സമൂഹത്തിലെ എല്ലാവരോടും നീതി കല്‍പ്പിക്കാനും സൗഹാര്‍ദ്ദചിത്തരരായി വര്‍ത്തിക്കാനുമാണ് ഇസ്‌ലാം പ്രഖ്യാപിക്കുന്നത്. ഒരു ജനതയോടുള്ള അമര്‍ഷം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക അതാണ് ദൈവഭക്തിക്ക് അനുഗുണമായതെന്ന് ഖുര്‍ആനിക ഭാഷ്യം. അവകാശങ്ങളും ബാധ്യതകളിലുമുള്ള സമത്വം ഇസ്‌ലാമിന്റെ അടയാളമാണ്. വര്‍ഗ്ഗ-വര്‍ണ്ണങ്ങള്‍ക്കതീതമായി മനുഷ്യവര്‍ഗ്ഗത്തെയാണ് ഇസ്‌ലാം ആദരിക്കുന്നത്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമത്വം സൗഹാര്‍ദ്ദത്തിലധിഷ്ഠിതമാണ്. ജൂതന്റെ ശവമഞ്ചമേറ്റി കൊണ്ടുള്ള വിലാപയാത്ര കണ്ട പ്രവാചകന്‍ തന്റെ  അനുചരര്‍ക്കിടയില്‍ നിന്ന് എഴുനേറ്റ് നില്‍ക്കുകയുണ്ടായി. അതൊരു ജൂതന്റെ ശവമല്ലേ എന്ന് കൂട്ടത്തിലൊരാള്‍ ചോദിച്ചപ്പോള്‍ അതും ഒരു മനുഷ്യനാണെന്നായിരുന്നു മറുപടി.

ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണ്. കാരുണ്യമാവട്ടെ, സൗഹാര്‍ദ്ദവും ഒരുമയും ഊട്ടിയുറപ്പിക്കുന്നു. അതുകൊണ്ടായിരുന്നു മക്കയില്‍ വിറകുഭാരമേറ്റും ബുദ്ധിമുട്ടിയിരുന്ന കിളവിയെ പ്രവാചകന്‍ ഭാരമിറക്കി വെക്കാന്‍ സഹായിച്ചത്. തന്റെ മതമല്ലെന്നറിഞ്ഞിട്ടും പ്രവാചകന്‍ ആ കിളവിയെ മാനിച്ചതില്‍ സൗഹാര്‍ദ്ദവും കാരുണ്യവുമല്ലാതെ മറ്റൊരു കാരണവും ഉണ്ടായിരുന്നില്ല. ഇസ്‌ലാമിലെ അഭിവാദന രീതി തന്നെ രക്ഷയുണ്ടായവട്ടെ എന്നാണ്. തന്നെപ്പോലെ തന്റെ സഹോദരനും ക്ഷേമായ്ശ്വര്യങ്ങള്‍ ഏകുന്ന സുന്ദരമായ പ്രഖ്യാപനമാണിത്. വൈരാഗ്യവും വിദ്വേഷവും ഇല്ലാതാക്കി ഒരുമയും സൗഹാര്‍ദ്ദവും കൂട്ടിയിണക്കുന്നതിന് ഇത് ഹേതുകമാകുന്നു.
ഒരുമയും അരുമയും മാനവ ദര്‍ശനവും വിശ്വാസവുമാണ് നീതിയുടെ അടിസ്ഥാനം. സമത്വം, കാരുണ്യം, തുടങ്ങിയവയാണതിന്റെ അടിസ്ഥാനം. ഒരുമയോടെ വസിക്കുന്നവര്‍ക്ക് വിശ്വാസത്തിനും ശരീരത്തിനും ധനത്തിനും അഭിമാനത്തിനും സുരക്ഷയും രക്ഷയും ലഭിക്കുന്നു. വസുദൈവ കുടുംബമെന്നോണം മനുഷ്യ ഹൃദയങ്ങള്‍ പ്രകാശിക്കുകയും സുന്ദരമാവുകയും ചെയ്യുന്നു. അതുകൊണ്ട് മതിലിനപ്പുറത്ത് താമസിക്കുന്നവര്‍ നമ്മില്‍ നിന്നും വ്യത്യസ്തമല്ലെന്നും ആത്മാവിന്റെ പാതിയും മിത്രങ്ങളുമാണെന്ന് നാം മനസ്സിലാക്കണം. സ്വാര്‍ത്ഥതയുടെ മതില്‍ കെട്ടുകള്‍ പൊളിച്ച് വിശ്വ മാനവികതയുടെ ഐക്യരൂപം പണിയണം. ഐക്യമത്യം മഹാബലം എന്നാണല്ലോ? ആഗോളപരമായി  മനുഷ്യരെല്ലാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പിന്നെ ആ സന്താനങ്ങളെ വ്യത്യസ്ത വംശീയരും ജാതീയരും ഗോത്രങ്ങളുമാക്കിത്തീര്‍ത്തതു തന്നെ പരസ്പരം അറിയാനാണെന്നതു ദൈവഹിതമാണ്. കാരണം, ഇങ്ങനെയുള്ള പാരസ്പര്യമായ തിരിച്ചറിവുകളില്‍ നിന്നും നിലപാടുകളില്‍ നിന്നുമാണ് വ്യക്തിഗതമായ ആശയാദര്‍ശങ്ങള്‍ക്കപ്പുറം സാമൂഹ്യപരമായൊരു പൊതുമാനങ്ങള്‍ രൂപീകൃതമാവുന്നത്.
മതകീയമായി ഏതൊരു വ്യക്തിക്കും സ്വയാഭീഷ്ടങ്ങള്‍ക്കനുസൃതമായി ഏതൊരു മതം തെരഞ്ഞെടുക്കുവാനും നടപ്പിലാക്കുവാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. പക്ഷെ, മറ്റൊരുത്തനെ അതൊരിക്കലും വ്രണപ്പെടുത്തുകയോ ഹിംസിക്കുകയോ അരുത്. ദൗര്‍ഭാഗ്യമെന്നോണം നടപ്പുകാലത്തിന്റെ പൊതു വൃത്താന്തങ്ങളെല്ലാം സൗഹാര്‍ദ്ദത്തിന്റെ അതിരുകള്‍ക്കപ്പുറത്തിരുന്ന് പൊതുജനങ്ങള്‍ക്കിടയില്‍ അസാന്മാര്‍ഗ്ഗീകതകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. സൗഹാര്‍ദ്ദത്തെ പിച്ചിച്ചീന്തി സാമൂഹ്യ വ്യവസ്ഥക്ക് ഭംഗം വരുത്തുന്നവയാണിവയില്‍ ഭൂരിഭാഗവും.
ചുരുക്കത്തില്‍ ആരോഗ്യമുള്ള ഒരു സമൂഹത്തിന് സൗഹാര്‍ദ്ദമെന്ന മൂല്യം അത്യന്താപേക്ഷിതം തന്നെയാണ്. എന്നാലേ പാരസ്പര്യ മൂല്യങ്ങളും സഹജീവികളെ മനസ്സിലാക്കാനുമുള്ള സന്നദ്ധതകളുമെല്ലാം ഉണ്ടാവുകയുള്ളൂ. മനുഷ്യാന്തസ്സ്, പൊതു നന്മ എന്നിവ കൊണ്ട് വ്യക്തികളുടെയും സമൂഹത്തിന്റെയും അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും പരിതി വിടാതെ സന്തുലിതമായി കാത്തുസൂക്ഷിക്കണം. ഭാരതത്തിന്റെ ഭരണഘടന ഊട്ടിയുറപ്പിക്കുന്ന വ്യവസ്ഥയാണ് മതേതരത്വം. വിവിധ മതങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും കര്‍മ്മങ്ങളിലും ഉറച്ച് വിശ്വസിക്കുന്ന ജനങ്ങളുടെ ഐക്യത്തിലാണ് ഭാരതം നിലനില്‍ക്കുന്നത്. മതങ്ങള്‍ തമ്മിലുള്ള പാരസ്പര്യമാണ്, സഹവര്‍ത്തിത്വമാണ് മതേതരത്വത്തിന്റെ കാതല്‍. ചെറുതും വലുതുമായ എല്ലാ മതങ്ങളിലെയും വിശ്വാസികള്‍ സാഹോദര്യത്തോടെ പുലരണമെന്ന ലക്ഷ്യം എക്കാലവും ഭാരതം മുന്നോട്ട് വെച്ചിട്ടുണ്ട്. ലോകത്ത് ഭാരതത്തില്‍ മാത്രം കാണുന്ന ഐക്യ ഗാഥയാണിത്.
' ലോക സമസ്താ സുഖിനോ ഭവന്തുഃ എന്ന് പ്രാര്‍ത്ഥിക്കുന്ന ഉപനിഷത്ത് മന്ത്രം ഓര്‍ക്കുക. മതമൈത്രി ബാഹ്യമായ ഒരു വികാരമല്ല, അങ്ങിനെയാവുകയും ചെയ്യരുത്. ഗാന്ധിജിയുടെ ഈ വാക്യം ഓര്‍ക്കുക ''വ്യക്തി സ്വന്തം മതത്തിന്റെ ഹൃദയത്തിലെത്തുമെങ്കില്‍ മറ്റു മതങ്ങളുടെ ഹൃദയങ്ങളിലുമെത്തും''  ഈ സത്യം മനസ്സിലാക്കിയാല്‍ മതസൗഹാര്‍ദ്ദം പുലരാന്‍ ബുദ്ധിമുട്ടില്ല. മതം വിശ്വാസമാണ്. ആചാരമാണ്. എല്ലാ മതങ്ങളും ഊന്നുന്നത് ദൈവത്തിലേക്കാണ്. ദൈവത്തിനെ കുറിച്ചോ അവസ്ഥാ വിശേഷങ്ങളെ കുറിച്ചോ അല്ല ഈ ലേഖനം. ഇന്ത്യയെ മുഴുവന്‍ ഒരു കുടുംബമായി കാണാനാണ് ഇന്ത്യക്കാര്‍ ശ്രമിക്കേണ്ടത്. പൂര്‍വ്വികര്‍ പറഞ്ഞു കൊടുത്തിരുന്നത് വസുദൈവ കുടുംബം എന്നാണ്. അങ്ങനെ പുലരുന്ന ഒരു ഇന്ത്യക്കാരന് മാത്രമേ ' മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നുച്ചരിക്കാന്‍ കഴിയൂ. മനുഷ്യന്‍ മതത്തിന്റെ പേരില്‍ തമ്മിലടിക്കരുതെന്ന് പറഞ്ഞത് ശ്രീ നാരായണ ഗുരുവാണ് ആ സന്ദേശത്തിലെ ഊര്‍ജ്ജം മത സഹിഷ്ണുത തന്നെയാണ്.
വേഷം, ഭാഷ, ആചാരം, നടപ്പ്, വിശ്വാസം, എന്നിവയിലെല്ലാം വ്യത്യസ്തരാണ് ഇന്ത്യക്കാര്‍. എന്നാല്‍ ഒരു പൂന്തോട്ടം പോലെ ഹൃദ്യമാണ് ഇന്ത്യ. പൂന്തോട്ടത്തിലെ നാനാ വര്‍ണ്ണമുള്ള പൂക്കള്‍ പോലെ ഇവിടെ വിവിധ മതക്കാര്‍ പുലരുന്നു. ആ ഒത്തൊരുമയാണ് സര്‍വ്വഥാ വേണ്ടത്. മറിച്ചു ചിന്തിക്കുന്നവര്‍ വെറും ഇയ്യാം പാറ്റകളാണ്. അവ വിളക്ക് കെടുത്തും സ്വയം ചാവുകയും ചെയ്യും.
' മനുഷ്യരെല്ലാവരു-
മൊന്നു പോല്‍ സുഖത്തിന്റെ
മാലയില്‍ കൊരുത്ത
പൊന്‍ പൂക്കളായി വിളങ്ങുവാനാണ്
എല്ലാ മതങ്ങളും പഠിപ്പിക്കേണ്ടത്.
' ജാതിഭേതം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്'
എന്ന ചിന്തയാണ് ഭാരതീയന് ഊട്ടിയുറപ്പിക്കേണ്ടത്. സത്യത്തെ ബഹുമാനിക്കാത്ത ഒരു മതവുമില്ല. സത്യമാണ് എന്റെ ദൈവമെന്ന് ഗാന്ധിജി പറഞ്ഞത് അതുകൊണ്ടാണ്. ഏകത്വത്തില്‍ നാനാത്വത്തെ പോറ്റാനുള്ള പ്രസ്തുത സ്വാതന്ത്ര്യത്താലാണ് ഹിന്ദുമതം എല്ലാ  മതങ്ങളുടേയും മാതാവാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ശൈവനായ ഹിന്ദുവിന് വൈഷ്ണവനായ ഹിന്ദുവിനോട് തോന്നേണ്ട വ്യതിരക്തത മാത്രമേ മുസ്‌ലിമിനോടും ക്രിസ്ത്യാനിയോടും ഹൈന്ദവ സഹോദരങ്ങള്‍ക്ക് തോന്നേണ്ടതുള്ളൂ. ഹൈന്ദവതയുടെ അദൈ്വത ദര്‍ശനത്തിന്റെ ഉള്‍പ്പൊരുളാകട്ടെ വ്യത്യസ്ത രീതിയില്‍ വിശുദ്ധ ഖുര്‍ആനിലും കണ്ടെത്താനാകും. ഹൈന്ദവതയുടെ പവിത്രാചാര്യനായ ശ്രീരാമ കൃഷ്ണ പരഹംസര്‍ ഇസ്‌ലാം മാര്‍ഗ്ഗത്തില്‍ കൂടിയും ഈശ്വര സാക്ഷാത്കാരത്തിന് മുതിര്‍ന്നവരാണ്. സനാധാന ധര്‍മ്മികളായ വിവേകാനന്ദനും ശ്രീനാരായണ ഗുരുവിനും മുഹമ്മദ് നബിയെ അത്യാദരവായിരുന്നു. ഋഗ്വേദത്തിന്റെ പ്രാരംഭവും വിശുദ്ധ ഖുര്‍ആനിന്റെ ആദ്യാദ്ധ്യായമായ ഫാത്തിഹയും ഏറെക്കുറെ സമാന്തരമാണ്. എന്തിന്, ഡോ. മുഹമ്മദ് ഖാന്‍ ഡുറാനിയുടെ ഗീത ആന്റ് ഖുര്‍ആന്‍ പുസ്തകത്തിന് ഭഗവത്ഗീതയും വിശുദ്ധ ഖുര്‍ആനും തമ്മിലുള്ള അത്ഭുതകരമായ സാദൃശ്യങ്ങള്‍ അനാവരണപ്പെടുന്നുണ്ട്.