്പിലോ രാഷ്ട്രീയ നേതൃത്വത്തിന്റെ അടുക്കലോ സങ്കീര്‍ണ്ണമായി ചര്‍ച്ചചെയ്യുന്ന കാര്യങ്ങല്‍ പ്രവര്‍ത്തകര്‍ ഭയപ്പാടൊടെ കാണുന്നതാണെങ്കില്‍ പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ അവതരിപ്പിച്ച ശേഷം നേതൃത്വത്തിന്റെ തീരുമാനം കാര്‍കശ്യമാകുന്ന ഘട്ടത്തില്‍ ഉസ്താദ് ഇടപെടും. എന്നിട്ട് മയപ്പെടുത്തും. അല്ലങ്കില്‍ പ്രവര്‍ത്തകരെ ഒന്ന് ശാസിച്ച് നേതാക്കളെ പതപ്പെടുത്തും. കാര്യങ്ങള്‍ പ്രവര്‍ത്തകരിലൂടെ നേതൃത്വത്തെ അറിയിക്കാനും ബോധ്യപ്പെടുത്താനും മുഖാമുഖം അവസരം സൃഷ്ടിക്കും. ചര്‍ച്ചകൊടുവില്‍ തീര്‍പ്പാവും അല്ലെങ്കില്‍ പിന്നീട് ഇരിക്കാം എന്ന് പറഞ്ഞുപിരിയും. എന്നിട്ട് ആരെങ്കിലും സ്വന്തമായി കാണുന്നുവെങ്കില്‍ ഒഴിവുപോലെ ഉസ്താദ് അവരെ കണ്ട് ബോധ്യപ്പെടുത്തും. തുടര്‍ന്ന് കാര്യങ്ങള്‍ എളുപ്പമാകും. വിവാഹപ്രായം, കുട്ടികടത്ത്, ശരീഅത്ത്, ജെ.ജെ ആക്ട്, മതമില്ലാത്ത ജീവന്‍, സ്‌കൂള്‍ സമയമാറ്റം, തീവ്രവാദ സംഘടനകള്‍, വ്യാജമുടി അങ്ങനെ എന്തെല്ലാം വിഷയങ്ങള്‍ അതിലെല്ലാം ഉസ്താദ് നിര്‍ണായകമായിരുന്നു.
ധീരനായിരുന്നു ആ വിനയാനിതന്‍
സംഘടന, പ്രസ്ഥാനം, സ്ഥാപനം, മാധ്യമം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാത്തിന്റെയും അമരത്തിരുന്ന് കൃത്യമായി ഇടപെട്ട് ഭംഗിയായും തൃപ്ത്തമായും നിര്‍വഹിക്കുക. ഒരേസമയം എല്ലാവരിലും കണ്ണെത്തുക, അത് സൂക്ഷമതയോടെ ചെയ്യുക. അതെ, ബാപ്പു ഉസ്താദിന് മാത്രമെ അതിന് സാധിച്ചിരുന്നൊള്ളൂ. സുപ്രഭാതം ചീഫ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സജീവന്‍ ഒരിക്കല്‍ ഒരു ടി.വി അഭിമുഖത്തില്‍ പറഞ്ഞു: പത്രത്തിന്റെ ചുമതല സജീവനെ ഏല്‍പ്പിക്കാന്‍ വേണ്ടി ബാപ്പു മുസ്ലിയാരുടെ മുമ്പില്‍ ഇരുന്ന് സംസാരിക്കാന്‍ വേണ്ടി തുടങ്ങുമ്പോള്‍ തോന്നി '' ഇയാള്‍ കേവലം ഒരു മുസ്ലിയാര്‍... ഇദ്ദേഹത്തിന് എങ്ങിനെയാണ് ഒരു പത്രം നടത്തി കൊണ്ട് പോവാന്‍ സാധിക്കുക. ഒരു പക്ഷേ, ഒരു സംഘടനപത്രം എന്ന വിധത്തിലായിരിക്കും തുടങ്ങുക. ഇച്ചിരി കോപ്പിയും മതിയാകും. പക്ഷേ, സംസാരം കഴിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. ഇത് കൊള്ളാലോ... വല്ലാത്തൊരു ആത്മസംതൃപ്തിനല്‍കി. ഞാന്‍ കരുതി വെച്ചതും ഇത്തരത്തിലൊരു മാനേജ്‌മെന്റിന് കീഴില്‍ പത്രപ്രവര്‍ത്തനം നടത്താനായിരുന്നു. സംസാരം കഴിഞ്ഞ് പിരിഞ്ഞ ശേഷം ഞാന്‍ ബാപ്പുഉസ്താദിനോട് സ്വകാര്യമായി ചോദിച്ചു. ഉസ്താദ് ഇതിന് മുമ്പ് ഏതെങ്കിലും പത്രത്തില്‍ ജോലിചെയ്തിട്ടുണ്ടോ...? 'എന്താ സജീവാ വായിച്ച പരിജയമല്ലാതെ ഒരു പത്രവുമായി എനിക്ക് ബന്ധമില്ല' ബാപ്പു ഉസ്താദ് പറഞ്ഞു. അപ്പോ പത്രം നടത്തുന്നതിനെ കുറിച്ച് ഇത്രയും വലിയ അറിവ് ഉസ്താദിന് എങ്ങിനെയുണ്ടായി. എന്റെ ചോദ്യകേട്ട് ഉസ്താദ് പറഞ്ഞു. സജീവാ ഞങ്ങള്‍ ഏതൊരു കാര്യം നടത്താന്‍ തീരുമാനിച്ചാലും അതിനെ കുറിച്ച് ഒരു പഠനം നടത്തും. ഇതിന് ആവശ്യമായതെല്ലാം പഠിച്ചിട്ടാണ് ഞങ്ങള്‍ തീരുമാനമെടുത്തത്. ഇത്രയും പെട്ടന്ന് അത് സാധിച്ചോ എന്നൊരു അത്ഭുതം തോന്നി. ഏതായാലും പത്രം തുടങ്ങി.വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഉദ്ദേശിച്ചതിലും ഭംഗിയായി നടത്തുകയായിരുന്നു. മാനേജ്‌മെന്റ് മാത്രമല്ല, എഡിറ്റോറിയല്‍ റിപ്പോര്‍ട്ട്, ബ്യൂറോ എല്ലാം അദ്ദേഹത്തിന് സ്പഷ്ടമാണ്. ഇത്തരമൊരു നേതൃത്വത്തിന്റെ കൂടെ ജോലിചെയ്യാന്‍ ഞങ്ങള്‍ക്ക് വലിയ ആത്മസംതൃപ്ത്തിയാണ്. ഇന്ന് പത്രത്തെ കേരളത്തിലെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തി കൊണ്ട് വന്നത് ഇവരുടെ നേതൃത്വത്തിലാണ്.സജീവന്‍ പറഞ്ഞു.
സംഘടനാപ്രവര്‍ത്തകരുടെ കഴിവുകള്‍ കണ്ടെത്തി അതിനെ വളര്‍ത്താനും അംഗീകരിക്കാനും ഉസ്താദ് തയ്യാറായിരുന്നു. അവസരം നോക്കി ഇടപെടുന്നത് അദ്ദേഹത്തിന്റെ മുഖമുദ്രയാണ്.
വിദ്യാഭ്യാസ വിപ്ലവ നായകന്‍
ദര്‍സ് സമ്പ്രദായത്തില്‍ നിന്നും സമന്വയ വിദ്യാഭ്യാസത്തിലേക്ക് നീങ്ങാതെ സമുദായത്തിന് രക്ഷയില്ലെന്ന് ആദ്യമായി ഉറക്കെ പറഞ്ഞത് എം.എം ബശീര്‍ മുസ്ലിയാരാണ്. കടമേരിയുടെ മണ്ണില്‍ ആ മഹാന്‍ അതിന് വിത്ത് പാകുകയും ചെയ്തു. ദൗത്യം ഏറ്റെടുത്ത് പാരമ്പര്യവും നേതൃത്വഗുണങ്ങളും ഒത്തിണങ്ങിയ മഹാനായിരുന്നു ബാപ്പുഉസ്താദ്. പിന്നെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ഒരു കൊടുങ്കാറ്റ് പോലെ പ്രവര്‍ത്തനഗോദയിലിറങ്ങിയ ഉസ്താദ് നാടും മറുനാടും ഇളക്കിമറിച്ച് മുസ്ലിം ജനസാമാന്യത്തെ തന്റെ ദൗത്യനിര്‍വ്വഹണത്തില്‍ പങ്കാളികളാക്കി. അതൊടെ കടമേരി സമന്വയ വിദ്യാഭ്യാസ രംഗത്ത് ആദ്യ വിജയ ചിഹ്നം ഉയര്‍ത്തി. മത പഠനം ദരിദ്രകുടുംബങ്ങളുടെ ഒരു ജീവിത ഉപാധി എന്ന വിചാരത്തില്‍ നിന്നും അതിസമ്പന്നരുടെ മക്കള്‍ പോലും ഈ മേഖലയിലേക്ക് മുന്നോട്ട് വരുംവിധം മത വിജ്ഞാന മേഖലയില്‍ കാലിക പരിവര്‍ത്തനം വരുത്തി. ദീര്‍ഘയാത്രകള്‍, അത്യദ്ധ്വാനങ്ങള്‍, ഇടം വലം നോക്കാന്‍ നേരമില്ലാതെയുള്ള ഉസ്താദിന്റെ ജീവിത യാത്ര അനുഭവിച്ചവരൊക്കെ പറഞ്ഞു: ഈ പ്രാഗത്ഭ്യം, ഈ സാമര്‍ത്ഥ്യം അസാധാരണം തന്നെ''
ഉസ്താദ് ഒരിക്കലും എവിടെയും ഓച്ചാനിച്ച് നിന്നില്ല. പണ്ഡിതന്റെ തലയെടുപ്പും പടതലവന്റെ ധീരതയും ധാര്‍ഷനിക ദീര്‍ഘവീക്ഷണവും ഉസ്താദിന്റെ വ്യക്തിത്വത്തെ അസാധാരണമാക്കി. അത്യൂന്നത പദവിയിലിരിക്കുമ്പോഴും ഉസ്താദ് കാണിച്ച വിനയവും സഹവര്‍ത്തിത്തവും ഉസ്താദിനെ നേതൃമേഖലയില്‍ അദ്വിതീയനാക്കി. ശംസുല്‍ ഉലമ എന്ന ഗാംഭീര്യവ്യക്തിത്വം വിടവാങ്ങിയ ശേഷം സമസ്തക്ക് ശക്തിയും ധൈര്യവും പകര്‍ന്നത് ബാപ്പുഉസ്താദാണെന്ന് ചരിത്രം സാക്ഷി. ആര്‍ജവത്തോടെ മുന്നണിയില്‍ നിലയുറപ്പിച്ച് ധൈര്യപൂര്‍വ്വം സമുദായത്തെ മുന്നോട്ട് നയിക്കാന്‍ ഉസ്താദിന് കഴിഞ്ഞു. മാധ്യമആയുധം സ്വായത്തമാക്കാന്‍ എന്തുകൊണ്ടല്ലാമോ മടിച്ച് നിന്ന സമസ്തയെ ആ വജ്രായുധം അണിയിച്ചത് ഉസ്താദ് തന്നെയാണ്. അതോടെ അസൂയാവഹനായ ഊര്‍ജ്ജ്വലതയോടെ സമസ്തയെന്ന പണ്ഡിത സംഘടന കേരളീയ മുഖ്യധാരയില്‍ തലയുയര്‍ത്തി നിന്നപ്പോള്‍ ബാപ്പു ഉസ്താദ് സഫലമായ ഒരു ദൗത്യനിര്‍വ്വഹണത്തിന്റെ നിര്‍വൃതിയിലായിരുന്നു.
പാരമ്പര്യ വേഷവിധാനത്തില്‍ കര്‍ശനനിലപാടായിരുന്നു ഉസ്താദിന്. സമന്വയത്തിന്റെ പേര് പറഞ്ഞ് മുത്തഅല്ലിമുകളെ വേഷഭൂഷാധികളില്‍ ഒരു മാറ്റവും വരുത്താന്‍ ഉസ്താദ് സമ്മദിച്ചില്ല. താടിയും തലപ്പാവും വെള്ളവേഷധാരിയായ ഭൗതിക വിദ്യാസമ്പന്നനായ യുവ പണ്ഡിതരെയാണ് ഉസ്താദ് വിഭാവനം ചെയ്തത്. പഴയപണ്ഡിതന്മാരുടെ പരമ്പരാഗത ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ഉസ്താദ് ആരെയും സമ്മദിച്ചില്ല. ഇത്തരം വിഷയങ്ങള്‍ മഹാന് ഒരു ഭംഗി വാക്കായിരുന്നില്ല; പ്രത്യൂത ആത്മാര്‍ത്ഥയില്‍ നിന്നുടലെടുക്കുന്ന അലംഘനീയതീരുമാനമായിരുന്നു. ആക്ഷേപാധിക്യങ്ങളൊ കാര്യമാക്കാതെയാണ് തന്റെ കര്‍മ്മ പഥത്തിലൂടെ ആ മഹാനുഭാവന് സുസ്മരവദനനായി മുന്നോട്ട് ഗമിച്ചത്. ഒരിക്കല്‍ അനല്‍പ്പമായ വിധം മനോവിഷമം ഉണ്ടാക്കുന്ന ഉസ്താദിനെ കുറിച്ചുള്ള ഒരു വാര്‍ത്ത ഒരുപത്രത്തില്‍ കണ്ടപ്പോള്‍ ഒരു പ്രവര്‍ത്തകന്‍ ഉസ്താദിനെ ബന്ധപ്പെട്ടപ്പോള്‍ പുഞ്ചിരി കലര്‍ന്ന സ്വരത്തില്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം അല്ലാഹുവിനിറിയാമല്ലോ.... പിന്നെന്തിന് നമ്മള്‍ ഭയക്കണം എന്ന നിര്‍ഭഭീതമായ മറുപടിയാണ് ലഭിച്ചത്.
പേമാരിയായിതിര്‍ന്നേക്കാവുന്ന വിമര്‍ശ വര്‍ഷങ്ങളോട് പൊതുപ്രവര്‍ത്തകന് എങ്ങിനെ പ്രതികരിക്കണമെന്ന പ്രവാചകധ്യാപനത്തിലധിഷ്ഠിതമായ മാതൃകവരച്ച് കാണിക്കുകയായിരുന്നു ഉസ്താദിവിടെ. അവിടെയൊക്കെ സത്യവും നന്മയും തന്റെ കൂടെയാണെന്ന് ഉസ്താദ് ഉറപ്പിക്കുകയായിരുന്നു. അതായിരുന്നു ആ ധൈര്യത്തിന്റെ പിന്നിലുണ്ടായിരുന്നത്. പാരമ്പര്യസംരക്ഷണത്തിന്റെ പാതയില്‍ വിട്ടുവീഴ്ചയില്ലാത്തവിധം ഉസ്താദ് ഉറച്ച് നിന്ന് പൊരുതിയപ്പോള്‍ പൊതു ജനസമിതിയും സ്ഥാനമാനങ്ങളും ആ അര്‍ഹതക്കുള്ള അംഗീകാരപാത്രങ്ങളായി. സങ്കല്‍പ്പം പോലും ദുഷ്‌ക്കരമായ നിഷ്പ്രയാസം ഏറ്റെടുത്ത് വിജയിപ്പിച്ചെടുക്കാന്‍ ആ വ്യക്തിക്ക് സാധ്യമായിട്ടുണ്ടെങ്കില്‍ അതിന് ഹേതുകവും മറ്റൊന്നാവുക സാധ്യമല്ല. അല്ലാഹുവിനെ നിങ്ങള്‍ സഹായിക്കുന്ന പക്ഷം അവന്റെ സഹായം നിങ്ങള്‍ക്ക് ലഭിക്കുകയും നിങ്ങളുടെ പാദങ്ങള്‍ അവന്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യും എന്നുള്ള ഖുര്‍ആനിക സൂക്തത്തിന്റെ പുലര്‍ച്ചയായിരുന്നു ആ ജീവിതം.

0 Comments