മസ്ജിദുകളും ക്ഷേത്രങ്ങളും ചര്‍ച്ചുകളും തൊട്ടുരുമ്മി നില്‍ക്കുന്ന നയന മനോഹരമായ കാഴ്ചകള്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. പള്ളി മിനാരങ്ങള്‍ മുഴങ്ങുന്ന തക്ബീര്‍ ധ്വനികളും ക്ഷേത്രങ്ങളിലെ ശരണം വിളിക്കും ചര്‍ച്ചുകളിലെ മണിയൊച്ചകളും താളഭംഗമില്ലാതെ
കേരളത്തിന്റെ അന്തരീക്ഷത്തില്‍ അലയടിക്കുന്നു. പെരിന്തല്‍മണ്ണ- അങ്ങാടിപ്പുറം തളിക്ഷേത്രത്തോട് ചേര്‍ന്ന് നില്‍കുന്ന മുസ്‌ലിം പള്ളിയും തലസ്ഥാന നഗരിയില്‍ ഇന്‍ഡോ -പേര്‍ഷ്യന്‍ ശില്‍പചാരുതയുടെ മിഴിവായി തലയുയര്‍ത്തി നില്‍ക്കുന്ന പാളയം മസ്ജിദിന്റെ അഭിമുഖമായി നിലകൊള്ളുന്ന ക്രൈസ്തവ ചര്‍ച്ചും പ്രസ്താവ്യമായ ഉദാഹരണങ്ങളില്‍ ചിലത് മാത്രം.
മലബാറിലെ സുപ്രധാന ഹൈന്ദവ ആഘോഷങ്ങളിലൊന്നായ മുന്നിയൂര്‍ കോഴിക്കളിയാട്ടം ആരംഭിക്കുന്നത് മമ്പുറം സയ്യിദ് അലവി തങ്ങളുടെ മഖ്ബറ സന്ദര്‍ശിച്ച ശേഷമാണ്. തങ്ങള്‍ തന്നെ നിര്‍മ്മിച്ച മുട്ടിയാറ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുട്ടിയാറ ശുഹദാക്കളേയും ആഘോഷവേളയില്‍ ഹൈന്ദവ വിശ്വാസികള്‍ സന്ദര്‍ശിക്കുന്നു. തലശ്ശേരിയിലെ പുരാതനമായ പള്ളി പുതുക്കിപണിയാന്‍ ധനസഹായം നല്‍കിയ പത്മശ്രീ ഡോ സി.കെ മേനോനുമൊക്കെ മതസൗഹാര്‍ദ പാരമ്പര്യത്തിന്റെ പ്രതിനിധാനങ്ങളാണ്. ഈ സൗഹാര്‍ദ്ദവും സ്‌നേഹവുമാണ് കേരളത്തിന്റെ കരുത്ത്. ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനുമൊക്കെ പരസ്പ്പരം ആഹ്ലാദങ്ങള്‍ പങ്കിടുകയും ഭക്ഷണ വിഭവങ്ങളും മറ്റും കൈമാറുകയും ചെയ്യുന്ന നന്മയുടെ പരിസരത്ത് നഞ്ഞ് കലക്കാന്‍ ശ്രമിക്കുന്നവരെ നിഷ്പ്രഭമാക്കാനുള്ള ഉള്‍കരുത്ത് കേരളത്തിന് അന്നും ഇന്നും എന്നും ഉണ്ടായിട്ടുണ്ട്. അല്ലാമ ഇഖ്ബാല്‍ പാടിയത് പോലെ ''മതങ്ങളൊന്നും പരസ്പ്പര വൈര്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നില്ല''  മനസ്സില്‍ മതില്‍കെട്ടുകള്‍ സൃഷ്ടിക്കാത്ത ഒരു ജനതക്ക് കാലാലാത്തോളം ജനനന്മയും നൈര്‍മല്യവും കാത്ത് സൂക്ഷിക്കാന്‍ കഴിയും.