മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുവാനും ഫാസിസ്റ്റ് വര്‍ഗീയ ഭരണകൂട ഭീകരതകളെ ചെറുത്തു തോല്‍പ്പിക്കുവാനും മതേതര കക്ഷികളുടെ ഒരു ദേശിയ കൂട്ടായ്മയുടെ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സാധ്യമാകൂകയൊള്ളൂ. രാഷ്ട്രം അഭിമുഖീകരിക്കുന്ന ഭീഷണി ലഘൂകരിച്ച് കാണാവുന്നതല്ല. മുഖ്യ ദേശീയ പ്രശ്‌നമായി അത് വളര്‍ന്ന് കഴിഞ്ഞു. ഭരിക്കുന്ന ബി.ജെ.പിയും സഖ്യകക്ഷികളും മാത്രമല്ല കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന്  വ്യക്തം. ഭരണ സംഖ്യത്തേയും മന്ത്രിമാരെയും നിയന്ത്രിക്കുന്ന പാര്‍ട്ടികളും സംഘപരിവാര്‍ എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്ന അനേകം വര്‍ഗീയ പിന്തിരിപ്പന്‍ മത മൗലിക ഫാസിസ്റ്റ് പ്രസ്ഥാനങ്ങളും ചേര്‍ന്നാണ് ഇന്ത്യന്‍ മതേതരതത്തേയും ബഹുസ്വരതയേയും നിത്യവും വെല്ലുവിളിക്കുന്നത്.
സംഘപരിവാറിനെ ഭരണത്തില്‍ നിന്ന് പുറത്താക്കുന്നത് കൊണ്ട് മാത്രം വര്‍ഗീയതയും ഫാസിസവും അപ്രത്യക്ഷമാകില്ല. പ്രതിപക്ഷത്തായാലും ഈ നിലപാട് തുടരാന്‍ അവര്‍ക്ക് കഴിയും. പക്ഷേ, അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നതൊടെ അവരുടെ ശക്തി ക്ഷയിപ്പിക്കാന്‍ കഴിയും. ഭരണ നടപടികളില്‍ നിന്നെങ്കിലും ഫാസിസ്റ്റ് അജണ്ടയെ മാറ്റാന്‍ കഴിയും.
ലോകത്തിലെ മഹാ ഭൂരിപക്ഷം മനുഷ്യരും സമാധാനവും മാനുഷിക ബന്ധവുമാണ് പ്രതീക്ഷിക്കുന്നത്. ഫാസിസം  നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഹ്റ്റ്‌ലറെയും മുസോളിനെയും മാത്രമല്ല, സ്റ്റാലിനും മാവോയും അതില്‍ മറ്റൊരുമുഖമായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊലപ്പെടുത്തിയത് ഈ നാല് ഭരണാധികാരികളായിരുന്നു. കൊടും ക്രൂരതകളുടെ പര്യായങ്ങളായി ഇവര്‍ മാറി. അധികാരം കിട്ടിയ രാഷ്ട്രങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റ്കാരും ഹിറ്റലറെ പോലെയാണ് പെരുമാറിയത്. അവകാശങ്ങള്‍ക്ക് വേണ്ടി സര്‍ക്കാറിനോട് പൊരുതുന്നത് ജനാധിപത്യത്തില്‍ അനുവദനീയമാണ്.
അധികാരത്തിന്റെ ഹുങ്ക് കൊണ്ട് ചിലപ്പോള്‍ ഫാസ്റ്റ് പ്രവണതകള്‍ ഏത് ഭരണാധികാരിയില്‍ ഉണ്ടായാലും വര്‍ഗീയതയും ഫാസിസവും സ്വീകരിച്ചവര്‍ വ്യതസ്ത്തരും അപകടകാരികളുമാണ്.
വ്യത്യസ്ത വീക്ഷണങ്ങളെ ബഹുമാനിക്കാന്‍ പരസ്പ്പരം തയ്യാറാകുന്നവര്‍ക്ക് മാത്രമേ ബഹുസ്വര സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയൊള്ളൂ. മതേതരത്വം മത സ്വാതന്ത്രവുമായി ബന്ധപ്പെട്ടതാണ്. എല്ലാ മത വിശ്വാസികള്‍ക്കും തങ്ങളുടെ മതമനുസരിച്ച് ജീവിക്കാനും ആചാര അനുഷ്ടാനങ്ങളില്‍ ഏര്‍പ്പെടാനും, അത് പ്രചരിപ്പിക്കാനും വേണ്ടി വന്നാല്‍ അത് മാറി മറ്റൊന്ന് സ്വീകരിക്കാനും ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കാനുമുള്ള സ്വാതന്ത്ര്യമാണത്. മത സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അടുത്ത് നില്‍ക്കുന്ന കാര്യങ്ങളാണ്. രാജ്യത്തെ ഭരണഘടന അത് അനുവദിക്കുന്നതുമാണ്. ഈ അവകാശങ്ങളെ ഉപയോഗപ്പെടുത്തുന്നവരെ കുത്തി കൊലപ്പെടുത്തുകയും രാജ്യ ദ്രോഹികളാക്കുകയും ചെയ്യുന്ന പ്രവണതയാണ് രാജ്യത്തുള്ളത്.

2025 ആകുമ്പോഴേക്കും ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്ന ദൃഢ  നിശ്ചയത്തിലാണ് സംഘപരിവാര്‍ നേതൃത്വം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാകട്ടെ ഈ അജണ്ട നടപ്പിലാക്കി കൊടുക്കാനുള്ള പാകത്തില്‍ സംഘപരിവാറിന് തട്ടകമൊരുക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജനാധപത്യത്തേയും മതേതരത്വത്തേയും തകര്‍ക്കാനുള്ള പരസ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് പരസ്പ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന ഫാസിസവും ഭരണകൂടവും.
ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന എഴുത്ത്കാരെയും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെയുമെല്ലാം അധികാരം അടിച്ചമര്‍ത്തപ്പെടുകായാണ്. അടിയന്തരാവസ്ഥ കാലത്തെ പോലും പുറകിലാക്കും വിധത്തിലുള്ള ഫാസിസത്തിന്റെ വിളയാട്ടം കണ്ട് ലജ്ജിക്കുകയാണ് ഇന്ത്യന്‍ ജനാധിപത്യം.
2014 മെയ്  മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ രാജ്യം കാവി വത്കരണത്തിലാണ്. അധികാരത്തിലെത്തിയിട്ടും ദലിതരുടെ പഴയ അവസ്ഥക്ക് മാറ്റം വന്നില്ല. ഇന്ത്യന്‍ ന്യൂനപക്ഷ സമുദായങ്ങളേയും അവര്‍ണ്ണരേയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താത്ത പ്രസ്താവനകളൊ, പ്രവര്‍ത്തികളൊ ഉണ്ടായിട്ടില്ലാത്ത ദിവസങ്ങള്‍ അധികമില്ല.
കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് ഇന്ത്യ സാമൂഹികമായി പിന്നോക്കം പോവുകയും കള്ളപ്പണം വെളുപ്പിക്കാനെന്ന പേരില്‍ നടത്തിയ നോട്ട് അസാധുവാക്കലിലൂടെ രാജ്യം സാമ്പത്തികമായി അസമത്വങ്ങള്‍ക്കിരയാവുകയും, രാഷ്ട്രീയമായി ദ്രുവീകരിക്കപ്പെടുകയുമാണുണ്ടായത്. വര്‍ഗീയ സംഘര്‍ഷങ്ങളുടെ വ്യാപ്ത്തി ജനാധിപത്യസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങള്‍, അസഹിഷ്ണുത, സേച്ഛാധിപത്യ പ്രവണതകള്‍, സാസ്‌ക്കാരിക വിദ്യഭ്യാസ സ്ഥാപനങ്ങളിലെ കാവി വത്കരണം, മത ന്യൂനപക്ഷങ്ങളിലെ അരക്ഷിതാ ബോധം  തുടങ്ങിയവയെല്ലാം രണ്ടര വര്‍ഷകാലത്തെ മോദി സംഭാവനകളാണ്. ഘര്‍വാപ്പസി, ചര്‍ച്ചുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കല്‍, ബീഫ് നിരോധവും, ഭഗവത് ഗീതാപഠനം നിര്‍ബന്ധമാക്കാനുള്ള നീക്കവും വര്‍ഗീയ വിഭാഗങ്ങളുടെ മാത്രം തന്ത്രമായേ കാണാനാകൂ.
ഗന്ധിജിക്ക് പകരം നാഥൂറാം ഗോഡ്‌സെയെ വാഴ്ത്താനുള്ള ശ്രമങ്ങളും അരങ്ങേറി. മതേതര വാദികളായ ടീസ്റ്റയെ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ കേസുകളില്‍ കുരിക്കി. രണ്ടര വര്‍ഷം കൊണ്ട് നരേന്ദ്ര മോദിയുടെ ഏകാധിപത്യ പ്രവണത എത്രത്തോളം അടിച്ചേല്‍പ്പിക്കപ്പെട്ടുവെന്ന് 2017 ലെ കേന്ദ്ര സര്‍ക്കാര്‍ കലണ്ടറില്‍ നിന്ന് വായിച്ചെടുക്കാം. 2015 ല്‍ ആദ്യത്തെ കലണ്ടര്‍ പുറത്തിറക്കുമ്പോള്‍ ആകെ സ്ഥലത്തിന്റെ നാല് ശതമാനം മാത്രം കവര്‍ന്നെടുത്ത മോദി ഇന്ന് കലണ്ടറിന്റെ എല്ലാ പേജിലും പകുതിയിലേറെ സ്ഥലത്ത് നിറഞ്ഞ് നില്‍ക്കുന്നു. അശോക സ്തംഭം പോലും അപ്രധാനമാക്കി. അനുപാതകണക്കില്‍ പത്തിരട്ടിയിലേറെ വര്‍ധന. ഇതൊരു സൂചകം മാത്രം.
ചൂലെടുത്ത് തുടങ്ങിയതാണ് നരേന്ദ്ര മോദി. സ്വച്ഛ്ഭാരത് അഭിയാന്‍ ഒരു പടമെടുപ്പ് പദ്ധതിമാത്രമാണ്. രാജ്യത്തെ 100 നഗരങ്ങളെങ്കിലും മുന്തിയ സൗകര്യങ്ങളുള്ള സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള പദ്ധതി ഇഴഞ്ഞ് നീങ്ങുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്താനും ഇന്ത്യയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കപെടാനും കൊട്ടിഘോഷിച്ച് തുടങ്ങിയ ''മേക്ക് ഇന്‍ ഇന്ത്യ'' ഒന്നും സംഭാവന ചെയ്തില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മെച്ചപ്പെട്ട വളര്‍ച്ച നിരക്ക് കാണിക്കുകയും ചൈനയോട് മത്സരിക്കുന്ന സമ്പത്ത് വ്യവസ്ഥയായി പെരുപ്പിച്ച് പറയുകയുമൊക്കെ ചെയ്തു. നോട്ട് പ്രതിസന്ധി ചേര്‍ത്ത് ആഭ്യന്തര വളര്‍ച്ച നിരക്ക് 7.1 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് ഇപ്പോഴത്തെ പ്രവചനങ്ങള്‍.
രാജ്ഭവനുകള്‍ മിക്കതും ആര്‍.എസ്.എസ് കാര്യാലയമാണ്. സാമ്പത്തിക ഭദ്രതയുടെ മുദ്രയായ റിസര്‍വ്വ് ബാങ്ക് മുമ്പൊരിക്കലും ഇല്ലാത്ത വിധം വിശ്വാസ്യത ഇടിഞ്ഞ് റിവേഴ്‌സ് ബാങ്ക്  ഓഫ് ഇന്ത്യയായിരിക്കുന്നു. ജഡ്ജിമാരുടെ നിയമനത്തില്‍ അവകാശം ഉറപ്പിച്ച് കിട്ടാത്തതിനാല്‍ സുപ്രീം കോടതിയും കേന്ദ്രവും ഏറ്റുമുട്ടല്‍ തുടരുന്നു. ചീഫ് ജസ്റ്റിസിന് വിതുമ്പേണ്ടി വരുന്നു.
ഒരോ പ്രമുഖ സംവിധാനങ്ങളുടേയും തലപ്പത്ത് വിശ്വസ്ത വിധേയരെ പ്രതിഷ്ഠിക്കാന്‍ വ്യവസ്ഥകളുടെ അട്ടിമറി തന്നെ നടക്കുന്നു. കരസേന മേധാവി നിയമനം, സി.ബി.ഐ നിയമനം എന്നിങ്ങനെ നീളുന്നതാണ് രണ്ടര വര്‍ഷത്തെ മോദി സംഭാവനകള്‍.
ഭരണാധികാരികളുടെ ഇച്ഛാശക്തിക്ക് പ്രവര്‍ത്തിക്കാന്‍ അക്കാദമിക നേതൃത്വത്തിലുള്ളര്‍ പോലും തുനിഞ്ഞിറങ്ങുകയാണ്. പരീക്ഷാ ഹാളില്‍ സി.ബി.എസ്.ഇ ബോര്‍ഡ് നടപ്പില്‍ വരുത്തിയ വസ്ത്ര ധാരണ പരിഷ്‌കരണങ്ങള്‍, ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പോലീസിന് അനുമതി നല്‍കിയത് വരെ ഇതിനൊപ്പം കൂട്ടിവായിക്കണം. വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാനാണ് ദേശസ്‌നേഹം നെഞ്ചേറ്റിയവര്‍ പാടി പറഞ്ഞ് നടക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും പുച്ഛിച്ച് കൊണ്ടുള്ള ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന സംഘപരിവാറിന് എങ്ങനെയാണ് ഇന്ത്യയെ വളര്‍ച്ചയിലേക്കെത്തിക്കാന്‍ സാധിക്കുക?
വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിട്ട് വളര്‍ന്ന് വരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ശാശ്വതമായി നിലനില്‍ക്കാനൊ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനൊ സാധിച്ചിട്ടില്ലാ എന്ന് തന്നെയാണ് മുന്‍ കാല ചരിത്രങ്ങളെല്ലാം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
പതിനേഴ് വര്‍ഷം മുമ്പ് 2000 ജനുവരിയില്‍ പുറത്തിറങ്ങിയ 'ഫ്രണ്ട് ലൈന്‍' മാഗസിനില്‍ 'ദി ആര്‍.എസ്.എസ് ഗെയിം പ്ലാന്‍'  എന്ന തലകെട്ടില്‍ സുബ്രഹ്മണ്യ സ്വാമി ഒരു ലേഖനം എഴുതിയിരുന്നു. അന്ന് ജനതാ പാര്‍ട്ടി പ്രസിഡന്റായിരുന്ന സ്വാമി ഇന്ന് ഭാരതീയ ജനതാപാര്‍ട്ടിയിലേക്ക് ചേക്കേറിയപ്പോള്‍ തന്റെ ബുദ്ധിയും ചിന്തയും പേനയും സംഘപരിവാര്‍ ലൈനിലേക്ക് മാറി. അതില്‍ സ്വാമി ഇങ്ങനെ പറയുന്നു: മൂന്ന് ഭാഗങ്ങളായുള്ള ഗെയിം പ്ലാനില്‍ രണ്ടാമത്തേതു സംഘപരിവാര്‍ മുന്നേറ്റത്തിനുള്ള വിഘാതം സൃഷ്ടിക്കുന്ന ഒരോ സ്ഥാപനങ്ങളേയും പിടിച്ചുകുലുക്കി അവിടങ്ങളില്‍ പൊതു സമൂഹത്തിനുള്ള വിശ്വാസം തകര്‍ക്കുക എന്നതാണ്.
ഇതില്‍ ഒന്ന് കോടതികളാണ്. മറ്റൊന്ന് ഗവേഷണ സ്ഥാപനങ്ങളും.
സമൃതി ഇറാനിയുടെ മാനവ വിഭവ വകുപ്പിന് കീഴില്‍ വരുന്ന അത്തരം അസ്ഥപനങ്ങളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ തങ്ങളുടെ ഇംഗിത പ്രകാരം പ്രവര്‍ത്തിക്കുന്നവരെ തിരുകി കയറ്റി. തുടര്‍ന്ന് പരസ്യമായി കൊണ്ട് തന്നെ തങ്ങളുടെ അജണ്ട നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ഹൈദരാബാദ് സര്‍വ്വകലാശാലയിലും ജെ.എന്‍.യുവും ദേശവിരുദ്ധ പ്രവര്‍ത്തകരുടെ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. ആദ്യം സംഘര്‍ഷം സൃഷ്ടിക്കുക, തുടര്‍ന്ന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുക, പിന്നീട് അവക്കുള്ള ധന സഹായം നിര്‍ത്തുക, അടച്ച് പൂട്ടുക എന്ന തന്ത്രമാണ് ഇപ്പോള്‍ പയറ്റികൊണ്ടിരിക്കുന്നത്. ആ തന്ത്രങ്ങളില്‍ ഉള്‍പ്പെടുത്തിയവയായിരുന്നു അലീഗഢ് സര്‍വ്വകലാശാലയും ജാമിഅ മില്ലിയ്യയുടേയും ന്യൂനപക്ഷപദവി എടുത്തു കളയല്‍. 2011 ഫെബ്രുവരി 22 ന് യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ജാമിഅ മില്ലിയക്ക് ദേശിയ കമ്മീഷന്‍ ന്യൂന പക്ഷ പദവി അനുവദിച്ച് കൊണ്ട് ഉത്തരവായതാണ്. എന്നിട്ട് പോലും ഇങ്ങനെയൊക്കെ സംഭവിക്കുന്നു.
 കാര്യങ്ങളെല്ലാം ഇങ്ങനെയിരിക്കെ അമേരിക്കയ്ക്കമുണ്ട് ഇന്ത്യയെ കുറിച്ച് പറയാന്‍. കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാറിന്റെ അതിഥിയായി റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഒബാമ യാത്രമൊഴിക്കൊപ്പം മത സ്വാതന്ത്ര്യത്തെ പറ്റി നമ്മുടെ ഭരണഘടനയെ ഉദ്ധരിച്ച് ലഘുവായ ഒരധ്യാപനം നല്‍കിയിട്ടാണ് തിരികെ പോയത്. ഇന്ത്യ ഒരു മനോഹര രാജ്യമാണെന്നും അവിടുത്തെ ബഹുസ്വരത ഉജ്ജ്വലമാണെന്നും പറഞ്ഞ ഒബാമ ഇത്രയും കൂടി പറഞ്ഞു: ഏതാനും വര്‍ഷങ്ങളായി പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ജനങ്ങള്‍ അക്രമിക്കപ്പെടുന്നത് നല്ലതല്ല. ഗാന്ധിജി ജീവിച്ചിരുന്നുവെങ്കില്‍ ആ അവസ്ഥ കണ്ട് ഞെട്ടിയേനെ എന്ന് കൂടി പറയിപ്പിച്ചു. അന്തര്‍ ദേശിയ മത സ്വാതന്ത്ര സംരക്ഷണത്തിനായി അമേരിക്ക നിയോഗിച്ച കമ്മീഷന്‍ 2015 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നതിപ്രകാരമാണ്. ഇന്ത്യയില്‍ മതപരവും വര്‍ഗീയവുമായ അക്രമങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. അമേരിക്കന്‍ എംബസി വിദഗ്ദര്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമായി അവര്‍ കണ്ടെത്തിയ ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടില്‍ നിന്നാണ് അതുദ്ധരിച്ചിരിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഏറ്റവുമധികം മതങ്ങളും വിശ്വാസങ്ങളും ഉള്‍കൊള്ളുന്ന ഇന്ത്യയെ ലോകം എങ്ങനെ കാണുന്നു എന്നതിന്റെ കണ്ണാടി കാഴ്ച്ചയാണ് ബറാക് ഒബാമയുടെ പരാമര്‍ശം.
വികസനത്തിന്റെ പൊള്ളകണക്കുകള്‍ ഊതി വീര്‍പ്പിച്ച് രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിക്കുന്ന മോദി സര്‍ക്കാരും അന്തര്‍ ദേശിയ തലത്തില്‍ രാജ്യത്തിനുണ്ടിക്കിവെച്ച നാണക്കേടായി തന്നെ വേണം കാണാന്‍. ഫാസിസം അതിന്റെ തനിഗുണം പരസ്യമായി പ്രകടിപ്പിക്കുന്നതും തത്ഫലമായി ജനങ്ങള്‍ക്കിടയിലെ പരസ്പ്പര വിശ്വാസവും സഹിഷ്ണുതയും ഇല്ലാതാക്കുന്നതും സമകാലിക ഇന്ത്യന്‍ അന്തരീക്ഷത്തിലെ വലിയ അപകടമാണ്.
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തരത്തില്‍ നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ പ്രത്യക്ഷ മറ്റങ്ങള്‍ ഉണ്ടായത്. ബാബരി മസ്ജിദ് തകര്‍ത്ത് ഹിന്ദുത്വ വര്‍ഗീയ ഫാസിസം പരസ്യ രംഗപ്രവേശനം നടത്തിയതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ മുമ്പ് കണ്ടിട്ടില്ലാത്ത പലതരം പ്രതിസന്ധികള്‍ക്കാണ് രാഷ്ട്രം സാക്ഷിയായത്.
അവസാനമായി പറയാനുള്ളത്, ഇന്ത്യയുടെ അന്തരീക്ഷത്തില്‍ കൂടി ചേര്‍ന്ന് കിടക്കുന്ന ബഹുസ്വര സംസ്‌കൃതിയും സൗന്ദര്യവും തകര്‍ക്കാന്‍ അണിയറയിലും അരങ്ങിലും കഠിനദ്ധ്വാനം ചെയ്യുന്ന സംഘപരിവാറിന്റെ അതിക്രമങ്ങളില്‍ നിന്നും ഇന്ത്യക്ക് മോചനം വേണം.
രാഷ്ട്രീയ, സാമുദായിക, പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് നില്‍ക്കുകയും അതിക്രമങ്ങളുടെ ആത്യന്തിക ഭവിഷ്യത്തുകളെ കുറിച്ച് ജനസമൂഹത്തിന് അവബോധം നല്‍കുകയും വിദ്യഭ്യാസത്തിലൂടെ ശക്തരും സംഘടിതരുമാക്കുകയാണ് ഫാസിസത്തിന്റെ ആതിക്രമങ്ങളില്‍ നിന്നും അതിജീവിക്കാനുള്ള പോം വഴി.
ഒരു പ്രത്യേക മതവിശ്വാസത്തേയും അതുമായി ബന്ധപ്പെട്ട സകല അടയാളങ്ങളെയും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ്റുകള്‍ നടത്തി വരുന്ന ശ്രമങ്ങള്‍ക്ക് തടയിടാന്‍ ജനാധിപത്യ രീതിയില്‍ നമുക്ക് സാധിക്കാതെ വന്നാല്‍ രാഷ്ട്രവും ജനങ്ങളും വലിയ വില നല്‍കേണ്ടി വരും. ലോകത്തിലെ മറ്റു രാഷ്ട്രങ്ങളില്‍ വര്‍ഷങ്ങളായി നടന്ന് വരുന്നതു പോലുള്ള ആഭ്യന്തര കലാപങ്ങള്‍ക്ക് മഹത്തായ നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കാതിരിക്കട്ടെ...!