ഹൈന്ദവത ഒരാശയമെന്ന നിലയില്‍ സെമിറ്റിക് മതങ്ങളെ പോലെ ഏക സ്വഭാവം രീതിയിലോ, സംവിധാനത്തിലോ കാണിക്കുന്നില്ല. എന്നാല്‍ ഒരു മതസംഹിതയെന്ന നിലയില്‍ ഒരിടത്തും അന്യരെ അകാരണമായി അക്രമിക്കാനോ സമൂഹത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ അതാത് കാലങ്ങളില്‍ ഉള്ള നിയമം മറികടന്ന് പ്രവര്‍ത്തിക്കാനോ അനുവദിക്കുന്നതായി കാണുന്നില്ല. അല്ലെങ്കിലും 'വസുദൈവ കുടുംബം' ഒരു ആദര്‍ശമായി സ്വീകരിച്ചിട്ടുള്ള മതത്തിന് അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുകയില്ലല്ലോ? ശ്രീമത് ഭഗവത്ഗീതയടക്കം വേദങ്ങളും ഉപനിഷത്തുക്കളും സമാധാനപൂര്‍ണ്ണമായ ജീവിതത്തെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. ഇതാണ് വസ്തുത എന്നിരിക്കെ താത്കാലിക രാഷ്ട്രീയ ലാഭത്തിനായി ഹിന്ദു എന്ന സാങ്കേതിക പദം ഉപയോഗിച്ച് വേട്ടയാടാനും കൊല്ലാനും നടക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഒരു സംസ്‌കൃതിയെ ഇല്ലാതാക്കുകയാണ്.
ഗീതയിലെ ദിവ്യോപദേശങ്ങള്‍ നോക്കുക.
വിദ്യാവിയസമ്പന്നേ
ബ്രഹ്മണേ ഗവിഹസ്തിനി
ശുനി ചൈവ ശ്വപാകേ-ച
പണ്ഡിതാഃ സമദര്‍ശിനഃ
മനുഷ്യരിലെ വിവിധ വര്‍ഗങ്ങളെയും വിഭാഗങ്ങളെയും അവയുടെ സ്വത്തപരമായ വൈവിധ്യങ്ങളോടെ അംഗീകരിക്കുന്നതാണ് വിവരമുള്ളവന്‍ ചെയ്യുക എന്നാണ് പറയുന്നത്. അഥവാ, മനുഷ്യരിലെ ഈ വൈവിധ്യത്തെ അംഗീകരിക്കാത്തവന്‍ ജ്ഞാനിയല്ല. അജ്ഞാനിയാണ്.
ലഭന്തേ ബ്രഹ്മനിര്‍വ്വാണ-
മൃഷയഃ ക്ഷീണ കല്‍മഷാഃ
ഛിന്ന ദൈ്വധാ യതാത്മാനഃ
സര്‍വ്വഭൂതിഹിതോ രതഃ
മനുഷ്യത്വത്തിന്റെ വളരെ വ്യത്യസ്ഥമായ മറ്റൊരു ഭാവത്തെ തന്നെ ആവിഷ്‌ക്കരിക്കുന്നു. ജൈവപരമായ ഖ്യാതസ്ഥത പുലര്‍ത്തുന്ന പ്രാണികളടക്കമുള്ള മനുഷ്യേതര ലോകത്തേയും പ്രപഞ്ചത്തെതന്നെയും െൈവവിധ്യങ്ങളോടെ അംഗീകരിക്കുക എന്നത് ബ്രാഹ്മാനന്ദകാരിയാണെന്ന് പഠിപ്പിക്കുന്നു. മനുഷ്യന് മാത്രമല്ല, ജീവികള്‍ക്കും കാരുണ്യം എന്ന് ഹിന്ദുമതം തന്നെ പറയുന്നു.
ഇവിടെ പലമതങ്ങളുണ്ട്. പല വര്‍ഗങ്ങളുമുണ്ട്. പല വംശങ്ങളുമുണ്ട്. ഇവിടെ ഇതെല്ലാം ഉണ്ട് എന്ന തിരിച്ചറിവുണ്ടാകണം. ഞാനും എന്റെ മതവും മാത്രമല്ല, എന്ന് മനസ്സിലാക്കണം. ഞാനല്ലാത്തവക്കും ജീവിതം തന്നെയാണ് പ്രധാനം എന്ന് മനസ്സിലാക്കണം. അപ്പോഴാണ് ഭൂമികൂടുതല്‍ വാസയോഗ്യമാവുക.
അല്ലാഹുവിനെയല്ലാതെ ആരാധിക്കുന്നവരെ അപഹസിക്കരുത് എന്ന ഖുര്‍ആന്റെ ആഹ്വാനം വായിച്ചാല്‍ മനസ്സിലാവും ഇസ്‌ലാം മറ്റുമതങ്ങളെപോലെ തന്നെ കൊലയെ, വെറുപ്പിനെ അംഗീകരിക്കുന്നില്ലെന്ന്.
ചുരുക്കത്തില്‍, തുടക്കത്തില്‍ പറഞ്ഞത് പോലെ വ്യവസ്ഥിതി സ്വയം നില നില്‍പ്പിനായി സൃഷ്ടടിക്കപ്പെടുന്ന കല്‍പ്പിത മതരൂപങ്ങളാണ് കുഴപ്പത്തിന് പിന്നിലുള്ളത്. രാഷ്ട്രീയം അതിനെ നന്നായി ഉപയോഗിക്കുന്നു. കാരണം, ഭ്രാന്ത് പിടിച്ച മതമെന്നത് രാഷ്ട്രീയം സൃഷ്ടിക്കുന്ന ആയുധമാണ്. അത് നന്നായി ഉപയോഗിക്കാന്‍ പരിശീലിതരായിട്ടുള്ളതും രാഷ്ട്രീയക്കാര്‍ തന്നെയാണ്. ബഹുസ്വരത മതങ്ങളുടെ മാത്രമല്ല, പ്രകൃതിദത്തമായ സര്‍വ്വതിന്റെയും അടിസ്ഥാന സ്വഭാവമാണ്. പരസ്പരാശ്രത്വത്തോടെ നിലനില്‍ക്കുക എന്നതാണ് ജീവിന്റെ അടിസ്ഥാനം. വിശക്കുന്നവന് ആഹാരവും ദാഹിക്കുന്നവന് ശുദ്ധ ജലവും അറിവില്ലാത്തവന് അക്ഷരവും ജോലി ചെയ്തവന് കൂലിയും പ്രധാനപ്പെട്ടതാണ്. അതില്‍ എവിടെയെങ്കിലും മതം കുഴപ്പമാകേണ്ടതില്ല. നിങ്ങളുടെ രക്തം നിങ്ങളുടെ വിശ്വാസത്തിനനുസരിച്ച് നിറവും ഗ്രൂപ്പും മാറുകയില്ല. മതം രക്തത്തിലല്ല, തലച്ചോറിലും ഹൃദയത്തിന്റെ നന്മ നിറഞ്ഞ ധമനികളിലുമാണ് ലയിപ്പിക്കേണ്ടത്.
സഹജീവിയെ വെറുപ്പോടെ കൊല്ലാനായി വാളെടുക്കുന്ന മനുഷ്യാ...... പരസ്പ്പരം കൊല്ലുമ്പോള്‍ അതെന്തിനാണെന്ന് തിരിച്ച് ചോദിക്കുക. അപരന്റെ മതത്തെ, വിശ്വാസത്തെ,ജീവിതത്തെ നശിപ്പിക്കാന്‍ മൂര്‍ച്ചയുള്ള ആയുധം തെരഞ്ഞെടുക്കും മുമ്പ് നശിപ്പിക്കുന്നതില്‍ നിന്ന് നിനക്ക് കിട്ടുന്ന ലാഭം എന്തെന്ന് ചിന്തിക്കുക. ഇന്ന് വരെ കൊന്നവര്‍ക്ക് കിട്ടിയതെന്തെന്ന് അന്വേഷിക്കുക. എന്നിട്ട് ആയുധം താഴെ വെച്ച് നിന്റെ അയല്‍കാരനെ അന്വേഷിച്ച് ചെല്ലൂ... അവന്റെ മതവും നിറവും വേഷവും മാറ്റിവെച്ച് അവനെ ആലിംഗനം ചെയ്യൂ. മുമ്പ് കഴിഞ്ഞതിന്റെ പേരിലോ, ഇനി നടക്കാം എന്ന് വിചാരിക്കുന്നതിന്റെ പേരിലോ,ആയുധമൊരുക്കുന്നവര്‍ വലിയ അബദ്ധമാണ് ചെയ്യുന്നത്. സഹസ്രാബ്ദങ്ങളായി നില നില്‍ക്കുന്ന ഭാരതത്തിന്റെ സംസ്‌ക്കാരത്തെ വെട്ടിനശിപ്പിക്കാന്‍ ആര് ശ്രമിച്ചാലും ചെറുക്കപ്പെടേണ്ടതാണ്. പ്രത്യക്ഷത്തില്‍ രംഗത്തുള്ള ഭൂരിപക്ഷവര്‍ഗ്ഗീയതയും ന്യൂനപക്ഷ തീവ്രതയും എതിര്‍ക്കപ്പെടണം. സൃഷ്ടിച്ചെടുക്കുകയും വളര്‍ത്തുകയുമാണ് വെട്ടിനശിപ്പിക്കുകയും നിഗ്രാഹിക്കുകയുമല്ല, പ്രധാനമെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത് സാധിക്കുക.
എന്നാല്‍ സഹിഷ്ണുതയുടെ നല്ല വാര്‍ത്തകള്‍ കാണേണ്ടിവരുമ്പോള്‍ അസ്വസ്ഥയോടെ പല്ലിറുമുന്ന രാക്ഷസജന്മങ്ങള്‍ മറക്ക് പിന്നിലുണ്ട്. അവര്‍ ലക്ഷ്യമിടുന്നത് അവസാനത്തെ നന്മയും ഇല്ലാതാവണം എന്ന് തന്നെയാണ്. അതിനുള്ള സാഹചര്യം ഒരുക്കിയെടുക്കാനാണ് ഛിദ്രതയുടെ ശക്തികള്‍ ശ്രമിക്കുന്നത്. അസഹിഷ്ണുത വളര്‍ത്തിയെടുത്ത് അത് നല്‍കുന്ന പക വളമാക്കി അക്രമം വിതച്ച് രക്തം ചൊരിച്ച് രാഷ്ട്രം നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. അപ്പോള്‍ മനുഷ്യപക്ഷത്ത് നില്‍ക്കുന്ന, ശരിപക്ഷത്ത് നില്‍ക്കുന്ന മഹാഭൂരിപക്ഷം ഉറക്കെ ചോദിക്കേണ്ടത് സഹിഷ്ണുത തെറ്റാണോ എന്നാണ്. ഏത് മതക്കാരനാണെങ്കിലും ശരി. സഹവര്‍ത്തിത്വത്തോടെ ഉള്‍കൊള്ളാനുള്ള മനസ്സ് സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരു സാമൂഹിക ധര്‍മ്മമായിരിക്കും അതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. മതം, മാനവികത ഒരു വീണ്ടുവിചാരം