ബ്രാഹ്മണ
സമുദായത്തിലെ സ്ത്രീകളുടെ സാമ്പത്തികാധികാരത്തെ സ്ഥാപിക്കുന്നതിന് വേണ്ടി 1946 ല്‍ എഴുതപ്പെട്ട നാടകമാണ് “തൊഴില്‍ കേന്ദ്രത്തിലേക്ക്” ഈ നടാകം ഈയിടെ വീണ്ടും അരങ്ങിലെത്തി. സാറാ ജോസഫിന്റെ മകളായ ഗീതാ ജോസഫാണ് സംവിധായിക. സമകാലിക സ്ത്രീ സമൂഹത്തിന്റെ
പ്രശ്‌നങ്ങള്‍ കൂടി കോര്‍ത്തിണക്കിയാണ് തൃശൂരിലെ നാടക സൗഹൃദവേദി ഈ നമ്പൂതിരി നാടകം പൊടിതട്ടിയെടുത്തത്. അത് പുനര്‍രചന
നടത്തിയതാകട്ടെ ഗീതാ ജോസഫിന്റെ ഭര്‍ത്താവും
സനിമക്കാരനുമായ എം.ജി ശശിയും. മലാല യൂസഫ് സായി എന്ന ലോക മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസ
ചിഹ്നത്തിലാണ് നാടകം ആരംഭിക്കുന്നത്. പര്‍ദയില്‍ മൂടി നില്‍ക്കുന്ന ഒരു മുസ്‌ലിം പെണ്ണിലേക്ക്
സകലമാന അഭിനേതാക്കളും വിരല്‍ ചൂണ്ടി, ഇനി നിന്റെ ഊഴമാണെന്ന് ആവര്‍ത്തിച്ച് ആക്രോശിക്കുന്ന അന്ത്യരംഗത്തോടെ നാടകത്തിന് തിരശ്ശീലവീഴുന്നു. കേരളത്തിലെ നമ്പൂതിരി സമുദായത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസ
പരമായും തൊഴില്‍ പരമായും വിമോചനം നേടി കഴിഞ്ഞെന്നും ഇനി നേടാനുള്ളത് മുസ്‌ലിം സമുദായത്തിലെ
ഉമ്മക്കുട്ടികളാണെന്നും ഉള്ള പൊതു ബോധത്തെ അത്രയും അവിദഗ്ധമിയി ഈ അവതരണം സാക്ഷ്യപ്പെടുത്തുന്നു.
സ്ത്രീകള്‍
വിദ്യാസമ്പന്നരായാല്‍ മാത്രമേ സമൂഹവും സമുദായവും ഉത്തരോത്തരം പരിഷ്‌കരിക്കപ്പെടൂ എന്ന
പൊതു ബോധം ശക്തമാണ്. ധാര്‍മികതയുള്ള കുടുംബം, പരിഷ്‌കൃത സമൂഹം എന്നിവയുടെ ഘടനയും വികാസവും രൂപപ്പെടുത്താനുള്ള
ബാധ്യത മുഴുവനായും പെണ്ണിന്റെ തലയില്‍ കെട്ടിവെച്ച് സ്വസ്ഥമാവുക എന്നതും പുരുഷാസൂത്രണമായി
തന്നെ കാണേണ്ടിവരും. വിദ്യാഭ്യാസം എന്ത് എന്ന് നിര്‍ണ്ണയിച്ചു മാത്രമേ മനുഷ്യ പുരോഗതിക്കും
ധാര്‍മ്മിക വികസനത്തിനുമുള്ള അതിന്റെ പങ്കിനെ നിര്‍ണ്ണയിക്കാന്‍ കഴിയൂ എന്ന് വേറെ പ്രശ്‌നം.
ഇന്നതെ തൊഴിലധിഷ്ഠിത പൊതുവിദ്യാഭ്യാസം നേടുന്ന സ്ത്രീയെ മനുഷ്യ വികാസത്തിന്റെ മാനദണ്ഡമായി
നിശ്ചയിച്ചാലും കുഴങ്ങിപോകും. ആ വിദ്യാഭ്യാസം നേടിയവരൊക്കെ ശക്തവും ഭദ്രവുമായ സമൂഹത്തെ
കെട്ടിപടുക്കുന്നുണ്ട് എന്നും ആ വിദ്യാഭ്യാസം വേണ്ട രീതിയില്‍ നേടാത്തവരൊക്കെ ശക്തി
കുറഞ്ഞ വെറും പെണ്ണുങ്ങളാണ് എന്നും തെളിയിക്കുന്ന ഒരു കണക്കും ലഭ്യമല്ല. പാശ്ചാത്യ നിര്‍മ്മിതമായ ആധുനിക വിദ്യാഭ്യാസം നേടിയ
സ്ത്രീകളുടെ എണ്ണകൂടുതലോ കുറവോ സമുദായത്തെ ആനന്ദിപ്പിക്കാനും നിരാശപ്പെടുത്താനും കാരണമായിക്കൂടാ
എന്നര്‍ത്ഥം.
മുസ്‌ലിം
സമുദായത്തിന്റെ സകലമാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം അവരിലെ പെണ്‍കൂട്ടത്തെ വിദ്യാഭ്യാസത്തിലൂടെ
പരിഷ്‌കരിച്ചെടുക്കലാണെന്ന് അധിനിവേശ പ്രത്യയശാസത്രം ആധുനികതയുടെ കാലത്തെ പടച്ചുവിട്ട
പ്രചാരണായുധങ്ങളില്‍ ഒന്നാണ്. അത് കൊണ്ടാണ് പര്‍ദ്ദ, ബഹുഭാര്യത്വം, ശൈശവവിവാഹം, സന്താന നിയന്ത്രണം തുടങ്ങിയ പല വിഷയങ്ങളും കാലാകാലങ്ങളില്‍ ഉയര്‍ത്തി
കൊണ്ട് വരികയും അവകൊക്കെയും വിിദ്യാഭ്യാസ വത്കരണമാണ് ഏക പരിഹാരം എന്ന പൊതു പരിഹാര ഫോര്‍മുലയിലേക്ക്
മത/ മതേതര വാക്താക്കളൊക്കെ ഒന്നിപ്പിക്കുകയും ചെയ്യുന്നതില്‍ അവര്‍ വിജയിക്കുന്നത്.
ഇയാന്‍ ഇര്‍സി അലിയെ പോലുള്ള അമേരിക്കന്‍ ഫെമിനിസ്റ്റുകള്‍ പാശ്ചാത്യ മാതൃകയിലുള്ള
വിദ്യാഭ്യാസത്തിന് മാത്രമേ മുസ്‌ലിം സമുദായത്തെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാന
പങ്ക് വഹിക്കാനാകൂ എന്ന് സൈദ്ധാന്തികമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിം സ്വത്വത്തെ
മുഴുവനായും വരിയുടച്ചുകളഞ്ഞ് കൊണ്ട് മാത്രമേ വിദ്യാഭ്യാസ വ്യവസ്ഥ മതേതര സൗഹൃദമാവൂ എന്ന് വ്യക്തമായി അവര്‍ സ്ഥാപിച്ചെടുത്തിട്ടുമുണ്ട്. അവരുടെ
രണ്ടാമത്തെ ഉന്നം മുസ്‌ലിം സ്ത്രീകളുടെ വിമോചനമാണെന്ന് ചേര്‍ത്ത് വായിച്ചാല്‍ ഈ ഫോര്‍മുലയുടെ
പ്രവര്‍ത്തന രീതി മനസ്സിലാകും. പാവപ്പെട്ട മുസ്‌ലിം പെണ്ണിന് വേണ്ടിയുള്ള യുദ്ധം മതേതര
ചാവേറുകളുടെ മുഖ്യ അജണ്ടയാണ്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പഠനാവകാശം നിഷേധിക്കുന്ന
മതമേലാധ്യക്ഷന്മാര്‍ മുതല്‍ വിവാഹ വീരന്മാര്‍ വരെയുള്ള സകല ആണുങ്ങളുടെയും പ്രതിനിധിയായി
ഒരു സാങ്കല്‍പ്പിക പുരുഷ ഇസ്‌ലാമിനെ അപര സ്ഥാനത്ത് നിര്‍ത്തിയാണ് ഈ അക്രമണങ്ങളത്രയും
ഉണ്ടാവുക. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'പുരുഷ ഇസ്‌ലാമിന്റെ പരുഷ ശബ്ദങ്ങള്‍' എം.എന്‍ കാരശ്ശേരിയുടെ 'ഉമ്മമാര്‍ക്കു വേണ്ടി ഒരു സങ്കടഹരജി' തുടങ്ങിയ പുസ്തകങ്ങളൊക്കെ
ഇത്തരത്തില്‍ വിദ്യാഭ്യാസ ദാഹിയായ മുസ്‌ലിം സ്ത്രീയുടെ വൈജ്ഞാനിക മുന്നേറ്റത്തെ നിഷേധിക്കുന്ന
മുസ്‌ലിം പുരുഷ ശത്രുവെന്ന വ്യാജലക്ഷ്യത്തിലേക്കുള്ള വ്യാജ വെടിവെക്കലുകളാണ്. ആര്യാടന്‍
ഷൗകത്ത് തിരകഥയെഴുതി ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്ത 'പാഠം ഒന്ന് ഒരു വിലാപം' എന്ന സിനിമ മറ്റൊരു ഉദഹരണം. മുസ്‌ലിം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ
നിഷേധത്തിനും കാഴ്ചപാടുകള്‍ക്കും കാരണക്കാരായ മുസ്‌ലിം പുരുഷന്മാരില്‍ നിന്ന് അവള്‍
ഓടി രക്ഷപ്പെടുന്നത് സ്‌കൂള്‍ ബാഗ് തോളില്‍ തൂക്കിയാണ്. മതം പുരുഷ നിര്‍മ്മിതിയാണെന്നും
സ്ത്രീ വിമോചനമെന്നാല്‍ മതത്തില്‍ നിന്നുള്ള സമ്പൂര്‍ണ്ണ വിമുക്തിയാണെന്നും ഉറച്ച്
വിശ്വസിക്കുന്ന മതേതര സ്ത്രീ വാദികളും അങ്ങനെതന്നെയാണ് പൊതു വിദ്യാഭ്യാസം എന്ന പരിഹാരവുമായി
ഈ അങ്ങാടിയില്‍ എത്തുന്നത്. പുറം തൊലിയും ഉള്ളടക്കവും ഒരുപോലെ ഇസ്‌ലാമിക വിരുദ്ധമായ
ആധുനിക വിദ്യാഭ്യാസം മുസ്‌ലിം സ്ത്രീയെ മതത്തിന്റെ 'ഇരുണ്ട തടവറ' കളില്‍ നിന്ന് മോചിപ്പിക്കുന്നു എന്ന് അവര്‍ സ്വപ്‌നം കാണുകയും
ഉറക്കത്തില്‍ പോലും വിളിച്ച് പറയുകയും ചെയ്തു. സ്ത്രീയെ തളച്ചിടുക എന്ന പ്രയോഗം കേരളത്തില്‍
എത്ര ഉപയോഗിച്ച് പയകിയതാണെന്ന് ആലോചിച്ച് നോക്കുക.
കേരളത്തിലെ
സവിശേഷമായ വിദ്യാഭ്യാസ വര്‍ത്തമാനത്തില്‍ പൊതുവിദ്യാഭ്യാസം നേടുന്നതോടെ മുസ്‌ലിം സ്ത്രീ
വിമോചനത്തിലേക്കുള്ള വാതില്‍ തുറക്കുന്നുവെന്ന മതേതര സമാധാനത്തെ കെടുത്തികളയുന്ന അനുഭവമാണുണ്ടായത്. അഭ്യസ്തവിദ്യരായ മുസ്‌ലിം സ്ത്രീകള്‍
തങ്ങള്‍ നിര്‍ണ്ണയിച്ച വിമോചന ലക്ഷ്യം നേടുന്നതിന് പകരം അതേ ഇരുണ്ട മൂലകളില്‍ അടിയുറച്ച്
നില്‍ക്കുന്നു എന്നതാണ് ആ യാഥാര്‍ത്ഥ്യം. അത് കൊണ്ട് കൂടിയാണ് മുഖം മറക്കുന്നതിനെതിരെയും
പര്‍ദ്ദക്കെതിരെയും ഈയിടെ വലിയൊരു കാടിളക്കല്‍ നടന്നത്. കേരളത്തിലെ പൊതു കാമ്പസുകളില്‍
നിറയുന്ന പെന്‍ഗ്വിനുകളുടെ അലോസരകഴ്ച ആസഹനീയമാകുന്നത് കൊണ്ടാണ് ഈ വിലാപം പെട്ടന്ന്
മധ്യമ ശ്രദ്ധ നേടിയത്. അനിസ്‌ലാമിക മുഖപടത്തിനെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പേ പാശ്ചാത്യ
പുസ്തകപ്രസാധനാലയങ്ങളില്‍ നിന്ന് പുറത്തിറങ്ങിയ പുറം ചട്ടകളുടെ അമ്പരപ്പിക്കുന്ന എണ്ണം
ഈ ഫോബിയയുടെ ലോകം യുദ്ധം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെന്ന് തെളിയിക്കുന്നതാണ്.
മുസ്‌ലിം
സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഇന്നലെകളും വര്‍ത്തമാനവും
കേരളത്തിലെ
മത മേലാളന്മാര്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു എന്ന പൊതു ചരിത്ര ബോധം
മത/ മതേതര വ്യവഹാരങ്ങളിലെല്ലാം പലയാവര്‍ത്തി ഉന്നയിക്കപെട്ടിട്ടുണ്ട്. അങ്ങിനെ ഉണ്ടായിട്ടുണ്ടെങ്കില്‍
തന്നെ അതിനു കാരണമായ സാമൂഹിക സാഹചര്യങ്ങളെകൂടി മനസ്സിലാക്കിയേ തീരു. പെണ്ണ് പുരുഷനാല്‍
സംരക്ഷിക്കപ്പെടേണ്ടവളാണ് എന്ന ഇസ്‌ലാമിക മൂല്യ വ്യവസ്ഥയെ ഉള്‍കൊണ്ട ഒരു സാമുദായിക
ബോധമാണ് അതിന്റെ ആദ്യ കാരണം. അവള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്നുള്ള
സംരക്ഷണം മാത്രമല്ല അത്. സാമ്പത്തികമായും ശാരീരികമായും പെണ്ണിനെ സംരക്ഷിക്കാനുള്ള ബാധ്യത
പുരുഷനില്‍ നിക്ഷിപ്ത്തമാണ് എന്നത് കൂടിയാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ മുന്‍നിര്‍ത്തി അങ്ങിനെ മനസ്സിലാക്കുന്നതില്‍
തെറ്റൊന്നുമില്ല. പെണ്ണിന്റെ പൊതു വ്യവഹാരം, തൊഴില്‍, പഠനം എന്നിവയുടെ മേലെയെല്ലാം
മതപരമായ സാധൂകരണങ്ങളുള്ള സാമുദായിക നിയന്ത്രണങ്ങള്‍ അങ്ങനെയുണ്ടായതാണ്. അതേ മത ധാരണ
പിന്‍പറ്റുന്നവര്‍ ഇന്നും പെണ്ണിന്റെ പൊതു പ്രവേശനരംഗത്തെ ആശങ്കയോടെയാണ് സമീപിക്കുന്നത്.
മുസ്‌ലിം സ്ത്രീയെ പഠിക്കാനും പണിയെടുക്കാനും
പറഞ്ഞയക്കുന്നവര്‍ അത്തരം പ്രമാണങ്ങളെ പ്രായോഗികമായും ആധുനികമായും വ്യാഖ്യാനിച്ചെടുത്തതിന്
ശേഷം മാത്രമാണ് അത് ചെയ്യുന്നത്. അതായത് സ്ത്രീയുടെ പൊതുരംഗപ്രവേശനം അനുവദിക്കാനും
തടയാനും മതപ്രമാണങ്ങളുടെ പിന്‍ബലം മുസ്‌ലിം
സമുദായത്തിന് ആവശ്യമാണ് എന്നത് തന്നെയാണ് രസകരമായ വസ്തുത.
മുസ്‌ലിം
പുരുഷന്റെ വിദ്യാഭ്യാസ ഭൂതകാലം ശോഭനാമായിരുന്നു എന്നുണ്ടങ്കിലേ അവരിലെ സ്ത്രീകളുടെ
സവിശേഷമായ പിന്നാക്കാവസ്ഥയില്‍ ഖേദിക്കേണ്ടതുള്ളൂ. എന്നാല്‍ മുസ്‌ലിം സമുദായത്തിന്റെ
പൊതു വിദ്യാഭ്യാസത്തോടുള്ള അകലം കുറയുന്നതിന് വ്യാപകമായ കാമ്പയിനുകള്‍ നടന്ന കഴിഞ്ഞ
നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തന്നെ മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള
ആഹ്വാനങ്ങളും ഉയര്‍ന്നിരുന്നുവെന്ന് കാണാം. മുസ്‌ലിം പെണ്ണിന്റെ വിദ്യാഭ്യാസത്തിനും
സ്വാതന്ത്ര്യത്തിനും വേണ്ടി 1950-60 പതിറ്റാണ്ടുകളില്‍
ഹലീമ ബീവി, കാസിം ബി മിസ്ത്രസ്സ്, തങ്കമ്മ മാലിക, പി.കെ സുബൈദ തുടങ്ങി
ധാരാളം പെണ്‍ശബ്ദങ്ങള്‍ മുഴങ്ങിയിട്ടുണ്ട്. ഇക്കൂട്ടരില്‍ പലരും തെക്കന്‍ കേരളത്തിലായിരുന്നുവെന്നതും
രേഖപ്പെടുത്തേണ്ടതാണ്. തെക്കന്‍ കേരളത്തിലെ മുസ്‌ലിംകള്‍ പൊതുവെ വിദ്യാഭ്യാസ- തൊഴില്‍
രംഗത്ത് മലബാര്‍ മുസ്‌ലിംകളെ അപേക്ഷിച്ച് മുന്‍പന്തിയിലായിരുന്നു. ചരിത്രപരമായ ഒട്ടേറെ
കാരണങ്ങളും അതിനുണ്ടായിരുന്നു. അത് കൊണ്ട് തന്നെ തെക്കന്‍ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ
വിദ്യാഭ്യാസ മുന്നേറ്റത്തേയും ആവശ്യത്തേയും കേരളത്തിലെ മൊത്തം മുസ്‌ലിം സ്ത്രീകളുടെ
മുന്നേറ്റമായി കാണുന്നതില്‍ പാകകുറവുണ്ട്.
മലബാറിലെ
മുസ്‌ലിംകളില്‍ വിദ്യാഭ്യാസ രംഗത്ത് വമ്പന്‍ കുതിച്ച് ചാട്ടം ഉണ്ടാകാനുള്ള പ്രധാന കാരണം
ഗള്‍ഫ് പ്രവാസം തന്നെയാണ്. മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസ പുരോഗതിക്കും പല നിലക്കും
ഗള്‍ഫ് പ്രവാസം കാരണമായി. വിദ്യാഭ്യാസം തൊഴില്ധിഷ്ഠിതമായതോടെ ഉയര്‍ന്ന ചെലവുകള്‍ താങ്ങാനുള്ള
പ്രാപ്ത്തി സമുദായത്തിനുണ്ടായി. ഗള്‍ഫില്‍ ഭര്‍ത്താവിനോടൊപ്പം ജോലി ചെയ്യാനുള്ള യോഗ്യത
വിവാഹ കമ്പോളത്തില്‍ പ്രധാന മൂല്യമായി. ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ അഭാവത്തില്‍ വീട്ടുകാര്യങ്ങള്‍
കൊണ്ട് നടത്താനുള്ള ശേഷി വിദ്യാഭ്യാസത്തിലൂടെ അളക്കാനാവുമെന്നതിനാല്‍ പെണ്ണ് പഠിക്കുന്നത്
നല്ലതാണ് എന്ന തോന്നല്‍ ശക്തിപ്പെട്ടു. വിവാഹിതകളായ പെണ്‍കുട്ടികള്‍ക്കും പ്രവാസിയായ
ഭര്‍ത്താവിന്റെ അഭാവത്തില്‍ കുടുംബ ഭാരമില്ലാതെ പഠനാന്തരീക്ഷം ലഭിച്ചു. പഠിച്ചുയര്‍ന്ന
പെണ്‍കുട്ടി നേരിടുന്ന പല ചോദ്യങ്ങളുമുണ്ട്. മറ്റേതൊരു സമുദായത്തിലും പെട്ട വിദ്യാസമ്പന്നരായ
പെണ്‍കുട്ടികളോട് ചോദിക്കുന്നതിലേറെ ഈ ചോദ്യങ്ങള്‍ മുസ്‌ലിം പെണ്‍കുട്ടികളോട് ചോദിക്കുന്നതില്‍
ചില രാഷ്ട്രീയ കാരണങ്ങളുണ്ട്. മുസ്‌ലിം പെണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുന്ന കോഴ്‌സ്, വിഷയം എന്നിവയുടെ പൊതു സ്വഭാവം എന്താണ് എന്ന ചോദ്യമാണ് അതില്‍
പ്രധാനം. വിദ്യാഭ്യാസത്തിലൂടെ നേടേണ്ട വിമോചനം എന്ന ആശയം ഏറ്റവും ഫലപ്രദമാവുക മാനവിക
വിഷയങ്ങളിലെ വിദ്യാഭ്യാസത്തിലൂടെയായിരുന്നു. ചിന്താശീലം, വായന, എഴുതി പ്രതിഫലിപ്പിക്കാനുള്ള
കഴിവ്,
അറിവുല്‍പാദനം എന്നിവയുടെ ആശയപരമായ അടിത്തറകള്‍ സ്വരൂപിക്കേണ്ട
തത്വചിന്ത, ചരിത്രം,ഭാഷ തുടങ്ങിയ പഠന മേഖലയില്‍ പ്രവേശിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ
എണ്ണം വളരെ കുറവാണെന്നു കാണാം. മുസ്‌ലിം സ്ത്രീയെ മതത്തില്‍ നിന്ന് വിമോചിപ്പിച്ച്
സ്വതന്ത്രരാക്കാന്‍ പാടുപെടുന്ന മതേതര പ്രവര്‍ത്തകരും മുസ്‌ലിം സ്ത്രീ ശാക്തീകരണത്തിലൂടെ
മതത്തെ പുരോഗതിയിലേക്കാനയിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ആധുനിക മത നവോഥാന കക്ഷികളും ഒരു
പോലെ ഇക്കാര്യത്തില്‍ അശ്രദ്ധരാണെന്ന് കൗതുകകരമാണ്. എന്ത് കൊണ്ട് മെഡിക്കല്‍, എഞ്ചിനീയറിംഗ് രംഗത്തേക്ക് കൂടുതല്‍ മുസ്‌ലിം പെണ്‍കുട്ടികള്‍
തെരഞ്ഞെടുക്കപ്പെടുന്നു എന്ന ചോദ്യവും ഇതോടൊപ്പം ഉന്നയിക്കപെടേണ്ടതാണ്. എന്‍ട്രസ് പാസാകുന്ന
മുസ്‌ലിം പെണ്‍കുട്ടികളുടെ എണ്ണകൂടുതല്‍ കണ്ട് അത്രകണ്ട് സന്തോഷിക്കാനെന്തിരിക്കുന്നു
എന്ന പ്രസക്തമായ ചോദ്യമാണ് യഥാര്‍ത്ഥത്തില്‍ ചോദിക്കപ്പെടേണ്ടത്.
വിദ്യാഭ്യാസം
കൂടുതല്‍ തൊഴിലധിഷ്ഠിതമായിരിക്കെ പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് എന്ത്
കൊണ്ട് തൊഴില്‍ മേഖലയില്‍ എത്തിപ്പെടാതെ കുടുംബത്തിലേക്ക് മടങ്ങി പോകുന്നു എന്ന യാഥാര്‍ത്ഥ്യമാണ്
അടുത്ത പ്രശ്‌നം. പ്ലസ്ടു, എന്‍ട്രന്‍സ് എന്നീ യോഗ്യത
പരീക്ഷകളില്‍ അധികം മാര്‍ക്ക് നേടുന്ന പെണ്‍കുട്ടികള്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍
ആണ്‍ കുട്ടികളെ പിന്നിലാക്കി പ്രവേശനം നേടുകയും വെറും ബിരുദ കടലാസില്‍ തൃപ്ത്തിപെട്ട്
വീട്ടിലിരിക്കുകയും ചെയ്യുന്ന അവസ്ഥ അവസരം നിഷേധിക്കപ്പെട്ട ആണ്‍കുട്ടികളുടെ ഭാഗത്ത്
നിന്നാണ് ആലോചിക്കേണ്ടത്. തൊഴിലധിഷ്ഠിതമോ അല്ലാത്തതൊ ആയ വിദ്യാഭ്യാസത്തിനു ശേഷം വീട്ടുകാര്യങ്ങള്‍
മാത്രം തെരഞ്ഞെടുക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനിയുടെ തെരഞ്ഞെടുപ്പിലെ കര്‍തൃത്വത്തെ
ചോദ്യം ചെയ്യുന്നതും ശരിയല്ല. വീട്ടുകാര്യങ്ങളില്‍ മുഴുകുകയും അതിന് നേതൃത്വം നല്‍കുകയും
ചെയ്യുന്നത് വില കുറഞ്ഞ ഒരേര്‍പ്പാടാണ് എന്ന പൊതുബോധത്തെയാണ് ചികിത്സിക്കേണ്ടത്.
കലാലയങ്ങളില്‍
ആണ്‍ കുട്ടികളെ അപേക്ഷിച്ച് കൊഴിഞ്ഞ് പോക്ക് സംഭവിക്കുന്നത് പെണ്‍കുട്ടികളിലാണ്. അതിന്
പ്രധാന കാരണം വിവാഹമാണ്. പല പെണ്‍കുട്ടികള്‍ക്കും വിവാഹത്തോടെ പഠനം അവസാനിപ്പിക്കേണ്ടിവരുന്നു.
മുസ്‌ലിം സമുദായത്തിലാകട്ടെ പ്രായം വിവാഹ കമ്പോളത്തിലെ പ്രധാന ഉപാധികൂടിയാണ്. വിദ്യാഭ്യാസ
രംഗത്തെ പെണ്‍ മുന്നേറ്റത്തോടെ പുറത്താക്കപ്പെടുന്ന ആണ്‍ കുട്ടി പെട്ടെന്ന് തൊഴില്‍
ലഭിക്കുന്ന വിദ്യാഭ്യാസ മേഖലകളിലേക്ക് ചേക്കേറുന്നു. ഗള്‍ഫില്‍ തൊഴില്‍ ലഭിക്കുന്നതോടെ
വിവാഹം അവന്റെ ലക്ഷ്യമാകുന്നു. ഇരുപത് വയസാകുന്നതോടെ അവന്‍ വിവാഹത്തിന് നിര്‍ബന്ധിക്കപ്പെടുന്നു.
അവന് അനുയോജ്യമായ പ്രായത്തിലുള്ള പെണ്‍കുട്ടി തന്റെ ബിരുദ പ്രവേശനം നേടിയിട്ടേ ഉണ്ടാവുകയൊള്ളൂ.
അപ്പോള്‍ സ്വാഭാവികമായും തൊഴിലെടുക്കുന്ന ചെറുപ്പക്കാരന്റെ മണവാട്ടിയാവുക എന്നത് അവളുടെ
നിര്‍ബന്ധ ബാധ്യതയായി മാറുന്നു. മലബാറിലെ പെണ്‍കുട്ടികളുടെ നേരയുള്ള വിവാഹത്തേക്കാള്‍
പ്രശ്‌നവത്കരിക്കേണ്ടത് ആണ്‍കുട്ടികളുടെ നേരത്തേയുള്ള വിവാഹത്തെയാണെന്നര്‍ത്ഥം.
ഉന്നത വിദ്യാഭ്യാസ
രംഗത്ത് പ്രവേശനം നേടുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ കലാലയാനുബന്ധ സാംസ്‌ക്കാരിക- കലാ
മേഖലകളില്‍ എന്തു പങ്കാളിത്തമാണ് നേടുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. സര്‍ക്കാര്‍
പദ്ധതികളുടെ ഭാഗമായുള്ള പ്രവര്‍ത്തന പരിപാടികളില്‍, കേളേജ് യൂണിയന്‍ തുടങ്ങിയ രാഷ്ട്രീയ വേദികളില്‍, കലാ-കായിക പ്രകടനങ്ങളിലെല്ലാം മുസ്‌ലിം പെണ്‍കുട്ടികളുടെ അളവും
അനുപാതവും പല തരത്തില്‍ വിലയിരുത്തപ്പേടേണ്ടതാണ്. ഈ ചോദ്യങ്ങളെല്ലാം എന്ത് കൊണ്ട് മുസ്‌ലിം
പെണ്‍കുട്ടിയോടു മാത്രം ചോദിക്കപ്പെടുന്നു എന്നതിന്റെ സാമുദായിക - രാഷ്ട്രീയ കാരണങ്ങളാണ്
ഇനി അന്വേഷിക്കേണ്ടത്. കേരളത്തിലെ സവര്‍ണ-മതേതര മനസ്സിന്റെ പൊതുവ്യവഹാരങ്ങളിലെല്ലാം
ഒരു മുസ്‌ലിം പ്രശ്‌നം തൂങ്ങികിടക്കുന്നുണ്ട്.
അതിനെ മറികടന്ന് കൊണ്ട് സ്വന്തം സ്വത്തവും വിശ്വാസവും മുറുകെ പിടിച്ച് ഒരു പെണ്‍കുട്ടിക്ക്
എത്ര മുന്നോട്ട് പോകാനാകും എന്ന പ്രശ്‌നത്തെയാണ് സമുദായം നേരിടേണ്ടത്. അതിന് നമ്മുടെ
ക്യാമ്പസുകള്‍ എത്ര സൗഹൃദപരമാണ് എന്ന ചിന്തയാണ് ഉയര്‍ത്തേണ്ടത്. പെണ്‍കുട്ടികളുടെ മൂത്രപുരയില്‍
തുടങ്ങി അമ്മമാരായ വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ വരെയുള്ള പ്രശ്‌നങ്ങള്‍
പരിഹരിക്കുന്നതില്‍ നമ്മുടെ പൊതുകലാലയ രംഗം ഇനിയും സന്നദ്ധമായിട്ടില്ല. അതിനെ കുറിച്ച് ആലോചിക്കുന്നതിന് പകരം സാമുദായികമായ പ്രകോപനങ്ങള്‍ക്ക്
തിരികൊളുത്തി മുന്നോട്ട് പോകാന്‍ മതേതര സമൂഹവും അത് ഏറ്റെടുത്ത് പരമാവധി പ്രകോപിതരാകാന്‍
സമുദായവും ശ്രമിക്കുന്നിടത്തോളം ഈ അവസ്ഥ തുടര്‍ന്ന് കൊണ്ടേയിരിക്കും.
അവസാനമായി
പറയാനുള്ളത്, മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസത്തെ കുറിച്ച്
സംസാരിക്കുമ്പോള്‍ മലാലയില്‍ തുടങ്ങി മലാലയില്‍ അവസാനിപ്പിക്കുകയാണ് വേണ്ടത് എന്നാണ്
പലരുടേയും ധാരണ. അത് കൊണ്ട് തന്നെ ഈ പ്രബന്ധത്തെ ഞാന്‍ ഇങ്ങനെ ചുരുക്കുന്നു. വിദ്യാഭ്യാസാവകാശത്തിന്
വേണ്ടി പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയെ വെടിവെക്കും എന്ന തീവ്രവാദവും മഫ്ത്തയോ പര്‍ദ്ദയോ
ധരിച്ച് വരുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സ്ഥാപനത്തില്‍ പ്രേവശനം നല്‍കുകയില്ല
എന്ന മാനേജ്‌മെന്റ് വാശിയും ഒരേ രാഷ്ട്രത്തിന്റെ പല അടുക്കളകളാണ്. അത് അഫ്ഗാനിസ്ഥാനിലെ താലിബാനായാലും കേരളത്തിലെ ഏത് വിദ്യാഭ്യാസ
സ്ഥാപനമായാലും ആധുനിക വിദ്യാഭ്യാസം തേടുന്ന മുസ്‌ലിം സ്ത്രീയുടെ എതിര്‍പക്ഷത്താണ്.

0 Comments