കാലോചിത മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയിലെ കാലിക ഇടപെടലുകളും കണ്ടെത്തലുകളും ഒരു മേഖലിയില്‍ മാത്രം കേന്ദ്രീകരിക്കുന്ന രീതിയില്‍ നിന്നു ഇരു മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും വിധം മാറി മത-ഭൗതിക മേഖലയിലേക്ക് മാറിയപ്പോള്‍ രൂപം കൊണ്ട, ആണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങള്‍ ജന്മമെടുക്കുകയും പിന്നീടവ മതേതര കാമ്പസുകളായി മാറുകയും ചെയ്തു. മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന മുസ് ലിം വിമന്‍സ് കോളേജുകളും ആവിഷ്‌കാര സ്വാതന്ത്ര്യവും പുത്തന്‍ സംസ്‌ക്കാരം കൂടിച്ചേര്‍ന്ന മതേതര കാമ്പസുകളിലേക്ക് വഴിമാറിയിരിക്കുന്നു എന്നതാണ് ഇപ്പോള്‍ നമുക്ക് കാണാനാവുന്ന കാഴ്ച. ഭൗതിക മേഖലയിലെ പുതിയ കാല ചിന്താധാരകളുടെ ചുവട് പിടിച്ച് ആര്‍ട്‌സ് കോളേജുകളും സയന്‍സ് കോളേജുകളും ഗവണ്‍മെന്റ്, പ്രൈവറ്റ് മേഖലകളില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്നു. ഒരോ വിഭാഗത്തിനും അവുരുടേതായ ആശയങ്ങളും ആദര്‍ശങ്ങളും മുറുകെപിടിച്ച് കൊണ്ട് മതേതര സാഹചര്യങ്ങളില്‍ ജീവിക്കാനുള്ള പരിസരങ്ങളൊരുക്കാന്‍ ഇത്തരം കാമ്പസുകള്‍ക്ക് സാധിക്കുന്നു എന്നത് ഏറെ പ്രശംസനീയമാണ്. എന്നാല്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ചുവട് പിടിച്ച് അധാര്‍മികതയുടെയും കേന്ദ്രങ്ങളായി ചിലയിടങ്ങളില്‍ നമ്മുടെ കോളേജുകള്‍ മാറി പോകുന്നത് ഏറെ ഭീതിയോടെ നാം കാണേണ്ടിയിരിക്കുന്നു.
പാരമ്പര്യ വിദ്യാസമ്പാദന രീതിയില്‍ നിന്നുള്ള തീര്‍ത്തും വ്യതിരിക്തമായ പൊളിച്ചെഴുത്താണ് ഇത്തരം നൂതന കേന്ദ്രങ്ങളില്‍ നമുക്ക് കാണാനാകുന്നത്. പര്‍ദ്ദയും മക്കനയുമിട്ട് വരുന്ന പെണ്‍കുട്ടികള്‍ ചിലയിടങ്ങളില്‍ അവഹേളങ്ങള്‍ക്ക് വിധേയമാകുന്നുവെങ്കിലും  മിക്ക കാമ്പസുകളിലും അത്തരം സാഹചര്യങ്ങളില്ല എന്നത് വിദ്യാഭ്യാസ രംഗത്തെ വ്യക്തി സ്വാതന്ത്ര്യത്തെയാണ് വിളിച്ചോതുന്നത്.  പൊതു രംഗത്ത് നിന്ന് പാടേ അപ്രത്യക്ഷരായിരുന്ന സ്ത്രീകള്‍ തങ്ങളുടെ  അവകാശങ്ങള്‍ നേടിയെടുക്കാന്‍ തുടങ്ങിയത്  ഈ വിദ്യാഭ്യാസ വളര്‍ച്ചക്ക് ശേഷമായിരുന്നു എന്നത് ഏറെ പ്രസ്താവ്യമാണ്.
ഇന്ത്യയിലെ ഭൂരിപക്ഷഗ്രാമങ്ങളും കാര്‍ഷിക സമുദായമായതിനാല്‍ കുട്ടികള്‍ ഒരു കുടുംബത്തിന്റെ തൊഴില്‍ ശക്തിയും കൂടിയാകുന്നു. സ്‌ക്കൂളില്‍ ചെലവഴിക്കുന്ന സമയം തൊഴില്‍ ചെയ്യാനുള്ള സമയത്തെ കവര്‍ന്നെടുക്കുന്നു. ഇത് നികത്തണമെങ്കില്‍ വിദ്യാഭ്യാസം മൂലം സാമ്പത്തിക ലാഭം ഉണ്ടാകണം. ഇന്ത്യന്‍ സാഹചര്യത്തില്‍ തൊഴിലില്ലായ്മയും വിദ്യാഭ്യാസത്തിന് തടസ്സം നില്‍ക്കുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാന്‍ ഒരു കുടുംബം തീരുമാനിക്കുമ്പോള്‍ തൊഴില്‍ സാാധ്യത മുന്നില്‍ കാണുന്നു. ആണ്‍കുട്ടികളാകുമ്പോള്‍ തൊഴില്‍ സാധ്യത കൂടുതലാണെന്നും തൊഴില്‍ മൂലം കിട്ടുന്ന വരുമാനം കുടുംബത്തിന്റെ വരുമാനമായി മാറുകയും ചെയ്യുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ മറ്റൊരു കുടുംബത്തിന്റേതാണെന്ന ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവാക്കുന്ന പണം നഷ്ടമായി കരുതുന്നു. ഇതിന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നില്ല. സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്ന വിശ്വാസത്തിന്റെ സ്വാധീനമുണ്ട്. കൂടാതെ ആണ്‍കുട്ടികളുമായി ഇടപെഴകാനുള്ള സാധ്യതയും അധ്യാപകര്‍ പുരുഷന്മാരാണെന്നുള്ളതും ഈ തീരുമാനത്തെ ഉറപ്പിക്കുന്നു. സ്ത്രീ വിദ്യാഭ്യാസം പരമ്പരാഗതമായ സംസ്‌ക്കാര മൂല്യങ്ങളെ ബാധിക്കുമെന്നും വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ കുടുംബത്തെ ധിക്കരിക്കാനുള്ള പ്രവണതയുണ്ടാകുമെന്നുമുള്ള ചിന്ത ഇന്നും നിലവിലുണ്ട്. വികസിതമായതും അല്ലാത്തതുമായ രാഷ്ട്രങ്ങളില്‍ നില നില്‍ക്കുന്ന ഈ വിശ്വാസം കുടുംബത്തിന്റെ കെട്ടുറപ്പിന് സ്ത്രീയുടെ വിധേയത്വം ആവശ്യമായി വരുന്നത് മൂലമാണ്. അറിവ് നേടുന്ന സ്ത്രീ ഇത് തരിച്ചറിയുമെന്നും വ്യദ്യാഭ്യാസം മൂലം കിട്ടുന്ന തൊഴിലിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്ന സ്്ത്രീ ഒരു പക്ഷേ, കുടുംബത്തിലെ അധികാരഘടനയെ ചോദ്യം ചെയ്‌തേക്കുമെന്നും സമൂഹം ഭയപ്പെടുന്നു. അങ്ങനെ കുടുംബത്തിനകത്തെ സ്ത്രീയുടെ ചൂഷിതാവസ്ഥ അവളുടെ വിദ്യാഭ്യാസം നിയന്ത്രിക്കാനുള്ള വഴി പ്രകടമാക്കുന്നു. 

വാല്‍കഷ്ണം
സത്രീ വിദ്യാഭ്യാസത്തെ ഇസ്‌ലാം ഒരിക്കലും നിഷേധിക്കുന്നില്ല. വിദ്യാഭ്യാസ രംഗത്ത് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ചിട്ടകള്‍ ഒരേ സമയം എല്ല വിജ്ഞാനീയങ്ങളേയും അംഗീകരിക്കുന്നു എന്നാണ്. ഇസ്‌ലാം വിദ്യാഭ്യാസത്തെ വേലികെട്ടി വേര്‍ത്തിരിക്കുന്നില്ല. മതം-ഭൗതികം എന്ന വേര്‍ത്തിരിവ് പോലുമില്ലാതെ അറിവിന്റെ സര്‍വ വാതിലുകളും മലര്‍ക്കെ തുറന്നിടുകയാണ് ഇസ്‌ലാം ചെയ്യുന്നത്. അറിവ് വിശ്വാസിയുടെ കളഞ്ഞ് പോയ സ്വത്താണെന്ന വാക്കിലൂടെ അറിവ് തേടാന്‍ പ്രത്യേക ഇടങ്ങളില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വേര്‍തിരിവുകളുടെ വേലികെട്ടുകളില്ലാതെ അറിവിന്റെ വിശാലമായ ലോകത്ത് ആണ്‍-പെണ്‍ വിത്യാസമില്ലാതെ മുഴുകിയിരിക്കാനാണ് ഇസ് ലാമിന്റെ കല്‍പ്പന