മുസ്‌ലിം സ്ത്രീയും അവളുടെ വിദ്യാഭ്യാസവും കാലങ്ങളായി നമ്മുടെ ചര്‍ച്ചകളില്‍ ചൂടുപിടിച്ച വിഭവമാണ്. മതത്തിനുള്ളില്‍ നിന്നും മതത്തിന്റെ പുറത്ത് നിന്നുമെല്ലാം ഈ വിഷയത്തില്‍ നിരന്തരം ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇഹപര ജീവിതവുമായി കോര്‍ത്തിണക്കിയ ഇസ്‌ലാമിന്റെ സമഗ്രമായ വീക്ഷണത്തില്‍ എല്ലാ വിഷയത്തിലെന്ന പോലെ സ്ത്രീയുടെ കാര്യത്തില്‍ മൗലികവും പ്രായോഗികവുമായ അധ്യാപനങ്ങളുണ്ട്.

 തികച്ചും ഭൗതികമായ സ്രോതസ്സുകളില്‍ നിന്നും ഉയിര്‍കൊണ്ട ആത്മീയമോ ദൈവീകമോ ആയ തലോടലുകളില്ലാത്ത വിദ്യാഭ്യാസ മേഖലകളിലെയും  പൊതുമണ്ഡലങ്ങളിലേയും സാന്നിധ്യ അസാന്നിധ്യങ്ങളുമായി ബന്ധപ്പെടുത്തി മുസ്‌ലിമിന്റെ വിശിഷ്യാ സ്ത്രീയുടെ വിദ്യാഭ്യാസ അവസ്ഥകളേയും മറ്റു മേഖലകളേയും വിലയിരുത്തുന്നതില്‍ താത്വികവും പ്രായോഗികവുമയ ചില അപാകതകളുണ്ട്.
സ്ത്രീസമൂഹം അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ക്ക് പിന്നില്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ വാതിലുകള്‍ തുറന്ന് കൊടുത്ത് കടന്ന് വന്ന പ്രവാചകന്‍ (സ) തങ്ങള്‍ സ്‌ത്രൈണതയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. സാമൂഹിക ജീവിതത്തില്‍ പുരുഷന്റെ ഭോഗവസ്തു എന്നതിലപ്പുറം സ്ഥനമാനങ്ങളൊന്നുമില്ലാതിരുന്ന സ്ത്രീകള്‍ക്ക് വിദ്യ നേടല്‍ ഇസ്‌ലാമിക വിധി പ്രകാരം പ്രവാചകന്‍ നിര്‍ബന്ധ കടമയാക്കി മാറ്റി. അങ്ങനെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന സമൂഹത്തിന് വിദ്യയുടെ കൈതിരിയിലൂടെ വിമോചനത്തിന്റെ പുതിയ പാത പ്രവാചകന്‍ നബി (സ)തങ്ങള്‍ തുറന്ന് കൊടുത്തു.
ആധുനിക കാലത്ത് ഏതെങ്കിലും ചില മുസ്‌ലിം സഹോദരന്മാര്‍ തങ്ങളുടെ വൈയക്തികവും സാമൂഹികവുമായ ചില  കാരണങ്ങള്‍ കൊണ്ട് തങ്ങളുടെ മക്കളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കും പൊതുമണ്ഡലങ്ങളിലേക്കും അയക്കുന്നില്ലെന്ന് കരുതി അതാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങളെന്ന് ഒരിക്കലും തെറ്റിദ്ധരിച്ച് കൂടാ. മാനുഷിക ജീവിതത്തിന്റെ സര്‍വ്വ മണ്ഡലങ്ങളിലും ഒരു വ്യക്തി എങ്ങിനെ മാതൃകാതുല്യമായ ജീവിതം നയിക്കണമെന്ന കൃത്യമായ മാര്‍ഗരേഖ വരച്ച് വെച്ച ഇസ്‌ലാം സ്ത്രീ വിദ്യാഭ്യാസത്തിനും അതിന്റെ വഴികളും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചും ഇസ്‌ലാമിലെ സ്ത്രീയെ കുറിച്ചും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് മുമ്പ് എന്താണ് വിദ്യാഭ്യാസം കൊണ്ടുള്ള വിവക്ഷ എന്നതിനെ കുറച്ചുകൂടി നാം ചിന്തിക്കേണ്ടതുണ്ട്. ജീവിത കലകളില്‍ പരിശീലനം നല്‍കുകയും പൂര്‍ണ്ണമനുഷ്യനായി ജീവിക്കാന്‍ പ്രാപ്ത്തനാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് വിദ്യാഭ്യാസത്തിനുള്ളത്. ശിശുവിനെ മാന്യനാക്കാനല്ല മനുഷ്യനാക്കാനാണ് വിദ്യാഭ്യാസമെന്ന് ഹെര്‍ബര്‍ട്ട് സ്പന്‍സര്‍ പറഞ്ഞത് ആ ലക്ഷ്യത്തിലേക്ക് ചൂണ്ടിയാണ്. വിജ്ഞാന ഭാരത്താല്‍ വിനയമുള്ള പണ്ഡിതന്മാരും പണ്ഡിത വനിതകളും ഇന്ന് അന്യം നിന്ന് പോകുകയാണ്. യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്ന് വിദ്യാഭ്യാസം ഇന്ന് ഒരുപാട് അകലെയായിരിക്കുന്നു.ഉപനിഷത്ത് പറയുന്നത് ഒരു വ്യക്തിയെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കും അസത്യത്തില്‍ നിന്ന് സത്യത്തിലേക്കും നയിക്കുന്ന ഒന്നാണ് വിദ്യാഭ്യാസമെന്നാണ്. അറിവിന്റെ ആഴങ്ങള്‍ തേടിയലയാന്‍ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നുണ്ട്. വിദ്യാഭ്യാസം എന്നത് വെറും പാഠകുറിപ്പുകള്‍ പകര്‍ന്ന് നല്‍കുകയോ മനഃപാഠം പരിശീലിക്കലോ അല്ല, മറിച്ച് ഒരു ജീവിത രീതി അഭ്യസിക്കലാണ്. ഇവിടെ ആത്മീയമെന്നോ, ഭൗതികമെന്നോ വേര്‍ത്തിരിവില്ല. അതിനാലാണ് ഇസ്‌ലാമിക വിദ്യാഭ്യാസമെന്നത് സമ്പൂര്‍ണ്ണമായ ഒരു കാഴ്ചപാടാകുന്നത്. ഏതൊരു അറിവിന്റെയും ആദ്യമൂലം ദൈവികമാണ്. വിജ്ഞാനം വസ്തുതകള്‍ കണ്ടെത്തുന്നതിന് മാത്രമല്ല, സത്യം തിരിച്ചറിയുന്നതിന് കൂടിയായിരിക്കണം. ഏത് മേഖലയിലുമെന്ന പോലെ വൈജ്ഞാനിക മേഖലയിലും ഇസ്‌ലാമിന് തനതായ സങ്കല്‍പ്പങ്ങളും പ്രായോഗിക കാഴ്ചപാടുകളുമുണ്ട്. മാനുഷിക മൂല്യങ്ങള്‍ക്കെതിരു നില്‍ക്കാത്ത ജ്ഞാന പ്രസരണത്തേയും സ്വീകരണത്തേയും കലവറയില്ലാതെ പിന്തുണക്കുകയാണ് വിദ്യാഭ്യാസ മേഖലയില്‍ ഇസ്‌ലാം ചെയ്യുന്നത്. കേവലം സ്‌കൂളിന്റെ പടി കടക്കുന്നതോ ഉന്നത പരീക്ഷകളില്‍ പാസാകുന്നതോ യൂണിവേഴ്‌സിറ്റികളില്‍ പോയി നിരന്തരം ലക്ചര്‍ കേള്‍ക്കുന്നതോ മാത്രം വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ മാതൃകകളായി ഇസ്‌ലാം പരിഗണിക്കുന്നില്ല. മറിച്ച്, എഴുത്തും വായനയും മറ്റുകാര്യങ്ങളുമെല്ലാം പഠിക്കുന്നതോടൊപ്പം തന്നെ സല്‍സ്വഭാവവും ജീവിത സുഗന്ധികളായ സ്വഭാവ വിശേഷങ്ങളുമുള്ള ഒരു സല്‍ഗുണ സമ്പന്നനാക്കി മനുഷ്യനെ പരിവര്‍ത്തിച്ചെടുക്കുക എന്നതാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്. തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം ചിട്ടയാര്‍ന്ന ജീവിതം പകര്‍ന്ന് കൊടുക്കുന്നവരാണ് ഏറ്റവും നല്ല രക്ഷിതാക്കള്‍ എന്ന് പ്രാവാചകന്‍ (സ)തങ്ങള്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ ചിട്ടകള്‍ മുന്നോട്ട് വെക്കുന്ന ഇസ്‌ലാം ഒരേ സമയം ദൈവിക-ഭൗതിക- മാനുഷിക വിജ്ഞാന സ്രേതസ്സുകളെയെല്ലാം അംഗീകരിക്കുന്നുണ്ട്. വിജ്ഞാനങ്ങളെ വേലികെട്ടി വേര്‍ത്തിരിക്കുന്നതിന് പകരം എല്ലാം കൂട്ടിയോജിപ്പിച്ച് മതം-ഭൗതികം എന്ന വേര്‍ത്തിരിവുപോലുമില്ലാതെ അറിവിന്റെ സര്‍വ്വ വാതിലുകളും മലര്‍ക്കെ തുറന്നിടുകയാണ് ഇസ്‌ലാം ചെയ്യുന്നത്. അപ്പോഴും സുസ്ഥിരമായ ഒരു മാര്‍ഗരേഖ വരച്ചുവെക്കാന്‍ ഇസ്‌ലാം മറക്കുന്നില്ല.
അള്ളാഹുവിലേക്ക് അടുക്കുക എന്നതാണ് ഇസ്‌ലാമിക വിജ്ഞാനത്തിന്റെ കാതലായ ലക്ഷ്യം. തന്റെ വികാര വിചാരങ്ങളും വാചക കര്‍മ്മങ്ങളും ആഹ്ലാദാഭിലാഷങ്ങളും സ്വമനസ്സാലും പൂര്‍ണ്ണഹൃദയത്തോടെയും  അള്ളാഹുവിന് സമര്‍പ്പിക്കാനാവണമെങ്കില്‍ അവന്റെ ഇച്ഛയും യുക്തി വിചാരവും അതിനനുകൂലമാവണം. ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശങ്ങളെ പൂര്‍ണ്ണമായി മാനസ്സിലാക്കിയാലേ മനുഷ്യന് പൂര്‍ണാര്‍ത്ഥത്തില്‍ ഇതിന് സാധിക്കുകയൊള്ളൂവെന്ന് പ്രഗത്ഭ ഇസ്‌ലാമിക വിദ്യാഭ്യാസ വിചക്ഷണനായ നഖീബുല്‍ അത്താസ് വിവരിക്കുന്നുണ്ട്.
വിദ്യാഭ്യാസത്തെ പള്ളിക്കൂടങ്ങളുടെയും യൂണിവേഴ്‌സിറ്റികളുടെയും  ചട്ടക്കൂടുകൡ മാത്രം തളച്ചിടപ്പെടുന്ന രീതിയും ഇസ്‌ലാമികമല്ല. അറിവ് വിശ്വാസിയുടെ കളഞ്ഞ് പോയ സ്വത്താണെന്ന വാക്കിലൂടെ അറിവ് തേടാന്‍ പ്രത്യേക ഇടങ്ങളില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.  നിരന്തരം ജ്ഞാനാന്വേഷണങ്ങള്‍ നടത്തണമെന്നര്‍ത്ഥം. വേര്‍ത്തിരിവുകളുടെ വേലികെട്ടുകളില്ലാതെ അറിവിന്റെ വിശാലമായ ലോകത്ത് ആണ്‍-പെണ്‍ വിത്യാസമില്ലാതെ മുഴുകിയിരിക്കാനാണ് ഇസ്‌ലാമിന്റെ കല്‍പ്പന. ഇസ്‌ലാം വളര്‍ന്ന് തുടങ്ങിയ ആദ്യനൂറ്റാണ്ടുകളിലും പിന്നീട് വന്ന ഇസ്‌ലാമിന്റെ സുവര്‍ണ്ണ കാലഘട്ടങ്ങളിലുമെല്ലാം ഇത്തരം വേലികെട്ടുകളില്ലാത്ത വിദ്യാഭ്യാസ രീതിയായിരുന്നു നിലനിന്നിരുന്നത്.
ഏതെങ്കിലും യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഡിഗ്രിയും പി.ജിയും പി.എച്ച്.ഡിയും പൂര്‍ത്തിയാക്കിയതിന്റെ രേഖകള്‍ അവളുടെ/ അവന്റെ വിദ്യാഭ്യാസത്തിന്റെ അളവുകോല്‍ വരച്ചിടുന്നുണ്ടെങ്കിലും അതാണ് വിദ്യാഭ്യാസത്തിന്റെ ആണിക്കല്ലെന്ന് നമുക്ക് പറയാനാവില്ല. സ്വഭാവ വിഷേശണങ്ങള്‍, മറ്റുള്ളവരോടുള്ള പെരുമാറ്റം, ധാര്‍മ്മിക ബോധം , ദൈവിക വിശ്വാസം തുടങ്ങിയ ഒരോ കാര്യങ്ങളും വിലയിരുത്തിയേ  ഇസ്‌ലാമികമായി നമുക്കയാള്‍ അഭ്യസ്തവിദ്യനാണെന്ന് പറയാനാകൂ. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് ക്ലാസിലെത്തുന്നതും സഹപാഠികളുമായി ശാരീരം പങ്കുവെക്കുന്നതുമെല്ലാം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാധാരണ സംഭവങ്ങളായി മാറുമ്പോള്‍, പൊതുവിദ്യാഭ്യാസ ലോകത്ത് മാത്രം തളച്ചിടുന്ന വിദ്യാഭ്യാസ രീതിയുടെ ദൗത്യ നിര്‍വ്വഹണത്തെ നാം പുനഃപരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ക്കും അംഗീകാരങ്ങള്‍ക്കും അമിത പ്രാധാന്യം കൊടുക്കുന്നതാണ് ആധുനിക ഭൗതിക വിദ്യാഭ്യാസമെങ്കില്‍ അംഗീകാരങ്ങളേതും കാംക്ഷിക്കാതെ അറിവിന്റെ അനന്തസാഗരമായി സ്വയം രൂപപ്പെടുന്ന ഗസാലിയന്‍ ശൈലിയാണ് ഇസ്‌ലാം സ്വീകരിച്ചത്.  സര്‍വ്വകലാശാലകള്‍ ഇത്തരം ജ്ഞാനകൈമാറ്റത്തിനുള്ള ഔപചാരിക വേദികളാണെന്ന് മാത്രം.
മുസ്‌ലിം സമൂഹം വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ ഏത് മേഖലയിലാണ് നമ്മുടെ സമൂഹം പിന്നാക്കമെന്ന് പഠിക്കാനുള്ള ശ്രമങ്ങളുണ്ടാകേണ്ടതുണ്ട്. പാശ്ചാത്യ ലോകം പരിചയപ്പെടുത്തിയ കേവല സുഖാസ്വാദനത്തില്‍ അധിഷ്ടിതമായ വിദ്യാഭ്യാസ മേഖലയാണ് നമ്മള്‍ പിന്നോക്കം പോയതെങ്കില്‍ ഇസ്‌ലാമിക വിദ്യാഭ്യാസ രീതിയനുസരിച്ച് നമ്മള്‍ അതിനെ മുഖവിലക്കെടുക്കേണ്ടതില്ല. കാരണം ആത്മീയതയിലധിഷ്ടിതമായ ദൈവീക മാര്‍ഗത്തിലേക്ക് വിശ്വാസികളെ വഴി നടത്താന്‍ സഹായകമാക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസത്തെയാണ് ഇസ്‌ലാം പ്രേരിപ്പിക്കുന്നത്.
കോളോണിയല്‍ വിദ്യാഭ്യാസ രീതികളുടെ അധിനിവേശ സ്വഭാവം പാരമ്പര്യമായി  തുടര്‍ന്ന് പോന്നിരുന്ന അറബി ഭാഷയില്‍ നിന്ന് പുതിയൊരു ഭാഷയിലേക്കുള്ള വിദ്യാഭ്യാസ മേഖലയുടെ കുടിയേറ്റം, മുസ്‌ലിം പാരമ്പര്യവും ഇത്തരം വിദ്യാഭ്യാസ രീതികളും തമ്മിലുള്ള അന്തരം. തീര്‍ത്തും ഇസ്‌ലാമിക വിരുദ്ധമായി തീര്‍ന്ന വിജ്ഞാന സ്രേതാസ്സുകള്‍ തുടങ്ങിയ നിരവധികാരണങ്ങളാല്‍ ഇത്തരം വിദ്യാഭ്യാസ രീതികളോട് പുറം തിരിഞ്ഞ് നില്‍ക്കാന്‍ മുസ്‌ലിം സമൂഹത്തെ പ്രേരിപ്പിച്ചിരിക്കാം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കോളോണിയല്‍ ശക്തികളുടെ കടന്ന് വരവ് മുസ്‌ലിം വിദ്യാഭ്യാസ രംഗത്തെ സാരമായി തന്നെ ബാധിക്കുകയുണ്ടായി. മതകീയ പരിസരത്ത് നിന്ന് കഴിയാവുന്നത്ര വിജ്ഞാനം സമ്പാദിക്കാന്‍ ഇസ്‌ലാം വിശ്വാസികളോട് അവശ്യപ്പെടുന്നു. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും അറിവിന് നല്‍കിയ പ്രാധാന്യം പിന്നീടുള്ള നൂറ്റാണ്ടുകളില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് തന്നെ തിരികൊളുത്തി. ഇസ്‌ലാം കടന്ന് ചെന്ന രാജ്യങ്ങളിലൊക്കെയും ജ്ഞാന മണ്ഡലങ്ങള്‍ പൂത്തുപുഷ്പിച്ചു. ബഗ്ദാദും സ്‌പെയ്‌നുമൊക്കെ ആ ജ്ഞാന  വളര്‍ച്ചയുടെ പ്രോജ്ജ്വലിച്ചു നില്‍ക്കുന്ന ശോഭന ചിത്രങ്ങളായി മാറി. എന്നാല്‍ ആണ്‍ പെണ്‍ വിവേചനം ഇവിടെയൊന്നും ദൃശ്യമല്ല.
ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലം മുതല്‍ക്ക് തന്നെയുള്ള ചരിത്രം പരിശോധിച്ച് നോക്കുമ്പോള്‍ ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത വിധം ജ്ഞാന വിപ്ലവങ്ങള്‍ തീര്‍ത്ത വനിത രത്‌നങ്ങളെ കണ്ടെത്താനാകും. പ്രവാചകന്‍(സ)തങ്ങളുടെ പ്രിയ പത്‌നി ആഇശ (റ)ഹഫ്‌സ(റ)സൈനബ്(റ)തുടങ്ങിയ പ്രവാചകന്‍ (സ)തങ്ങളുടെ ഒരോ പത്‌നിമാരുടെ ജീവിതവും പരിശോധിച്ച് നോക്കുമ്പോഴും വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരായിരുന്നു അവരെന്ന് നമുക്ക് കണ്ടെത്താനാകും. സ്ത്രീ വിദ്യാഭ്യാസത്തെ നിരന്തരം പ്രേത്സാഹിപ്പിച്ച പ്രവാചകന്‍ (സ)തന്റെ ജീവിത കാലത്ത് സ്ത്രീകള്‍ക്ക് വിജ്ഞാനം പകര്‍ന്ന് കൊടുക്കാന്‍ വേണ്ടി ഒരു ദിവസം തന്നെ നീക്കി വെച്ചിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് പഠനം, കര്‍മ്മശാസ്ത്രം,ഗോളശാസ്ത്രം, അനന്തരാവകാശം. മെഡിക്കല്‍ തുടങ്ങിയ നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച പണ്ഡിത വനിതകളെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാനാകും.
വിവാഹാനന്തരം പെണ്‍കുട്ടികള്‍ക്ക് അറിവ് തേടാനുള്ള അവസരങ്ങള്‍ ഇസ്‌ലാം നല്‍കുന്നില്ല എന്ന ധാരണ നമുക്കിടയില്‍ കടന്ന് കൂടിയിട്ടുണ്ട്. ശിഫാഉല്‍ അദവിയ്യ എന്ന സ്ത്രീയില്‍ നിന്ന് അക്ഷരജ്ഞാനം നേടിയ ഹഫ്‌സ ബീവിയെ വിവാഹത്തിന് ശേഷവും പ്രവാചകന്‍ (സ)തങ്ങള്‍ പഠിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവെന്ന ചരിത്ര പാഠം വിവാഹാനന്തര വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമിക പാഠമാണ് വരച്ച് വെക്കുന്നത്. മുസ്‌ലിം ലോകത്ത് എന്ത് കൊണ്ട് പുരുഷന്മാരെ പോലെ പണ്ഡിത വനിതകള്‍ ഉയര്‍ന്ന്  വരുന്നില്ല എന്ന ചോദ്യം ഇപ്പോള്‍ ശക്തമാണ്.  ഫെമിനിസം നാടുവാഴുന്ന ഇക്കാലത്ത് അത്തരം ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള അലച്ചില്‍ ചെന്നത്തുന്നത് മിക്കപ്പോഴും പുരുഷകേന്ദ്രീകൃത മതം പെണ്ണിനെ അടിച്ചമര്‍ത്തുകയും അവര്‍ക്കുമുന്നില്‍ വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ കൊട്ടിയടക്കുകയും ചെയ്തുവെന്ന തെറ്റായ നിഗമനത്തിലേക്കാണ്. പെണ്ണിനെ പുരുഷന്റെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് കാര്യങ്ങളെ ഒരു ദിശയിലൂടെ മാത്രം നോക്കികാണുന്ന ദൃഷ്ടിവൈകല്യമാണ് അത്തരം നിഗമനങ്ങളുടെ അടിത്തറ.
പുരുഷനെ പോലെ അരങ്ങത്തും അങ്ങാടിയിലും നിറഞ്ഞാടുമ്പോള്‍ മാത്രമാണ് പെണ്ണിന്റെ അസ്ഥിത്വം അംഗീകരിക്കപ്പെടുക എന്ന തെറ്റിദ്ധാരണയുടെ പുറത്താണ് ഫെമിനിസം അതിന്റെ ആശയങ്ങളെ കെട്ടിപ്പടുക്കുന്നത്. സമൂഹത്തില്‍ ഒരോരുത്തര്‍ക്കും അവരുടേതായ റോള്‍ നിര്‍വഹിക്കാനുണ്ട്. എല്ലാവരും എല്ലാത്തിനും ഇടപെടുന്നതിന് പകരം ഒരോരുത്തര്‍ക്കു തങ്ങളുടെ ദൗത്യം മനോഹരമായി നിര്‍വഹിക്കുമ്പോഴാണ് സാമൂഹിക സുസ്ഥിരതക്കു കോട്ടംപറ്റാതിരിക്കുക. ആ നിലക്കാണ് നാളിതുവരെയുള്ള മാനവ ചരിത്രത്തിന്റെ ഒഴുക്ക്. അത് കൊണ്ട് തന്നെ അരങ്ങിലെ പുരുഷനോളം അറിയപ്പെടാന്‍ അണിയറയിലെ പെണ്ണിനുസാധിച്ചിട്ടില്ലെന്ന് ഇസ്‌ലാമിക ചരിത്രത്തിലും ഒരളവോളം ശരിയാണ്. അത് വിമര്‍ശിക്കപ്പെടേണ്ടതല്ല. അരങ്ങും അണിയറയും തമ്മിലുള്ള വിത്യാസം തിരിച്ചറിയാത്തതത് കൊണ്ടും അരങ്ങത്തുള്ളവരുടെ അടക്കം റിമോര്‍ട്ട് കണ്‍ട്രോള്‍ അണിയറ ശില്‍പ്പികളുടെ കയ്യിലാണുണ്ടാവുകയെന്നും മനസ്സിലാക്കാത്തത് കൊണ്ടാണീ വിമര്‍ശം. വെള്ളിത്തിരയില്‍ നിറഞ്ഞാടുന്ന സിനിമ നടന്മാര്‍ എല്ലായിടത്തും അംഗീകരിക്കപ്പെടുമ്പോഴും അവനെ അവനാക്കിയ തിരകഥാകൃത്തും സംവിധായകനും ഡബ്ബിംഗ് ആര്‍ടിസ്റ്റുമെല്ലാം അത്രത്തോളം ശ്രദ്ധിക്കപ്പെടാതെ പോകുന്നത് നമ്മുടെ കണ്‍മുന്നിലുള്ള ഉദാഹരണങ്ങളാണ്.
എന്നിട്ടും അരങ്ങത്തുള്ളവരേക്കാള്‍ അണിയറ ശില്‍പ്പികള്‍ ശ്രദ്ധിക്കപ്പെടുകയും  അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത സംഭവം ഇസ്‌ലാമിക ചരിത്രത്തില്‍ തലങ്ങും വിലങ്ങും ഉണ്ടായിട്ടുണ്ട്. കാരണം ആര്‍ക്കു മുമ്പിലും ഈ മതം അവസരങ്ങള്‍ കൊട്ടിയടച്ചിട്ടില്ല. വീട്ടുജോലികളില്‍ വ്യാപൃതരാവേണ്ട സ്ത്രീകള്‍ ഒരുപാട് പഠിച്ചിട്ട് എന്ത് കാര്യമെന്ന ആശങ്കയും ചിലരില്‍ ഇല്ലാതില്ല. വിദ്യാഭ്യാസം ജോലിയിലധിഷ്ടിതമായിരിക്കണമെന്ന പാശ്ചാത്യന്‍ ചിന്തകളില്‍ നിന്നാണ് ഇത്തരം ഒരു ആശങ്ക ജനിക്കുന്നത്. അറിവ് പണം സമ്പാദിക്കാനുള്ള ആയുധം മാത്രമായി തീരുന്ന ലോകത്ത് ഇത്തരം വാദങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെങ്കിലും ഇസ്‌ലാമിക വിദ്യാഭ്യാസ ചട്ടകൂടിനുള്ളിലിട്ട് നോക്കുമ്പോള്‍ തീര്‍ത്തും അപ്രസക്തമാണ് ഈ വാദങ്ങള്‍. പ്രമുഖ ഈജിപ്ഷ്യന്‍ കവി ഹാഫിള് ഇബ്‌റാഹീം പറഞ്ഞത് പോലെ ഒരു പുരുഷനെ അറിവ് പഠിപ്പിക്കുന്നത് കൊണ്ട് ഒരു വ്യക്തിയെയാണ് നിങ്ങള്‍ പഠിപ്പിക്കുന്നതെങ്കില്‍ ഒരു സ്ത്രീക്ക് അറിവ് പകര്‍ന്ന് കൊടുക്കുന്നതിലൂടെ ഒരു തലമുറക്ക് തന്നെയാണ് നമ്മള്‍ അറിവ് പകര്‍ന്ന് കൊടുക്കുന്നത് .
വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നാല്‍ പിന്നെ കുടുംബ ജീവിതത്തോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന രീതിയും ചിലയിടങ്ങളില്‍ കാണേണ്ടിവരുന്നു. എന്നാല്‍ ഇസ്‌ലാമികമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് കുടുംബബന്ധം. ഭര്‍ത്താവുമൊത്തുള്ള ജീവിതവും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും കുടുംബ ജീവിതത്തിന്റെ ഭാഗമാക്കുന്നതുമൊക്കെ ഇസ്‌ലാമിക ജീവിത രീതിയനുസരിച്ച് ഒരു സ്ത്രീ എന്ത് കൊണ്ടും പാലിക്കേണ്ടതാണ്. അത് പ്രകൃതിയില്‍ തന്നെ പ്രപഞ്ചസ്രഷ്ടാവ്  മനുഷ്യവംശത്തിന് വേണ്ടി സംവിധനിച്ചു വെച്ചതാണ്. അതില്‍ നിന്നുള്ള ഒളിച്ചോട്ടമായി ഒരിക്കലും വിദ്യാഭ്യാസം ഗണിക്കപ്പെട്ടുകൂടാ. കുടുംബ ജീവിതത്തില്‍ ചിട്ടയാര്‍ന്ന കാഴ്ച്ചപാടുകള്‍ രൂപപ്പെടുത്താനാവുമെന്നതിനു പുറമെ സ്ത്രീകള്‍ സമൂഹത്തില്‍ നിര്‍വഹിക്കേണ്ട ചില ദൗത്യങ്ങള്‍ കൂടി അവര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നത് വിദ്യാഭ്യാസം തന്നെയാണ്.
ഹജ്ജാജിന്റെ ക്രൂരതകള്‍ക്ക് മുന്നില്‍ ഇബ്‌നു സുബൈര്‍(റ)ന് ധീരത പകര്‍ന്ന അസ്മ(റ), ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്‍(സ)തങ്ങള്‍ക്ക് നേരെ വന്ന അക്രമങ്ങള്‍ക്കെതിരെ വാളെടുത്ത് പ്രതിരോധം തീര്‍ത്ത ഉമ്മു അമ്മാര്‍,ഖാദിസിയ്യാ യുദ്ധത്തില്‍ തന്റെ നാലുമക്കള്‍ ശഹീദായിട്ടും ആത്മവീര്യം കെടാതെ സൂക്ഷച്ച പ്രമുഖ കവിയത്രി ഖന്‍സാഅ് (റ) തുടങ്ങിയ സാമൂഹിക ജീവിത രംഗത്തും തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി മഹിളാര രത്‌നങ്ങളെ നമുക്ക് ചരിത്രത്തില്‍ കാണാനാകും. മതപരമായ അറിവ് നേടുന്നത് ഒരോരുത്തരുടേയും മേല്‍ നിര്‍ബന്ധബാധ്യതയാണെങ്കില്‍ സമൂഹത്തിനുപകാരപ്രദമായ മറ്റു വിജ്ഞാന മേഖലകളില്‍ പ്രതിഭ തെളിയിച്ച  ഒരാളെങ്കിലും നാട്ടിലുണ്ടായിരിക്കല്‍ സാമൂഹിക ബാധ്യതയാണ്. ഇസ്‌ലാമിക ചരിത്രം പരിശോധിച്ച് നോക്കുമ്പോള്‍ യുദ്ധ വേളകളില്‍ മുറിവ് പറ്റിയവര്‍ക്ക് ചികിത്സാവശ്യാര്‍ത്ഥം പോയിരുന്ന സ്വഹാബി വനിതകളെ നമുക്ക് കാണാനാകും. ഇസ്‌ലാമിക  ചരിത്രത്തിലെ ആദ്യത്തെ നഴ്‌സായി ഉമ്മു അത്തിയ്യ (റ)യെ ചരിത്രം പരിചയപ്പെടുത്തുമ്പോള്‍ അക്കാലത്ത് നഴ്‌സിംങ്ങിനുണ്ടായിരുന്ന പ്രധാന്യമാണ് നമുക്ക് തിരിച്ചറിയാനാകുന്നത്. അത് പോലെ സ്ത്രീകള്‍ക്ക് ചികിത്സാവശ്യങ്ങള്‍ക്കുണ്ടായിരുന്ന ഡോക്ടര്‍മാരേയും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീകളുടെ ചികിത്സക്കും മറ്റാവശ്യങ്ങള്‍ക്കുമെല്ലാം സ്ത്രീ ഡോക്ടര്‍മാര്‍ നമുക്കിടയില്‍ നിന്നു തന്നെ ജന്മമെടുക്കേണ്ടതിന്റെ ആവശ്യകതെയാണ് ഇതുവിളിച്ചോതുന്നത്.
ചുരുക്കത്തില്‍ സാമൂഹിക ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളിലും സ്ത്രീക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കിയ മതമാണ് ഇസ്‌ലാം. ജന്മം, നല്ല ശിക്ഷണം, വിദ്യാഭ്യാസം, അനന്തരാവകാശം, ഉടമസ്ഥത ഏറ്റെടുക്കേണ്ട റോളുകള്‍ അഥവ (മകള്‍,ഇണ, ഉമ്മ, സഹോദരി) എന്നിനിലയിലെല്ലാം, ഇത്തരം വിഷയങ്ങളിലൊക്കെ സ്ത്രീക്ക് അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തത് പ്രവാചകന്റെ ഏറ്റവും വലിയ വിപ്ലവമാണ്. സമത്വത്തിന്റെ ഭൗതികവും അപ്രായോഗികവുമായ വീക്ഷണത്തിന് പകരം സ്ത്രീയുടെ ശാരീരിക മാനസിക പരിഗണനകള്‍ വെച്ച് ഇഹലോകത്തെ അവകാശ ഉത്തരവാദിത്വങ്ങളെ നിര്‍വചിക്കുകയും മനുഷ്യ ജീവിതത്തിന്റെ പരമ ലക്ഷ്യമായ ആത്മീയ ഔന്ന്യത്യത്തിലും ദൈവപ്രീതി സമ്പാദനത്തിലും ഏറ്റവും നല്ല സമത്വം പഠിപ്പിക്കുകയും ചെയ്തു പ്രവാചകന്‍(സ). ആ സമത്വസംഭാവനകളെ പരുപൂര്‍ണമായും ഉള്‍കൊള്ളാനും സ്ത്രീ വിദ്യാഭ്യാസത്തിലൂടെ കൂടുതല്‍ കരുത്താര്‍ന്ന ഒരു തലമുറക്ക് ജന്മം നല്‍കാനും നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.
വിദ്യാസമ്പാദനം ഒരോ സ്ത്രീ പുരുഷന്മാരുടേയും നിര്‍ബന്ധ ബാധ്യതയാണെന്നു  പ്രഖ്യാപിച്ച പ്രവാചകനാണ് മുഹമ്മദ് നബി(സ). പ്രവാചക പത്‌നിമാര്‍ തന്നെയാണ് ആ പ്രഖ്യാപനത്തെ പ്രയോഗവത്കരിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണം. ആഇശ(റ) തിരുനബിയുടെ നല്ലപാതി എന്നതോടൊപ്പം ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെയെല്ലാം കലവറയായിരുന്നു. ഇസ്‌ലാമിന്റെ മൗലിക പ്രമാണമായ ഹദീസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രണ്ടാമത്തെ വ്യക്തിത്വമാണ്  ആഇശ (റ). പ്രവാചക പത്‌നിമാരില്‍ പെട്ട ഉമ്മുസലമ(റ)യും വലിയ ജ്ഞാനിയും പണ്ഡിതയുമായിരുന്നു. പ്രവാചകാനുയായികള്‍ക്കിടയില്‍ കര്‍മ്മ ശാസ്ത്ര വിശാരദയായിട്ടാണ് അവര്‍ അറിയപ്പെട്ടത്. അറിവിലും ഹദീസ് ശേഖരണത്തിലും മികച്ച് നിന്ന പ്രവാചക പത്‌നിമാര്‍ അല്ലാത്ത സ്വാഹാബീ വനിതകളേയും ചരിത്രത്തില്‍ കാണാം. പ്രമുഖ ചരിത്ര പണ്ഡിതനായ ഇബ്‌നുല്‍ അസീസിന്റെ ഉസദുല്‍ ഗൗബയുടെ  ഒരു ഭാഗം തന്നെ അത്തരം വനിതകളെ പരിചയപ്പെടുത്തുന്നാണ്. മുഹമ്മദ് ബിന്‍ സഅദ് തന്റെ വിഖ്യാതമായ  ത്വബഖാത്തുല്‍ കുബ്‌റയില്‍ സ്വാഹാബികളിലും താബിഉകളിലും പെട്ട പ്രമുഖരായ പണ്ഡിത വനിതകളെ പരിചയപ്പെടുത്തുന്നുണ്ട്. ഇബ്‌നു ഹജറില്‍ അസ്ഖലാനി തന്റെ തഖ്‌രീബുത്തഹ്ദീബില്‍ ഹിജ്‌റ മൂന്നാം നൂറ്റാണ്ട്് വരെയുള്ള 824 വനിതാ ഹദീസ് റിപ്പോര്‍ട്ടര്‍മാരെ വിവരിക്കുന്നുണ്ട്.
ഏതെങ്കിലും ഒരു പ്രത്യേക കാലത്തുമാത്രം പരിമിതമായിരുന്നില്ല ഇത്തരം പ്രതിഭാസങ്ങള്‍. ഇസ്‌ലാമിക ചരിത്രത്തെയും സംസ്‌ക്കാരത്തേയും സമ്പന്നമാക്കാന്‍ ഏത് കാലത്തും കഴിവുറ്റ വനിതകളുടെ ഇടപെടലുകളുണ്ടായിരുന്നു. മുഹമ്മദ് നബി(സ)  ദിവ്യ സന്ദേശവുമായി ഹിറാ ഗുഹയില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ ആ സന്ദേശം സ്വീകരിക്കാനും ഇസ്‌ലാം ആശ്ലേഷിക്കാനും ആദ്യമായി രംഗത്ത് വന്നത് ഖുവൈലിദിന്റെ മകള്‍ ഖദീജ (റ)യായിരുന്നു. ഇസ്‌ലാമിന് വേണ്ടി ആദ്യം രക്തസാക്ഷിത്വം വരിച്ചതും സുമയ്യ ബിന്‍ ഖയ്യാത് എന്ന വനിതയായിരുന്നു. മുസ്‌ലിംകള്‍ ആദ്യമായി ജന്മനാട് വിട്ട് പലായനം ചെയ്തപ്പോഴും അക്കൂട്ടത്തിലും സ്ത്രീ സാന്നിധ്യമറിയിച്ച് റുഖിയ്യ (റ)ഉണ്ടായിരുന്നു. അതിന്റെ പിന്തുടര്‍ച്ച ഏതു കാലത്തും ഇസ്‌ലാമിക സമൂഹത്തില്‍ ഉണ്ടായിരുന്നു എന്നതാണ് ശരി. സ്വഹാബീ-താബിഈ തലമുറയോടെ അത് അവസാനിക്കുന്നില്ല. ഇങ്ങനെ കാലത്തിന് മുന്നില്‍ നടന്ന നവോത്ഥാന നായകര്‍ക്കും സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്കും എല്ലാ അര്‍ത്ഥത്തിലും ജന്മമേകിയത് അറിവും ഭക്തിയും സമന്വയിച്ച വിശുദ്ധ മാറിടങ്ങളും മടിത്തട്ടുകളും തന്നെയായിരുന്നു. പ്രസവിച്ചുകൂട്ടുകമാത്രമല്ല, അമ്മിഞ്ഞപാലിനോടൊപ്പം സ്‌നേഹത്തില്‍ ചാലിച്ച അറിവിന്റെ അമൃതുകളും അവര്‍ കുഞ്ഞുങ്ങള്‍ക്ക് ഊട്ടിയിരുന്നു.
കുഞ്ഞുങ്ങള്‍ക്കുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ചുമതല എക്കാലത്തും ഏറ്റെടുത്ത് നടത്തിയത് മുസ്‌ലിം വനിതകളാണ്. കേരത്തില്‍ പോലും അതിന്റെ ചരിത്ര സാക്ഷ്യങ്ങള്‍ കണ്ടെത്താനാവും. ആധുനിക രീതിയിലുള്ള മദ്‌റസ സംവിധാനങ്ങള്‍ വ്യാപകമാകുന്നതിന് മുമ്പ് പ്രാഥമിക മതപഠനങ്ങള്‍ക്കും മറ്റും സമുദായം ആശ്രയിച്ചിരുന്നത് ഓത്തുപള്ളികളെയായിരുന്നു. മഹല്ല് പള്ളിയോട് ചേര്‍ത്ത് നിര്‍മ്മിച്ചുണ്ടാക്കിയ ഷെഡുകളിലായിരുന്നു അവ പ്രവര്‍ത്തിച്ചിരുന്നത്. അത്തരം ഓത്തുപള്ളികളില്‍ ആണ്‍ കുട്ടികള്‍ക്ക് മൊല്ലാക്കമാരായിരുന്നു അധ്യാപനം നടത്തിയിരുന്നത്. പെണ്‍കുട്ടികള്‍ക്ക് ഓത്തും മറ്റും മതകാര്യങ്ങളും പഠിപ്പിച്ചിരുന്നത് അറിവുള്ള സ്ത്രീകള്‍ തന്നെയായിരുന്നു. ജ്ഞാനികളായ  ഈ വനിതകള്‍ അവരുടെ വീടുകളില്‍ വെച്ചായിരുന്നു അധ്യാപനം നിര്‍വഹിച്ചിരുന്നത്. അവരില്‍ ചെറിയ മതഗ്രന്ഥങ്ങള്‍ മുതല്‍ വലിയ ഉന്നത ദര്‍സുകളില്‍ പണ്ഡിത വിദ്യാര്‍ത്ഥികള്‍ ഓതിപഠിക്കുന്ന വലിയ കിത്താബുകള്‍ വരെ കൈകാര്യം ചെയ്യുന്നവരായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനും പരിഷ്‌കര്‍ത്താവുമായിരുന്ന മൗലാന ചാലിയത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ളവര്‍ പ്രാഥമിക പാഠങ്ങള്‍ നിര്‍വഹിച്ചത് സ്വന്തം ഉമ്മമാര്‍ നടത്തിയിരുന്ന ഓത്തുപള്ളികളില്‍ നിന്നായിരുന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അറബി മലയാളം വ്യാപകമായിരുന്ന കാലത്ത് 100 % മായിരുന്നു കേരളത്തിലെ മുസ്‌ലിംകളുടെ സാക്ഷരത. സ്ത്രീ പുരുഷ ഭേതമന്യേ ഒരോ മാപ്പിളമാര്‍ക്കും അറബി മലയാളത്തില്‍ എഴുതാനും വായിക്കാനും സാധിച്ചിരുന്നു. യൂറോപ്യന്‍ അധിനിവേശം മുസ്‌ലിംകളുടെ മണ്ണും മനസ്സും മലിനമാക്കുകയും വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ അട്ടിമറിക്കുകയും ചെയ്യുന്നത് വരെ അതായിരുന്നു അവസ്ഥ. പരമ്പരാഗത കാഴ്ചപാടുകളെ അട്ടിമറിച്ച് വിവരവും വിദ്യാഭ്യാസവും കേവല പാഠപുസ്തകങ്ങളിലും പരീക്ഷാപേപ്പറുകളിലും പരിമിതപ്പെടുത്തി മാര്‍ക്കുത്പാദിപ്പിക്കുന്ന വെറുമൊരു യന്ത്രമായി മനുഷ്യനെ കാണുന്ന യൂറോകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ വരവോടെ സമൂഹം പൊതുവിലും സ്ത്രീകള്‍ പ്രത്യേകിച്ചും വൈജ്ഞാനിക മേഖലയില്‍ അകന്നു.  അതില്‍ മുസ്‌ലിംകളും പെട്ടുപോയി. അതാണ് പിന്നീട് മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെന്നും സ്ത്രീകളുടെ നിരക്ഷരതയെന്നും പരിഹരസിക്കപ്പെട്ടത്. സിലബസുകള്‍ക്കും പരീക്ഷകള്‍ക്കുമപ്പുറം ഏറ്റവും നല്ല മനുഷ്യനെ വാര്‍ത്തെടുക്കുന്നതായിരന്നു പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. നിരന്തരമുള്ള വിവരങ്ങള്‍ വിളമ്പാന്‍സാധിച്ചിട്ടില്ലെങ്കില്‍ പോലും ഏറ്റവും നല്ല മനുഷ്യനായി ജീവിക്കാന്‍ അത് മനുഷ്യനെ പ്രാപ്ത്തമാക്കിയിരുന്നു. എന്നാല്‍ ആധുനിക വിദ്യാഭ്യാസം നല്ല മനുഷ്യനെ പടച്ച് വിടുന്നതിന് പകരം ഏറ്റവും നന്നായി കാശുണ്ടാക്കുന്ന കേവല യന്ത്രത്തെ ഉദ്പാതിപ്പിക്കുകയാണ്. ഇന്ന് മുസ്‌ലിംകള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം ജനങ്ങളും അതിന്റെ ഇരകളാണ്.
ആധുനിക വിദ്യാഭ്യാസ കാഴ്ചപാടുകള്‍ പലപ്പോഴും സ്ത്രീയുടെ പ്രകൃതിയ്ക്കു വിരുദ്ധവും കുടുംബത്തിന്റെ കെട്ടുറപ്പിനും ഭദ്രതക്കും ഹാനീകരമായി ഭവിക്കുന്നുണ്ടെന്ന് പുതുതലമുറയുടെ അനുഭവങ്ങളാണ്. അത് പെണ്ണിനെ തൊഴിലിടങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയും അതിലൂടെ അവളില്‍ നിന്ന് കുടുംബത്തിന് കിട്ടേണ്ട സ്‌നേഹ വര്‍ഷത്തെ തടഞ്ഞിടുകയും ചെയ്യുന്നു എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്.  പക്ഷേ, ഇത്തരം ന്യൂനതകളുടെ മറപിടിച്ചു അവള്‍ക്ക് മുന്നില്‍ വിദ്യാഭ്യാസത്തിന്റെ വാതായനങ്ങള്‍ മുഴുവന്‍ കൊട്ടിയടക്കുന്നത് അന്യായവും അക്രമവുമാണ്. ഈ അന്യായത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ച് കൊണ്ടാണ് താലിബാന്‍,ബോക്കെഹറാം തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങള്‍ പോരാടുന്നത്.  പൊതുകലാലയത്തിലേക്ക് വിദ്യാഭ്യാസത്തിന് വേണ്ടി പോകുന്ന പെണ്‍കുട്ടികളെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയും ആസിഡ് ബോംബ് എറിഞ്ഞ് ഭീകരത സൃഷ്ടിക്കുന്നതും പെണ്ണിന്റെ ദൗത്യവും ബാധ്യതയും എന്തെന്ന് തിരിച്ചറിയാത്തവരാണ്. പെണ്ണിന് നല്ലൊരു പെണ്ണായി നില്‍ക്കണമെങ്കിലും നല്ല കുടുംബിനിയായി മാറാന്‍ സാധിക്കണമെങ്കിലും അതിനനുസരിച്ചുള്ള വിദ്യാഭ്യാസം ലഭിക്കുകതന്നെ വേണം. യൂറോ കേന്ദ്രീകൃത കാഴ്ചപാടില്‍ ചുട്ടെടുത്ത സിലബസുകളും കരിക്കുലങ്ങളും അതിന് അപര്യാപ്ത്തമാണെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായി ഭൗതികവുമായ വിഭവശേഷി മുഴുവന്‍ വിനിയോഗിക്കുകയും അവയെ സാക്ഷാത്ക്കരിക്കുകയുമാണ് വേണ്ടത്. അതിന് ത്രാണിയും ശേഷിയുമില്ലാത്തവരാണ് കലാലയമുറ്റത്ത് ഓലപടക്കങ്ങളായി പൊട്ടിതെറിച്ച് ഇല്ലാതെയാകുന്നത്.
താലിബാനും,ബോക്കെഹറാമും ഉള്‍പ്പെടെയുള്ള ഭീകര പ്രസ്ഥാനങ്ങള്‍ സ്ത്രീ വിദ്യാഭ്യാസത്തെ പാടേ നിരാകരിക്കുമ്പോള്‍, പെണ്ണിനെ തൊഴിലിടങ്ങളിലേക്ക് മാത്രം നിര്‍ബന്ധിക്കുന്ന വിദ്യാഭ്യാസ രീതികളെ കണ്ണടച്ച് പ്രേത്സാഹിപ്പിക്കുകയാണ് മറ്റു ചിലര്‍. ഇതിന് രണ്ടിനും ഇടയിലാണ് ഇസ്‌ലാമിന്റെ സ്ത്രീ വിദ്യാഭ്യാസ സമീപനം. വീടും കുടുംബവുമാണ് പെണ്ണിന്റെ അടിസ്ഥാന ലോകം.  അവയിലെ റാണിയും രാജാത്തിയുമാണവള്‍. തെരുവിന് പകരം വീടകങ്ങളിലാണ് അവളുടെ സ്‌ത്രൈണത സ്‌നേഹ വര്‍ഷമായി ചൊരിഞ്ഞിറങ്ങേണ്ടത്. തൊഴിലിടങ്ങളിലെ ശാരീരികധ്വാനം പുരുഷന്റെ ബാധ്യതയാണ്. ആവശ്യമെങ്കില്‍ സ്ത്രീക്കും അതാകാം. എങ്കിലും അവള്‍ അടിസ്ഥാനപരമായി നേടേണ്ട ജ്ഞാനം ഗൃഹഭരണവും കുടുംബ ജീവിതവും എങ്ങിനെ കൂടുതല്‍ മികവുറ്റതാക്കണമെന്നതിനെ കുറിച്ചാണ്. തൊഴിലും തൊഴിലിടങ്ങളും പെണ്ണിന്റെ ജീവിതത്തില്‍ രണ്ടാം സ്ഥാനത്താണ്. ആധുനിക വിദ്യാഭ്യാസ കാഴച്പാടുകള്‍ ഈ കാഴ്ചപാടുകള്‍ അംഗീകരിക്കണമെന്നില്ല. പക്ഷേ, മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇക്കാര്യം അടിസ്ഥാനപരമാണ്.
എന്നിട്ടും സ്ത്രീക്ക് വേണ്ടി മാത്രം ഒരു കരിക്കുലമൊരുക്കാനും അവരുടെ അടിസ്ഥാന ആവശ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും മുസ്‌ലിം സമുദായത്തിനു പൂര്‍ണ്ണാര്‍ത്ഥത്തില്‍ സാധിച്ചിട്ടില്ല. മതരംഗത്ത് പോലും പൊതു വിദ്യാഭ്യാസ സംവിധാനങ്ങളുടെ ഭാഗമാണ് അവരിപ്പോഴും. മത-ഭൗതിക വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയ- സാമ്പത്തിക മേഖലകളില്‍ വലിയ മുന്നേറ്റം കാഴ്ച വെച്ച കേരള മുസ്‌ലിംകളില്‍ പോലും ഈ അവസ്ഥക്ക് വലിയ മാറ്റമില്ല. മത രംഗത്ത് നൂറ് കണക്കിന് ദര്‍സുകളും അറബിക് കോളേജുകളും നിറഞ്ഞ് നില്‍ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഉന്നത മത പഠനത്തിനുള്ള അവസരങ്ങള്‍ വളരെ കുറവാണ്. ഉള്ളയിടങ്ങളില്‍ തന്നെ ഉയര്‍ന്ന ഫീസ് കൊടുക്കേണ്ട അവസ്ഥയാണുള്ളത്. ദീനി അന്തരീക്ഷത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അഭാവത്തില്‍ പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഇന്ന് പ്രതിസന്ധിയിലാണ്. അതിനൊരു പരിഹാരമെന്നോളമായിട്ടാണ് വളാഞ്ചേരി മര്‍കസ് കേന്ദ്രമായി അടുത്തകാലത്തായി വഫിയ്യ കോഴ്‌സ് നിലവില്‍ വന്നത്. ഉത്തമ കുടുംബിനിയേയും വിശുദ്ധയായ പ്രബോധകയേയും സൃഷ്ടിക്കാനുള്ള വിനീതമായ ശ്രമമാണ് വഫിയ്യ കോഴ്‌സിലൂടെ ശ്രമിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം, മികച്ച ഭൗതിക സൗകര്യങ്ങള്‍ എന്നിവയോടൊപ്പം ഇസ്‌ലാമിക ചിന്തയും ധര്‍മ്മ ബോധവും വിദ്യാര്‍ത്ഥിനികള്‍ക്ക് പകര്‍ന്ന് കൊടുക്കാനാണ് ഈ വഫിയ്യ സംവിധാനം ലക്ഷീകരിക്കുന്നത്. ചുരുക്കത്തില്‍ ആധുനികതയും സുരക്ഷിതത്വവും കൈകോര്‍ക്കുന്ന സ്ത്രീ പാണ്ഡിത്യത്തിന് അടിത്തറയിടുന്നതിന് ശ്രമിക്കുന്നതാണ് വഫിയ്യ സംവിധാനവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന ഫാത്ത്വിമത്തുസുഹ്‌റയും. ഇതൊക്കെയാണ് സ്ത്രീകളുടെ വിദ്യാഭ്യാസ രംഗത്ത് എടുത്ത് പറയാവുന്ന സ്ഥാപനങ്ങള്‍. പിന്നെയുള്ളത് പൊതു സംവിധാനങ്ങളുടെ ഭാഗമായ കുറേ അഫഌലുല്‍ ഉലമ കോളേജുകള്‍ മാത്രമാണ്.
കേരളത്തിലെ മിക്ക മുസ്‌ലിം മഹല്ലുകളും വനിതകള്‍ക്കായി മത പഠന ക്ലാസുകള്‍ സംഘടിപ്പിക്കപെടാറുണ്ട്. ഏതാണ്ട് എല്ലായിടത്തും അതിന് നേതൃത്വം നല്‍കുന്നത് മറക്കപ്പുറത്തിരിക്കുന്ന പുരുഷന്മാരായിരിക്കും. പരസ്പ്പരം കാണാനോ സംവധിക്കാനോ സംശയങ്ങളുന്നയിക്കാനോ സാധിക്കാത്ത വിധം ഒരു റേഡിയോ പ്രാഭാഷണത്തിന്റെ പ്രതീതി മാത്രമാണ് അത്തരം ക്ലാസുകള്‍ സൃഷ്ടിക്കുന്നത്. ക്ലാസിന് നേതൃത്വം നല്‍കുന്ന അധ്യാപകന്‍ പുരുഷനായത് കൊണ്ട് തന്നെ സ്ത്രീകളുടെ സ്വാകാര്യതയുമയി ബന്ധപ്പെട്ട സംശയങ്ങള്‍ പങ്കുവെക്കാന്‍ അവിടെ അവസരങ്ങളില്ലാതെ വരുന്നു. കൂടുതല്‍ പണ്ഡിത വനിതകളുടെ ആവശ്യകതയാണ് ഇത്തരം കാര്യങ്ങള്‍ തെളിയിക്കുന്നത്.
സമുദായത്തില്‍ അരങ്ങേറുന്ന കുടുംബ പ്രശ്‌നങ്ങളുടേയും വൈവാഹിക പ്രശ്‌നങ്ങളുടേയും അടിസ്ഥാന കാരണങ്ങളിലൊന്ന് ദാമ്പത്ത്യ ജീവിതത്തെ കുറിച്ചും നമ്മുടെ സ്ത്രീകള്‍ക്ക് വേണ്ടത്ര അവബോധമില്ലാത്തതാണ്. അതിന്റെ കെടുതിയും ചീത്തപ്പേരും കോടതി വരാന്തകളില്‍ സമുദായം അനുഭവിക്കുന്നു. അത് വെച്ച് ശത്രുക്കള്‍ സിനിമയും മറ്റും നിര്‍മ്മിച്ച് സമുദായത്തെ പരിഹസിക്കുന്നു. കേവലം കുറേ ഭൗതിക ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി മാപ്പിള പെണ്ണിനെ അരങ്ങത്തേക്ക് വലിച്ചിറക്കുന്നതിന് പകരം ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സ്ത്രീകളെ പ്രാപ്ത്തമാക്കുന്നതാകണം നമ്മുടെ സ്ത്രീ വിദ്യാഭ്യാസ സമീപനം എന്ന് ഇത് ബോധ്യപ്പെടുത്തുന്നുണ്ട്. ഈ ബോധ്യവും ബോധവും ഉണ്ടങ്കില്‍ വേരുറച്ച ഒരു തലമുറയെ സംഭാവന ചെയ്യാന്‍ നമുക്ക് സാധിക്കും.